ഏച്ചുകെട്ടിയാല്‍ മുഴച്ചുതന്നെയിരിക്കും, ദാമ്പത്യത്തില്‍ അതിനു പ്രത്യേക ഇളവൊന്നുമില്ല

#ആര്‍.രാജശ്രീ
വര: ഉള്ള്യേരിക്കാരന്‍
വര: ഉള്ള്യേരിക്കാരന്‍

ജീവിതത്തിന്റെ പല തുറകളിലുള്ള സ്ത്രീകളുമായി സംസാരിക്കാനുള്ള അവസരമുണ്ടായിട്ടുണ്ട്; പ്രത്യേകിച്ച് ഈ കൈപ്പുസ്തകത്തിന്റെ പണി തുടങ്ങിയതിനുശേഷം. ഏതൊക്കെയോ അനുഭവങ്ങള്‍ തങ്ങളുടേതുമായി അദ്ഭുതകരമാംവിധം പൊരുത്തപ്പെടുന്നുവെന്ന് പലരും പറഞ്ഞു. ഒരര്‍ഥത്തില്‍ അതും ഒരു സന്തോഷമാണ്. നടക്കുമ്പോള്‍, പേടിപ്പെടുത്തുന്ന മട്ടില്‍ ഒറ്റയ്ക്കാണെന്നു തോന്നുമെങ്കിലും പലയിടങ്ങളില്‍ നിന്നും ആരൊക്കെയോ എങ്ങനെയൊക്കെയോ ബാക്കി വന്ന ധൈര്യം വാരിപ്പിടിച്ച് ഖേദങ്ങള്‍ കുടഞ്ഞെറിഞ്ഞ് മുഖം തുടച്ച് ഒപ്പം നടന്നെത്തുന്നുണ്ടെന്ന തോന്നലാണതിനു കാരണം. എങ്കിലും ഇനിയങ്ങോട്ട് എനിക്കു പറയാനുള്ളത് അത്ര സാധാരണമായ അനുഭവങ്ങളല്ല. മറ്റാര്‍ക്കെങ്കിലും അങ്ങനെയൊക്കെയുണ്ടായാലും അവയെ നേരിടുന്ന രീതി ഇങ്ങനെയൊന്നുമാവണമെന്നുമില്ല. ജീവിതത്തില്‍ ആകസ്മികമായുണ്ടാകുന്ന അനുഭവങ്ങളോട് മനുഷ്യര്‍ പ്രതികരിക്കുന്നത് അതിലെ ശരിതെറ്റുകളെക്കുറിച്ച് ചിന്തിച്ചശേഷമല്ലല്ലോ.

ഏറെക്കാലം സൈ്വര്യം കെടുത്തിയിരുന്ന മദ്യപിച്ചതിനുശേഷമുള്ള തെറിവിളികള്‍ ഏതോ വിദൂര ഭൂതകാലത്തിലേക്ക് മാഞ്ഞു പോയി എന്നതില്‍ ഞാന്‍ സന്തോഷിച്ചിരുന്നു. ഭര്‍ത്താവിന്റെ പെരുമാറ്റം മാന്യമായിത്തീര്‍ന്നതില്‍ അഭിമാനവും തോന്നി. എങ്കിലും ഞങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക തണുപ്പ് വീണിരുന്നു. ആദ്യകാലത്ത് എന്തു കാര്യവും പരസ്പരം പങ്കുവച്ചിരുന്ന ദമ്പതികള്‍ പിന്നീട് അങ്ങനെയല്ലാതായി മാറിയെന്നു വരാം. സ്വകാര്യത ഇരുകൂട്ടര്‍ക്കും പ്രധാനമാണെന്ന് വളരെക്കാലത്തിനു ശേഷമെങ്കിലും തിരിച്ചറിയുന്നതുകൊണ്ടാവാം. പരസ്പരം മറച്ചുവയ്ക്കാന്‍ എന്തെങ്കിലുമൊക്കെയുണ്ടാകുന്നതുകൊണ്ടുമാവാം. മനുഷ്യരാണല്ലോ. 

എന്റെ ഭര്‍ത്താവ് സാവധാനമാണെങ്കിലും കാല്പനികനായ ഒരു മനുഷ്യനായിത്തീര്‍ന്നുവെന്ന് ഞാന്‍ കരുതി. വിവാഹം കഴിഞ്ഞ ആദ്യകാലങ്ങളില്‍ എനിക്ക് മനോഹരമായ കൈയക്ഷരത്തില്‍ കാര്‍ഡുകള്‍ കിട്ടുമായിരുന്നു. തന്റെ കൈപ്പട മോശമായതിനാല്‍ തനിക്കായുള്ള എഴുത്തുകുത്തുകള്‍ മുഴുവന്‍ ഏറ്റെടുത്തിരുന്ന ഒരു സുഹൃത്താണ് ആ കൈയക്ഷരത്തിന്റെയും ഉടമസ്ഥയെന്ന് ഭര്‍ത്താവ് നേരത്തേ പറഞ്ഞിരുന്നു. ഞങ്ങളുടെ ബന്ധത്തില്‍ ഉലച്ചിലുകള്‍ ഉണ്ടായതോടെ കാര്‍ഡുകളുടെ വരവും അവസാനിച്ചു. അതിനെപ്പറ്റി പിന്നീട് സംസാരങ്ങളൊന്നും ഉണ്ടായിരുന്നില്ല. 

ആയിടെ ഒരു രണ്ടാം ശനിയാഴ്ച ദിവസം അദ്ദേഹം പതിവുപോലെ അതിരാവിലെ  വീട്ടിലെത്തി. കുളികഴിഞ്ഞ് പ്രഭാതഭക്ഷണം കഴിച്ചു. ഞാന്‍ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് മുറിയില്‍ കിടക്കയിലിരിക്കുകയായിരുന്നു. ഒരു ഫോണ്‍ വന്നതിനെത്തുടര്‍ന്ന് അദ്ദേഹം തിരക്കിട്ട് മുറിയിലേക്ക് വന്നു. വേഷം മാറി പുറപ്പെടാനൊരുങ്ങി. എന്താണുണ്ടായതെന്ന് ഞാന്‍ അമ്പരന്നു. പഴയ ആ മനോഹരമായ കൈപ്പടയുടെ ഉടമസ്ഥയെക്കുറിച്ച് അദ്ദേഹം ഓര്‍മിപ്പിച്ചു. അവര്‍ക്ക് ഒരു അത്യാവശ്യം വന്നിരിക്കുന്നു , സഹായിക്കാന്‍ പോയേ പറ്റൂ എന്നു പറഞ്ഞു. 


പ്രസവാവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചതു മുതല്‍ വീണ്ടും എന്റെ ശമ്പളം അദ്ദേഹം കൈപ്പറ്റിത്തുടങ്ങിയിരുന്നു. എറണാകുളത്തേക്കു ട്രാന്‍സ്ഫറാകുമ്പോള്‍ ആവശ്യമായ സൗകര്യങ്ങള്‍ക്കു വേണ്ടി മാത്രമാണതെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.  ഞാന്‍ കൂടുതലൊന്നും ചോദിച്ചില്ല. പണവുമായി അദ്ദേഹം തിരക്കിട്ട് യാത്ര പറഞ്ഞു പോവുകയും ചെയ്തു. അതില്‍  അസ്വാഭാവികമോ അദ്ഭുതകരമോ ആയി എന്താണുള്ളത് എന്നു ഞാന്‍ സ്വയം ബോധ്യപ്പെടുത്താനെന്നോണം രണ്ടു മൂന്നു തവണ ആവര്‍ത്തിച്ചു. പക്ഷേ ചവിട്ടി നില്ക്കുന്നിടത്തു നിന്ന് വഴുതിപ്പോകുന്ന ഒരു തോന്നലെനിക്കുണ്ടായി.

കത്തുകളും ആശംസാകാര്‍ഡുകളും കിട്ടിയിരുന്ന ആദ്യകാലങ്ങളില്‍ തമാശയ്ക്ക് ഈ കൂട്ടുകാരിയുടെ പേരു പറഞ്ഞ്  ഞാന്‍ അദ്ദേഹത്തെ കളിയാക്കിയിരുന്നത് ഓര്‍ത്തു. ആ സമയങ്ങളില്‍  'പോടീ കഴുതേ'  എന്ന്  ശകാരിക്കുമെങ്കിലും അന്ന് അദ്ദേഹത്തിന്റെ മുഖത്ത് ആ സൗഹൃദത്തിന്റെ മനോഹാരിതയാണ് കണ്ടിരുന്നതെന്ന് ഓര്‍ത്തു. എന്തുകൊണ്ടോ  അത്തരം ഓര്‍മകള്‍ എന്നെ അമ്പരപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തു. ഈ ദാമ്പത്യത്തില്‍  സഖ്യകക്ഷിയായിരിക്കുന്ന മനുഷ്യനില്‍ നിന്ന് മനസ്സു കൊണ്ട് എത്രയോ ദൂരെപ്പോയി എന്നു ഞാന്‍ കരുതിയിരുന്നു. ആ ബന്ധം നിയമപരമായും ധാര്‍മികമായും അവസാനിപ്പിക്കുന്നതിനെപ്പറ്റി പല തവണ ചിന്തിച്ചിരുന്നു. അത്ര തന്നെ തവണ അദ്ദേഹവും  അതിന് തയ്യാറായിരുന്നിരിക്കാം. അപ്പോഴൊന്നും തോന്നാത്ത ഒരു തിക്കുമുട്ടല്‍ എന്തുകൊണ്ടാണ് ഈ സമയം ഉണ്ടായതെന്നു ഞാന്‍ പിന്നീടും ആലോചിച്ചിട്ടുണ്ട്. നാമുപേക്ഷിക്കുന്നതും നമ്മില്‍ നിന്ന് എടുത്തുമാറ്റപ്പെടുന്നതും രണ്ടാണ് എന്ന ഉത്തരത്തിലാണ് എപ്പോഴും എത്തുക. വീണ്ടും അതേ സമാധാനമാണ്; മനുഷ്യരാണല്ലോ. 

പലതരം തിരക്കുകളെക്കുറിച്ച് ഫോണില്‍ അദ്ദേഹം പറയുമായിരുന്നു. സംഘടനാപ്രവര്‍ത്തനം, വീടിന് അത്യാവശ്യമായ അറ്റകുറ്റപ്പണികള്‍, ബാംഗ്ലൂരിലേക്കുള്ള പഠനയാത്ര എന്നിങ്ങനെ. സംസാരത്തില്‍ ഒരു തരത്തിലുമുള്ള കാലുഷ്യം കലരാതെ ഞങ്ങളിരുവരും ശ്രദ്ധിച്ചിരുന്നു .നല്ല നടപ്പുകാലമാണ്, തുടര്‍ജീവിതം നന്നായി പോകേണ്ടതാണ്. എന്തായാലും അത്തവണ കുട്ടികള്‍ക്ക് ഒരു ബാഗ് നിറയെ ഉടുപ്പുകളുമായാണ് അദ്ദേഹം എത്തിയത്. നിലവാരം കുറഞ്ഞ ബനിയന്‍ തുണിയിലുള്ള ഡസന്‍ കണക്കിന് ഉടുപ്പുകള്‍. അത്തരം ഉടുപ്പുകള്‍ അക്കാലം വരെ ഞങ്ങള്‍ വാങ്ങിയിരുന്നില്ല, അത്രയും എണ്ണവും വാങ്ങിയിരുന്നില്ല. പഠനയാത്രയ്ക്കു പോയ സമയത്ത് ബാംഗ്ലൂരില്‍ നിന്ന് മൊത്തമായെടുത്തപ്പോള്‍ ലാഭത്തിനു കിട്ടിയതാണെന്നു പറഞ്ഞു. മൊത്തമായെടുക്കുക എന്ന  വാക്കില്‍ ചെറുതായി ഒന്നുടക്കിയെങ്കിലും അതും വലിയ കാര്യമായിത്തോന്നാത്തതിനാല്‍ വിട്ടു കളയുകയായിരുന്നു. 

എറണാകുളത്ത് വീട് വാടകയ്‌ക്കെടുക്കുമ്പോള്‍ പഴയ വാടകവീടനുഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് എനിക്കുണ്ടായിരുന്നു. കുട്ടികളുമായി താമസിക്കേണ്ടതാണ്, ജോലിക്ക് പോകേണ്ടതാണ്. അക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ അതൊക്കെ ചെയ്യാന്‍ അവിടെ ആള്‍ക്കാരുണ്ടെന്നു പറഞ്ഞു. കുട്ടിയെ നോക്കാനും ആളായിട്ടുണ്ട്. അതിനെ അവരുടെ വീട്ടില്‍ ഏല്പിക്കണമെന്നുമാത്രം. അവര്‍ കുട്ടിയെ നോക്കുന്നതു പോലുള്ള ജോലിക്ക് പോകുന്നതല്ല; പക്ഷേ സാറിനു വേണ്ടി എന്തും ചെയ്യാമെന്നു പറഞ്ഞിട്ടുണ്ട്. എനിക്കും അവരുടെ സഹായം കിട്ടും. കാര്യങ്ങളൊക്കെ റെഡിയാക്കിയിട്ടുണ്ട്. അദ്ദേഹത്തെ മാത്രം വിശ്വസിച്ച് രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി മറ്റൊരു നഗരത്തിലേക്ക് പറിച്ചുനടുകയാണ് ഞാനെന്നെ. ഒരു തരത്തിലുള്ള സങ്കടങ്ങളുമുണ്ടാക്കരുതെന്ന് ഞാന്‍ അപേക്ഷിച്ചു. നമുക്ക് നന്നായി ജീവിക്കണം. എനിക്ക് സ്ഥലംമാറ്റം കിട്ടും എന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു. ആ ഉറപ്പിലാണ് അദ്ദേഹം തിരിച്ചു പോകുന്നത്. പോയിട്ട് വാടകവീടുകള്‍ കണ്ട് തീരുമാനിക്കാമെന്നും പറഞ്ഞു.

അന്ന് അര്‍ദ്ധരാത്രിയില്‍ ഫോണ്‍ ശബ്ദിച്ചു. എനിക്കത് എടുക്കാനായില്ല . കുഞ്ഞ് മൂത്രമൊഴിച്ച് നനഞ്ഞു കുതിര്‍ന്നതിനാല്‍ അവനെ തുടച്ച് വിരികള്‍ മാറ്റേണ്ടിയിരുന്നു. പക്ഷേ ഫോണ്‍ നിര്‍ത്താതെ ബെല്ലടിച്ചുകൊണ്ടിരുന്നു. ഉണര്‍ന്നു കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞുമായി ഞാന്‍ ഫോണെടുത്തു. അപ്പുറത്ത്  'ഞാന്‍ വിളിച്ചാല്‍ അപ്പോള്‍ ഫോണെടുത്തിരിക്കണം ' എന്ന കുഴഞ്ഞ വാക്യം  അവ്യക്തമായി പത്തുതവണയെങ്കിലും ആവര്‍ത്തിച്ചു കേട്ടു. ആദ്യത്തെ മരവിപ്പിനു ശേഷം 'വീണ്ടും തുടങ്ങി, അല്ലേ?' എന്നു ഞാന്‍ സങ്കടത്തോടെയും ദേഷ്യത്തോടെയും ചോദിച്ചു. അതോടെ ഇടക്കാലത്ത് അണകെട്ടിവച്ച തെറികള്‍  ഒഴുകി വന്നു. തലച്ചോറിലേക്ക് രക്തം ഇരച്ചുകയറുന്നതുപോലെ തോന്നി. ഫോണ്‍ ദൂരേക്ക് വലിച്ചെറിഞ്ഞിട്ട് ഞാന്‍ കിതച്ചു. കുഞ്ഞിനെ ഇറുകെ ചേര്‍ത്തു പിടിച്ചു.

ഇടക്കാലത്ത് നടപ്പിലാക്കപ്പെട്ടിരുന്ന നല്ലനടപ്പ് അവസാനിച്ചിരിക്കുന്നു. ഇത്ര പെട്ടെന്ന് കാര്യങ്ങള്‍ കുഴഞ്ഞുമറിയാന്‍ എന്താണ് കാരണമെന്ന് ഞാന്‍ ആലോചിച്ചുനോക്കി. എല്ലാം സ്വന്തം വഴിക്കുവരുന്നുവെന്നും  എന്നേക്കുമായി സ്വന്തം അധികാരം സ്ഥാപിക്കപ്പെടുകയാണെന്നുമുള്ള വിജയോന്മാദമായിരുന്നു തെറികള്‍ക്കിടയില്‍ ഞാന്‍ കേട്ടത്. അതു തന്നെയാവാം ഒരു കാരണം. മറ്റൊന്ന് കുറച്ചു കൂടി ഗൗരവമുള്ളതാണ്. നമ്മുടെ നാട്ടിലെ ഒത്തുതീര്‍പ്പുവിദഗ്ധര്‍ക്ക് മനസ്സിലാകാത്ത ഒന്ന്.

എത്ര മാറാന്‍ ശ്രമിച്ചാലും  മിനുക്കിയെടുത്താലും മനുഷ്യര്‍ ആത്യന്തികമായി അവരവര്‍ തന്നെയാണ്. ബേസ്‌മെറ്റല്‍ മാറ്റാന്‍ പറ്റില്ല. തൊലിപ്പുറത്തുള്ള പരിഹാരമാര്‍ഗങ്ങളത്രയും വ്യര്‍ഥമാണ്.  മറ്റുള്ളവരെ ബോധിപ്പിക്കാനായി ചെയ്യുന്നതൊന്നും ശാശ്വതമല്ല. വേദിയില്‍ വേഷം കെട്ടിയാടുന്നവര്‍ക്ക് ആട്ടം കഴിഞ്ഞാല്‍ വേഷമഴിക്കാമെന്ന സമാധാനമുണ്ട്. അവരുടെ പ്രകടനം നന്നാവാന്‍ അതുമൊരു കാരണമാണ്. ജീവിതത്തിന്റെ കാര്യം അതല്ലല്ലോ. കുടുംബം നിലനിര്‍ത്തേണ്ടതും ഭാര്യയെ വിളിച്ചു കൊണ്ടുവന്ന് ഒപ്പം നിര്‍ത്തേണ്ടതുമൊക്കെ പുരുഷന്റെ  അഭിമാനപ്രശ്‌നം കൂടിയാവുന്ന സന്ദര്‍ഭങ്ങളുണ്ട്. പങ്കാളിയെ മാനിക്കാമെന്നും പിഴകള്‍ തിരുത്താമെന്നുമുള്ള ഉറപ്പുകള്‍ക്കപ്പുറം മുറിവേറ്റ ഈഗോ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. എത്ര വിഴുങ്ങിയാലും ആദ്യം കിട്ടുന്ന അവസരത്തില്‍ അത് ഒന്നോടെ പുറത്തുചാടും. 

കഴിഞ്ഞതൊക്കെ മറന്ന് പുതിയ ജീവിതം നയിക്കാമെന്ന സംഭാഷണം സിനിമയില്‍ കേള്‍ക്കാന്‍ ഭംഗിയുണ്ടാവും. തുടര്‍ന്ന് ഒരു വഴക്കു പോലുമില്ലാത്ത മനോഹര ജീവിതം നയിക്കാന്‍ പോകുന്ന നായികാനായകന്മാരെക്കണ്ട് സമാധാനത്തോടെ നമുക്ക് തിയേറ്ററിന് പുറത്തിറങ്ങാം.പക്ഷേ, സുഹൃത്തുക്കളേ ഞാന്‍ സത്യം സത്യമായി നിങ്ങളോടു പറയുന്നത് ആ പഴമൊഴി തന്നെയാണ് ; ഏച്ചുകെട്ടിയാല്‍ മുഴച്ചുതന്നെയിരിക്കും. വിശേഷിച്ച്, വ്യക്തിത്വവും ആത്മാഭിമാനവുമുള്ള മനുഷ്യര്‍ക്ക്. ദാമ്പത്യമായതു കൊണ്ടു മാത്രം അതിനു പ്രത്യേക ഇളവൊന്നുമില്ല. മദ്യത്തിനുമേലെ എല്ലാ അപരാധവും ചാര്‍ത്തി കൈകഴുകുന്നവരുണ്ട്, അത് വിശ്വസിക്കുന്നവരുമുണ്ട്. ഏതു സാഹചര്യമായാലും ഉള്ളിലില്ലാത്തതൊന്നും പുറത്തു ചാടില്ല എന്ന് ആവര്‍ത്തിക്കട്ടെ. 

കടലാസുപോലുള്ള എന്റെ മുഖത്തേക്ക് നോക്കി പിന്നെയും തുടങ്ങിയോ എന്ന് പിറ്റേന്നു രാവിലെ അമ്മ ചോദിച്ചു. അപ്പോള്‍ ഒന്നും പറയാന്‍ തോന്നിയില്ല. ആകെ മുങ്ങി കുളിരില്ലാതെയായ ഒരു മനുഷ്യജീവിക്ക് എന്തു ലജ്ജ! കോളേജിലേക്കു ചെന്ന് ഞാന്‍ ആദ്യം ചെയ്തത് നേരത്തെ കൊടുത്തിരുന്ന സ്ഥലംമാറ്റം റദ്ദാക്കാന്‍ പ്രിന്‍സിപ്പലിന് അപേക്ഷ കൊടുക്കുകയാണ്. ഏതു കാര്യവും തീരുമാനിക്കാന്‍ പരമാവധി ആടിക്കളിക്കുകയും നാട്ടുകാരോടു മുഴുവന്‍ അഭിപ്രായം ചോദിക്കുകയും ചെയ്തിരുന്ന ഞാനാണ് ഒരു രാത്രി കൊണ്ട് അത്തരമൊരു തീരുമാനം ഒറ്റയ്‌ക്കെടുത്തത് !

അതിനുശേഷം ഞാന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വന്നു കുറച്ചു നേരം വെറുതേയിരുന്നു. സഹപ്രവര്‍ത്തകര്‍ അവരുടെ ജോലികള്‍ ചെയ്തു കൊണ്ടിരുന്നു. നിങ്ങളറിഞ്ഞോ, എന്റെ ജീവിതം പിന്നെയും പാളം തെറ്റി. ഇനി ഞാനെവിടെയും പോകുന്നില്ല എന്ന് അവരോട് പറയണമെന്ന് എനിക്ക് തോന്നി. കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞെങ്കിലും അതവഗണിച്ച് ഭര്‍ത്താവിന് ചെറിയൊരു കുറിപ്പ് എഴുതിയിട്ടു.  അത് ഏകദേശം ഇങ്ങനെയായിരുന്നെന്ന് ഓര്‍ക്കുന്നു.

'ഇക്കാലത്തിനിടയ്ക്ക് ഒരൊറ്റത്തവണയെങ്കിലും വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു പുരുഷനാണ് താനെന്ന് തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞില്ല. ഒപ്പം ജീവിക്കുന്നയാളിന്റെയെന്നല്ല ഈ ലോകത്ത് ഒരൊറ്റയാളിന്റെയും അന്തസ്സിനെക്കുറിച്ച് താങ്കള്‍ക്കറിയില്ല. ഭാര്യയെ ,സ്വന്തം കുഞ്ഞുങ്ങളുടെ അമ്മയെ പെട്രോളൊഴിച്ച് കത്തിക്കുന്നതിനെക്കുറിച്ച് മദ്യപിച്ചായാല്‍ പോലും പറയുന്ന ഒരാള്‍ക്കൊപ്പം എന്തു വിശ്വസിച്ച് അവര്‍ ജീവിക്കും? അങ്ങനെ പറയുന്നെങ്കിലും അങ്ങനെ ചെയ്യാനാണോ , സ്‌നേഹം കൊണ്ടല്ലേ എന്ന ന്യായം താങ്കളുടെ സഹോദരിയില്‍നിന്നു ഞാന്‍ പല തവണ കേട്ടിട്ടുണ്ട്. നിങ്ങളൊക്കെ സ്‌നേഹം എന്നു വിളിക്കുന്ന കാര്യത്തെ എനിക്ക് പേടിയാണ്. മുലയൂട്ടുന്ന അമ്മയാണ്. സ്ഥലംമാറ്റത്തിനുള്ള അപേക്ഷ പിന്‍വലിച്ചിട്ടുണ്ട്. ഇനി എന്നെ പ്രതീക്ഷിക്കണ്ട, ഞാന്‍ വരില്ല. '

ഒരു മനുഷ്യന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലാന്‍ ഒരു നിമിഷം മതി, തിരിച്ചിറങ്ങാന്‍ ഒരു പക്ഷേ ഒരു ജീവിതം മുഴുവന്‍ വേണ്ടിവന്നേക്കും. അതിനുവേണ്ടിയുള്ള പ്രയത്‌നങ്ങളില്‍ കുടുങ്ങുന്നത് കൊട്ടമുള്ളില്‍ കുടുങ്ങുന്നതുപോലെ തന്നെയാണ്. രക്ഷപ്പെട്ടാലും മുറിവുകള്‍ അവശേഷിക്കും.
 

Content Highlights: writer r rajasree column