ശബരിമല അയ്യപ്പനാണ് ഇവിടുത്തെ സൊരി മുത്തു; മാഞ്ചോലയുടെ ഭംഗിയും ഊതുഗ്രാമത്തിലെ കാഴ്ചയും

#നസീം സാലി
സൊരി മുത്തു അയ്യനാര്‍ കോവില്‍
സൊരി മുത്തു അയ്യനാര്‍ കോവില്‍

കേരളാതിര്‍ത്തി പിന്നിട്ട് തമിഴ്‌നാട്ടിലേക്ക് കടക്കുമ്പോള്‍ പ്രകൃതിക്കു മറ്റൊരു രൂപമാണ്. ഭാഷയും സംസ്‌കാരവും മാത്രമല്ല പ്രകൃതി ഭംഗിയിലും ഈ മാറ്റം കാണാനാവും. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന തരിശുഭൂമികളും അതിന്റെ അങ്ങേയറ്റത്ത് മാനം മുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന പര്‍വതങ്ങളും. ചിലയിടങ്ങളില്‍ സോപ്പ് പെട്ടി അടുക്കിവെച്ചതുപോലെ സ്ഥിതിചെയ്യുന്ന വീടുകള്‍. കോവിലുകളില്‍ നിന്നുള്ള പ്രഭാതകീര്‍ത്തനം മുഴങ്ങുന്നുണ്ട്. ക്ഷേത്രദര്‍ശനത്തിനായി എത്തുന്നവരെ കാത്ത് ചെണ്ടുമല്ലിപ്പു വില്‍ക്കുന്ന സ്ത്രീകള്‍. അംബാസമുദ്രത്തിലെത്തുമ്പോള്‍ നേരം പുലര്‍ന്നിരുന്നു. അവിടെനിന്നും പാപനാശം വഴി കളര്‍കാട് മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വില്‍ സ്ഥിതിചെയ്യുന്ന കോവിലായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം.

സൊരി മുത്തു അയ്യനാര്‍ കോവില്‍
പണ്ട്, കേരളത്തിന്റെ ഭാഗമായിരുന്ന ഈ ക്ഷേത്രം ഇപ്പോള്‍ തമിഴ്‌നാടിന്റെ കീഴിലാണ്. വരള്‍ച്ചയില്‍ നിന്നും കുടിവെള്ള ക്ഷാമത്തില്‍ നിന്നും നാടിനെ മോചിപ്പിച്ച ഐതിഹ്യമാണ് ഈ ക്ഷേത്രത്തിനുള്ളത്. സൊരി മുത്തുവിന്റെ അടുത്തെത്തി പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ മഴപെയ്യുമെന്നാണ് വിശ്വാസം. സൊരി മുത്തു എന്ന പേരില്‍ ഗോത്രവര്‍ഗക്കാര്‍ ആരാധിക്കുന്നത് ശബരിമല അയ്യപ്പനെയാണ്. കുട്ടിക്കാലത്ത് അയ്യപ്പന്‍ കാടിനുള്ളില്‍ ആയോധനകല അഭ്യസിച്ചിരുന്നത് ഇവിടെയായിരുന്നുവെന്നാണ് വിശ്വാസം. ക്ഷേത്രത്തിന് അരികിലായി ഒരു വലിയ പുഴ ഒഴുകുന്നുണ്ട്. ക്ഷേത്രത്തില്‍നിന്നും അല്‍പദൂരം പിന്നിട്ടാല്‍ സെല്‍വരളു എന്നറിയപ്പെടുന്ന സെല്‍വരാല്‍ ഡാമിലേക്കെത്താം. സദാസമയവും കോടമഞ്ഞില്‍ മൂടി കിടക്കുന്ന അഗസ്ത്യപര്‍വത താഴ്വരയിലാണ് നീണ്ട ഒമ്പത് വര്‍ഷത്തെ പ്രയത്‌നത്താല്‍ ഈ ഡാം നിര്‍മ്മിച്ചിട്ടുള്ളത്.

ഇടയ്ക്കിടെ ശക്തമായ കാറ്റുവീശുന്നത് കൊണ്ട് ഡാമിന്റെ മുകള്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ അവിടേക്കുള്ള പ്രവേശനം അനുവദിനീയമല്ല. കലക്കാട് മുണ്ടന്‍ തുറൈയ് ടൈഗര്‍ റിസര്‍വിലുള്ള പാന്തര്‍ കോട്ടേജില്‍ ആയിരുന്നു റൂം ബുക് ചെയ്തിരുന്നത്. തമിഴ്‌നാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള ഈ കോട്ടേജില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്ത ശേഷം അതിന്റെ കോപ്പി ചെക്ക് പോസ്റ്റില്‍ കാണിച്ച ശേഷമേ അവിടേക്ക് കടത്തി വിടുകയുള്ളൂ. എന്നാല്‍, കാരയാറിലേക്ക് പോകുന്ന തമിഴ്‌നാടിന്റെ ട്രാന്‍സ്പോര്‍ട് ബസില്‍ കയറിയാല്‍ ഈ പരിശോധനകളൊന്നുമില്ലാതെ അവിടേക്ക് പോകാനും സാധിക്കും. ചെക്‌പോസ്റ്റിലെ പരിശോധനയും കഴിഞ്ഞു കാട്ടിലൂടെ അഞ്ച് കി.മി സഞ്ചരിച്ചാല്‍ പാന്തര്‍ കോട്ടേജിലെത്തിച്ചേരാം.
 

Content Highlights: a trip to munduthurai in tamilnadu

Continue reading