ഓഫിസ് കാന്റീനിലും വേണം ആരോഗ്യകരമായ ഭക്ഷണം; 90 ശതമാനം ജീവനക്കാർക്കും ഇതാണ് ആവശ്യം

AIനിർമിതചിത്രം
AIനിർമിതചിത്രം

സമോസയും ബ്രെഡ് പക്കോഡയും എണ്ണയിൽ വറുത്ത കടികളും കറികളും കാർബോഹൈഡ്രേറ്റ് കൂടുതലുള്ള പ്രഭാതഭക്ഷണങ്ങളുമൊക്കെയാണ് ഇന്ത്യയിലെ പല ഓഫിസ് കാന്റീനുകളിലെയും പതിവ് മെനു. എന്നാൽ ഭക്ഷണത്തിൽ പോഷകങ്ങൾക്കും പ്രോട്ടീനിനും കൂടുതൽ പ്രാധാന്യം നൽകുന്നവരാണ് ഇന്നത്തെ ജീവനക്കാർ. ജോലിസ്ഥലത്തും ആരോഗ്യകരമായ ഭക്ഷണവൈവിധ്യം വേണമെന്ന ആവശ്യം ശക്തമാകുന്നതായാണ് പുതിയ സർവേ വ്യക്തമാക്കുന്നത്.

ഭക്ഷണത്തിന് കുറവില്ലെങ്കിലും പോഷകസമൃദ്ധമായ വിഭവങ്ങൾ പല കാന്റീനുകളിലും കുറവാണ്. കോംപസ് ഗ്രൂപ്പ് ഇന്ത്യ നടത്തിയ ഗ്ലോബൽ ഈറ്റിങ് അറ്റ് വർക്ക് സർവേയിൽ 2,000 പേരുടെ പ്രതികരണങ്ങൾ വിലയിരുത്തിയപ്പോൾ 90 ശതമാനം ജീവനക്കാരും ജോലിസ്ഥലത്ത് ആരോഗ്യകരമായ ഭക്ഷണവൈവിധ്യം ആഗ്രഹിക്കുന്നതായി കണ്ടെത്തി. ജീവനക്കാരുടെ ആരോഗ്യത്തിലും ജോലിയുടെ കാര്യക്ഷമതയിലും ഭക്ഷണത്തിനുള്ള പ്രാധാന്യം വർധിക്കുന്നുവെന്നതിന്റെ സൂചനയാണിത്.

ദീർഘദൂര യാത്രയും സമയക്കുറവും കാരണം പലർക്കും വീട്ടിൽനിന്ന് ഭക്ഷണം കൊണ്ടുവരാൻ കഴിയില്ല. ഇവരെ സംബന്ധിച്ച് ഓഫിസ് കാന്റീൻ ദൈനംദിന ഭക്ഷണത്തിന്റെ പ്രധാന ആശ്രയമാണ്. ഉപ്മ, പറാത്ത തുടങ്ങിയ വിഭവങ്ങൾ എളുപ്പത്തിൽ ലഭിക്കുമെങ്കിലും പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണത്തിനുള്ള സാധ്യതകൾ കുറവാണ്. മുട്ട ഭുർജി, മുളപ്പിച്ച ധാന്യങ്ങൾ, ബേസൻ ചില്ല, പനീർ വിഭവങ്ങൾ എന്നിവയ്ക്കും മെനുവിൽ ഇടമുണ്ടാകണം. ഉച്ചഭക്ഷണത്തിലും പരിപ്പുകറികളും പച്ചക്കറികളും ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്ന വിഭവങ്ങളും ഉൾപ്പെടുത്തേണ്ടതുണ്ടെന്ന് ജീവനക്കാർ പറയുന്നു. 

ചില ഓഫിസ് കാന്റീനുകളിൽ സാലഡുകൾ, ഗ്രിൽഡ് ചിക്കൻ, പനീർ റാപ്പുകൾ, പ്രോട്ടീൻ ബൗളുകൾ തുടങ്ങിയവ ലഭ്യമാണ്. എന്നാൽ സാധാരണ ഭക്ഷണത്തേക്കാൾ ഇവയ്ക്ക് വില കൂടുതലാണ്. ആരോഗ്യകരമായ ഭക്ഷണത്തിന് ഇടയ്‌ക്കൊക്കെ കൂടുതൽ പണം ചെലവഴിക്കാൻ തയ്യാറാകുന്നവരുണ്ടെങ്കിലും ദിവസവും അത് സാധ്യമല്ല. കാന്റീൻ സൗകര്യമില്ലാത്ത ഓഫിസുകളിൽ ജോലി ചെയ്യുന്നവർക്ക് കുറഞ്ഞ വിലയിൽ വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണം കണ്ടെത്തുന്നതും വെല്ലുവിളിയാണ്.

ഓഫിസിലെ പിറന്നാളുകൾക്കും മറ്റ് ആഘോഷങ്ങൾക്കും സമോസയും ചായയുമാണ് പലയിടത്തും പതിവ്. കേക്കും ബിസ്‌കറ്റും വറുത്ത പലഹാരങ്ങളും കൂടെയെത്തും. ഇവയ്‌ക്കൊപ്പം സാൻഡ്വിച്ചുകൾ, പഴങ്ങൾ, മുളപ്പിച്ച ധാന്യങ്ങൾ ചേർത്ത ചാട്ട് തുടങ്ങിയവയും ഉൾപ്പെടുത്താവുന്നതാണെന്ന് ജീവനക്കാർ നിർദേശിക്കുന്നു. സമോസ ഒഴിവാക്കുകയല്ല, കൂടുതൽ തിരഞ്ഞെടുപ്പുകൾ നൽകുകയാണ് വേണ്ടതെന്നാണ് ആവശ്യം.

ചെറിയ മാറ്റങ്ങൾ മതി
ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കാൻ വലിയ കഫറ്റീരിയകളോ അടുക്കളയിലെ സമഗ്രമായ മാറ്റങ്ങളോ ആവശ്യമില്ല. പ്രഭാതഭക്ഷണത്തിൽ മുട്ട, തൈര്, മുളപ്പിച്ച ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്താം. ഉച്ചഭക്ഷണത്തിൽ കുറഞ്ഞ എണ്ണയിൽ തയ്യാറാക്കുന്ന കറികൾക്കും പനീർ, മുട്ട, ചിക്കൻ വിഭവങ്ങൾക്കും പ്രാധാന്യം നൽകാം. സ്‌നാക്സ് കൗണ്ടറുകളിൽ പഴങ്ങൾ, നട്സ്, വറുത്ത കടല, മഖാന എന്നിവയും ലഭ്യമാക്കാം.

ആരോഗ്യകരമായ ഭക്ഷണം താങ്ങാവുന്ന വിലയിൽ ലഭ്യമാക്കാൻ കമ്പനികൾ കാന്റീൻ നടത്തിപ്പുകാരുമായി സഹകരിക്കുകയും വേണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജിം അംഗത്വവും ആരോഗ്യപരിശോധനകളും മാത്രമല്ല ജീവനക്കാരുടെ ക്ഷേമം. ജോലിക്കിടയിൽ അവർ കഴിക്കുന്ന ഭക്ഷണവും അതിന്റെ ഭാഗമാണ്. ആരോഗ്യകരമായ ഭക്ഷണം ആഗ്രഹിക്കുന്നവർക്ക് അതിനായി അധികം പണം ചെലവഴിക്കേണ്ടിവരരുതെന്നും റിപ്പോർട്ടിൽ പറയുന്നു. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi