ലഞ്ച് ബോക്സിലെ റൈസ് മാജിക്...

കുട്ടികൾക്ക് സ്‌കൂളിലേക്ക് കൊടുത്തുവിടുന്ന ലഞ്ച് ബോക്‌സിലെ ഭക്ഷണം ഒരേ സമയം രുചികരവും ആരോഗ്യകരവുമാകണം എന്നുള്ളതാണ് അമ്മമാർക്കുള്ള വെല്ലുവിളി. പ്രോട്ടീൻ, വിറ്റാമിൻ, കാർബ്‌സ്, ഫൈബർ എല്ലാം അടങ്ങിയ ലഞ്ച് ബോക്‌സ് തയ്യാറാക്കൽ കുറച്ച് പണിയാണ്. പാചകം എളുപ്പമാക്കാൻ അല്പം നേരത്തെതന്നെ പ്ലാൻ ചെയ്യാം. ഇറച്ചി, മീൻ, മുട്ട, പയർ, പരിപ്പ്, പച്ചക്കറി, തൈര് എന്നിവയെല്ലാം മാറി മാറി അവർക്കിഷ്ടപ്പെട്ട രീതിയിൽ ഉണ്ടാക്കി കൊടുത്തയക്കാം. നല്ല ഭക്ഷണം കഴിച്ച് ആരോഗ്യകരമായ ഒരു ഭാവിയിലേക്കവർ ചുവടു വെക്കട്ടെ...
കാരറ്റ് പനീർ റൈസ്
ചേരുവകൾ:
ബസ്മതി അരി - ഒരു കപ്പ്
കാരറ്റ് - രണ്ട്
പനീർ - 100 ഗ്രാം
സവാള - ഒന്ന്
ഇഞ്ചി - ഒരിഞ്ചു നീളത്തിൽ
വെളുത്തുള്ളി - ഒന്ന്
പച്ചമുളക് - നാലെണ്ണം
മല്ലിയില - അരക്കപ്പ്
പുതിന - കാൽ കപ്പ്
ഗരം മസാല - ഒരു ടീസ്പൂൺ
തൈര് - ഒരു ടേബിൾ സ്പൂൺ
കാഷ്യു നട്ട് - പത്തെണ്ണം
നെയ്യ് - രണ്ട് ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: അരി കഴുകി, വെള്ളത്തിൽ കുതിർത്തു വെക്കുക. കാരറ്റ്, സവാള എന്നിവ പൊടിയായി അരിഞ്ഞു വെക്കണം. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില, പുതിന എന്നിവ അരച്ചെടുക്കുക. പനീർ ചെറിയ ക്യൂബ് ആക്കി, അരച്ച പേസ്റ്റിൽ നിന്ന് പകുതി എടുത്ത് തൈരും ഉപ്പും ചേർത്ത് യോജിപ്പിച്ച് പനീറിൽ പുരട്ടിവെക്കുക. പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി പനീർ നിരത്തിവെച്ച് തിരിച്ചും മറിച്ചും ഗ്രിൽ ചെയ്‌തെടുത്ത് മാറ്റിവെക്കുക. അതേ പാനിലേക്ക് ബാക്കി നെയ്യും ചേർത്ത് കാഷ്യു നട്ട്‌സ് ചേർത്ത് വറുത്തുകോരി മാറ്റിവെക്കുക. സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇതിലേക്ക് അരച്ച ബാക്കി പേസ്റ്റും ചേർത്ത് വഴറ്റണം. ആവശ്യത്തിന് ഉപ്പും ചേർത്ത് കാരറ്റ് പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. അഞ്ചു മിനിറ്റ് ചെറുതീയിൽ മൂടിവെച്ചതിനു ശേഷം രണ്ട് കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളക്കുമ്പോൾ റൈസ് ചേർത്ത് യോജിപ്പിക്കുക. ബാക്കി ഗരം മസാലയും ചേർത്ത് യോജിപ്പിക്കണം. മൂടിവെച്ച് ചെറുതീയിൽ വെച്ച് വേവിക്കുക. വെള്ളം മുഴുവനായി വറ്റുമ്പോൾ ഗ്രിൽ ചെയ്തുവെച്ച പനീറും ചേർത്ത് യോജിപ്പിച്ച്, ഫ്രൈ ചെയ്ത നട്ട്‌സും മല്ലിയിലയും തൂവി വാങ്ങാം.
ആലൂ കീമാ റൈസ്
ചേരുവകൾ:
ജീരകശാല അരി - രണ്ടര കപ്പ്
മിൻസ്ഡ് മീറ്റ് - അര കിലോ
ഉരുളക്കിഴങ്ങ് - രണ്ടെണ്ണം
സവാള - രണ്ടെണ്ണം
തക്കാളി - ഒന്ന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ
മഞ്ഞൾപൊടി - അര ടീസ്പൂൺ
കാശ്മീരി മുളകുപൊടി - ഒരു ടീസ്പൂൺ
മല്ലിപ്പൊടി - രണ്ട് ടീസ്പൂൺ
ഗരം മസാല - ഒരു ടീസ്പൂൺ
കുരുമുളകുപൊടി - ഒരു ടീസ്പൂൺ
മല്ലിയില, ഉപ്പ്, നെയ്യ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യ് ചൂടാക്കി സവാള നേരിയതായി അരിഞ്ഞത് ചേർത്ത് ഇളം ബ്രൗൺ നിറം ആവുന്നത് വരെ വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. പച്ചമണം മാറുമ്പോൾ എല്ലാ പൊടികളും ചേർത്ത് വഴറ്റുക. തക്കാളി അരച്ചതും ചേർത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റി, മിൻസ്ഡ് മീറ്റ് ചേർത്ത് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു കപ്പ് വെള്ളം ചേർത്ത് തിളയ്ക്കുമ്പോൾ ചെറിയ ക്യൂബ്‌സ് ആക്കിയ ഉരുളക്കിഴങ്ങുമിട്ട് മൂടിവെച്ച് വേവിക്കുക. ഇറച്ചി വെന്ത് വെള്ളം വറ്റി വരുമ്പോൾ മല്ലിയില ചേർത്ത് യോജിപ്പിച്ചതിനു ശേഷം, ഈ മസാലയിലേക്ക് അഞ്ചു കപ്പ് വെള്ളം ചേർക്കണം. ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ച് തിളക്കുമ്പോൾ റൈസ് ചേർക്കുക. കുറച്ച് മല്ലിയിലയും കൂടി ചേർത്തിളക്കി മൂടി, ചെറുതീയിൽ വെക്കുക. വെള്ളം വറ്റി, അരി വെന്ത് പാകമാകുമ്പോൾ അല്പം നെയ്യ് തൂവി വാങ്ങാം. വെജിറ്റബിൾ സലാഡിനോടൊപ്പം ലഞ്ച് ബോക്‌സിൽ കൊടുത്തയക്കാം.
ദാൽ റൈസ്
ചേരുവകൾ:
ബസ്മതി അരി - ഒരു കപ്പ്
ചെറുപയർ പരിപ്പ് - അരക്കപ്പ്
തുവര പരിപ്പ് - കാൽ കപ്പ്
കടല പരിപ്പ് - കാൽ കപ്പ്
ചുവന്നുള്ളി - പത്തെണ്ണം
തക്കാളി - രണ്ടെണ്ണം
വെളുത്തുള്ളി - അഞ്ചല്ലി
ജീരകം - അര ടീസ്പൂൺ
ചുവന്ന മുളക് - മൂന്നെണ്ണം
നെയ്യ് - രണ്ട് ടേബിൾ സ്പൂൺ
മഞ്ഞൾപൊടി - അര ടീസ്പൂൺ
മുളകുപൊടി - ഒരു ടീസ്പൂൺ
മല്ലിപ്പൊടി - ഒരു ടീസ്പൂൺ
സാമ്പാർപൊടി - ഒരു ടീസ്പൂൺ
കായപ്പൊടി - കാൽ ടീസ്പൂൺ
മല്ലിയില, കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: അരിയും പരിപ്പും ചേർത്ത് കഴുകി, വെള്ളത്തിൽ കുതിർത്തു വെക്കുക. കുക്കറിൽ നെയ്യ് ചൂടാക്കി, ജീരകം, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർക്കുക. ഇതിലേക്ക് ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റുക. ഉള്ളിയും വെളുത്തുള്ളിയും മൊരിഞ്ഞു വരുമ്പോൾ തക്കാളി പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. എല്ലാ പൊടികളും മല്ലിയിലയും ഉപ്പും ചേർക്കുക. നന്നായി വഴറ്റിയതിനു ശേഷം നാല് കപ്പ് വെള്ളം ചേർക്കുക. കുതിർത്തുവെച്ച അരിയും പരിപ്പും ചേർത്ത് കുക്കർ മൂടി വെച്ച്, ഒരു വിസിൽ വരുമ്പോൾ ചെറുതീയിലാക്കി ഒരു വിസിൽ കൂടി വരുന്നത് വരെ വേവിക്കുക. പ്രഷർ പോയതിനു ശേഷം തുറന്ന്, അല്പം നെയ്യും മല്ലിയിലയും തൂവുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: healthy-school-lunch-box-recipes-for-kids