മുഖത്ത് വന്നു തൊട്ട തണുത്ത കാറ്റിൽ എന്നെത്തന്നെ മറന്ന ആ യാത്രയിൽ

ഭോപ്പാലിൽ എൻ.എ.പി.എം (NAPM) സമ്മേളനം നടന്ന ആ രണ്ട് ദിനങ്ങളിൽ ഞങ്ങൾ നഗരത്തിന്റെ മിടിപ്പുകൾ തേടി അലയുകയായിരുന്നു. മധ്യപ്രദേശ് ഗവൺമെന്റിന്റെ വിഖ്യാതമായ 'മൃഗനയനി' എന്ന ബൃഹത്തായ എംപോറിയം സന്ദർശിച്ചത് ആ യാത്രയിലെ മറക്കാനാവാത്ത ഒരനുഭവമായിരുന്നു. അവിടുത്തെ വിപുലമായ ശേഖരത്തിൽ ഓരോ സാരിയുടെയും തനിമയും നൂലിഴകളിലെ വൈവിധ്യവും നേരിട്ടു കണ്ടു മനസ്സിലാക്കാൻ എനിക്ക് സാധിച്ചു. എന്നാൽ, അവിടെനിന്നും തുണികൾ വാങ്ങാൻ തുനിഞ്ഞില്ല. അതിന്റെ പ്രധാന കാരണം അവിടുത്തെ ഉയർന്ന വിലയായിരുന്നില്ല; മറിച്ച് അത്തരം വലിയ ഷോറൂമുകളിൽ നിന്ന് തുണിത്തരങ്ങൾ ശേഖരിക്കുക എന്നത് എന്റെ താല്പര്യമേ ആയിരുന്നില്ല എന്നതാണ്.
പട്ടണങ്ങളിലെ വമ്പൻ സ്റ്റോറുകളിലോ എക്‌സിബിഷനുകളിലോ ഞാൻ പോകുന്നത് പുതിയ തുണിത്തരങ്ങൾ കണ്ടു പഠിക്കാനും അവയുടെ ഗുണമേന്മ മനസ്സിലാക്കാനും വേണ്ടിയാണ്. എന്റെ യഥാർത്ഥ ലക്ഷ്യം എപ്പോഴും തിരക്കേറിയ നഗരങ്ങളോ ഹോൾസെയിൽ വ്യാപാരികളോ അല്ല. മറിച്ച്, ഓരോ ഇഴയും നെയ്യുന്ന ഗ്രാമങ്ങൾ ആയിരുന്നു. ഉൾനാടൻ ഗ്രാമങ്ങളിലേക്ക് നേരിട്ടെത്തുക, അവിടുത്തെ തറികളിൽ വിരിയുന്ന വിസ്മയങ്ങൾ നേരിട്ട് കണ്ട് ശേഖരിക്കുക, അതിലാണ് ഞാൻ എന്നും സംതൃപ്തി കണ്ടെത്തുന്നത്. നഗരങ്ങളിലെ കച്ചവട കേന്ദ്രങ്ങളേക്കാൾ, ഗ്രാമീണ നെയ്ത്തുകാരുടെ ഇടങ്ങളിലേക്കായിരുന്നു എന്റെ മനസ്സു എപ്പോഴും സഞ്ചരിച്ചിരുന്നത്.
രണ്ടു ദിവസത്തെ സമ്മേളനം കഴിഞ്ഞ് മേധാ ദീദി കൊൽക്കത്തയിലേക്ക് തിരിക്കാൻ തയ്യാറെടുക്കുകയാണ്. ആദ്യ ദിവസം മുതൽ ദീദി ഒരു കാര്യം ആവർത്തിക്കുന്നുണ്ടായിരുന്നു. ഗാന്ധി ഭവനിലെ പരിപാടികൾക്ക് ശേഷം 'സെഞ്ച്വറി'യിലേക്ക് പോകണം. അവിടെ ഒരു രാത്രി തങ്ങി, അടുത്ത ദിവസം അവിടെ ഒരു പരിപാടി ഉണ്ട് അതിൽ പങ്കെടുത്ത ശേഷം മാത്രമേ നർമ്മദയിലേക്ക് പോകാവൂ എന്ന് ദീദിക്ക് നിർബന്ധമുണ്ടായിരുന്നു. സത്യത്തിൽ എനിക്ക് അത്ര താല്പര്യം തോന്നിയില്ല. 'എന്തിനാണ് ഈ സെഞ്ച്വറിയിൽ പോകുന്നത്? അവിടെ എന്താണുള്ളത്?' എന്നൊക്കെയായിരുന്നു എന്റെ ചിന്ത. എത്രയും പെട്ടെന്ന് നർമ്മദയിൽ എത്തണം അവിടുത്തെ ഗ്രാമങ്ങൾ കാണണം.
Content Highlights: Reflective insights on urban vs. rural craftsmanship and the importance of supporting village artisans., Personal narrative of the NAPM conference in Bhopal and the humanitarian focus of the movement., A scenic and meditative road trip experience from Bhopal to Narmada., First-hand encounter with the serene beauty of the Narmada river at Century.