ഈ വർഷം മാർച്ചിൽ ഇൻസ്റ്റഗ്രാം ലൈവ് സെഷനിടെ കാർ അപകടത്തിൽപ്പെട്ടതോടെയാണ് യൂട്യൂബറും ബിഗ് ബോസ്  ഫെയിമുമായ അനുരാഗ് ദോഭാൽ (UK07 Rider) വാർത്തകളിൽ നിറഞ്ഞത്. അതേ മാസം തന്നെയാണ് അദ്ദേഹം ആദ്യത്തെ കുഞ്ഞിനെ വരവേറ്റതും. താനിപ്പോൾ ജീവിതം പുനർനിർമ്മിക്കാൻ ശ്രമിക്കുകയാണെന്ന് പറയുകയാണ് പുതിയ വ്ലോഗിൽ അദ്ദേഹം. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന തന്റെ ബൈക്ക് ശേഖരം വിറ്റുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

തന്റെ വിലകൂടിയ ബൈക്കുകൾ സൂക്ഷിക്കാനായി പണിത ഗാരേജ് സന്ദർശിച്ച അനുരാഗ് ജീവിതത്തിലെ ദുരിതപൂർണ്ണമായ ഘട്ടത്തെപ്പറ്റി സംസാരിക്കുമ്പോൾ വികാരാധീനനായി. "ഞങ്ങൾ പണിതുയർത്തിയ സാമ്രാജ്യം ഇന്ന് ശൂന്യമാണ്. കഴിഞ്ഞ വർഷം ഞങ്ങൾക്ക് ഭൂരിഭാഗം ബൈക്കുകളും വിൽക്കേണ്ടി വന്നു. ഇനി രണ്ട് ബൈക്കുകളേയുള്ളൂ. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. അതെല്ലാം ഞാൻ എങ്ങനെ അതിജീവിച്ചു എന്ന് എനിക്കേ അറിയൂ. ഓരോ ബൈക്കും വിൽക്കുമ്പോൾ വേദന തോന്നി. നേരത്തെ ഇതൊന്നും പങ്കുവെക്കാൻ കഴിഞ്ഞില്ല. ഗാരേജിന്റെ ഉടമസ്ഥാവകാശവും എന്റെ പേരിലല്ല, അതിനാൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു."-അദ്ദേഹം പറഞ്ഞു.

"ഞങ്ങളുടെ 10 കോടി രൂപയുടെ സ്വപ്ന ഗാരേജ് ഇന്ന് ഇങ്ങനെയായിരിക്കുന്നു. വലിയ നഷ്ടം."- എന്നാണ് വ്ലോഗിന് അദ്ദേഹം നൽകിയ തലക്കെട്ട്. ഡെറാഡൂണിൽ താമസിക്കാൻ സ്ഥലം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും അനുരാഗ് പറയുന്നു. തങ്ങൾ ഒരിക്കൽ ഉടമസ്ഥരായിരുന്നതെല്ലാം പുനർനിർമ്മിക്കാൻ ശ്രമിക്കും. അപകടത്തിൽ സംഭവിച്ച പരിക്കുകളിൽ നിന്ന് സുഖം പ്രാപിച്ചുവരുന്നേയുള്ളൂ. അതുകൊണ്ടുതന്നെ ബൈക്കുകൾ ഓടിക്കാൻ നിലവിൽ കഴിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

അനുരാഗിന് എന്താണ് സംഭവിച്ചത്?

മാർച്ച് ആദ്യമാണ് തന്റെ കുടുംബവുമായുള്ള അസ്വാരസ്യങ്ങളെപ്പറ്റി അനുരാഗ് പരസ്യമായി സംസാരിച്ചത്. ഇതര മതക്കാരിയെ വിവാഹം കഴിച്ചതിന്റെ പേരിൽ സഹോദരനും മാതാപിതാക്കളും തന്നെ 'മാനസികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും' ചെയ്തതായി അദ്ദേഹം ആരോപിച്ചു. പിന്നീട്, ഇൻസ്റ്റഗ്രാം ലൈവ് സെഷനിടെ, അനുരാഗ് ആത്മഹത്യക്ക് ശ്രമിക്കുകയും കാർ അപകടത്തിൽപ്പെടുത്തുകയും ചെയ്തെന്നും പറയപ്പെടുന്നു. പിന്നാലെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ, ഭാര്യ തന്നെ ഉപേക്ഷിച്ചുപോയെന്നും അനുരാഗ് ആരോപിച്ചിരുന്നെങ്കിലും പിന്നീടവർ അദ്ദേഹത്തെ പിന്തുണച്ചു. മാർച്ച് 27-നാണ് ദമ്പതികൾക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. മകനെ കയ്യിലേന്തിക്കൊണ്ടുള്ള ചിത്രം പങ്കുവെച്ച് അനുരാഗ് ഇങ്ങനെയെഴുതി- "എന്റെ രണ്ടാമത്തെ ജന്മം എന്റെ കുഞ്ഞിനുവേണ്ടിയാണ്." 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi