നാല് വർഷമായി ബാദ്‌ഷായുമായി നടി പ്രണയത്തിലായിരുന്നോ! ആരാണ് ഇഷാ റിഖി?

ബാദ്‌ഷാ,ഇഷാ റിഖി | Instagram
ബാദ്‌ഷാ,ഇഷാ റിഖി | Instagram

റാപ്പറും ഗായകനുമായ ബാദ്‌ഷയും, പഞ്ചാബി നടി ഇഷാ റിഖിയും തമ്മിലുള്ള വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇന്റർനെറ്റിൽ വലിയ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്.

ദമ്പതികൾ വാർത്ത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ ഇരുവരും വിവാഹിതരായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടയിൽ, ആരാണ് ഇഷാ റിഖി എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

ചണ്ഡീഗഡ് സ്വദേശിയായ ഇഷാ റിഖി മോഡലിങ്ങിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പ്രധാനമായും പഞ്ചാബി ചലച്ചിത്ര മേഖലയിലാണ് ഇവർ പ്രവർത്തിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, സൂപ്പർഹിറ്റ് പഞ്ചാബി ചിത്രമായ 'ജട്ട് ആൻഡ് ജൂലിയറ്റിലെ' പ്രകടനത്തിലൂടെയാണ് ഇഷ ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് 2013-ൽ സിപ്പി ഗില്ലിനൊപ്പം 'ജട്ട് ബോയ്‌സ് പുട്ട് ജട്ടൻ ദേ' എന്ന ചിത്രത്തിലൂടെ ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ചു. 'ഹാപ്പി ഗോ ലക്കി', 'വാട്ട് ദ ജട്ട്!!' തുടങ്ങി നിരവധി പഞ്ചാബി സിനിമകളിൽ ഇഷ അഭിനയിച്ചിട്ടുണ്ട്.

രാഘവ് ജുയൽ, പുനിത് പഥക് എന്നിവർക്കൊപ്പം 'നവാബ്സാദെ' എന്ന ചിത്രത്തിലൂടെ ഇഷ ബോളിവുഡിലും സാന്നിധ്യമറിയിച്ചു. വരുൺ ധവാൻ, ശ്രദ്ധ കപൂർ, ബാദ്‌ഷാ എന്നിവരും ഈ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തിയിരുന്നു.

ഇഷയുടെ അമ്മ പൂനം റിഖി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് വിവാഹ അഭ്യൂഹങ്ങൾ ശക്തമാക്കിയത്. അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഇരുവരും മാലയിടുന്നതടക്കമുള്ള പരമ്പരാഗത വിവാഹ ചടങ്ങുകൾ ചിത്രങ്ങളിൽ കാണാം. "ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ" എന്ന അടിക്കുറിപ്പോടെയാണ് പൂനം ഈ ചിത്രങ്ങൾ പങ്കുവെച്ചത്.

ഇഷയുടെ സഹോദരിയെന്ന് സ്വയം വിശേഷിപ്പിച്ച പൂജ സിങ്ങ് ഗുജ്‌റാലും വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. തന്റെ സഹോദരി ബാദ്‌ഷായുടെ വധുവായി മാറിയതിൽ വലിയ സന്തോഷമുണ്ടെന്നും ഇരുവരുടെയും ജീവിതം സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ എന്നും പൂജ കുറിച്ചു.

റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ നാല് വർഷമായി ബാദ്‌ഷായും ഇഷയും പ്രണയത്തിലായിരുന്നു. 2020-ൽ ജാസ്മിൻ മസിഹുമായുള്ള വിവാഹമോചനത്തിന് ശേഷം ബാദ്‌ഷായുടെ ജീവിതത്തിലെ പുതിയൊരു അധ്യായമാണിത്. ആദ്യ വിവാഹത്തിൽ ബാദ്‌ഷായ്ക്ക് ജെസ്സിമി ഗ്രേസ് മസിഹ് സിങ് എന്നൊരു മകളുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Reports suggest rapper Badshah and actress Isha Rikhi have married in a private ceremony., Isha Rikhi is a Chandigarh-born Punjabi actress known for films like 'Jatt Boys Putt Jattan De'., The couple has reportedly been in a relationship for four years., This follows Badshah's 2020 divorce from Jasmine Masih.