'പ്രസവാവധി എടുക്കുന്നു', ഒടുവിൽ തുറന്നുപറഞ്ഞ് സമാന്ത; ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്ക് അവസാനം

സമാന്ത റൂത്ത് പ്രഭു, രാജ് നിദിമൊരു | Instagram
സമാന്ത റൂത്ത് പ്രഭു, രാജ് നിദിമൊരു | Instagram

തെന്നിന്ത്യൻ താരം സമാന്ത റൂത്ത് പ്രഭു ഗർഭിണിയാണെന്ന വാർത്തകൾ പുറത്തുവന്നിട്ട് കുറച്ചുദിവസങ്ങളായി. സമാന്ത നായികയായ 'മാ ഇന്റി ബംഗാരം' വിജയകരമായി തിയേറ്ററിൽ മുന്നേറുന്നതിനിടയിലാണ് ഇരട്ടിമധുരമായി ഈ വാർത്തയും ആരാധകരിലേക്കെത്തുന്നത്.

സിനിമയുടെ വിജയാഘോഷത്തിനിടയിലെ ഒരു വീഡിയോ പുറത്തുവന്നതോടെയാണ് സമാന്ത ഗർഭിണിയാണെന്ന വാർത്തകൾ പരന്നുതുടങ്ങിയത്. അപ്പോഴൊന്നും സമാന്തയോ ഭർത്താവും സംവിധായകനുമായ രാജ് നിദിമൊരുവോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. അതിനിടെ നടൻ ചിരഞ്ജീവിയെ സന്ദർശിച്ചിരുന്നു 'മാ ഇന്റി ബംഗാരം' താരങ്ങളും അണിയറപ്രവർത്തകരും. ആ ചിത്രങ്ങൾ പുറത്തുവിട്ട ചിരഞ്ജീവി, രാജിനും സമാന്തയ്ക്കും ജീവിതത്തിലെ പുതിയ ഘട്ടത്തിന് ആശംസകളും നേർന്നു. അതോടെയാണ് സമാന്ത ഗർഭിണിയാണെന്ന് ആരാധകർ ഉറപ്പിക്കുന്നത്. പിന്നാലെ സംവിധായിക ബി.വി.നന്ദിനി റെഡ്ഡിയും ആ വാർത്ത സത്യമാണെന്ന് വെളിപ്പെടുത്തി.
 

ഒടുവിലിതാ സമാന്ത തന്നെ അക്കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ്. താൻ ഗർഭിണിയാണെന്ന് പറഞ്ഞ സമാന്ത, ഉടൻതന്നെ കുറച്ചുകാലം മെറ്റേണിറ്റി ബ്രേക്ക് എടുക്കുമെന്നും പറഞ്ഞു. ഹൈദരാബാദിൽ നടന്ന 'മാ ഇന്റി ബംഗാര'ത്തിന്റെ വിജയാഘോഷപരിപാടികൾക്കിടെയാണ് സന്തോഷവാർത്ത പങ്കുവെച്ചത്. മാധ്യമങ്ങളോട് സംസാരിക്കവരെ, നിലവിലെ പ്രൊജക്ടുകൾ പൂർത്തിയാക്കിയശേഷം കുറച്ചുകാലം അഭിനയത്തിൽനിന്ന് ഇടവേളയെടുക്കുമെന്നും അവർ പറഞ്ഞു.

''ഇതിനുശേഷം, എന്റെ അവസ്ഥ കണക്കിലെടുത്ത് എനിക്കൊരു ചെറിയ ഇടവേള എടുക്കേണ്ടിവരും. എനിക്ക് പ്രസവാവധി എടുക്കേണ്ടിവരും. അതുകഴിഞ്ഞ് എന്റെ ആരാധകർക്കായി മറ്റൊരു ചിത്രവുമായി തിരിച്ചെത്തും,'' സാമന്ത പറഞ്ഞു. പിന്നാലെ തന്നെത്തേടി വന്ന എല്ലാ ആശംസകൾക്കും താരം നന്ദി പറയുകയും ചെയ്തു.

2025 ഡിസംബറിലാണ് സമാന്തയും രാജും കോയമ്പത്തൂരിൽവെച്ച് വിവാഹിതരായത്. 'ദ ഫാമിലി മാൻ' എന്ന സീരീസിന്റെ ചിത്രീകരണത്തിനിടയിലാണ് രാജും സമാന്തയും പ്രണയത്തിലായതെന്നാണ് റിപ്പോർട്ടുകൾ. അതിനുശേഷം 'സിറ്റഡെലി'ന്റെ ഇന്ത്യൻപതിപ്പായ 'സിറ്റഡെൽ; ഹണി ബണ്ണി' സംവിധാനം ചെയ്തതും രാജും സുഹൃത്ത് ഡി.കെ.യും ചേർന്നാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Samantha Ruth Prabhu officially confirms her pregnancy during the success event of 'Maa Inti Bangaram'. The actress announces a temporary break from acting for maternity leave.