
പൂരങ്ങളുടെ നാടാണ് തൃശ്ശൂര്‍. പൂരങ്ങളെക്കുറിച്ച് പറഞ്ഞാല്‍ ആദ്യം മനസ്സിലെത്തുക തൃശ്ശൂര്‍ പൂരവും. എന്നാല്‍ പൂരത്തിന്റെ അമ്മ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു പൂരമുണ്ട്, തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴ ഗ്രാമത്തില്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കമുള്ളതും ചടങ്ങുകള്‍ ഉള്ളതുമായ പൂരം... ആറാട്ടുപുഴ പൂരം! അറുപതില്‍ കൂടുതല്‍ ആനകള്‍ അണിനിരക്കുന്ന, പാണ്ടിയും പഞ്ചാരിയും പഞ്ചവാദ്യവും മാസ്മരികത സൃഷ്ടിക്കുന്ന പൂരം. സ്വദേശികളും വിദേശികളുമായി ആയിരക്കണക്കിനാളുകള്‍ പൂരം ആസ്വദിക്കുന്നതിനായി ഇവിടെയെത്തുന്നു.
കരുവന്നൂര്‍ നദിക്കരയില്‍ പച്ചചൂടി നില്‍ക്കുന്ന ആറാട്ടുപുഴ ഗ്രാമത്തിലാണ് ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയെന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിന്റെ പഴമ നിര്‍ണയിക്കാനുള്ള രേഖകള്‍ കണ്ടെടുത്തിട്ടില്ലെങ്കിലും കണക്കുകള്‍ പ്രകാരം 5100 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ശാസ്താപ്രതിഷ്ഠ നടത്തിയതെന്ന് പറയപ്പെടുന്നു. ബ്രഹ്മര്‍ഷിയായ വസിഷ്ഠമഹര്‍ഷിയാണ് ഇവിടത്തെ ശാസ്താസങ്കല്‍പത്തിലുള്ള പ്രതിഷ്ഠ. ഉപദേവതാപ്രതിഷ്ഠകള്‍ ഇല്ലാത്ത അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്.
തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ തേവര്‍റോഡ് ജങ്ഷനിലെത്തുമ്പോള്‍ ക്ഷേത്രത്തിലേക്ക് സ്വാഗതമരുളുന്ന അലങ്കാര ഗോപുരം കാണാം. അവിടെനിന്ന് ഏകദേശം രണ്ടു കി.മി. ദൂരമുള്ള ക്ഷേത്രവഴി ആറാട്ടുപുഴ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. പാത അവസാനിക്കാനാവുമ്പോള്‍ ഇരുവശത്തും വിശാലമായ വയലുകള്‍. ഇവിടെയാണ് ദേവമേളയ്ക്ക് ആതിഥ്യമരുളി 'വൈകുണ്ഠസമാനമായ' കൂടിയെഴുന്നള്ളിപ്പ് നടക്കുന്നത്.
ക്ഷേത്രാങ്കണത്തിലേക്ക്
ക്ഷേത്രഗോപുരത്തിന് മുന്നില്‍ ഭീമാകാരമായ അരയാലുണ്ട്. ക്ഷേത്രാങ്കണത്തിന്റെ മധ്യത്തിലായി വില്ലൂന്നിത്തറ കാണാം. വടക്കുംനാഥന്റെ അരുളപ്പാടനുസരിച്ച് പൂരം കാണാനെത്തിയ വില്വമംഗലം സ്വാമിയാര്‍ ഇന്നത്തെ വില്ലൂന്നിത്തറ നില്‍ക്കുന്നിടത്ത് ഇരുപ്പുറപ്പിച്ചു. ദിവ്യദൃഷ്ടിയുള്ള സ്വാമിയാര്‍ക്ക് കൂടിയെഴുന്നള്ളിപ്പില്‍ സാക്ഷാല്‍ മഹാവിഷ്ണുവിനെയും അദ്ദേഹത്തെ വണങ്ങുന്ന മുപ്പത്തിമുക്കോടി ദേവഗണങ്ങളെയുംകാണാന്‍ കഴിഞ്ഞുവത്രെ. സന്തോഷം കൊണ്ട് മതിമറന്ന അദ്ദേഹം, കൂടിയെഴുന്നള്ളിപ്പ് സമയത്ത് ഭൂമീദേവീ സമേതനായ തേവരെ വലംവച്ച് തൊഴുന്നത് വൈകുണ്ഠദര്‍ശനത്തിന് തുല്യമാണെന്നും അത് മോക്ഷദായകമാണെന്നും പറഞ്ഞു. ആയതിനാല്‍ ആറാട്ടുപുഴപൂരം ദേവമേള എന്നും അറിയപ്പെടുന്നു.
ഗോപുരം കടന്നാല്‍ വിശാലമായ നടപ്പുരയാണ്. കരിങ്കല്‍ പാകിയ പ്രദക്ഷിണവഴികള്‍. ഓടില്‍ പൊതിഞ്ഞ ബലിക്കല്ലിനരികിലൂടെ ചുറ്റമ്പലത്തിനകത്ത് പ്രവേശിച്ചാല്‍ ഗജപൃഷ്ഠാകൃതിയിലുള്ള ശ്രീകോവില്‍ കാണാം. ചെമ്പോല പൊതിഞ്ഞ്, കൊത്തുപണികള്‍ കൊണ്ട് സമ്പന്നമാണ് ശ്രീകോവിലും നമസ്‌കാര മണ്ഡപവും. ദര്‍ശന വേളയില്‍ തന്നെ മുപ്പത്തിമുക്കോടി ദേവന്മാരുടെയും അനുഗ്രഹം ഭക്തരില്‍ ചൊരിയുന്ന ശാസ്താവ് ഇവിടെയാണ് വാണരുളുന്നത്.
മാടമ്പ് മന, ചിറ്റിശ്ശേരി കപ്ലിങ്ങാട്ട് മന, ചോരിഞ്ചേടത്ത് മന, കരോളില്‍ എളമണ്ണ് മന, ഓട്ടൂര്‍ മേയ്ക്കാട്ട് എന്നീ മനകളാണ് ആറാട്ടുപുഴ ക്ഷേത്രത്തിന്റെ ഊരാളന്മാര്‍. ആയുരാരോഗ്യത്തി നും സമ്പദ് സമൃദ്ധിക്കും കാര്യസിദ്ധിക്കുമായി നേരുന്ന അടവഴിപാടാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഒരു കൂട്ട് അടവഴിപാടില്‍ ഇരുന്നൂറ് അടയാണ് ശാസ്താവിന് നിവേദിക്കുക.
പൂരം പൊടി പൂരം
ശ്രീരാമന്റെ ഗുരുവാണ് വസിഷ്ഠന്‍. തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രത്തില്‍ നിന്നും ദേവന്‍ പള്ളിയോടത്തില്‍ പുഴകടന്ന് ഗുരുവിനെ കാണാന്‍ പൂരദിവസം ആറാട്ടുപുഴയില്‍ എത്തുന്നതാണ് ഈ പൂരത്തിന്റെ മുഖ്യ ആകര്‍ഷണം. മീനമാസത്തിലെ പൂരം നാളിലാണ് ആറാട്ടുപുഴ പൂരം. രാത്രിപൂരമാണിത്. പണ്ട് നൂറ്റിയെട്ട് ദേവീദേവന്മാര്‍ പൂരത്തില്‍ പങ്കെടുത്തിരുന്നുവത്രേ. ഇന്ന് ഇരുപത്തിനാല് ക്ഷേത്രങ്ങള്‍ പ്രത്യക്ഷമായും വിവിധ ക്ഷേത്രങ്ങള്‍ പരോക്ഷമായും പങ്കെടുക്കുന്നു. ഈ ക്ഷേത്രങ്ങളിലെല്ലാം പൂരത്തോടനുബന്ധിച്ച് വിവിധ ചടങ്ങുകള്‍ നടത്തുന്നുണ്ട്. കുംഭമാസത്തിലെ പൂരദിവസം ചേര്‍പ്പ് ഭഗവതി ക്ഷേത്രത്തില്‍ കൊടിമരം നാട്ടുന്നതോടുകൂടി തുടങ്ങി മീനമാസത്തിലെ അത്തംകൊടികുത്തോടെയാണ് പൂര ചടങ്ങുകള്‍ സമാപിക്കുന്നത്. തൃപ്രയാര്‍ തേവരുടെ മകീര്യം പുറപ്പാടും പിടിക്കപ്പറമ്പ് ആനയോട്ടവുമെല്ലാം ആറാട്ടുപുഴപൂരത്തിനോടനുബന്ധിച്ചുള്ള പ്രസിദ്ധമായ ചടങ്ങുകളാണ്.
ആദ്യനാളുകളില്‍ തൃശൂരില്‍ നിന്നും വടക്കുംനാഥനും ദേവീദേവന്മാരുമെല്ലാം പൂരത്തില്‍ ഭാഗഭാക്കാവാന്‍ എത്തിയിരുന്നു. ഒരിക്കല്‍ അവര്‍ പൂരത്തിന് വരുന്ന വഴിയില്‍ ശക്തമായ മഴയും കൊടുങ്കാറ്റും ഉണ്ടായി. രക്ഷനേടാന്‍ അവര്‍ വഴിയിലുള്ള ഒരു വീട്ടില്‍ അഭയം തേടി. ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലം. പൂരത്തിന് എത്താന്‍ വൈകിയതിനാലും തീണ്ടല്‍ സംഭവിച്ചു എന്നതുകൊണ്ടും ആറാട്ടുപുഴ പൂരത്തില്‍ നിന്ന് ഇവര്‍ക്ക് ഭ്രഷ്ട് കല്പിച്ചത്രെ. വിലക്കപ്പെട്ടവര്‍ ശക്തന്‍ തമ്പുരാന്റെ മുന്നില്‍ ചെന്ന് സങ്കടം പറഞ്ഞു. തൊട്ടടുത്ത മേടമാസത്തിലെ പൂരം നാളില്‍ തൃശൂര്‍ഭാഗത്തെ ദേവീദേവന്മാരെ അണിനിരത്തി തമ്പുരാന്‍ തൃശൂര്‍പൂരത്തിന് ജന്മം നല്‍കി. തൃശൂര്‍പൂരത്തിലെ ഘടക പൂരങ്ങളിലെ ചടങ്ങുകള്‍ എല്ലാം ആറാട്ടുപുഴ പൂരത്തിനോട് സാദൃശ്യമുള്ളതാണ്. പത്ത് ദിവസമാണ് ആറാട്ടുപുഴ പൂരത്തിന്റെ പ്രധാന ആഘോഷങ്ങള്‍. കൊടിയേറി കഴിഞ്ഞാല്‍ പൂരത്തില്‍ പങ്കെടുക്കുന്ന ക്ഷേത്രങ്ങളില്‍ പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ആരംഭിക്കും. അവസാനത്തെ രണ്ട് ദിവസത്തെ പൂരമാണ് ആറാട്ടുപുഴ ശാസ്താവിന്റെ ക്ഷേത്രത്തില്‍ നടക്കുന്നത്.
ഇതിന്റെ ഭാഗമായി അതിനു തൊട്ടുമുമ്പത്തെ ദിവസം പെരുവനം മഹാദേവ ക്ഷേത്രത്തില്‍ നടക്കുന്ന പെരുവനംപൂരം അതിപ്രശസ്തമാണ്. പൂരത്തലേന്ന് മകം നാളില്‍ ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന തറയ്ക്കല്‍ പൂരം നാട്ടുകാരുടെ പൂരമാണ്. പൂരദിവസം അതിഥികളെ സ്വീകരിക്കാന്‍ വീട്ടില്‍ വേണ്ടതിനാല്‍ പൂരം കാണാന്‍ കഴിയാത്ത നാട്ടിലെ എല്ലാവര്‍ക്കും വേണ്ടിയുള്ള പൂരം. നൂറ്റിയന്‍പത് കലാകാരന്മാര്‍ അണിനിരക്കുന്ന പാണ്ടിമേളത്തില്‍ ഒന്‍പത് ആനകളുമായി ശാസ്താവ് എഴുന്നള്ളുന്ന കാഴ്ച കാണേണ്ടതു തന്നെ. ഊരകത്തമ്മയുടെയും തൊട്ടിപ്പാള്‍ ഭഗവതിയുടെയും സാന്നിധ്യം അന്ന് അവിടെയുണ്ടാവും. ആറാട്ടുപുഴ പൂരം ഭംഗിയായി നടത്താനുള്ള കൂടിയാലോചനാ ചടങ്ങാണ് ഇത് എന്നും പറയപ്പെടുന്നു. സ്വര്‍ണ നാണയങ്ങള്‍ തൂക്കിയിട്ട ഓലക്കുടയുമായി പരിവാര സമേതമുള്ള ഊരകത്തമ്മയുടെ വരവ് കണ്ടാല്‍ എല്ലാം മറന്ന് നോക്കി നിന്നുപോവും.
പാണ്ടിയും പഞ്ചാരിയും
അവസാന ദിവസത്തെ പൂരത്തിന് പതിനഞ്ച് ആനകളുമായാണ് ശാസ്താവ് എഴുന്നള്ളുക. രാത്രി, കത്തുന്ന തീപ്പന്തങ്ങളുടെ ശോഭയില്‍ ആനയുടെ നെറ്റിപ്പട്ടങ്ങളുടെ തിളക്കം... പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ 200 കലാകാരന്മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളത്തിന്റെ മാസ്മരികത...
ആറാട്ടുപുഴ കഴിഞ്ഞാല്‍ തൃപ്പൂണിത്തറ പൂര്‍ണത്രയീശക്ഷേത്രത്തില്‍ മാത്രമേ പഞ്ചാരി ഇതുപോലെയുള്ളൂ എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.
ആവേശങ്ങള്‍ക്ക് അറുതി വരുത്തി പൂരം തീരുമ്പോഴേക്കും വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് ചെറുപൂരങ്ങളുടെ വരവായി. ചേര്‍പ്പ് ഭഗവതി, ഊരകത്തമ,
ചാത്തക്കുടം ശാസ്താവ്, തൊട്ടിപ്പാള്‍ ഭഗവതി തുടങ്ങി നിരവധി ദേവീദേവന്മാരുടെ പൂരങ്ങള്‍ വിശാലമായ വയലില്‍ നടക്കുകയായി.
വെളുപ്പിന് മൂന്നു മണിയോടടുത്ത് തൃപ്രയാര്‍ തേവര്‍ എത്തുന്നു. തനിക്കായി നിര്‍മിച്ച വര്‍ണപന്തലില്‍ പഞ്ചവാദ്യസഹിതം ഇരുപത്തൊന്ന് ആനകളുമായി തേവരുടെ പ്രൗഢഗംഭീരമായ എഴുന്നള്ളിപ്പ് കണ്ടാല്‍ എല്ലാം മറന്ന് നോക്കി നിന്നു പോവും. ഒരു വശത്ത് ചേര്‍പ്പ് ഭഗവതിയും ചാത്തക്കുടംശാസ്താവും മറുവശത്ത് ഊരകത്തമ്മയും പരിവാരസമേതം നിരന്ന് നില്‍ക്കുന്നു. നേരം വെളുക്കുവോളം കൂടിയെഴുന്നള്ളിപ്പാണ്. പാണ്ടിയും പഞ്ചാരിയും എല്ലാ ആവേശത്തോട് കൂടി അതിന്റെ ഉച്ചസ്ഥായിയില്‍ എത്തും. അറുപതിലേറെ ആനകള്‍ നിരന്ന് നില്‍ക്കുന്ന ആ ഭംഗി... ആദ്യകാലങ്ങളില്‍ നൂറിന് മുകളില്‍ ആനകള്‍ ഉണ്ടാവുമായിരുന്നെത്ര. കൂടിയെഴുന്നളളിപ്പിനെ വലംവച്ച് തൊഴുതാല്‍ വൈകുണ്ഠ പ്രദക്ഷിണമാകും എന്നാണ് വിശ്വാസം.
കരുവന്നൂര്‍ പുഴയിലെ മനോഹരമായ മന്ദാരം കടവിലാണ് ആറാട്ട് നടക്കുക. ആറാട്ടുപുഴ എന്ന സ്ഥലനാമത്തിന് കാരണമായതും ഈ ആറാട്ട് തന്നെയാണെന്ന് പറയപ്പെടുന്നു. മന്ദാരംകടവ് ശിവരാത്രി ബലിതര്‍പ്പണത്തിന് പ്രസിദ്ധമാണ്. ദേവവിഗ്രഹത്തോടൊപ്പം മുങ്ങി ഭക്തജനങ്ങള്‍ അനുഗ്രഹം തേടുന്നു. പിന്നേയും ധാരാളം ചടങ്ങുകള്‍... അവസാനം പൂരത്തിന് വന്ന ദേവീദേവന്‍മാര്‍ യാത്ര പറയുന്ന ഉപചാരം ചൊല്ലലാണ്. ദേവീദേവന്മാരുടെ തിടമ്പുകള്‍ വഹിക്കുന്ന ആനകള്‍ തുമ്പിക്കൈ ഉയര്‍ത്തി പരസ്പരം അഭിവാദ്യം ചെയ്ത് പിരിയുന്നു. അടുത്ത പൂരത്തിന് വീണ്ടും കാണാം എന്ന് ഗുരുവിനോട് വിട പറഞ്ഞ്
പിരിയുന്ന തേവരെ കാണാന്‍ പൊള്ളുന്ന വെയിലിലും ജനങ്ങള്‍ കാത്തുനില്‍ക്കുന്നു. ഏഴുകണ്ടം വരെ ശാസ്താവ് ശിഷ്യനെ അനുഗമിക്കും. അവിടെ വെച്ച് അടുത്ത പൂരത്തിന്റെ തീയതി വിളംബരം ചെയ്യുന്നതോടെ പൂരത്തിന്റെ സമാപ്തിയായി. പൂരാവേശം കൊടിയിറങ്ങുന്നതോടെ, ദേശദേവതമാര്‍ തിരികെ മടങ്ങുന്നു. നാട് മുഴുവന്‍ പോയ ദിനങ്ങളുടെ ഓര്‍മയില്‍ നിശബ്ദമാകും. ആരവങ്ങള്‍ ഒഴിഞ്ഞ പൂരപ്പറമ്പ് അടുത്ത കൊടിയേറ്റത്തിനായി കാത്തിരിക്കും.
Content Highlights: arattupuzha sree sastha temple pooram
Published: 27 Aug 2023, 10:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented