പാചകത്തില്‍ രുചിക്കു മാത്രമല്ല, ഭക്ഷണത്തിന്റെ കാഴ്ചയ്ക്കും പോഷകത്തിനും കൂടി പ്രധാന്യമുണ്ട്. ഭക്ഷണത്തിന്റെ നിറവും പ്രധാന ഘടകം തന്നെ. നിറങ്ങളാല്‍ സമ്പന്നമായ ഭക്ഷണം കണ്ണിനും മനസ്സിനും ആനന്ദം നല്‍കുന്നതോടൊപ്പം ശരീരത്തിന് ആവശ്യമായ വിവിധ പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

ഓരോ നിറത്തിനും ഭക്ഷണത്തില്‍ പ്രത്യേകം ഗുണങ്ങളുണ്ടെന്നറിയാമോ? പച്ച നിറത്തിലുള്ള ചീര, ബ്രോക്കോളി, പയര്‍ മുതലായവ ഇരുമ്പ്, വിറ്റാമിനുകള്‍, ഫൈബര്‍ എന്നിവ നിറഞ്ഞതാണ്. ഇവ ശരീരത്തിന് കരുത്ത് നല്‍കുന്നു. ചുവന്ന തക്കാളി, സ്ട്രോബെറി, തണ്ണിമത്തന്‍ എന്നിവ രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന ആന്റി-ഓക്‌സിഡന്റുകളാണ്.

ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള കാരറ്റ്, മാമ്പഴം, ചോളം തുടങ്ങിയവ വിറ്റാമിന്‍ എ യുടെ നല്ല ഉറവിടമാണ്. ഇത് കണ്ണിന്റെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിന് സഹായിക്കുന്നു. വയലറ്റ്, നീല നിറമുള്ള മുന്തിരി, ബ്ലൂബെറി പോലുള്ള പഴങ്ങള്‍ ഓര്‍മ്മശക്തി വര്‍ധിപ്പിക്കുകയും ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. വെള്ളനിറത്തിലുള്ള വെളുത്തുള്ളി, സവാള എന്നിവ രോഗങ്ങളെ തടയുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു.

പല നിറങ്ങളാല്‍ സമ്പന്നമായ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കും. നമ്മുടെ ഭക്ഷണത്തിലെ നിറങ്ങള്‍ വെറും അലങ്കാരത്തിനല്ല, ആരോഗ്യത്തിനും കൂടിയുള്ളതാണെന്ന് മനസ്സിലായില്ലേ. ഇനി ലഞ്ച് ബോക്‌സ് തയ്യാറാക്കുമ്പോള്‍ പല നിറങ്ങളിലുള്ള മെനു തയ്യാറാക്കാം.

ചിക്കന്‍ ഗ്രീന്‍ പുലാവ്
ചേരുവകള്‍:

ബോണ്‍ലെസ്സ് ചിക്കന്‍ - 250 ഗ്രാം
ബസ്മതി അരി - രണ്ട് കപ്പ്
നെയ്യ് - രണ്ട് ടേബിള്‍ സ്പൂണ്‍
സവാള - ഒന്ന്
മല്ലിയില തണ്ടോടു കൂടി - അരക്കപ്പ്
പുതിനയില - കാല്‍ കപ്പ്
പച്ചമുളക് - നാലെണ്ണം
തൈര് - മൂന്ന് ടേബിള്‍ സ്പൂണ്‍
ഇഞ്ചി - ഒരു ചെറിയ കഷണം
വെളുത്തുള്ളി- ഒന്ന്
പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം - രണ്ട് വീതം
പെരുംജീരകം - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
കസൂരിമേത്തി- അര ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: അരി കഴുകി വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. മിക്‌സി ജാറില്‍ മല്ലിയില, പുതിനയില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം, പെരുംജീരകം എന്നിവ നന്നായി അരച്ച് പേസ്റ്റ് ആക്കുക. ചിക്കനിലേക്ക് തൈരും ഈ പേസ്റ്റും മല്ലിപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് അരമണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. പാനില്‍ നെയ്യ് ചൂടാക്കി, സവാള അരിഞ്ഞത് ചേര്‍ത്ത് ബ്രൗണ്‍ നിറം ആവുന്നതു വരെ വഴറ്റുക. ഇതിലേക്ക് മാരിനേറ്റ് ചെയ്തുവെച്ച ചിക്കന്‍ ചേര്‍ത്തിളക്കി ചെറുതീയില്‍ മൂടിവെച്ച് വേവിക്കുക. ചിക്കന്‍ വെന്ത് ഗ്രേവി കുറുകിയതിനുശേഷം നാലു കപ്പ് തിളച്ച വെള്ളം ചേര്‍ത്ത്, ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കുക. ഇതിലേക്ക് കുതിര്‍ത്ത അരി ചേര്‍ത്തിളക്കി, മൂടി വെച്ച് ചെറുതീയില്‍ വെള്ളം വറ്റിച്ചെടുക്കുക. കസൂരി മേത്തിയും തൂവി യോജിപ്പിക്കുക. റായ്ത്തയോടൊപ്പം വിളമ്പാവുന്നതാണ്.

പര്‍പ്പിള്‍ ഫ്രൈഡ് റൈസ്
ചേരുവകള്‍:

ബസ്മതി അരി - ഒരു കപ്പ്
വയലറ്റ് ക്യാബേജ് അരിഞ്ഞത് - രണ്ടു കപ്പ്
മുട്ട - രണ്ട്
സവാള - ഒന്ന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍
സോയ സോസ് - ഒരു ടീസ്പൂണ്‍
ഗ്രീന്‍ ചില്ലി സോസ് - ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി - രണ്ട് ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: വെള്ളത്തില്‍ ഉപ്പും ഒരു ടീസ്പൂണ്‍ എണ്ണയും ചേര്‍ത്ത് തിളക്കുമ്പോള്‍ അരി ചേര്‍ത്ത് വേവിച്ച് വാര്‍ത്തുവയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി സവാള പൊടിയായി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. നിറം മാറി വരുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് സോസുകള്‍ ചേര്‍ക്കുക. ക്യാബേജ് പൊടിയായി അരിഞ്ഞത് ചേര്‍ത്ത് മൂടിവെച്ച് അഞ്ചു മിനിറ്റ് വേവിക്കുക. മുട്ടയില്‍ ഉപ്പും അല്പം കുരുമുളക് പൊടിയും ചേര്‍ത്ത് കലക്കി വയ്ക്കുക. ഇനി ക്യാബേജ് പാനിന്റെ ഒരു വശത്തേക്ക് മാറ്റി വെച്ച്, കലക്കി വെച്ച മുട്ട ഒഴിച്ച് നന്നായി ചിക്കിയതിനു ശേഷം ക്യാബേജ് ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് വേവിച്ച് വെച്ച റൈസ് ചേര്‍ത്ത് കുരുമുളക് പൊടി തൂവുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi