പലകാര്യങ്ങളും അറിഞ്ഞാലും മൂടിവെയ്ക്കും, അല്ലെങ്കില്‍ വിവാഹശേഷം ശരിയാവുമെന്നു വിശ്വസിക്കും

നമ്മുടെ ദാമ്പത്യങ്ങള്‍ സത്യത്തില്‍ നല്ല തമാശയാണ്. ആരോഗ്യകരമായ വ്യക്തിബന്ധങ്ങള്‍ക്ക് വിപരീതമായാണ് പലപ്പോഴും അവയുടെ നില. എങ്കിലും അക്കാര്യം പരമാവധി മൂടിവെയ്ക്കാന്‍ എല്ലാവരും അങ്ങേയറ്റം ശ്രദ്ധിക്കും. പാകപ്പിഴയുണ്ടെന്നു തോന്നുന്നതുതന്നെ രാജ്യദ്രോഹക്കുറ്റമാണ്, എന്നിട്ടാണല്ലോ പാകപ്പിഴ പരിഹരിക്കുന്നത്!
നമ്മുടെ നാട്ടില്‍ വിവാഹാലോചനകള്‍ ആദ്യഘട്ടത്തില്‍ രഹസ്യസ്വഭാവമുള്ളതായിരിക്കും. എല്ലാം നിശ്ചയിച്ചതിനുശേഷം മറ്റുള്ളവര്‍ അറിഞ്ഞാല്‍ മതിയെന്നാണ്. മുട്ടുന്യായങ്ങളുന്നയിച്ച് വിവാഹം മുടക്കുന്നവരെ ഭയക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നാണ് ന്യായം. അതുകൊണ്ടുതന്നെ പലകാര്യങ്ങളും അറിഞ്ഞാലും മൂടിവെയ്ക്കും, അല്ലെങ്കില്‍ വിവാഹശേഷം ശരിയാവുമെന്നു വിശ്വസിക്കും. വിവാഹത്തിനുമുന്‍പ് വധൂവരന്മാര്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചെന്നുവരാം. ഞങ്ങള്‍ തമ്മിലും സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നുമുണ്ടായിട്ടില്ലെന്നാണ് അനുഭവം.
ഞങ്ങളുടെ തലമുറയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പൊതു ഇടങ്ങളില്‍ ഇടകലര്‍ന്നു ജീവിക്കാന്‍ അനുവദിക്കപ്പെട്ടിരുന്നില്ല. പ്രണയബദ്ധരാണെങ്കില്‍പ്പോലും അത് തുറന്നുപറയാനോ പരസ്പരം സ്പര്‍ശിക്കാനോ പോലും അധീരരായിപ്പോകുന്ന തരത്തിലായിരുന്നു അക്കാലത്തെ ആണ്‍-പെണ്‍ ബന്ധങ്ങള്‍. ലൈംഗികതയെക്കുറിച്ചുള്ള സങ്കല്പവും അത്തരത്തില്‍ത്തന്നെ. കര്‍ശനമായ ലൈംഗികസദാചാരം മനുഷ്യരുടെ ശീലത്തിന്റെ അളവുകോലായിരുന്നു.
ശാരീരികാഭിലാഷങ്ങളുടെ പൂര്‍ത്തീകരണത്തിന് വിവാഹംവരെ കാത്തിരിക്കേണ്ട അവസ്ഥയിലുള്ള മനുഷ്യര്‍ക്ക് അത് കിട്ടാക്കനിയായിത്തോന്നുന്നത് സ്വാഭാവികമാണ്. ഏതുവിധേനയും നടന്നുകിട്ടേണ്ടതും ഏതുപ്രകാരത്തിലും സംരക്ഷിച്ചുവെയ്‌ക്കേണ്ടതുമായ ഒന്നാണ് അവര്‍ക്ക് വിവാഹം. അതുണ്ടാക്കുന്ന വ്യക്തിപരവും സാമൂഹികവുമായ പരിക്കുകള്‍ മൂടിവെയ്ക്കാനും സഹിക്കാനും അവര്‍ നിര്‍ബന്ധിതരാവുന്നത് അതുകൊണ്ടാണ്.
ഞങ്ങളുടെയിടയിലെ പ്രശ്‌നങ്ങളെക്കുറിച്ച് എന്റെ വീട്ടുകാര്‍ക്ക് ഏകദേശധാരണ കിട്ടിക്കഴിഞ്ഞുവെന്ന് നേരത്തേ പറഞ്ഞല്ലോ. എങ്കിലും അതിന്റെ ആഴം അവര്‍ക്കു മനസ്സിലായത് കുറേക്കഴിഞ്ഞാണ്. വഴക്കുകള്‍ക്കുശേഷമുള്ള മുറിവുകള്‍ ഉണങ്ങാന്‍ താമസം നേരിട്ടുതുടങ്ങി. ലോകത്തെ മുഴുവനും സംശയത്തോടെയും നിരാശയോടെയും കണ്ടിരുന്ന കാലമായിരുന്നല്ലോ.
മനുഷ്യജീവിയെന്നനിലയിലുള്ള സമസ്തവ്യാപാരങ്ങളെയും മുരടിപ്പിച്ചുകളയുന്ന ഈ ബന്ധത്തില്‍നിന്നു പുറത്തുകടക്കുന്നതാണ് എല്ലാറ്റിനുമുള്ള പോംവഴിയെന്ന് ഞാന്‍ കരുതി. മനസ്സമാധാനം കൈവരുന്നതോടെ ജീവിതം മെച്ചപ്പെട്ടേക്കും. മറ്റുള്ളവരെ സ്‌നേഹിക്കാനുള്ള കഴിവ് തിരിച്ചുകിട്ടിയേക്കും. മോളെയും വയറ്റിലുള്ള കുഞ്ഞിനെയും വളര്‍ത്താനുള്ള വരുമാനമുള്ള സ്ഥിതിക്ക് ലോകരെ ബോധ്യപ്പെടുത്താനായി ഈ വിവാഹബന്ധം മുന്നോട്ടു കൊണ്ടുപോകേണ്ടതില്ലെന്നും തോന്നി. പക്ഷേ, ഒരായത്തിന് ഒക്കെയും തീരുമാനിക്കാന്‍ എളുപ്പമാണ്. യാഥാര്‍ഥ്യം അല്പംകൂടി കടുപ്പമാണുതാനും.
ഓരോതവണ ഫോണില്‍ വഴക്കുണ്ടാക്കുമ്പോഴും അത് ഉപസംഹരിക്കപ്പെട്ടിരുന്നത് ഇനി ബന്ധം തുടരുന്നില്ല എന്നതിലാണ്. ആദ്യതവണ അതുകേട്ടപ്പോള്‍ ശരീരമാസകലം ഒരു തരിപ്പായിരുന്നു. കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടാനാവാതെ റിസീവറും പിടിച്ചുനിന്നത് ഓര്‍മയുണ്ട്. പിന്നീട് ആ വാക്യത്തിനുവേണ്ടി കാത്തിരുന്നുതുടങ്ങി. എന്നെങ്കിലും അത്തരമൊരു മുക്തിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുകയെങ്കിലും ചെയ്യുന്നത് ആശ്വാസകരമായ അനുഭവമാണ്. ശിഥിലദാമ്പത്യങ്ങള്‍ക്ക് അങ്ങനെയുമൊരു പ്രത്യേകതയുണ്ട്. ഏതുബന്ധത്തിനും ഇത്തരമൊരു പരിണതിയുണ്ടായാല്‍ അദ്ഭുതപ്പെടാനില്ല എന്നും പറയാം.
എന്തുപ്രശ്‌നമുണ്ടായാലും കുറച്ചുദിവസത്തെ പിണക്കത്തിനുശേഷം ഭര്‍ത്താവുതന്നെ മുന്‍കൈയെടുത്ത് മാപ്പുചോദിച്ച് പ്രശ്‌നം തീര്‍ക്കുകയാണു പതിവ്. അപ്പോഴുപയോഗിച്ച തെറിവാക്കുകളും ശകാരങ്ങളുമൊന്നും പിന്നീട് കണക്കാക്കപ്പെടാറില്ല. പറയുന്നവര്‍ മറന്നാലും കേള്‍ക്കുന്നവരുടെ മനസ്സില്‍ എന്നേയ്ക്കുമായി തറച്ചിരിക്കുന്ന കുപ്പിച്ചില്ലുകളായിരിക്കും അവ. അതേ അനുഭവം വീണ്ടും വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ മുറിവേല്‍ക്കാത്ത ഒരിടവും ഉണ്ടാവണമെന്നില്ല. ആ മുറിവുകളോ അവയുടെ ആഴമോ അന്യരെ ബോധ്യപ്പെടുത്താനാവില്ല. അതുകൊണ്ടുതന്നെ വഴക്കുണ്ടാക്കിയെന്നോ തെറിവിളിച്ചെന്നോ ഉള്ള പരാതികള്‍ കുടുംബക്കാര്‍പോലും സ്വീകരിച്ചെന്നുവരില്ല.
അത്തരം പല അനുഭവങ്ങള്‍ക്കുശേഷം എത്രതവണ ക്ഷമാപണം നടത്തിയാലും അങ്ങനെയൊരാളെ മനസ്സുതുറന്നു സ്‌നേഹിക്കാന്‍ എത്രപേര്‍ക്ക് സാധിക്കുമെന്ന് എനിക്കറിയില്ല. എന്തായാലും എന്നെക്കൊണ്ട് അത് സാധിച്ചിരുന്നില്ല. എങ്കിലും ആദ്യമൊക്കെ അത്തരം ക്ഷമാപണങ്ങളും എനിക്ക് മതിയായിരുന്നു. പരസ്യമായി ചെകിട്ടത്തടിച്ചിട്ട് രഹസ്യമായി സ്‌നേഹിക്കാനെത്തുന്ന പുരുഷന്റെ ദൃശ്യത്തില്‍ യാതൊരസ്വാഭാവികതയും തോന്നാതിരുന്ന തലമുറയില്‍പ്പെട്ടവളായിരുന്നല്ലോ ഞാനും.
ക്ഷമാപണങ്ങള്‍ക്ക് ഞാന്‍ വഴങ്ങുന്നില്ലെന്നുകണ്ടാല്‍ എന്റെ അമ്മയെയാണ് അതിന് ഇടനില നിര്‍ത്തിയിരുന്നത്. അമ്മയുടെ ശുപാര്‍ശ അക്കാലത്തൊരു സ്ഥിരം ഏര്‍പ്പാടുമായിരുന്നു. പരമാവധി ഒരാഴ്ച, അതുകഴിഞ്ഞാല്‍ വീണ്ടും പഴയതൊക്കെ ആവര്‍ത്തിക്കും. അത്തരം ആവര്‍ത്തനങ്ങള്‍ക്ക് ഇടകൊടുക്കണോ സ്വയം വിട്ടുനല്‍കണോ എന്നത് ആലോചിക്കേണ്ട വിഷയമാണ്. സ്വയം അതൊരു ഇടിച്ചിലുണ്ടാക്കുമെന്നത് ഉറപ്പാണ്. ഒപ്പം മറ്റുള്ളവരുടെ മുന്നിലും അത് വിലയിടിക്കും. ഈ കക്ഷിയെ അതിനു കിട്ടുമെന്നും എന്തുചെയ്താലും പറഞ്ഞാലും ആദ്യത്തെ പിണങ്ങിയിരിക്കലിനുശേഷം കാര്യങ്ങള്‍ പഴയതുപോലാകുമെന്നുമുള്ള ഉറപ്പാണ് ഇതൊക്കെയും ആവര്‍ത്തിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്.
ഓരോ വഴക്കും ഒത്തുതീര്‍പ്പും കഴിഞ്ഞതിനുശേഷം സ്ത്രീകള്‍ക്കാണ് സാധാരണയായി ഇരുഭാഗത്തുനിന്നും നിര്‍ലോപം ക്ലാസുകള്‍ കിട്ടാറുള്ളത്. ഞാന്‍ സംസാരിക്കുന്ന രീതി ശരിയല്ലാത്തതാണ് പ്രശ്‌നമെന്ന് സ്വന്തം വീട്ടില്‍നിന്ന് ആരോപണം വന്ന ദിവസം എന്റെ നിയന്ത്രണം വിട്ടുപോയി. അവന്‍ അങ്ങനെയൊന്നും പറയില്ല എന്നാണ്. അവരുടെ പക്ഷത്ത് അങ്ങനെ തീരുമാനിക്കാന്‍ ന്യായമുണ്ട്. മരുമകനെപ്പറ്റി, ഏറ്റവും മാന്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്നയാള്‍ എന്ന ഇമേജ് നിലനില്‍ക്കുന്നിടത്തോളം അതിനേ സാധ്യതയുള്ളൂ. എങ്കിലും എന്തു കാരണം കൊണ്ടാണ് അക്കാലത്ത് സ്വന്തം വീട്ടില്‍ അന്യയായിപ്പോയതെന്നോര്‍ത്ത് ഞാന്‍ ഏറെ ഉരുകിയിട്ടുണ്ട്.
അനുജത്തിയുടെ വിവാഹത്തെ പുരോഗമന ചിന്താഗതിക്കാരനായ മരുമകന്‍ എതിര്‍ക്കാന്‍ സാധ്യതയില്ലെന്നാണ് അവര്‍ വിശ്വസിച്ചത്. അത് എന്തെങ്കിലും പ്രത്യേക ഉദ്ദേശ്യലക്ഷ്യങ്ങള്‍വെച്ച് ഞാനുണ്ടാക്കിയ വ്യാജമായ ആരോപണമാണെന്നും വന്നു. എനിക്ക് തെളിവുകളൊന്നും ഹാജരാക്കാനുണ്ടായില്ല. പക്ഷേ, അതോടെ സവിശേഷമായൊരു മനോനിലയില്‍ ഞാന്‍ ചെന്നെത്തി. ഗര്‍ഭാവസ്ഥയില്‍പ്പോലും സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യാത്ത ആരോടും എന്തിന്റെ പേരിലായാലും തിരിച്ചും അതൊന്നും വേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു. സ്ത്രീയെ സംബന്ധിച്ചിടത്തോളം പിതൃകുടുംബമായാലും ഭര്‍തൃകുടുംബമായാലും അങ്ങേയറ്റം ഡിമാന്‍ഡിങ്ങായിരിക്കും. അതിന് തരംപോലെ സ്‌നേഹം, കടമ, കരുതല്‍ എന്നൊക്കെയുള്ള പേരും വിളിക്കും. പരസ്പരം സ്‌നേഹം നശിച്ചുകഴിഞ്ഞാല്‍ പിന്നെന്തു കരുതല്‍?
അല്പ ദിവസങ്ങള്‍ക്കകം പാതിരായ്ക്ക് ഞങ്ങള്‍ തമ്മില്‍ ഫോണിലൂടെ വീണ്ടും വഴക്കുണ്ടായി. എന്റെ അച്ഛന്റെ ജാതി, സഹോദരിയുടെ സ്വഭാവം, അമ്മയുടെ കുടുംബം, സുഹൃത്തുക്കളുടെ പ്രകൃതം ഇതൊക്കെയും ചേര്‍ത്തുള്ള ഏറ്റവും വികൃതമായ പുലമ്പല്‍ കുറേനേരം കേട്ടശേഷം ഏകദേശം ഇരുപതുമിനിറ്റുള്ള ഓഡിയോ ആയി ഞാന്‍ റെക്കോഡുചെയ്തു. അത് പിറ്റേന്ന് അച്ഛനമ്മമാരെ കേള്‍പ്പിക്കുകയും ചെയ്തു. അവര്‍ സ്തബ്ധരായി. ഞാന്‍ നിരന്തരം കേട്ടുകൊണ്ടിരുന്ന മലാഭിഷേകം പക്ഷേ, അവര്‍ക്ക് ആദ്യമായിരുന്നല്ലോ. വിവാഹത്തിന്റെ ആദ്യനാളുകളില്‍ സ്വന്തം പങ്കാളിയെ മഹത്വവത്കരിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ മറുവശമാണ് ഏറ്റവും ദയനീയമായി അന്ന് പ്രകടമായത്.
ഇങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പുവശമെങ്കില്‍ ഇതു തുടരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് അച്ഛനും ബോധ്യപ്പെട്ടു. ജീവിതകാലം മുഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുഭാവിയും പ്രവര്‍ത്തകനുമായ അദ്ദേഹത്തിന് പാര്‍ട്ടിയില്‍നിന്നു വേറിട്ട് ഒരുനിലയുമില്ലായിരുന്നു. കുടുംബം പോലും രണ്ടാമതാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ എക്കാലവും അദ്ദേഹം സമീപിച്ചതും അവിടെത്തന്നെയാണ്. ഇതേ പ്രത്യയശാസ്ത്രത്തില്‍ത്തന്നെ വിശ്വസിച്ചുപോന്നവരായിരുന്നു ഭര്‍തൃകുടുംബവും എന്നത് മറ്റൊരുകാര്യം. വിവാഹം തീരുമാനിക്കുന്നതിലടക്കം അതിന് മുന്‍ഗണനയുമുണ്ടായിരുന്നു.
അച്ഛന്‍ ഇക്കാര്യം സംസാരിച്ച, സുഹൃത്തുക്കള്‍കൂടിയായ നേതാക്കളില്‍ ചിലര്‍, ഇത്തരം രീതികള്‍ ശരിയല്ലെന്നും തിരുത്തണമെന്നും ഭര്‍ത്താവിനെ ഉപദേശിച്ചിരുന്നു. അത്തരം രക്ഷാപ്രവര്‍ത്തനങ്ങളൊക്കെയും ക്ഷണികമായ ആയുസ്സുമാത്രമുള്ളതായിരുന്നുവെന്നതാണ് സത്യം. ആത്യന്തികമായി, കുടുംബം നിലനിര്‍ത്തുകയെന്ന ലക്ഷ്യമാണ് നമ്മുടെ എല്ലാ സംവിധാനങ്ങള്‍ക്കുമുള്ളത്. പ്രണയികളെ ഒന്നിക്കാന്‍ പ്രേരിപ്പിക്കുന്നത്ര ആത്മാര്‍ഥത വൈരാഗികളെ വേര്‍പെടാനനുവദിക്കുന്നതില്‍ ആരും കാണിക്കണമെന്നില്ല. ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഒത്തുപോകൂ, അതല്ലേ നല്ലത് എന്ന ഉപദേശം വീടിനുപുറത്തുനിന്ന് എന്നെത്തേടി വന്നുതുടങ്ങിയത് ഈ സംഭവത്തിനുശേഷമാണ്.
കാര്യങ്ങള്‍ മിക്കതും ഞാന്‍ വീട്ടില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അത് ഏകദേശം കൈവിട്ടുതുടങ്ങിയെന്നും ഭര്‍ത്താവിന് മനസ്സിലായതോടെ ഞങ്ങളുടെ ബന്ധത്തില്‍ അല്പം നീണ്ട ഇടവേള വന്നു. ഗര്‍ഭിണിയായ ഭാര്യയെയും കുട്ടിയെയും പോയി നോക്കിയില്ലെങ്കില്‍ മോശമാണ്, നാട്ടുകാരെന്തുപറയും എന്ന് അളിയനും സഹോദരിയും ഉപദേശിച്ചതുകൊണ്ടു മാത്രമാണ് താന്‍ വന്നത് എന്നുപറഞ്ഞ് ഒരുതവണമാത്രം അദ്ദേഹം വീട്ടില്‍ വന്നു.
സാധാരണ അച്ഛന്‍ വരുമ്പോള്‍ എഴുന്നേറ്റുനിന്ന് ബഹുമാനം പ്രദര്‍ശിപ്പിച്ചിരുന്നയാള്‍ അന്ന് എഴുന്നേറ്റില്ലെന്ന് ഞാന്‍ മാത്രം ശ്രദ്ധിച്ചു. സ്‌നേഹം പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും അത്തരം മാമൂലുകളൊന്നും നിര്‍ബന്ധമായിരുന്നില്ല ഞങ്ങളുടെ വീട്ടില്‍. പക്ഷേ, ഭര്‍തൃവീട്ടില്‍ അത് പാലിച്ചിരുന്നുതാനും. ഇദ്ദേഹം എഴുന്നേല്‍ക്കാത്തതില്‍ ആര്‍ക്കും പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നു കണ്ടതിനാലാവും, രാത്രിയില്‍ മൂപ്പര്‍ അത് എടുത്തിട്ടു. ചോവന്‍ വരുമ്പോള്‍ എണീറ്റുനില്‍ക്കാന്‍ തന്നെക്കിട്ടില്ല എന്നായിരുന്നു ആ വാക്യമെന്ന് കൃത്യമായി ഞാനോര്‍ക്കുന്നു.
മനോഭാവമാണ് എക്കാലവും പ്രശ്‌നം. ഒത്തുതീര്‍പ്പുപദേശങ്ങള്‍ക്ക് യാതൊരദ്ഭുതവും പ്രവര്‍ത്തിക്കാനാവില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പില്‍ക്കാലത്ത് ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ തീരുമാനിക്കപ്പെടുമ്പോഴൊക്കെ എല്ലാം നിഷ്ഫലമാകുകയേയുള്ളൂ, ഒന്നിലും പ്രതീക്ഷവെയ്‌ക്കേണ്ടതില്ല എന്ന് മനസ്സിനെ സമാധാനിപ്പിക്കാന്‍ ഞാന്‍ പഠിച്ചുകഴിഞ്ഞിരുന്നു. ഈ ബന്ധം കഴിഞ്ഞു, മോളെ കാണാന്‍ വരും എന്നുപറഞ്ഞ് അദ്ദേഹം പുറപ്പെട്ടുപോയതിനുശേഷം രണ്ടരമാസം എന്റെ ജീവിതം ശാന്തമായിരുന്നു. മദ്യപിച്ചുകുഴഞ്ഞ ഫോണ്‍വിളികളില്ല, തെറിയും ശകാരവുമില്ല.
വയറുകാരണം ട്രെയിനിന്റെ ചവിട്ടുപടി കാണാതായതിനുശേഷം കോളേജിലേക്കു കാര്‍ യാത്രയാണ്. ഡിപ്പാര്‍ട്ട്മെന്റില്‍ ആഴത്തിലുള്ള സൗഹൃദങ്ങളുണ്ട്. ഒന്നിച്ചുള്ള ഭക്ഷണവേളകള്‍ മനുഷ്യര്‍ തമ്മിലുള്ള കരുതലിന്റെയും സ്‌നേഹത്തിന്റെയും നിമിഷങ്ങളായിരുന്നു. ഈ കലക്കങ്ങളും ഉലച്ചിലുകളുമറിഞ്ഞിരുന്നിട്ടും അവരെല്ലാം ഏറ്റവും സാധാരണമായി പെരുമാറി. അന്ന് ഒപ്പമുണ്ടായിരുന്ന ദേവിയെ ഓര്‍ക്കുന്നു. ട്രെയിനില്‍ പോയിരുന്നപ്പോള്‍ ഇടത്തും വലത്തും മുന്നിലും പിന്നിലും കാവല്‍പോലെ അവളുണ്ടായിരുന്നു. എന്റെ വലിയ ബാഗുകൂടി വലിച്ചുപൊക്കി നടന്നിരുന്ന അവളാണ്, മേയ് ഒന്നുമുതല്‍ എത്തുമെന്ന ഉറപ്പില്‍ എനിക്കൊരു ഹോം നഴ്സിനെ ഏര്‍പ്പാടാക്കിത്തന്നത്.
അന്യര്‍ക്കുവേണ്ടി അങ്ങനെ പാടുപെടുന്നവര്‍ കുറവാണ്, എങ്കിലും ഉണ്ട്. ലീവെടുത്തിരുന്ന ഒരുദിവസം സഹപാഠിയും സുഹൃത്തും സഹപ്രവര്‍ത്തകനുമൊക്കെയായ സന്തോഷ് വിളിക്കുന്നു: ''ഞണ്ടുകറിയുണ്ട്, നിന്നെക്കരുതി എടുത്തതാണ്, വന്നേ പറ്റൂ.'' തളിപ്പറമ്പില്‍നിന്ന് തലശ്ശേരിക്ക് പോകുന്നവഴിക്ക് അവന്‍ വീടുവഴിവന്ന് എന്നെക്കൂടി കൊണ്ടുപോകുന്നു.
ചെറിയ കാര്യങ്ങളാണ്. പക്ഷേ, അത്തരം ചെറിയ കാര്യങ്ങളാണ് കെട്ടുപോകുന്ന ജീവനില്‍ അമൃതം തളിക്കുക. അതൊക്കെയും ഞാന്‍ ഓര്‍ത്തിരിക്കുന്നതിന്റെ പിന്നില്‍ മറ്റൊന്നുകൂടിയുണ്ട്. എത്ര ചെറിയ കാര്യങ്ങള്‍ മതിയായിരുന്നു എനിക്ക് സന്തോഷിക്കാന്‍ എന്ന അറിവാണത്. ഞാന്‍ ഡിമാന്‍ഡിങ്ങായിരുന്നില്ല. സ്വന്തം അന്തസ്സിനെക്കുറിച്ച് ബോധവതിയായിരുന്നില്ല. സ്‌നേഹമെന്ന പേരില്‍ വലിച്ചെറിയപ്പെടുന്ന എന്തിനുംനേരേ ഞാന്‍ കൈനീട്ടിയിരുന്നു. അതൊക്കെയും എന്റെമാത്രം അനുഭവങ്ങളോ തോന്നലോ ആവണമെന്നില്ല. കണ്ണാടിയില്‍ നോക്കൂ, ഒരുപക്ഷേ നിങ്ങള്‍ക്കത് മനസ്സിലായേക്കും.
Content Highlights: writer r rajasree column