‘48 വർഷം സിനിമയിൽ, ആ ദിവസം ഞങ്ങളുടെ കുടുംബത്തിന്റെയൊന്നാകെ ജീവിതം മാറ്റി'; അച്ഛന്റെ ആ യാത്ര ഓർത്ത് രാം ചരൺ

ചിരഞ്ജീവിയും കുടുംബവും/Instagram
ചിരഞ്ജീവിയും കുടുംബവും/Instagram

തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ സിനിമായാത്രയ്ക്ക് 48 വർഷം. അഞ്ച് പതിറ്റാണ്ടിനോട് അടുക്കുന്ന ഈ അഭിനയജീവിതം തെലുങ്ക് സിനിമയുടെ ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ അധ്യായമാണ്. അച്ഛന്റെ സിനിമാജീവിതത്തിലെ ഈ സുപ്രധാന നാഴികക്കല്ലിൽ വൈകാരികമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് മകൻ രാം ചരൺ.

ചിരഞ്ജീവി സിനിമയിലെത്തിയ ആ ദിവസം തങ്ങളുടെ കുടുംബത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചുവെന്ന് രാം ചരൺ കുറിച്ചു. പതിറ്റാണ്ടുകളായി അച്ഛന് പ്രേക്ഷകർ നൽകുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച താരം, 50 വർഷം പൂർത്തിയാക്കുന്ന ദിനത്തിനായി താൻ ഇപ്പോഴേ കാത്തിരിക്കുകയാണെന്നും പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് രാം ചരൺ അച്ഛന് ആശംസകൾ നേർന്നത്.

''സിനിമയിൽ താങ്കളുടെ യാത്ര തുടങ്ങിയിട്ട് 48 വർഷം, നന്നാ. നിങ്ങളുടെ ജീവിതത്തെയും ഞങ്ങളുടെ കുടുംബത്തിന്റെ ജീവിതത്തെയും മാറ്റിമറിച്ച ആ ദിവസത്തെക്കുറിച്ച് ഓരോ ദിവസവും ഓർക്കുന്നു. നിങ്ങൾ ചെയ്ത എല്ലാത്തിനും, വർഷങ്ങളായി പ്രേക്ഷകർ  നൽകുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും ഞാൻ നന്ദിയുള്ളവനാണ്. നന്നായുടെ യാത്ര എന്നും ഞങ്ങൾക്ക് പ്രചോദനമായിരിക്കും. ഇനി സിനിമയിലെ അതിശയകരമായ 50 വർഷം ആഘോഷിക്കുന്ന ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണ്,'' എന്നായിരുന്നു രാം ചരണിന്റെ കുറിപ്പ്.

1978ൽ പുറത്തിറങ്ങിയ 'പ്രാണം ഖരീദു'വിലൂടെയാണ് ചിരഞ്ജീവി അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായി അദ്ദേഹം വളർന്നു. 

തന്റെ സിനിമായാത്രയിൽ ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും ചിരഞ്ജീവിയും നന്ദി അറിയിച്ചു. വിശ്വസിച്ച് അവസരങ്ങൾ നൽകിയ നിർമാതാക്കൾക്കും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം നൽകിയ സംവിധായകർക്കും സഹതാരങ്ങൾക്കും സാങ്കേതികപ്രവർത്തകർക്കും പ്രേക്ഷകർക്കും അദ്ദേഹം നന്ദി പറഞ്ഞു. 

സിനിമയിലെത്തിയപ്പോൾ സ്വീകരിച്ച 'ചിരഞ്ജീവി' എന്ന പേര് പിന്നീട് ആരാധകരുടെ സ്‌നേഹത്തിലൂടെ സ്വന്തമായൊരു ഐഡന്റിറ്റിയായി മാറിയതിനെക്കുറിച്ചും താരം ഓർത്തെടുത്തു. പുരസ്‌കാരങ്ങളേക്കാളും വിജയങ്ങളേക്കാളും തനിക്ക് വിലപ്പെട്ടത് ആരാധകരുടെ സ്‌നേഹമാണെന്നാണ് ചിരഞ്ജീവി പറഞ്ഞത്. സ്വന്തം കുടുംബത്തിലെ ഒരാളെന്ന പോലെ പ്രേക്ഷകർ തന്നെ സ്വീകരിച്ചു, ആ സ്‌നേഹമാണ് ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

ചിരഞ്ജീവിയുടെ പുതിയ ചിത്രം 'വിശ്വംഭര' നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. കെ. സത്യവും കാദിരി കാളിദാസും സംവിധാനം ചെയ്യുന്ന 'കാക്ക'യുടെ ചിത്രീകരണവും പുരോഗമിക്കുകയാണ്. സംവിധായകൻ ശ്രീകാന്ത് ഒഡേലയുമായി മറ്റൊരു ചിത്രത്തിലും ചിരഞ്ജീവി ഒന്നിക്കുന്നുണ്ട്. അതേസമയം, രാം ചരൺ അവസാനമായി 'പെഡ്ഡി'യിലാണ് എത്തിയത്. താരത്തിന്റെ മറ്റ് പുതിയ പ്രോജക്ടുകളും അണിയറയിൽ ഒരുങ്ങുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi