ശ്രീലീലയും തിലക് വർമ്മയും പ്രണയത്തിലോ? പ്രതികരണവുമായി നടിയുടെ അമ്മ

നടി ശ്രീലീലയും ക്രിക്കറ്റ് താരം തിലക് വർമ്മയും പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ കുറച്ചുകാലമായി ശക്തമാണ്. ഇരുവരും ഈ വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ ശ്രീലീലയുടെ അമ്മ ഡോ. സ്വർണ്ണലത, പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
"ഈ വാർത്തകൾ തികച്ചും വ്യാജമാണ്, ഇതിൽ യാതൊരുവിധ സത്യവുമില്ല. ഇത്തരം കഥകൾ എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് ഞങ്ങൾക്ക് അറിയില്ല. ശ്രീലീലയും തിലക് വർമ്മയും ഒരു വർഷമായി പ്രണയത്തിലാണെന്ന റിപ്പോർട്ടുകളിൽ സത്യമില്ല. ഇത് വെറും ഭാവന മാത്രമാണ്," ഡെക്കാൻ ക്രോണിക്കിളിനോട് അവർ പറഞ്ഞു.
ഗോസിപ്പുകളുടെ തുടക്കം
തിലക് വർമ്മയും ശ്രീലീലയും പ്രണയത്തിലാണെന്ന വാർത്തകൾ കഴിഞ്ഞ വർഷമാണ് ആദ്യമായി പുറത്തുവന്നത്. 2025 ഡിസംബറിലെ വൈകുണ്ഠ ഏകാദശി ആഘോഷ വേളയിൽ, അമ്മ ഡോ. സ്വർണ്ണലതയ്ക്കൊപ്പം ശ്രീലീല വെങ്കിടേശ്വര സ്വാമി ക്ഷേത്രം സന്ദർശിച്ചിരുന്നു. ഇതേ സമയത്തുതന്നെ തിലകും കുടുംബത്തോടൊപ്പം അവിടെയുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് മത്സരത്തിനിടെയായിരുന്നു അടുത്ത സംഭവം. മത്സരം കാണാൻ ശ്രീലീല എത്തിയിരുന്നു. ഈ സമയം ശ്രീലീലയുടെ ടീമിലെ ഒരംഗം തിലക് വർമ്മയുമായി ബന്ധമുള്ള ജേഴ്സി ധരിച്ചിരുന്നതായി ആരോപിക്കപ്പെട്ടിരുന്നു.
"രണ്ട് സംഭവങ്ങളും തികച്ചും യാദൃശ്ചികം മാത്രമായിരുന്നു. എന്നാൽ സോഷ്യൽ മീഡിയ പരസ്പരബന്ധമില്ലാത്ത കാര്യങ്ങളെ കോർത്തിണക്കി അനാവശ്യമായി കഥകൾ മെനയുകയാണ്, ഇത് ഒട്ടും ശരിയല്ല," അവർ കൂട്ടിച്ചേർത്തു.
തന്റെ ക്രിക്കറ്റ് കരിയറിൽ ശോഭിക്കുകയാണ് തിലക് വർമ്മ. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമാണ് അദ്ദേഹം. ശ്രീലീല പ്രധാനമായും തെലുങ്ക് ചലച്ചിത്ര മേഖലയിലാണ് പ്രവർത്തിക്കുന്നത്. 'ഭഗവന്ത് കേസരി', 'പുഷ്പ 2' തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന പ്രണയചിത്രത്തിലൂടെ കാർത്തിക് ആര്യന്റെ നായികയായി ശ്രീലീല ഉടൻ തന്നെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കും.
"ജൂണിൽ നടക്കാനിരിക്കുന്ന നീറ്റ്-പിജി (NEET-PG) പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് അവൾ ഇപ്പോൾ. നിലവിൽ അവളുടെ മുഴുവൻ ശ്രദ്ധയും പഠനത്തിലും സിനിമകളിലുമാണ്. ഇത്തരം വ്യക്തിപരമായ കാര്യങ്ങൾക്ക് ഇനിയും അഞ്ചാറ് വർഷം മുന്നിലുണ്ട്. നിലവിൽ പഠനവും കരിയറും അവൾ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്", എന്നും അമ്മ സ്വർണ്ണലത പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sreeleela's mother, Dr. Swarnalatha, dismissed dating rumors as baseless., The rumors linking the actress and cricketer are clarified as pure imagination., Sreeleela is currently focused on her career and upcoming NEET-PG exams., Previous social media claims were based on coincidental sightings at temples and stadiums.