'ആ തെറ്റുകൾ ഞാൻ തിരിച്ചറിഞ്ഞു; അവൾ ജീവിതത്തിൽ വന്നപ്പോൾ പൂർണനായെന്ന് തോന്നി'

ആമിർ ഖാൻ | PTI
ആമിർ ഖാൻ | PTI

2025-ലാണ് നടൻ ആമിർ ഖാൻ തന്റെ പങ്കാളിയായ ഗൗരി സ്പ്രാറ്റിനെ പുറംലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയത്. 25 വർഷമായി തങ്ങൾ തമ്മിൽ പരിചയമുണ്ടെന്നും ആമിർ അന്ന് വെളിപ്പെടുത്തി. അതിനുശേഷം പല പൊതുപരിപാടികളിലും ആമിറും ഗൗരിയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു. ആമിറിന്റെ കുടുംബത്തിലെ ചടങ്ങുകളിൽ പോലും സന്തോഷത്തോടെ എത്തിയ ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽമീഡിയയും ഏറ്റെടുത്തു.

പ്രണയത്തിലായതിനെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് ആമിർ ഇപ്പോൾ. ഗൗരിയെ കണ്ടെത്തിയത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറയുന്നു. ആ ബന്ധം തനിക്ക് വളരെയധികം സമാധാനം നൽകുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

നവ്ഭാരത് ടൈംസിനോട് സംസാരിക്കുകയായിരുന്നു ആമിർ. ''ഗൗരിയെ കണ്ടുമുട്ടിയതിൽ ഞാൻ വളരെയധികം ഭാഗ്യവാനാണ്. അവൾ ഏറ്റവും മികച്ചൊരു വ്യക്തിയാണ്. അവൾക്കൊപ്പമിരിക്കുമ്പോൾ എന്റെയുള്ളിൽ എപ്പോഴും സമാധാനം നിറയും. എന്റെ മുൻഭാര്യമാരായ റീന ദത്ത, കിരൺ റാവു എന്നിവർക്കൊപ്പമുള്ള എന്റെ ബന്ധവും വളരെ ആഴത്തിലുള്ളതാണ്. ഗൗരി എന്റെ ജീവിതത്തിലേക്ക് വന്നതിൽ ഞാൻ വളരെ അനുഗ്രഹിക്കപ്പെട്ടവനാണെന്നും എനിക്ക് തോന്നുന്നു. ഞങ്ങൾ ഒരുമിച്ച് വളരെ സന്തുഷ്ടരാണ്. ഇപ്പോൾ ഞാൻ പൂർണനാണെന്ന് എനിക്ക് തോന്നുന്നു''.

എല്ലാവരും എപ്പോഴെങ്കിലും തെറ്റുകൾ വരുത്താൻ സാധ്യതയുണ്ടെന്ന് ആമിർ ചൂണ്ടിക്കാട്ടുന്നു. ആ തെറ്റുകൾ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് വ്യക്തിപരമായും തൊഴിൽപരമായും തന്നെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ജീവിതത്തിൽ ഏറ്റവും കൂടുതൽ ഖേദം (regret) തോന്നിയതെപ്പോഴെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയതിങ്ങനെ, ''ജോലിയോടുള്ള പ്രതിബദ്ധത കാരണം, കുടുംബത്തിനും പ്രിയപ്പെട്ടവർക്കുമൊപ്പം സമയം ചെലവഴിക്കാൻ കഴിയാത്തതാണത്. ആ തെറ്റ് ഞാൻ ഇതിനകം തിരുത്താൻ തുടങ്ങിക്കഴിഞ്ഞു. 30-35 വർഷമായി അഭിനയം, നിർമാണം എന്നിവയിൽ അടിമയായതുപോലെയായിരുന്നു ഞാൻ. കോവിഡ് ജീവിതത്തിലെ ഒരു വഴിത്തിരിവാണ്. ആ സമയത്ത് എന്റെ ജീവിതം വീണ്ടും പരിശോധിക്കാനുള്ള അവസരം കിട്ടി. ആ സമയത്ത് എനിക്ക് ജോലി ചെയ്യാൻ കഴിഞ്ഞില്ല, അപ്പോൾ എനിക്ക് പലതും നഷ്ടപ്പെട്ടുവെന്നും ഈ സമയം വീണ്ടും വരില്ലെന്നും ഞാൻ മനസ്സിലാക്കി. എന്റെ മുൻഗണനകൾ മാറുന്നതിൽ കോവിഡ് വലിയ പങ്കുവഹിച്ചു''.

2025-ൽ പുറത്തിറങ്ങിയ 'സിതാരെ സമീൻ പർ' എന്ന ചിത്രത്തിലാണ് അവസാനമായി ആമിർ മുഴുനീളവേഷം അവതരിപ്പിച്ചത്. അതിനുശേഷം കൂലി, ഹാപ്പി പട്ടേൽ: ഖതർനാക് ജാസൂസ് തുടങ്ങിയ സിനിമകളിൽ അതിഥിവേഷത്തിലെത്തി. 'ഏക് ദിൻ' എന്ന ചിത്രമാണ് അദ്ദേഹം ഒടുവിലായി നിർമിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Aamir Khan acknowledges his past mistakes in relationships and professional life. He expresses gratitude for his relationship with Gauri, which brings him peace.