കാതിലെ പിയേഴ്സിങ്; വേഗത്തിൽ ഉണങ്ങാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാം

AIനിർമിതചിത്രം
AIനിർമിതചിത്രം

ഒരു കാതിൽ തന്നെ അഞ്ചും ആറും കമ്മലുകളണിയുന്നതാണ് ഇന്ന് ട്രെൻഡ്. അതിനായി എത്ര വേദന സഹിക്കാനും തയ്യാറുമാണ്. എന്നാൽ കാതുകുത്തിയ ഭാഗം യഥാർഥത്തിൽ സുഖപ്പെടേണ്ട ഒരു മുറിവാണ്. അതിനുള്ളിലൂടെ ആഭരണം കടന്നിരിക്കുന്നതിനാൽ, സാധാരണ മുറിവിനേക്കാൾ അൽപം കൂടുതൽ ശ്രദ്ധ ആവശ്യവുമാണ്. കാതിന്റെ ലോബിലായാലും കാർട്ടിലേജിലായാലും മൂക്കിലായാലും, കുത്തിയ ഭാഗം വൃത്തിയായി സൂക്ഷിക്കുകയും അനാവശ്യമായി തൊടാതിരിക്കുകയും ചെയ്യുന്നതാണ് പ്രധാന കാര്യം. പിയേഴ്‌സിങ് വേഗത്തിൽ സുഖപ്പെടാൻ സഹായിക്കുന്ന അഞ്ച് കാര്യങ്ങൾ ഇവയാണ്...

വൃത്തിയായി സൂക്ഷിക്കാം: പുതിയ പിയേഴ്‌സിങ് കൂടുതൽ വൃത്തിയാക്കിയാൽ വേഗത്തിൽ ഉണങ്ങുമെന്ന ധാരണ ശരിയല്ല. അമിതമായി വൃത്തിയാക്കുന്നതും കുത്തിയ ഭാഗത്തെ കൂടുതൽ പ്രകോപിപ്പിക്കാം. അതുകൊണ്ട് ആവശ്യത്തിന് മാത്രം വൃത്തിയാക്കുകയാണ് നല്ലത്.

അസോസിയേഷൻ ഓഫ് പ്രൊഫഷണൽ പിയേഴ്‌സേഴ്‌സ് നിർദേശിക്കുന്നത് സലൈൻ വുണ്ട് വാഷ് ഉപയോഗിക്കാനാണ്. ഇതിൽ സോഡിയം ക്ലോറൈഡ് മാത്രം അടങ്ങിയിട്ടുള്ള ഉൽപ്പന്നം തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഹൈഡ്രജൻ പെറോക്‌സൈഡ്, റബ്ബിങ് ആൽക്കഹോൾ, ശക്തമായ ആന്റിസെപ്റ്റിക്കുകൾ, സുഗന്ധമുള്ള ഉൽപ്പന്നങ്ങൾ, ശക്തമായ ആന്റിബാക്ടീരിയൽ സോപ്പുകൾ എന്നിവ കുത്തിയ ഭാഗത്ത് ഉപയോഗിക്കുന്നത് ഒഴിവാക്കുക. അമിതമായി ഉപ്പുള്ള, വീട്ടിലുണ്ടാക്കുന്ന സലൈൻ ലായനികളും വേണ്ട.

ആഭരണത്തിൽ തൊടാതിരിക്കുക: 'കമ്മൽ ഇടയ്ക്കിടെ തിരിക്കണം, ഇല്ലെങ്കിൽ കാതുകുത്തിയ ഭാഗം അടഞ്ഞുപോകും' എന്ന പഴയ ഉപദേശം പലരും പിന്തുടരാറുണ്ട്. എന്നാൽ കുത്തിയ ഭാഗം സുഖപ്പെടുന്ന സമയത്ത് ആഭരണം തിരിക്കുകയോ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുകയോ ചെയ്യേണ്ടതില്ല.

അനാവശ്യമായി ആഭരണത്തിൽ പിടിക്കുകയും വലിക്കുകയും ചെയ്യുന്നത് മുറിവുണങ്ങുന്ന ടിഷ്യുവിൽ പ്രകോപനമുണ്ടാക്കാം. അതുകൊണ്ട് കമ്മൽ കറക്കുന്നതും, മൂക്കിലെ ആഭരണം ഇടയ്ക്കിടെ ചലിപ്പിക്കുന്നതും, രൂപപ്പെട്ടിരിക്കുന്ന ചെറിയ പുറംതോട് കൈകൊണ്ട് പറിക്കുന്നതും ഒഴിവാക്കുക.

വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കേണ്ട: പുതിയതായി കുത്തിയ ഭാഗത്ത് മഞ്ഞൾ, വേപ്പില അരച്ചത്, വെളിച്ചെണ്ണ, എസൻഷ്യൽ ഓയിൽ, നാരങ്ങാനീര്, ആപ്പിൾ സൈഡർ വിനാഗിരി, വെളുത്തുള്ളി തുടങ്ങിയവ പുരട്ടുന്നത് ഒഴിവാക്കുക.

ഇത്തരം വസ്തുക്കൾ സ്വാഭാവികമാണോ അല്ലയോ എന്നതല്ല പ്രശ്‌നം. പുതിയതായി കുത്തിയ ഭാഗത്തെ ചർമം വളരെ സെൻസിറ്റീവായിരിക്കും. വീട്ടിൽ തയ്യാറാക്കുന്ന മിശ്രിതങ്ങളിലൂടെ ചർമത്തിന് പ്രകോപനമുണ്ടാകാനും അണുക്കൾ പ്രവേശിക്കാനും സാധ്യതയുണ്ട്. അതിനാൽ പരീക്ഷണങ്ങൾ ഒഴിവാക്കി പിയേഴ്‌സിങ് ആഫ്റ്റർകെയറിനായി നിർദേശിച്ചിട്ടുള്ള രീതികൾ മാത്രം പിന്തുടരുന്നതാണ് സുരക്ഷിതം.

മേക്കപ്പും സ്‌കിൻകെയറും അകറ്റിനിർത്താം: പുതിയ പിയേഴ്‌സിങ്ങിന് 10-സ്റ്റെപ്പ് സ്‌കിൻകെയർ റൂട്ടീൻ ആവശ്യമില്ല. മറിച്ച്, കുത്തിയ ഭാഗത്തിന് ചുറ്റും ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ കുറയ്ക്കുന്നതാണ് നല്ലത്.

ഫൗണ്ടേഷൻ, കൺസീലർ, ഫേസ് ക്രീമുകൾ, സെറം, സുഗന്ധമുള്ള ഉൽപ്പന്നങ്ങൾ എന്നിവ കുത്തിയ ഭാഗത്ത് എത്താതിരിക്കാൻ ശ്രദ്ധിക്കുക. മുടിയിൽ ഉപയോഗിക്കുന്ന ഹെയർ ഓയിൽ, ഹെയർ സ്‌പ്രേ, മറ്റ് സ്‌റ്റൈലിങ് ഉൽപ്പന്നങ്ങൾ എന്നിവയും പുതിയ പിയേഴ്‌സിങ്ങിൽ നിന്ന് അകറ്റിനിർത്തണം.

ഉരസലും തട്ടലും ഒഴിവാക്കാം: പിയേഴ്‌സിങ് വേദനിക്കുന്നതിന് ആഭരണം മാത്രം കാരണമാകണമെന്നില്ല. തുടർച്ചയായ ഉരസലും ചെറിയ തട്ടലുകളും മുറിവുണങ്ങുന്ന പ്രക്രിയയെ ബാധിക്കാം. കാതുകുത്തിയതാണെങ്കിൽ, അതേ വശത്തേക്ക് തിരിഞ്ഞ് ഉറങ്ങുന്നത് ഒഴിവാക്കുക. ഹെഡ്‌ഫോൺ ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം. മുടി കമ്മലിൽ കുടുങ്ങുന്നത്, വസ്ത്രം മാറുമ്പോൾ കമ്മലിൽ പിടിക്കുന്നത്, വസ്ത്രങ്ങളോ തലയിണയോ കുത്തിയ ഭാഗത്ത് തുടർച്ചയായി ഉരസുന്നത് എന്നിവയും ഒഴിവാക്കാം. വേദന, ചുവപ്പ്, വീക്കം, ചൂട്, പഴുപ്പ് തുടങ്ങിയ പ്രശ്‌നങ്ങൾ കൂടുകയോ തുടരുകയോ ചെയ്താൽ സ്വയം ചികിത്സിക്കുന്നതിന് പകരം വിദഗ്ധരുടെ സഹായം തേടുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi