റോസ്റ്റഡ് ചിക്കൻ റൈസും മട്ടൺ പെപ്പർ ഫ്രൈയും; വലിയ പെരുന്നാളിന് വലിയ വിരുന്നൊരുക്കാം

റോസ്റ്റഡ് ചിക്കന്‍ റൈസ്/Photo:Shutterstock
റോസ്റ്റഡ് ചിക്കന്‍ റൈസ്/Photo:Shutterstock

വലിയ പെരുന്നാൾ അടുക്കളയിലെ പാചകത്തിരക്കിൽപ്പെട്ട് തീർക്കാതെ സമാധാനമായി ആഘോഷിക്കണമെങ്കിൽ മെനു നേരത്തേ പ്ലാൻ ചെയ്യണം. പുഡ്ഡിങ്, പായസം എന്നിവയെല്ലാം നേരത്തെ തന്നെ തയ്യാറാക്കി ഫ്രിഡ്ജിൽ വെക്കാം. മീൻ, ഇറച്ചി മാരിനേഷൻ ഒക്കെ തലേന്ന് തന്നെ ചെയ്തുവെക്കാം. ഗരം മസാല, ജിൻജർ ഗാർലിക് പേസ്റ്റ് എന്നിവയും നേരത്തെ തയ്യാറാക്കാം. എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയാൽ അത്രയും സമയവും എനർജിയും ലാഭിക്കാം. എളുപ്പത്തിൽ പെരുന്നാൾ വിരുന്നൊരുക്കാനുള്ള ചില വിഭവങ്ങൾ ഇതാ…
റോസ്റ്റഡ് ചിക്കൻ റൈസ്
ചേരുവകൾ:

ചിക്കൻ - രണ്ട് കിലോ (വലിയ കഷണങ്ങൾ )
ബസ്മതി അരി - ഒരു കിലോ
സവാള - ഒന്ന്
തൈര് - കാൽ കപ്പ്
നെയ്യ് - കാൽ കപ്പ്
ചിക്കൻ ക്യൂബ് - രണ്ട്
കാരറ്റ് - ഒന്ന്
ചെറുനാരങ്ങ - ഒന്ന്
അരയ്ക്കാനുള്ള ചേരുവകൾ
ചുവന്നുള്ളി - 100 ഗ്രാം
തക്കാളി - രണ്ടെണ്ണം
ഇഞ്ചി - രണ്ടിഞ്ച് നീളത്തിൽ
വെളുത്തുള്ളി - രണ്ട്
പച്ചമുളക് - രണ്ട്
ചുവന്നമുളക് - മൂന്നെണ്ണം
കുരുമുളക് - ഒരു ടീസ്പൂൺ
പട്ട - രണ്ടിഞ്ച് നീളത്തിൽ
ഗ്രാമ്പു - എട്ട്
ഏലക്ക - മൂന്ന്
തക്കോലം - രണ്ട്
ജാതിപത്രി - രണ്ട്
പെരുംജീരകം - ഒരു ടേബിൾ സ്പൂൺ
സാ ജീരകം - അര ടീസ്പൂൺ
നല്ല ജീരകം - അര ടീസ്പൂൺ
മല്ലിയില തണ്ടോടുകൂടി - അരക്കപ്പ്
പുതിനയില - കാൽ കപ്പ്
കറിവേപ്പില - അല്പം
മഞ്ഞൾപൊടി - അര ടീസ്പൂൺ
മല്ലിപ്പൊടി - മൂന്ന് ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ചിക്കൻ വലിയ കഷണങ്ങളാക്കി വരഞ്ഞുവെക്കുക. അരി കഴുകി വെള്ളത്തിൽ കുതിർത്തുവെക്കണം. അരച്ചെടുത്ത കൂട്ടിലേക്ക് തൈരും ഉപ്പും ചേർത്ത് യോജിപ്പിച്ച് ചിക്കനിലേക്ക് ചേർത്ത് രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. അതിനുശേഷം കടായിയിൽ മൂന്ന് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ചൂടാവുമ്പോൾ മാരിനേറ്റ് ചെയ്ത ചിക്കൻ നിരത്തിവെച്ച് ചെറുതീയിൽ മൂടിവെച്ച് വേവിക്കുക. വെന്ത് വരുമ്പോൾ തിരിച്ചും മറിച്ചുമിട്ട് രണ്ടു വശവും മൊരിയിച്ചെടുക്കുക. ഈ ചിക്കൻ മാറ്റിവെച്ച് അതേ പാത്രത്തിലേക്ക് ബാക്കി നെയ്യും ചേർത്ത് സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. മൊരിഞ്ഞു വരുമ്പോൾ മാറ്റിവെച്ച മാരിനേഷൻ ചേർത്ത് വഴറ്റുക. ഇതിലേക്ക് അരിയുടെ ഇരട്ടി വെള്ളം ചേർക്കുക. കാരറ്റ് ചെറുതായി അരിഞ്ഞത്, ചിക്കൻ ക്യൂബ്, ചെറുനാരങ്ങ നീര്, ഉപ്പ് എന്നിവയും ചേർത്ത് തിളയ്ക്കുമ്പോൾ അരി ചേർത്ത് മൂടിവെച്ച് ചെറുതീയിൽ വെക്കുക. വെള്ളം വറ്റി അരി വെന്തതിനുശേഷം റോസ്റ്റ് ചെയ്തു വച്ച ചിക്കൻ മുകളിൽ നിരത്തി, മൂടി വെച്ച് അര മണിക്കൂറിനു ശേഷം വിളമ്പാം.

മട്ടൺ പെപ്പർ ഫ്രൈ/Photo:Shutterstock

മട്ടൺ പെപ്പർ ഫ്രൈ
ചേരുവകൾ:

മട്ടൺ - ഒരു കിലോ
ചുവന്നുള്ളി - 200 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരച്ചത് - രണ്ട് ടേബിൾ സ്പൂൺ
മഞ്ഞൾപൊടി - മുക്കാൽ ടീസ്പൂൺ
കാശ്മീരി മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
മല്ലിപ്പൊടി - രണ്ട് ടേബിൾ സ്പൂൺ
ഗരം മസാല - രണ്ട് ടീ സ്പൂൺ
കുരുമുളകുപൊടി - രണ്ട് ടീ സ്പൂൺ
വെളിച്ചെണ്ണ - മൂന്ന് ടേബിൾ സ്പൂൺ
ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: മട്ടൺ ചെറിയ കഷണങ്ങളാക്കി കഴുകിയെടുക്കുക. ചുവന്നുള്ളി തൊലി കളഞ്ഞ് ചതച്ചു വെക്കുക. ഒരു പ്രഷർ കുക്കറിൽ മട്ടൺ ഇട്ട് അതിലേക്ക് ചുവന്നുള്ളി ചതച്ചതിന്റെ പകുതി ചേർക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ്, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ്, കറിവേപ്പില എന്നിവയും ചേർത്ത് കൈ കൊണ്ട് നന്നായി തിരുമ്മി മട്ടണിലേക്ക് യോജിപ്പിക്കുക. ഇതിലേക്ക് അരക്കപ്പ് വെള്ളവും ചേർത്ത് കുക്കർ മൂടി ഇരുപത് മിനിറ്റ് വേവിക്കുക. കടായ്‌ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ബാക്കി ചുവന്നുള്ളി ചതച്ചത് ചേർത്ത് വഴറ്റുക. മൊരിഞ്ഞു വരുമ്പോൾ വേവിച്ച മട്ടണും ചേർത്ത് ഇടത്തരം തീയിൽ വെക്കുക. ഇടയ്ക്ക് ഇളക്കണം. വെള്ളം നന്നായി വറ്റി മട്ടൺ മൊരിഞ്ഞു തുടങ്ങുമ്പോൾ ഗരം മസാല ചേർക്കാം. നന്നായി യോജിപ്പിക്കുക. എല്ലാ വശവും നന്നായി മൊരിഞ്ഞു വരുമ്പോൾ കുരുമുളകുപൊടിയും കറിവേപ്പിലയും ചേർത്ത് യോജിപ്പിച്ച് അവസാനം അല്പം വെളിച്ചെണ്ണയും തൂകി വാങ്ങാം.

അറേബ്യൻ ബ്രെഡ് പുഡ്ഡിങ്/Photo:Shutterstock

അറേബ്യൻ ബ്രെഡ് പുഡ്ഡിങ്
ചേരുവകൾ:

ബ്രെഡ് - ഒരു പാക്കറ്റ്
പാൽ - ഒരു ലിറ്റർ
ഫ്രഷ് ക്രീം - 200 മില്ലി
കണ്ടൻസ്ഡ് മിൽക്ക് - മുക്കാൽ കപ്പ്
കസ്റ്റാർഡ് പൗഡർ - മൂന്ന് ടേബിൾ സ്പൂൺ
കാഷ്യുനട്ട്, ബദാം, പിസ്ത - ഓരോ ടേബിൾ സ്പൂൺ വീതം
തയ്യാറാക്കുന്നവിധം: ബ്രെഡ് അരികുകൾ കളഞ്ഞുവെക്കുക. കാൽ കപ്പ് പാൽ എടുത്ത് അതിലേക്ക് കസ്റ്റാർഡ് പൗഡർ ചേർത്ത് യോജിപ്പിക്കുക. ബാക്കി പാൽ തിളയ്ക്കാൻ വെക്കുക. ഇതിലേക്ക് കാൽ കപ്പ് കണ്ടൻസ്ഡ് മിൽക്കും ചേർത്ത് യോജിപ്പിക്കുക. തിളച്ചു വരുമ്പോൾ ചെറുതീയിൽ വെച്ചതിനുശേഷം കസ്റ്റാർഡ് ചേർത്ത് കട്ട കെട്ടാതെ യോജിപ്പിക്കുക. കുറുകി വരുമ്പോൾ തീയിൽ നിന്ന് മാറ്റി ആറാൻ വെക്കുക. ഫ്രഷ് ക്രീമിലേക്ക് ബാക്കി കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. പുഡ്ഡിങ് ട്രേയിൽ ഒരു ലെയർ ബ്രെഡ് നിരത്തി, അതിനു മുകളിൽ കസ്റ്റാർഡ് ഒഴിക്കുക. വീണ്ടും ബ്രെഡ് ലെയർ ചെയ്ത് വീണ്ടും കസ്റ്റാർഡ് ഒഴിക്കുക. ഒരു സ്പാറ്റുല കൊണ്ട് എല്ലായിടത്തും ഒരേപോലെ കസ്റ്റാർഡ് വിതറിയതിനുശേഷം മുകളിൽ ഫ്രഷ് ക്രീം, കണ്ടൻസ്ഡ് മിൽക്ക് എന്നിവ യോജിപ്പിച്ചുവെച്ചത് ഒഴിക്കുക. സ്പാറ്റുല കൊണ്ട് ലെവൽ ചെയ്ത് മുകളിൽ ക്രഷ് ചെയ്ത നട്ട്‌സ് തൂകി ക്ലിങ് റാപ്പ് കൊണ്ട് മൂടി, നാല് മണിക്കൂർ സെറ്റ് ചെയ്യാൻ ഫ്രിഡ്ജിൽ വെക്കുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: easy-eid-feast-recipes-2026-meal-plan