പാശുപതാസ്ത്രം നേടാനായി അർജുനൻ തപസ്സു ചെയ്തു; നൂറ്റാണ്ടുകളുടെ കഥ പറയുന്ന കൽപ്പത്തൂരിടം

കൽപ്പത്തൂർ ശ്രീ പരദേവതാ ക്ഷേത്രം | ഫോട്ടോ: എന്‍.എം. പ്രദീപ്
കൽപ്പത്തൂർ ശ്രീ പരദേവതാ ക്ഷേത്രം | ഫോട്ടോ: എന്‍.എം. പ്രദീപ്

കോഴിക്കോട് മേപ്പയ്യൂരിനടുത്തുള്ള കൽപ്പത്തൂർ ഗ്രാമം. ശാന്തവും ഹരിതാഭവുമായ പ്രകൃതി. ആ പച്ചപ്പിന് നടുവിലാണ് നൂറ്റാണ്ടുകളുടെ പഴമയും ഐതിഹ്യവും പേറുന്ന കൽപ്പത്തൂർ ശ്രീ പരദേവതാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ദേവഭൂമിയിലേക്ക് കാൽവെക്കുമ്പോൾ കേട്ടുമറന്ന ദൈവകഥകളുടെ മന്ത്രധ്വനികൾ കാതിൽ അലയടിക്കും. ചരിത്രവും കലയും ആത്മീയതയും ഒത്തുചേരുന്ന ശില്പചാരുത നിറഞ്ഞ ക്ഷേത്രം.

കാഴ്ചകളുടെ പൂമുഖം

കനാലിനരികിലെ റോഡിൽ നിന്നും താഴേക്ക് കണ്ണോടിച്ചാൽ പച്ചപുതച്ച ക്ഷേത്രാങ്കണത്തിന്റെ അതിമനോഹരമായ ദൃശ്യം കാണാം. ക്ഷേത്രമുറ്റത്തേക്ക് പ്രവേശിക്കുമ്പോൾ, ഇരുവശത്തുമായി തലയുയർത്തി നിൽക്കുന്ന രണ്ട് വലിയ കൽവിളക്കുകൾ. പടിഞ്ഞാറേ നടയിലാണ് പ്രധാന കവാടമെങ്കിലും ക്ഷേത്രത്തിന് പിന്നിലായുള്ള പ്രൗഢഗംഭീരമായ പടിപ്പുരയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഈ പടിപ്പുരയുടെ മച്ചിൽ നൂറ്റാണ്ടുകളുടെ കഥകളൊളിഞ്ഞിരിക്കുന്നു. വാസ്തുവിദ്യയുടെ വിസ്മയങ്ങൾ ഒളിപ്പിച്ച പുരാണകഥകൾ. സീതാകല്യാണവും രുക്മിണീ സ്വയംവരവും രാമായണ മഹാഭാരത കഥകളുമൊക്കെ തടിയിൽ കൊത്തിവെച്ചിരിക്കുന്നു.

ചുറ്റമ്പലത്തിനുള്ളിലേക്ക് കടക്കുമ്പോൾ ബലിക്കൽപ്പുരയിലും കൊത്തുപണികൾ കാണാം. അവയിൽ ക്ഷേത്രപ്രതിഷ്ഠയുടെ ഐതിഹ്യങ്ങളും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

ബലിക്കൽപ്പുരയിലെ കൊത്തുപണികൾ

അപൂർവം ദാരുവിഗ്രഹം

കേരളത്തിലെ ക്ഷേത്രങ്ങളിൽ അപൂർവമായി കാണാറുള്ള ദാരുബിംബമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പാശുപതാസ്ത്രം നേടാനായി അർജുനൻ തപസ്സു ചെയ്തപ്പോൾ, അദ്ദേഹത്തെ പരീക്ഷിക്കാൻ മഹാദേവൻ കാട്ടാളരൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ആ 'കിരാതമൂർത്തി' സങ്കല്പമാണ് ഈ ദാരുവിഗ്രഹം. ലോഹങ്ങളോ ശിലകളോ ഉപയോഗിക്കാതെ വൃക്ഷത്തടിയിലാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. കിരാതമൂർത്തിയുടെ തലയിൽ ഗംഗയെ കണ്ട് അത് മഹാദേവനാണെന്ന് മനസ്സിലാക്കി അദ്ദേഹത്തെ വണങ്ങിയ അർജുനന് പാശുപതാസ്ത്രം വരമായി കിട്ടിയെന്നാണ് ഐതിഹ്യം. ഈ കഥ ബലിക്കൽപ്പുരയിൽ കൊത്തിവെച്ചിട്ടുണ്ട്.

ദാരുവിഗ്രഹമായതിനാൽ ജലാഭിഷേകം നടത്താറില്ല. വലിയ ദാരുബിംബത്തിന് താഴെ പ്രത്യേകം ലോഹവിഗ്രഹവും പ്രതിഷ്ഠിച്ചിട്ടുണ്ട്. ആറാട്ടിനും മറ്റ് പ്രധാന ചടങ്ങുകൾക്കും ഈ ലോഹവിഗ്രഹമാണ് ഉപയോഗിക്കുക. ആ പ്രതിഷ്ഠയിൽ ജലാഭിഷേകം നടത്തുന്നു.

ആശിസ്സേകും ഉപദേവത

ഗണപതിയും ഭഗവതിയുമാണ് ഇവിടുത്തെ ഉപദേവതകൾ. പരദേവതാ ക്ഷേത്രമെങ്കിലും ഭഗവതിക്കും തുല്യ പ്രാധാന്യം നൽകുന്നു. ഇരുപ്രതിഷ്ഠകൾക്കും പ്രത്യേക കവാടങ്ങളും ബലിക്കല്ലുകളുമുണ്ട്. ബലിക്കൽപ്പുരയിലെ കരിങ്കല്ലിൽ പണ്ട് കൊടുങ്ങല്ലൂർ തമ്പുരാൻ ക്ഷേത്രം സന്ദർശിച്ചപ്പോൾ രചിക്കപ്പെട്ട സംസ്‌കൃത ശ്ലോകങ്ങളും കാണാം.

പഠിപ്പുര

തനിമയേറും അഗ്രശാല

ക്ഷേത്രത്തോട് ചേർന്നാണ് നാലുകെട്ട് മാതൃകയിൽ പണിതുയർത്തിയ അഗ്രശാല. നടുമുറ്റവും വരാന്തയുമൊക്കെ ചേർന്ന അഗ്രശാല പണ്ട് ക്ഷേത്രകാര്യങ്ങൾക്കായിരുന്നു ഉപയോഗിച്ചിരുന്നത്. അഗ്രശാലയുടെ മട്ടുപ്പാവിൽ നിന്നുള്ള ക്ഷേത്രക്കാഴ്ചയും മനോഹരമാണ്. ക്ഷേത്രപരിസരത്ത് നിന്നും അല്പം മാറിയാണ് കുളം.

ഉത്സവപ്പെരുമ

നാലൂ നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്ഷേത്രത്തിലെ പ്രധാന വഴിപാട് 'ഒറ്റ നിവേദ്യ'മാണ്. മകരമാസത്തിലെ ഭരണി നാളിൽ കൊടിയേറി കുംഭഭരണിയിൽ അവസാനിക്കുന്നതാണ് ഉത്സവം. ആഘോഷങ്ങൾ പ്രധാനമായും നാല് ദിവസമാണ്. ആദ്യദിനം ഉത്സവ വിളംബരം. രണ്ടാം നാൾ ആശാരിക്കളി, പൂക്കലശം വരവ്. മൂന്നിന് കുതിരക്കോലം വരവ്, ഉപ്പും താണ്ടി വരവ്, ഭഗവതി തിറ, നാലിന് കുളിച്ചാറാട്ട് എഴുന്നള്ളത്ത്, കളമെഴുത്ത്, തേങ്ങ ഏറും പാട്ടും, വെടിക്കെട്ട് എന്നിങ്ങനെയാണ് ചടങ്ങുകൾ. നാനാമതസ്ഥരുടെ ഒത്തുചേരലാണ് കൽപ്പത്തൂരിലെ ഉത്സവകാലം.

അവകാശത്തറ

പടിപ്പുരയ്ക്ക് പിന്നിലാണ് ആൽത്തറ. ആൽമരച്ചുവട്ടിൽ ചില കുടുംബങ്ങൾക്കായി മാറ്റിവെച്ച അവകാശത്തറകളുണ്ട്. ഉത്സവനാളുകളിൽ കുടുംബാംഗങ്ങളെത്തി ഇവിടെ വിളക്കുവെക്കുന്നത് ക്ഷേത്രത്തിന്റെ തനതായ ആചാരമാണ്.

'മോഹിനീശ്വരി'

വെള്ളിത്തിര ഒപ്പിയെടുത്ത ക്ഷേത്രഭംഗികൂടിയാണിവിടം. 'ദേശക്കാരൻ' എന്ന സിനിമയിൽ ഈ ക്ഷേത്രം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. സൈജു കുറുപ്പ് നായകനായ 'മോഹിനിയാട്ടം' എന്ന സിനിമയിലെ മോഹിനീശ്വരി ക്ഷേത്രമായി ഒരുങ്ങിയതും കൽപ്പത്തൂരിടമാണ്. സിനിമ പത്തുദിവസത്തോളം ഇവിടെ ചിത്രീകരിച്ചിട്ടുണ്ടെന്ന് ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ പറയുന്നു. സിനിമയ്ക്കായി മുൻഭാഗത്തെ കുറച്ച് തൂണുകൾ മാത്രമാണ് അന്ന് സെറ്റിടേണ്ടിയിരുന്നുള്ളൂ. ഇവിടുത്തെ ഐതിഹ്യമായോ പ്രതിഷ്ഠയായോ യാതൊരു ബന്ധവുമില്ല സിനിമയ്ക്ക്. പേരുപോലും പരാമർശിക്കാത്തതിനാൽ പലരും തിരിച്ചറിഞ്ഞില്ലത്രെ.

ഇന്ന് പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ് കൽപ്പത്തൂർ ശ്രീ പരദേവതാ ക്ഷേത്രവും ഇവിടത്തെ കൊത്തുപണികളും. മാറുന്ന കാലത്തിലും അതിന്റെ തനിമയും പ്രൗഢിയും ഒട്ടും ചോർന്നുപോകാതെ, ഒരു ഗ്രാമത്തിന്റെ മുഴുവൻ ഐശ്വര്യമായി ഇവിടം നിലകൊള്ളുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Over 400 years of history and rich mythological significance., Features a rare wooden idol (Darubimbam) of Kirathamurthy., Exquisite woodwork on the padippura depicting epics like Ramayana., Protected heritage monument under the Department of Archaeology., Famous for the annual Kumbhabharani festival and unique rituals.