സ്ത്രീകളുടെ ചുണ്ടില്‍ ആണി തറയ്ക്കും, കല്യാണം കഴിച്ച പുരുഷന്മാരുടെ ചെവിയുടെ ഒരുഭാഗം മുറിച്ചുകളയും

എത്യോപ്യയിലേക്ക് യാത്രതിരിക്കുമ്പോള്‍ ആദ്യം ചിന്തിച്ചത് ലൂസിയെക്കുറിച്ചാണ്. മനുഷ്യവംശം (ഹോമോ സാപിയന്‍സ്) ഉടലെടുക്കുന്നതിനും 32 ലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭൂമിയില്‍ ജീവിച്ചിരുന്ന ലൂസിക്ക് ഇന്നത്തെ മനുഷ്യന്റെ രൂപവുമായി അസാമാന്യ സാമ്യമുണ്ടായിരുന്നു. എത്യോപ്യയിലെ അവാഷ് താഴ്വരയില്‍നിന്ന് ലൂസിയുടെ അവശേഷിപ്പുകള്‍ ഖനനത്തിലൂടെ കണ്ടെടുത്തത് നരവംശശാസ്ത്രത്തിനെ സംബന്ധിച്ചിടത്തോളം നാഴികക്കല്ലായിരുന്നു. എന്നാല്‍, എത്യോപ്യയില്‍ ചെന്നപ്പോഴാണ് തെക്കന്‍ഭാഗത്തുള്ള താഴ്വരയായ ലോവര്‍ ഓമോയെക്കുറിച്ച് കേള്‍ക്കുന്നത്. ഈ താഴ്വരയില്‍നിന്ന് ആദ്യകാല ഹോമിനിഡ് ഫോസിലുകള്‍ ധാരാളമായി കണ്ടെത്തിയിരുന്നു. ഈ ഭൂപ്രദേശത്തെ യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
ഓമോവാലിയുടെ പെരുമ കേട്ടറിഞ്ഞാണ് അങ്ങോട്ടേക്ക് പുറപ്പെട്ടത്. എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍നിന്ന് വിമാനത്തില്‍ അര്‍ബാമിഞ്ചിലെത്തി, ജീപ്പില്‍ അഞ്ചുമണിക്കൂര്‍ പിന്നെയും യാത്രചെയ്താണ് ഓമോവാലിയിലെ വലിയ പട്ടണമായ ജിങ്കയിലെത്തിപ്പെട്ടത്. നാട്ടിന്‍പുറത്തെ ചെറിയൊരു കവല. അവിടത്തെ മ്യൂസിയത്തില്‍നിന്നാണ് സന്ദര്‍ശനം തുടങ്ങേണ്ടത്. ഓമോവാലിയിലെ പ്രധാനപ്പെട്ട 12 ഗോത്രങ്ങളുടെ ജീവിതരീതികളെക്കുറിച്ച് ഏകദേശ ധാരണ അവിടെനിന്ന് ലഭിച്ചു.
Content Highlights: a trip to the tribal villages of ethiopia