പക്ഷികളുടെ ഭൂഖണ്ഡം എന്ന് വിളിപ്പേരുള്ള തെക്കേ അമേരിക്കയിലെ മഴക്കാടുകളിൽ

'ഒരു ചിത്രകാരന്റെ പക്ഷിയെയാണ് ഇനി നാം തേടുന്നത്' മഴക്കാടുകളിലെ മലനിരകളിലേക്ക് കയറുന്നതിന് മുമ്പ് ഗൈഡ് ഓർമിപ്പിച്ചു. 'അറിയാതെ പോലും ചുണ്ടുകൾ അനക്കരുത്. ചെറിയൊരു ചലനം മതി അവ പറന്നകലും. പിന്നെ കാത്തിരിപ്പ് നീളും നിരാശയോടെ മടങ്ങേണ്ടി വരും'. ചിത്രകാരൻ തന്റെ ബ്രഷിൽ നിന്നുള്ള വർണങ്ങൾ കോർത്തിണക്കി സൃഷ്ടിച്ചത് പോലെയാണ് അവയുടെ രൂപഭംഗി. അവയെ കാണാൻ പക്ഷി നിരീക്ഷകരുടെ ഹൃദയം വെമ്പി. പക്ഷേ, അതിശൈത്യത്താൽ പലരുടെയും ശരീരം വിറച്ചു. കട്ടിയുള്ള കൈയുറകൾ ഉണ്ടായിട്ടും വിരലുകൾ അനക്കാൻ കഴിയുന്നില്ല. ക്യാമറ കൈയിലെടുക്കാൻ കഴിയുമോയെന്ന് പലരും സംശയിച്ചു.
പക്ഷികളുടെ ഭൂഖണ്ഡം എന്ന് വിളിപ്പേരുള്ള തെക്കേ അമേരിക്കയിലെ മഴക്കാടുകളിൽ കാണപ്പെടുന്ന Greay Breasted mountain Toucan എന്ന വിസ്മയ പക്ഷിയെ തേടിയായിരുന്നു ഡോ. ജെയ്‌നി ഉൾപ്പെടുന്ന സംഘത്തിന്റെ യാത്ര. കൊളംബിയയിലെ മഴക്കാടുകളിലൂടെ സഞ്ചരിക്കുമ്പോൾ ഗൈഡ് പെട്ടന്ന് വിരൽച്ചൂണ്ടി പറഞ്ഞു. 'അതാ വൃക്ഷക്കൊമ്പിൽ നിങ്ങൾ അന്വേഷിച്ച പക്ഷി'. മേഘപാളികൾപോലെ ഒഴുകിയെത്തിയ മൂടൽമഞ്ഞ് നീങ്ങിയപ്പോൾ വർണങ്ങളിൽ മുങ്ങിനിൽക്കുന്ന പക്ഷിയെ ഏവരും കൺകുളിർക്കെ കണ്ടു. തെക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ പക്ഷികളുള്ളത് കൊളംബിയയിലാണ്. എല്ലാം വർണങ്ങളുടെ ഹൃദയഹാരിയായ പ്രതീകങ്ങൾ. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ ആകെ 3500 ഇനം പക്ഷികളുണ്ടത്രെ!. അവയെ ക്യാമറയിൽ പകർത്തുക അതീവ ദുഷ്‌കരം. പക്ഷികളെ കണ്ടെത്താൻ ശ്രദ്ധയോടെ പർവതനിരകൾ കയറണം. ശബ്ദത്തിന്റെ ഒരു കണിക കേട്ടാൽ പോലും അതിന് മനസ്സിലാകും. മിന്നൽ പോലെ പറന്നുപോയാൽ ആ ദിവസത്തെ പ്രയത്നം പാഴാകും. അതുകൊണ്ടാണ് പ്രതികൂലമായ കാലാവസ്ഥയിൽ പോലും നേരം പുലരുന്നതിന് മുമ്പ് പക്ഷി നിരീക്ഷകർ ആകാംക്ഷയോടെ യാത്രയ്‌ക്കൊരുങ്ങുന്നത്. വിവിധ വർണത്താൽ കോർത്തിണക്കിയ തൂവലുകളാണ് Greay Breasted mountain Toucanന് ഉള്ളത്. മനുഷ്യന്റെ കടന്നാക്രമണവും മരംമുറിയും ഖനനവും മൂലം ഇവ വംശനാശഭീഷണിയിലാണ്.
Content Highlights: Exploration of diverse bird species across Colombia, Peru, and Ecuador., Insight into the unique behaviors and habitats of Toucans, Hummingbirds, and Macaws., Challenges and techniques of wildlife photography in high-altitude rainforests., Conservation concerns regarding habitat loss for endangered avian species.