ബി.ജെ.പി.യിൽ ചേർന്നാൽ രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കും? വിശദീകരണവുമായി കങ്കണ റണൗട്ട്

കുറച്ചുദിവസമായി നടിയും എം.പി.യുമായ കങ്കണ റണൗട്ടുമായി ബന്ധപ്പെട്ടൊരു വാർത്ത പരക്കാൻ തുടങ്ങിയിട്ട്. കങ്കണ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാനൊരുങ്ങുന്നുവെന്നതായിരുന്നു അത്. ആം ആദ്മി പാർട്ടിയിൽനിന്ന് രാഘവ് ഛദ്ദ പുറത്തുകടക്കുകയും ബി.ജെ.പി.യിൽ ചേരുകയും ചെയ്തതിനുപിന്നാലെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. ഒരു സോഷ്യൽമീഡിയ പേജാണ് ഇതിനെക്കുറിച്ചുള്ള അവകാശവാദവുമായി രംഗത്തെത്തിയത്. ''രാഹുൽ ഗാന്ധി ബി.ജെ.പി.യിൽ ചേർന്നാൽ, അദ്ദേഹത്തെ വിവാഹം കഴിക്കാൻ ഞാൻ തയ്യാറാണ്'', എന്ന് കങ്കണ പറഞ്ഞുവെന്നായിരുന്നു ആ പ്രചാരണം.
അതിനുതാഴെയുള്ള ക്യാപ്ഷൻ ഇങ്ങനെയായിരുന്നു, ''കങ്കണ റണാവത്ത് വീണ്ടും ഒരു ധീരവും അപ്രതീക്ഷിതവുമായ പരാമർശത്തിലൂടെ ഓൺലൈനിൽ ശ്രദ്ധ പിടിച്ചുപറ്റി. രാഹുൽ ഗാന്ധി ബിജെപിയിൽ ചേർന്നാൽ താൻ അദ്ദേഹത്തെ വിവാഹം കഴിക്കുമെന്ന് അവർ പറഞ്ഞതായി റിപ്പോർട്ടുകൾ. ആ കമന്റ് സോഷ്യൽ മീഡിയയിൽ വൈറലായി. ഇത് പരിഹാസമാണോ, അതോ ക്ലാസിക് കങ്കണ ശൈലിയിലുള്ള നാടകമാണോ എന്ന് ആളുകൾ ചർച്ച ചെയ്യുന്നു. തുറന്ന അഭിപ്രായങ്ങൾക്ക് പേരുകേട്ട കങ്കണ പലപ്പോഴും പ്രതിപക്ഷ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കാറുണ്ട്''. ഈ പോസ്റ്റ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പിന്നാലെ വലിയ ചർച്ചകൾക്കും മീമുകൾക്കും തുടക്കം കുറിക്കുകയും ചെയ്തു.
വ്യത്യസ്ത അഭിപ്രായങ്ങളുമായി സോഷ്യൽമീഡിയയും രണ്ടുതട്ടിലായി നിലകൊണ്ടു. 'ആരുടെയോ പി.ആർ കങ്കണ റണൗട്ടിനെ ലക്ഷ്യമിടുന്നു' എന്നും 'കങ്കണ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല' എന്നും ഒരുവിഭാഗം വ്യക്തമാക്കി. 'രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള അപവാദങ്ങൾ ചിലർ പ്രചരിപ്പിക്കുന്നു' എന്ന ആരോപണവുമായി മറ്റൊരു വിഭാഗവും രംഗത്തെത്തി.
അപ്പോഴൊന്നും കങ്കണയോ രാഹുലോ ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് കങ്കണ. ആ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടായിരുന്നു അവരുടെ പ്രതികരണം. ''എത്ര ദയനീയമാണ് ഈ വ്യാജ വാർത്ത. രാഷ്ട്രീയത്തിൽ പോലും സ്ത്രീകളോട് മാന്യത കാണിക്കുന്നില്ല. ഈ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെക്കുറിച്ചോർത്ത് നാണക്കേട് തോന്നുന്നു'', കങ്കണ കുറിച്ചു.
നേരത്തെ കേന്ദ്രമന്തി ചിരാഗ് പസ്വാനുമായി കങ്കണ പ്രണയത്തിലാണെന്ന വാർത്തകളും പുറത്തുവന്നിരുന്നു. തന്റെ സുഹൃത്താണ് ചിരാഗ് എന്നാണ് കങ്കണ അന്ന് പറഞ്ഞത്. രാഷ്ട്രീയത്തിൽ സജീവമായ കങ്കണ അവസാനമായി അഭിനയിച്ച സിനിമ 'എമർജൻസി' ആണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Viral social media rumours suggested Kangana Ranaut would marry Rahul Gandhi if he joined BJP. Kangana Ranaut officially debunked the claim on Instagram, labeling it pathetic and disrespectful