അസ്തമയ സൂര്യന്റെ ചന്തം കണ്ട്, ശിവാനുഗ്രഹം തേടി തിരുവനന്തപുരം മഠവൂര്‍പ്പാറയില്‍

ഫോട്ടോ - നോയല്‍ ഡോണ്‍ തോമസ്
ഫോട്ടോ - നോയല്‍ ഡോണ്‍ തോമസ്

പ്രകൃതിയുടെ പച്ചപ്പകിട്ടും പ്രാചീനതയുടെ പുണ്യവിശുദ്ധിയും ഒരുമിച്ചറിയാന്‍ പറ്റിയ ഒരിടമുണ്ട്: മഠവൂര്‍പ്പാറ. തിരുവനന്തപുരത്തുനിന്ന് ശ്രീകാര്യം-ചെമ്പഴന്തി റൂട്ട് വന്നാല്‍ കാട്ടായിക്കോണമെത്തുന്നതിന് തൊട്ടുമുന്‍പാണ് ഈ സ്ഥലം. പാറമുകളില്‍ വെയില്‍കാഞ്ഞ് കാറ്റേറ്റിരുന്ന് കിനാവുകാണാം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗുഹാക്ഷേത്രത്തില്‍ കയറി പരമശിവനെ തൊഴുതിറങ്ങാം. 

ടൂറിസം വകുപ്പിന്റെ ബോര്‍ഡ് തൂക്കിയ കവാടം കടന്ന് ഉള്ളിലേക്ക് നടന്നു. വെട്ടിനിരത്തിയ ഇലച്ചെടികള്‍ വരിനില്‍ക്കുന്ന വഴിയിലൂടെ മുന്നോട്ട്. കുട്ടികള്‍ക്കുള്ള ഊഞ്ഞാലുകള്‍, സ്ലൈഡുകള്‍, പൂക്കളുതിര്‍ക്കുന്ന ഒരുപാട് ചെടികള്‍. അടുത്തുതന്നെ ഒരുറവയുണ്ട്. പാറയുടെ മുകളിലുള്ള ഈ ഉറവ ഒരിക്കലും വറ്റാറില്ല. പരമശിവനെ കാണാനെത്തിയ ഗംഗയായി ഉറവിനെ കരുതുന്ന ഭക്തര്‍ ഇതിനെ ഗംഗാതീര്‍ഥമെന്നാണ് വിളിക്കുന്നത്. 

അവിടവിടായി ഓലമേഞ്ഞ മുളക്കുടിലുകള്‍. സിംഹത്തലയുള്ള കൈപ്പിടിയോടുകൂടിയ ലോഹ ഇരിപ്പിടങ്ങളുമുണ്ട്. തുറന്ന സ്റ്റേജ് ഒത്തനടുക്കായി കാണാം. സാംസ്‌കാരികപരിപാടികള്‍ ലക്ഷ്യംവെച്ച് പണിതതാണ്. കുറച്ചുമാറി കഫറ്റേരിയയുണ്ട്. എല്ലാം പ്രകൃതിയോടിണങ്ങുന്നതരം നിര്‍മിതികള്‍. അടുത്തകാലത്താണ് മഠവൂര്‍പ്പാറയുടെ ടൂറിസം സാധ്യതകള്‍ തിരിച്ചറിയുന്നതും അവശ്യനടപടികള്‍ ഉണ്ടാകുന്നതും.  

ആകാശക്കുട തൊട്ട്
വിശാലമായ പാറ. അങ്ങകലെ റോഡിലൂടെ ചീറിപ്പായുന്ന വണ്ടികള്‍ കളിപ്പാട്ടങ്ങള്‍ പോലെ തോന്നിക്കും. നല്ല കാറ്റ് ഇടതടവില്ലാതെ മുടിയിഴകളിലൂടെ ഊര്‍ന്നിറങ്ങി ഉള്ളം കുളിര്‍പ്പിക്കും. പാറയുടെ ഒരുവശത്തേക്കിറങ്ങിയാല്‍ ചെന്നിരിക്കാന്‍ ഇനിയും സ്ഥലമുണ്ട്. പക്ഷേ, സൂക്ഷിച്ചില്ലെങ്കില്‍ വീണ് എല്ലുകള്‍ പൊടിഞ്ഞുപോകും. മഴയൊന്ന് ചാറിയാല്‍മതി വഴുക്കുമെന്ന കാര്യം ഉറപ്പ്. പാറയില്‍ വാശിയോടെ വേരുറപ്പിച്ച ചില ചെടികളുണ്ട്. വെയിലേറ്റു നരച്ച പുല്ലുകളും. വെയിലൊന്ന് താഴ്ന്നിട്ട് പാറ കയറാന്‍ പോകുന്നതാകും നല്ലത്. അല്ലെങ്കില്‍ കാല്‍ പൊള്ളിപ്പോകും. ആകാശത്തിനും പാറയ്ക്കും ഇടയിലാരുമില്ല. ആകാശത്ത് മഴക്കാറിന്റെ കാളിമ കലരുന്നുണ്ടോ? 

മുളപ്പാലത്തിലൂടെ
തുറന്ന സ്റ്റേജിന് ഇടതുവശത്തായാണ് മുളകൊണ്ടുള്ള പാലം. ഇരുവശത്തും മുളകൊണ്ട് തീര്‍ത്ത കൈവരികള്‍. ഓലമേഞ്ഞ മേല്‍ക്കൂര. പാറയുടെ ഉള്ളിലേക്കെവിടെയോ നുഴഞ്ഞുകയറിപ്പോവുന്ന കളിത്തീവണ്ടിപോലെ പാലം ചുറ്റിക്കിടന്നു. മിനുസമുള്ള മുളകള്‍ക്കു മുകളിലൂടെയാണ് നടക്കേണ്ടത്. പോകപ്പോകെ പാലത്തിന്റെ ഉയരം കൂടിക്കൂടിവന്നു. ഒരു കൗതുകത്തിന് താഴേക്കുനോക്കി. പാലത്തെ താങ്ങിനിര്‍ത്തുന്ന മുളങ്കാലുകള്‍ നീണ്ട വരപോലെ എഴുന്നുനില്‍ക്കുന്നു. വളഞ്ഞും പുളഞ്ഞും പാലം നീണ്ടുകിടക്കുകയാണ്. 

നടന്നുനടന്ന് തുറസ്സായ വെളിച്ചത്തില്‍ പാറയുടെ മൂര്‍ധാവിലാണ് യാത്ര എത്തിനില്‍ക്കുന്നത്. പൊക്കിക്കെട്ടിയ ഓലപ്പുരയിലിരുന്ന് ആസ്വദിച്ച് കാഴ്ചകാണുന്നവരുടെ കൂട്ടം പുതുതായി വന്നവര്‍ക്കായി ഒഴിഞ്ഞുതന്നു. കാറ്റിന് കുളിര് കൂടിവരുന്നു. അല്പനേരത്തിനുള്ളില്‍ അസ്തമയസൂര്യന്റെ ചെഞ്ചായം വീണു നനയാം. 

പാലത്തിലൂടെ തിരിച്ചുനടന്ന് പാറത്തലപ്പില്‍നിന്ന് സ്റ്റേജിനരികുചേര്‍ന്നുള്ള ഇറക്കമിറങ്ങിയാല്‍ ഗുഹാക്ഷേത്രത്തിന്റെ മറുപുറമെത്താം. പക്ഷേ, ക്ഷേത്രത്തില്‍ കയറണമെങ്കില്‍ നേരായ വഴിതന്നെ പോകണം. തിരികെ നടന്ന് ക്ഷേത്രത്തിലേക്കുള്ള റോഡ് പിടിച്ചു. 

പുണ്യഗുഹാമുഖത്തേക്ക്   
ഒറ്റനോട്ടത്തില്‍ ഭൂമിയില്‍നിന്ന് ആകാശത്തേക്കുള്ള പടികളാണെന്ന് തോന്നും, ഗുഹാക്ഷേത്രത്തിലേക്കുള്ള കുത്തനെയുള്ള പടിക്കെട്ട് കണ്ടാല്‍. പതിയെ കയറാന്‍ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോഴാണ് പടികളില്‍ മഞ്ചാടിക്കുരുവീണ് ചിതറിക്കിടക്കുന്നതു കണ്ടത്. പിന്നെയുള്ള കയറ്റം അത് പെറുക്കിയെടുത്തുകൊണ്ടായി. സംസ്ഥാന പുരാവസ്തുവകുപ്പിന്റെ സംരക്ഷണത്തിലാണ് ക്ഷേത്രവും പരിസരവും. 


മുകളില്‍ ക്ഷേത്രം കാണാം. കണ്ടുശീലിച്ച ആഡംബരങ്ങളൊന്നുമില്ല. മറ്റേതൊരു ശിവക്ഷേത്രവും പോലെ ശിവരാത്രിനാളാണ് ഇവിടത്തെയും ഏറ്റവും വിശേഷപ്പെട്ട നാള്‍. അന്ന് ഭക്തരുടെ തിരക്കായിരിക്കും. പടികളിലെല്ലാം നിറമുള്ള വിളക്കുകള്‍ തൂങ്ങും. മഞ്ചാടിമരത്തില്‍ തോരണങ്ങളുയരും.

തലയ്ക്കുമുകളിലേക്ക് തള്ളിനില്‍ക്കുന്ന കൂറ്റന്‍ കരിമ്പാറ. ആ പാറയില്‍ വെട്ടിത്തീര്‍ത്ത പടികള്‍. പിടിക്കാന്‍ ഒരുവശത്തായി കമ്പി കെട്ടിനിര്‍ത്തിയിട്ടുണ്ട്. മുകളിലോട്ട് ലംബമായിക്കിടക്കുന്ന കയറ്റം. ഇടുങ്ങിയ 33 പടികള്‍. വലിയ വീതിയോ നീളമോ ഇല്ല. പടികള്‍ക്കിടയില്‍ വലിയ അകലവുമുണ്ട്.  

പാറയുടെ ഉള്ളുതുരന്നെടുത്ത് പണിതീര്‍ത്ത ഗുഹയിലാണ് ഭഗവാന്‍ കുടികൊള്ളുന്നത്. വശങ്ങളിലായി ഗണപതിയും സുബ്രഹ്മണ്യനും. ശിവലിംഗവും മറ്റു രണ്ട് വിഗ്രഹങ്ങളും ശ്രീകോവിലിലെ പീഠവുമെല്ലാം കരിങ്കല്ലിലാണ് തീര്‍ത്തിരിക്കുന്നത്. കല്‍ത്തൂണുകളില്‍ കൊത്തിവെച്ച അക്ഷരങ്ങള്‍. പഴയ വട്ടെഴുത്ത് ലിപിയാണത്രേ. വിശ്വാസികള്‍ക്ക് നില്‍ക്കാനായി കരിങ്കല്ലുതുരന്ന് ഒരു തറകെട്ടിയിട്ടുണ്ട്. ഒരുസമയത്ത് കഷ്ടിച്ച് പത്തുപേര്‍ക്കുമാത്രമേ ഗുഹാമുഖത്ത് നില്‍ക്കാനാകൂ.
 

Content Highlights: a trip to madavoorppara at thiruvananthapuram