‘അവർ വിവാഹിതരാകാൻ പോവുകയാണ്’; വെളിപ്പെടുത്തി അനിരുദ്ധിന്റെ അമ്മാവൻ

കാവ്യ മാരൻ, അനിരുദ്ധ് രവിചന്ദർ | PTI, MBI Library
കാവ്യ മാരൻ, അനിരുദ്ധ് രവിചന്ദർ | PTI, MBI Library

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സി.ഇ.ഒ. കാവ്യ മാരനും വിവാഹിതരാകാൻ പോകുന്നു എന്ന അഭ്യൂഹങ്ങൾ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. തങ്ങളുടെ പ്രണയത്തെക്കുറിച്ചുള്ള ഈ വാർത്തകളോട് രണ്ടുപേരും ഇതുവരെ പ്രതികരിക്കുകയോ ഔദ്യോഗികമായി ഒന്നും വ്യക്തമാക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ ഇപ്പോൾ അനിരുദ്ധിന്റെ അമ്മാവൻ ഈ വിഷയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ. ജി. മഹേന്ദ്രൻ ഇവരുടെ വിവാഹം സ്ഥിരീകരിച്ചു എന്ന വാർത്തകൾ വന്നതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. കെ.പി.ടി.വി (KPTV)-ക്ക് നൽകിയ അഭിമുഖത്തിൽ, അനിരുദ്ധ് വളരെ ശാന്തനായ ഒരു പയ്യനാണെന്ന് മഹേന്ദ്രൻ വിശേഷിപ്പിച്ചിരുന്നു. ഒപ്പം ഉടൻ നടക്കാൻ പോകുന്ന വിവാഹത്തിന് അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു. “ഈയൊരു അവസരത്തിൽ ഞാൻ അവന് ആശംസകൾ നേരാൻ ആഗ്രഹിക്കുന്നു. അവൻ വിവാഹജീവിതത്തിലേക്ക് കടക്കുകയാണ്. എനിക്ക് ലഭിച്ച വിവരങ്ങൾ വെച്ച് നോക്കുകയാണെങ്കിൽ ഇത് ഉറപ്പായ കാര്യമാണ്. അവർ വിവാഹിതരാകാൻ പോവുകയാണ്,” അദ്ദേഹം പറഞ്ഞു. വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ മഹേന്ദ്രൻ തയ്യാറായില്ല.

“ആ പെൺകുട്ടി (കാവ്യ) വെറുമൊരു സാധാരണ പെൺകുട്ടിയല്ല. എസ്‌.ആർ.എച്ച് (SRH) പോലുള്ള ഒരു വലിയ ടീമിനെ നയിക്കാനുള്ള ശേഷി അവൾക്കുണ്ട്. അച്ഛന്റെ ബിസിനസ്സ് ബുദ്ധി അവൾക്ക് പാരമ്പര്യമായി കിട്ടിയിട്ടുണ്ട്. അവർ നല്ലൊരു ജോഡിയാണ്. രണ്ടുപേരും ഒന്നിച്ച് ചേർന്ന് മ്യൂസിക്കൽ ബിസിനസ്സിൽ ഏർപ്പെടണം,” എന്നും കൂട്ടിച്ചേർത്തു. അതേസമയം, അനിരുദ്ധ് രവിചന്ദറോ കാവ്യ മാരനോ ഇതുവരെ വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി യാതൊരു സ്ഥിരീകരണവും നൽകിയിട്ടില്ല.

പ്രണയ അഭ്യൂഹങ്ങൾ

അനിരുദ്ധിന്റെയും കാവ്യയുടെയും പേരുകൾ കൂട്ടിവായിക്കപ്പെടുന്നത് ഇത് ആദ്യമായല്ല. 2025-ൽ ഒരു റെഡ്ഡിറ്റ് (Reddit) പോസ്റ്റ് വലിയ രീതിയിൽ വൈറലായിരുന്നു. ഇരുവരും ഒരു വർഷത്തിലേറെയായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും അതിൽ അവകാശപ്പെട്ടിരുന്നു. അനിരുദ്ധിന്റെ ബന്ധുകൂടിയായ സൂപ്പർസ്റ്റാർ രജനീകാന്ത്, കാവ്യയുടെ പിതാവ് കലാനിധി മാരനെ കണ്ട് ഇവരുടെ ബന്ധത്തെക്കുറിച്ച് സംസാരിച്ചതായും ആ പോസ്റ്റിൽ ഉണ്ടായിരുന്നു.

എന്നാൽ അക്കാലത്ത് അനിരുദ്ധ് ഈ വിവാഹ വാർത്തകൾ നിഷേധിച്ചിരുന്നു. "വിവാഹമോ? ഹാഹ.. കൂളാവൂ സുഹൃത്തുക്കളെ, ദയവായി ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തൂ," എന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു. വിവാഹ വാർത്തകൾ ഗായകൻ തള്ളിക്കളഞ്ഞെങ്കിലും, കാവ്യയുമായുള്ള പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

തമിഴ് സിനിമയിലെ ഏറ്റവും വലിയ സംഗീത സംവിധായകരിൽ ഒരാളാണ് അനിരുദ്ധ്. തെലുങ്ക്, ഹിന്ദി ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. 2012-ൽ പുറത്തിറങ്ങിയ '3' എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. അതിലെ "വൈ ദിസ് കൊലവെറി ഡി" എന്ന ഗാനം ലോകമെമ്പാടും തരംഗമായി മാറി. 'ലിയോ' (2023), 'ഇന്ത്യൻ 2' (2024), 'വേട്ടയ്യൻ' (2024), 'വിടാമുയർച്ചി' (2025), 'കൂലി' (2025) എന്നിവയാണ് അദ്ദേഹത്തിന്റെ സമീപകാല പ്രോജക്ടുകൾ.

ഇന്ത്യയിലെ ഏറ്റവും വലിയ മീഡിയ ഗ്രൂപ്പുകളിലൊന്നായ സൺ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ കലാനിധി മാരന്റെ മകളാണ് കാവ്യ മാരൻ. സൺ ടിവി നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന അവർ, ഗ്രൂപ്പിന്റെ ഐ.പി.എൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ചുമതലയും വഹിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Y.G. Mahendran confirms the upcoming marriage of Anirudh Ravichander and Kavya Maran., Kavya Maran is recognized for her leadership at Sunrisers Hyderabad., Previous marriage rumors from 2025 were initially dismissed by Anirudh., No official statement has been released by Anirudh or Kavya yet.