ചില പൂന്തോട്ടച്ചെടികള്‍

നളിനി ടീച്ചറുടെ വീടിന്റെ ഗേറ്റ് തുറന്ന്, മനോഹരമായി അലങ്കരിച്ചുവെച്ചിരിക്കുന്ന തോട്ടത്തിലെ പൂക്കളെയും ചെടികളെയും ശ്രദ്ധിച്ച് വീടിനുനേരെ നടക്കുമ്പോഴാണ് ചെടികള്‍ക്കിടയില്‍ നിന്നും ടീച്ചര്‍ ഉയര്‍ന്നുവന്നത്. സ്‌കാര്‍ഫുകെട്ടിയ തലയില്‍ അവിടവിടെ പറ്റിക്കൂടിയ പൂക്കളെയും ഇലകളെയും തട്ടിമാറ്റി, ചെടികളെ നോവിക്കാതെ വകഞ്ഞുമാറ്റിക്കൊണ്ട് ടീച്ചര്‍ പുറത്തേക്കുവന്നു.
'അല്ല ഇതാര്... സുചിത്രയോ... കുറെയായല്ലോ കണ്ടിട്ട്.. എന്താ ഇതുവഴിയൊക്കെ' ടീച്ചര്‍ ചോദിച്ചു.
'തയ്പിക്കാന്‍ കൊടുക്കാനിറങ്ങിയതാ... പിന്നെ ടീച്ചറെ ഒന്നു കണ്ടുപോകാമല്ലോ എന്നു വിചാരിച്ചു' സുചിത്ര പറഞ്ഞു.
'അതേതായാലും നന്നായി ഞാന്‍ കുറച്ചു പുതിയ വെറൈറ്റികളൊക്കെ തോട്ടത്തിലേക്കും അകത്തേയ്ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്. അതിന്റെ പണിയിലാ. എല്ലാം സുചിത്രയ്‌ക്കൊന്ന് കാണുകേം ചെയ്യാമല്ലോ.' പുതിയ വെറൈറ്റികള്‍ പ്രദര്‍ശിപ്പിക്കാനും അതിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും ഒരാളെ കിട്ടിയ സന്തോഷത്തിലായിരിക്കണം ടീച്ചര്‍ ചിരിച്ചുംകൊണ്ടു പറഞ്ഞു. ആമുഖത്തിന്റെ അകമ്പടികളൊന്നുമില്ലാതെതന്നെ ടീച്ചര്‍ അപ്പോഴേയ്ക്കും വിവരണം തുടങ്ങിക്കഴിഞ്ഞിരുന്നു.
'ദാ ഇത് കണ്ടോ... ഇത് പുതിയതാ... തായ്‌വാന്‍ പേര... പഴുത്താല്‍ അകം നല്ല ചൊകചൊകാന്നിരിക്കും... സിന്ദൂരച്ചക്കയ്ക്കും വിയറ്റ്‌നാം സൂപ്പറിനും ഇടയില്‍ പുതുതായി മണ്ണിലിറക്കിവെച്ചിരിക്കുന്ന പേരയ്ക്കാമരം തലോടിക്കൊണ്ട് ടീച്ചര്‍ പറഞ്ഞു.
പിന്നേണ്ട്... കുറച്ച് ഇന്‍ഡോര്‍ ഐറ്റംസും കൂടി, വഴിയെ കാണിയ്ക്കാം...
മുറ്റത്തിന്റെ വലത്തേ അതിരില്‍ നിറയെ മണമുള്ള പൂക്കളാണ് അധികവും. വെളുത്ത സുന്ദരിപ്പൂവുകള്‍ നിറഞ്ഞ രണ്ടിനം മുല്ലകള്‍, രജനിഗന്ധ, പുതുതായി എത്തിയ അറേബ്യന്‍ ജാസ്മിന്‍... മതിലിനോട് ചേര്‍ന്നുനില്ക്കുന്ന പവിഴമല്ലിയും ചെമ്പകവും. ചുവപ്പും വെള്ളയും റോസും നിറത്തിലുള്ള സീനിയകള്‍. സുഗന്ധത്തിലും ഭംഗിയിലും പരസ്പരം മത്സരിച്ചെന്നപോലെ അവ അവിടം നിറഞ്ഞുനിന്നു. സന്ദര്‍ശകരുടെ കൈയടയാളങ്ങള്‍ അധികം പതിയാതിരിക്കാന്‍ വേണ്ടിയാണ് അവ ഗേറ്റില്‍ നിന്നും കുറച്ച് ദൂരം മാറി ഒരുക്കിയതെന്ന് ഒരിക്കല്‍ ടീച്ചര്‍ പറഞ്ഞിരുന്നു.
ഇടയ്ക്കിടെ ഉയര്‍ന്നുനില്ക്കുന്ന ചെറുതും വലുതുമായ ഫലസസ്യങ്ങളും ടീച്ചറുടെ പൂന്തോട്ടത്തിന്റെ ഓരം പറ്റി നില്പുണ്ടായിരുന്നു.
കൈയിലെ മണ്ണുകുടഞ്ഞശേഷം, ടീച്ചര്‍ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോയി അറേബ്യന്‍ ജാസ്മിന്റെ മുകളില്‍ മൂക്കുമുട്ടിച്ച് വാസനിപ്പിച്ചശേഷം ചോദിച്ചു:
'ഇവളെങ്ങനെണ്ട്... നമ്മുടെ മുല്ലയൊന്നും അട്ക്കില്ല...!'
അറേബ്യന്‍ ജാസ്മിന്റെ മണത്തെക്കാളേറെ അന്നേരം പൂവില്‍ നിന്നും മൂക്കില്‍ അരിച്ചുകയറിയ പൊടി തീര്‍ത്ത അസ്വസ്ഥതയായിരുന്നു പുറത്തുവന്നത്... എന്നിട്ടും പറഞ്ഞു:
'കൊള്ളാം, നന്നായിട്ടുണ്ട്.'
നളിനി ടീച്ചര്‍ അങ്ങനെയാണ്, പൂന്തോട്ടത്തെപ്പറ്റി പറയുമ്പോഴും തോട്ടത്തിലെ ചെടികളും പൂക്കളും ഫലവൃക്ഷങ്ങളും കാണിച്ച് അവയെപ്പറ്റി വിവരിക്കുമ്പോഴും അവരില്‍ ആവേശം വാനോളം നിറയും. കൂടുതല്‍ പണം ചെലവാക്കി ചെടികള്‍ വാങ്ങുന്നത് ടീച്ചര്‍ക്ക് അല്പം വിഷമമുള്ള കാര്യമാണെങ്കിലും പുതിയ വെറൈറ്റികള്‍ എത്രയും പെട്ടെന്നുതന്നെ ടീച്ചര്‍ സംഘടിപ്പിക്കും. ചിലപ്പോള്‍ സ്‌കൂളിലെ കുട്ടികളുടെ വീട്ടില്‍നിന്നോ ടീച്ചറുടെ ബന്ധുവീടുകളില്‍ നിന്നോ ആയിരിക്കുമത്. ബന്ധുവീടുകളിലേയക്കുള്ള ടീച്ചറുടെ സന്ദര്‍ശനം തന്നെ ഇത്തരം ചില ഉദ്ദേശത്തോടെയാണെന്ന് പറയുന്ന ചില ബന്ധുക്കളുമുണ്ട്.
ഇതിനൊക്കെ എവിടുന്നാ ഇത്രയും സമയം എന്നു ചോദിക്കണമെന്ന് പലപ്പോഴും മനസ്സില്‍ കരുതിയിരുന്നെങ്കിലും ചോദിച്ചില്ല. റിട്ടയര്‍മെന്റിനുശേഷം ടീച്ചര്‍ക്ക് ഇഷ്ടംപോലെ സമയം കിട്ടാറുണ്ടെങ്കിലും ജോലിയുള്ള സമയങ്ങളിലും ടീച്ചര്‍ അങ്ങനെതന്നെയായിരുന്നു. സ്‌കൂള്‍ കഴിഞ്ഞുവന്നാലും ഒഴിവുദിവസങ്ങളിലും ടീച്ചര്‍ പൂന്തോട്ടത്തിലായിരുന്നു മിക്കസമയത്തും. പലതവണ ടീച്ചറുടെ വീട്ടില്‍ പോയിട്ടുണ്ടെങ്കിലും ഒരിക്കല്‍പ്പോലും ടീച്ചറെ പൂന്തോട്ടത്തിലല്ലാതെ മറ്റൊരിടത്തുവെച്ചും കണ്ടുമുട്ടിയിരുന്നില്ല എന്ന കാര്യം സുചിത്ര പ്രത്യേകം ഓര്‍ത്തു. പക്ഷെ, മറ്റു പല ജോലിക്കാരികളായ സ്ത്രീകള്‍ക്കും ഇതിനൊന്നും സമയം കണ്ടെത്താന്‍ കഴിയാറില്ല എന്നതായിരുന്നു സത്യം.
ഉദാഹരണത്തിന് ടീച്ചറുടെ വീടിനടുത്തുതന്നെ കുടുംബസമേതം താമസിക്കുന്ന അനിയത്തി മിനി ടീച്ചറുടെ കാര്യമെടുക്കാം. രണ്ടുപേരുടെയും വീടും പരിസരവും പൂന്തോട്ടവും തികച്ചും വ്യത്യസ്തമായിരുന്നു. നേരെ വിപരീതവുമായിരുന്നു എന്നു പറയുന്നതാവും ശരി. എല്ലാം അടുക്കും ചിട്ടയോടുംകൂടിമാത്രം കരുതിവെച്ച നളിനിടീച്ചറുടെ വീട്ടില്‍, ടീച്ചറുടെ കൈയെത്തുന്ന ഒരിടത്തുപോലും ഒരു ചെടിയിലെയും ഇലയോ പൂവോ എറിച്ചുനിന്നിരുന്നില്ല. പക്ഷെ, മിനിടീച്ചറുടെ പൂന്തോട്ടം ഇങ്ങനെയൊന്നുമായിരുന്നില്ല. സതീശന്‍മാഷുടെയും മിനിടീച്ചറുടെയും വീടിന്റെ മതിലിലും വീട്ടിലേയ്ക്ക് കടക്കുന്ന വഴികളിലും എന്തിന് മുറ്റത്തുപോലും പുല്ലും പടര്‍പ്പും അലക്ഷ്യമായി വളര്‍ന്നുനില്പുണ്ട്. മണ്ണിനടിയില്‍ വേരുകളിലൂടെയും മുകളില്‍ ആകാശത്ത് ശാഖകളിലൂടെയും അവ പരസ്പരം കെട്ടിപ്പുണര്‍ന്നുനിന്നു. കഴിയാവുന്നത്ര അടുത്ത് ഓരോന്നിന്റെയും ശാഖകളും ഇലകളും തൊട്ടുരുമ്മിക്കൊണ്ടായിരുന്നു നിന്നത്. മതിലുകള്‍ മറികടന്ന് ഇടയ്ക്ക് നളിനിടീച്ചറുടെ പൂന്തോട്ടത്തിലേയ്ക്കും മിനിടീച്ചറുടെ ശംഖുപുഷ്പവും കോവയ്ക്കാവള്ളികളും വന്നുനോക്കാറുണ്ടെങ്കിലും നളിനിടീച്ചര്‍ അതൊക്കെ നിഷ്‌കരുണം അറുത്തുമാറ്റുകയാണ് പതിവ്. സ്വന്തം അനിയത്തിയുടെ പൂന്തോട്ടത്തെക്കുറിച്ചാണെങ്കിലും ടീച്ചര്‍ ഒരിക്കല്‍ പറയുകയുണ്ടായി:
'നീ കണ്ടോ മിനീന്റെ പൂന്തോട്ടം, അതൊരു തോട്ടമാണോ. എന്തൊരു വൃത്തികേട്... തെച്ചിയും മന്ദാരവും കടലാസുപൂക്കളും ചെമ്പരത്തിയും തുളസിയും കാടുപോലെ പടര്‍ന്നുകൂടിയിരിക്കുന്നു. അവര്‍ക്കു രണ്ടുപേര്‍ക്കും സ്‌കൂളിലേക്ക് പത്തുമിനിറ്റ് തെകച്ച് വേണ്ട എത്താന്‍... പക്ഷെ.. സ്‌കൂള് വിട്ട് വന്നാല് കുറച്ച് സമയം അതൊക്കെ ഒന്ന് വൃത്തിയാക്കിക്കൂടെ... ചെയ്യൂല... സതീശന് എപ്പോഴും വായനതന്നെ വായന... പിന്നെ, ശന്യൂം ഞായറും... അന്ന് എല്ലാരുംകൂടി എറങ്ങും വണ്ടീം എടുത്ത്... കറങ്ങിത്തിരിഞ്ഞ് രാത്രി എത്തും... മുറ്റം മുഴുവന്‍ പുല്ല് മൂടീട്ട് കഴിഞ്ഞ കൊല്ലം അതിനൊരു പരിഹാരമായി ടൈല് വിരിച്ചു... ഇപ്പെന്തായി.... ടൈലിനിടയിലൂടെ മുത്തങ്ങാപ്പുല്ലും മുക്കുറ്റിയും കാളപ്പുല്ലും പൊന്തി... ഒന്നുംകൂടി വൃത്തികേടായി. ആ നക്ഷത്രമുല്ല ഏതാണ്ട് അവരുടെ ഗേറ്റ് മൂടിക്കഴിഞ്ഞിരിക്കുന്നു.'
ശരിയാണ്, നേര്‍ത്ത അഞ്ചുദളങ്ങള്‍ വിടര്‍ത്തി നിറയെ പൂത്തുനില്‍ക്കുന്ന നക്ഷത്രമുല്ല സതീശന്‍ മാഷിന്റെ വീടിന്റെ ഗേറ്റിന് മുകളിലത്തെ ആര്‍ച്ചും വശങ്ങളും കഴിഞ്ഞ് താഴോട്ടിറങ്ങിയിരിക്കുന്നു. മഞ്ഞയും വെള്ളയും പിങ്കും നിറത്തിലുള്ള ബോഗന്‍വില്ലയുടെ മുള്ളുനിറഞ്ഞ കൈകാലുകള്‍ മതിലും കടന്ന് നിരത്തിലേയ്ക്ക് തൂങ്ങിയാടുന്നു... കാറ്റിലാടുന്ന അവയെ കണ്ടുനില്‍ക്കാന്‍ നല്ല രസമാണെന്ന് സുചിത്രയ്ക്ക് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. മുള്ളു പേടിച്ചിട്ടാണ്, അവയുടെ കൂര്‍ത്ത മുള്ളുകൊണ്ടാല്‍ കുത്തിക്കുത്തി കടച്ചിലെടുക്കും. അല്ലെങ്കില്‍ ആ മതിലിലേക്ക് തൂങ്ങിനില്‍ക്കുന്ന ഭാഗത്തുനിന്ന് വെറുതെ ഒരു കമ്പ് പൊട്ടിച്ചെടുക്കാന്‍ പലപ്പോഴും തോന്നിയിട്ടുണ്ട്.
മുറ്റത്തുനിന്നും നളിനിടീച്ചറുടെ കോലായയിലേയ്ക്ക് കയറുന്ന വിശാലമായ മൂന്നു സ്റ്റെപ്പുകളുടെ ഒരുഭാഗത്ത് മൂന്നുകളറിലുള്ള ഡ്വാര്‍ഫ് ബോഗന്‍വില്ലയുടെ ചെടികളുണ്ട്. ഒരിലയോ പൂവോ പോലും പുറത്തേയ്ക്കുനില്‍ക്കാതെ വെട്ടിയൊതുക്കിവെച്ചിരിക്കുന്നു. മൂന്നു കളറിലുള്ള പന്തുകള്‍ എടുത്തുവെച്ച പോലെ. അതിന് എതിര്‍വശത്തായി മൂന്നുതരം മണിപ്ലാന്റുകള്‍ ചൂടി ചുറ്റിയ കമ്പില്‍ ഭംഗിയായി പടര്‍ത്തിവെച്ചിരിക്കുന്നു. അതിന്റെ ഇലകളുടെ കൂര്‍ത്ത അറ്റങ്ങള്‍ തട്ടുതട്ടായി ഒരേപോലെ അടക്കത്തില്‍ ഒതുങ്ങി നിന്നു. ഇളം പച്ചയും കടും പച്ചയും മറ്റൊന്ന് കടുംപച്ചയില്‍ വെള്ളയും നേരിയ മഞ്ഞയും കലര്‍ന്നതും. മണിപ്ലാന്റിന്റെ ഗുണങ്ങളെക്കുറിള്ള ക്ലാസ് ഇതിന് മുമ്പ് എടുത്തിരുന്നതായതുകൊണ്ടാവണം ഇത്തവണ ടീച്ചര്‍ അതിന് മുതിര്‍ന്നില്ല.
പടികള്‍ കയറി കോലായയില്‍ നിന്ന് പ്രവേശിച്ച ഹാളില്‍ കോണോടുകോണ്‍ ചേര്‍ത്തുവെച്ച രണ്ടു സോഫകള്‍ക്ക് നടുവില്‍ ചുമരിനോട് ചേര്‍ന്നുനിന്ന സാമാന്യത്തിലധികം ഉയരമുള്ള റൗണ്ട് സ്റ്റാന്റിലെ മൂന്നു പോട്ടുകള്‍ക്കുനേരെ കൈചൂണ്ടി ടീച്ചര്‍ പറഞ്ഞു:
ഇത് പുതിയ ഐറ്റംസാണ്... സുചിത്ര ഫെങ് ഷൂയ് പ്ലാന്റ്‌സിനെക്കുറിച്ച് കേട്ടിട്ടുണ്ടോ... ഫെങ് ഷൂയി തിയറി..'
അജ്ഞതയുടെ ജാള്യത്തോടെ പറഞ്ഞു:
'ഇല്ല'
ഏതോ അഗാധചിന്തയിലാണ്ടിരിയ്ക്കുന്ന പെണ്‍കുട്ടിയുടെ രൂപത്തിലുള്ള മനോഹരമായ ഒരു സിറാമിക് പോട്ടിലുള്ള കട്ടി ഇലയുള്ള ചെടിയും ഹൃദയരക്തത്തിന്റെ നിറം കലര്‍ന്ന ചുകന്ന പോട്ടിലുള്ള വിവിധ വര്‍ണ്ണങ്ങളോടുകൂടിയ ഇലകളുള്ള ചെടിയും, ഗ്ലാസ് പോട്ടിലുള്ള ലക്കിബാംബുവും തൊട്ടും തലോടിയും ടീച്ചര്‍ ഫെങ് ഷൂയി തിയറി സുചിത്രയ്ക്ക് വിവരിച്ചുകൊടുത്തു. ഇന്നേരമത്രയും സുചിത്ര, സ്വീകരണമുറിയില്‍നിന്നും ആകാശത്തേയ്ക്ക് പടരാന്‍ വെമ്പിനിന്ന മുരടിച്ച ശാഖകളുള്ള ബോണ്‍സായ് വൃക്ഷത്തിന്റെ ദൈന്യത നോക്കിനില്ക്കുകയായിരുന്നു.
പിന്നീടങ്ങോട്ട് അടുക്കളയിലും ഡൈനിങ് ടേബിളിലും സ്റ്റെയര്‍കേസിലും ബെഡ്‌റൂമിലും ഒരുക്കിയ സ്‌പൈഡര്‍ പ്ലാന്റും ഗോള്‍ഡന്‍ പോത്തോസും സ്‌നേക്ക് പ്ലാന്റും ഇംഗ്ലീഷ് ഐവിയും... അങ്ങനെയങ്ങനെ അറിവിന്റെ മഹാസാഗരങ്ങളിലൂടെയും ഗിരിശൃംഗങ്ങളിലൂടെയും പച്ചപ്പുകളുടെ നിഗൂഢരഹസ്യങ്ങളുടെ കെട്ടഴിച്ചുകൊണ്ടിരുന്നു...
ഇടയ്‌ക്കെപ്പോഴോ സുചിത്ര വാച്ചുനോക്കിക്കൊണ്ട് അക്ഷമ കാണിച്ചപ്പോള്‍ ടീച്ചര്‍ പറഞ്ഞു:
'നോക്കൂ... സുചിത്രേ, നിനക്ക് സമയമുള്ളപ്പം വാ... നമുക്കിതിന്റെയൊക്കെ തൈ പിടിപ്പിച്ച്, വീട്ടിലേയ്ക്കും എടുക്കാ... വെറുതെ പണം കൊടുത്ത് വാങ്ങണ്ട... എന്താ ഇതിന്റ്യൊക്കെ വെല.'
പിടി മെല്ലെ അയഞ്ഞുവെന്ന തോന്നിയ സന്ദര്‍ഭത്തില്‍ സുചിത്ര പറഞ്ഞു:
'ശരി ടീച്ചര്‍ ഞാന്‍ വേറൊരു ദിവസം വരാം... ശശ്യേട്ടനും മക്കളും ഇപ്പം വര്ന്ന്ണ്ടാവും. എന്നെ കണ്ടില്ലെങ്കില്‍ കുട്ടികള്‍ രണ്ടുംകൂടി ഭക്ഷണം കഴിക്കാതെ നേരെ കളിയ്ക്കാന്‍പോകും. പിന്നെ വരുന്നത് ഇരുട്ടിയ്ട്ടായ്‌രിക്കും.'
മറുപടിയെന്നോണം, സ്‌നേക്ക് പ്ലാന്റിന് വെള്ളം സ്‌പ്രേ ചെയ്യുന്നതിനിടയില്‍ ടീച്ചര്‍ പറഞ്ഞു:
ഇവ്‌ടൊരാള്ണ്ട്... രാവിലെ പോവും പിന്നെ പാതി രാത്രിയ്ക്ക് വരും... അതിനെടേല് ആരോടെങ്കിലുമൊക്കെ എന്തെങ്കിലും മിണ്ടണ്ടേ... മനുഷ്യന്മാരല്ലേ... എന്റെ സംസാരം മുഴുവന്‍ ഈ പറമ്പിലെ ചെടികളോടും പൂക്കളോടും ചിലപ്പോഴൊക്കെ അവ തിന്നാനെത്തുന്നവരോടും മാത്രമാണ്... ചെടികളും വികാരങ്ങളുള്ളവ തന്ന്യാ... ഞാന്‍ അട്‌ത്തെത്ത്യാ എന്റെ സപ്പോട്ടേം മാങ്കോസ്റ്റിനും ഇലകുടഞ്ഞൊരു ചിരിയ്ണ്ട്... എന്റെ സംസാരം കേട്ട് അത്ങ്ങള് തലയാട്ട്ന്നത് ഒന്ന് കാണണ്ടത്തന്ന്യാ...'
ശശ്യേട്ടന്‍ വായിച്ചുവെച്ച 'വൃക്ഷങ്ങളുടെ രഹസ്യജീവിതം' എന്ന പുസ്തകത്തിന്റെ ചില ഏടുകള്‍ മറിച്ചുനോക്കിയപ്പോഴാണ് ചെടികളുടെ ജീവിതത്തിലെ രഹസ്യാത്മകതകള്‍ സുചിത്ര ഇതിനു മുമ്പ് അറിഞ്ഞത്. അവയുടെ ഭാഷയും സ്‌നേഹവും സാമൂഹികജീവിതവും തുടങ്ങി രസകരമായ ഒട്ടേറെ കാര്യങ്ങളെപ്പറ്റിയുള്ള വിവരങ്ങളുണ്ടായിരുന്നു അതില്‍. ആ പുസ്തകത്തിന്റെ തലക്കെട്ടിലുള്ള 'രഹസ്യജീവിതം' എന്ന വാക്കായിരുന്നു അതെടുത്തു വായിയ്ക്കാനായി പ്രേരിപ്പിച്ചിരുന്നത് എന്നതായിരുന്നു തമാശ... അതോര്‍ത്ത് സുചിത്രയൊന്നു രഹസ്യമായി ചിരിക്കുകയും ചെയ്തു.
അപ്പോഴാണ് ടീച്ചറുടെ കുടുംബകാര്യങ്ങളൊന്നും അന്വേഷിച്ചില്ല എന്ന കാര്യം ഓര്‍ത്തത്. അതിന്റെ ഒരു ചമ്മലില്‍ ടീച്ചറോട് ചോദിച്ചു: ടീച്ചറുടെ മകനും ഭാര്യേം ഇപ്പം എവിട്യാ?'
'അവര് ബാംഗ്ലൂരാ... കല്ല്യാണം കഴിഞ്ഞിട്ട് മൂന്നുകൊല്ലം കഴിഞ്ഞു. കഴിഞ്ഞാഴ്ച വന്നിട്ട്ണ്ട്... അവള്‌ടെ വീട്ടില് പോയിരിയ്ക്കാ. അഞ്ചരയ്ക്ക് എത്തൂന്ന് പറഞ്ഞിട്ട്ണ്ട്... ഭാഗ്യണ്ടെങ്കില്‍ സുചിത്രയ്ക്ക് ഇപ്പം കാണാം... സമയം ദാ അഞ്ചര്യായ്... അവന്‍ എല്ലാ കാര്യത്തിലും എന്നെപ്പോലെതന്നെ കൃത്യാ...'
പറഞ്ഞ് തീരുന്നതിനു മുമ്പേ, തുറന്നിട്ട ഗേറ്റിലൂടെ അരുണും ഭാര്യയും കടന്നുവന്നു.
ടീച്ചര്‍ മോനെ അടുത്തേക്ക് പിടിച്ച് പറഞ്ഞു: 'ഒരു ഇലയോ പൂവോ തെറ്റിനില്‍ക്കാത്ത എന്റെ ചെടികളെപ്പോലെ, നല്ല അനുസരണയാ ഇവന്. അഞ്ചരയ്ക്ക് മുന്നേ എത്തണംന്നാ ഞാന്‍ പറഞ്ഞത്... കണ്ടില്ലേ നീ സുചിത്രേ...'
സുന്ദരിയായ ആ പെണ്‍കുട്ടി ചിരിച്ചെന്നു വരുത്തി മുഖം തരാതെ അകത്തേയ്ക്ക് കടന്നുപോയി.
പൂന്തോട്ടത്തില്‍ വെട്ടിയൊതുക്കി നിര്‍ത്തിയ ചുവപ്പ് മഞ്ഞ വെള്ള നിറങ്ങളിലുള്ള തെച്ചിപ്പൂച്ചെടികളുടെ സമീപം ക്ലീന്‍ഷേവ് ചെയ്ത ഭംഗിയായി വെട്ടിയൊതുക്കിയ മുടിയുള്ള കറുത്ത കണ്ണട വെച്ച, ജീന്‍സും ഷര്‍ട്ടും ധരിച്ച് ഇന്‍ ചെയ്ത, കറുത്ത ഷൂസിട്ട അരുണ്‍ നിന്നു... ഒന്നും മിണ്ടാതെ.
'ഞാന്‍ അരുണിനെ കണ്ടിട്ടു വര്‍ഷം കുറച്ചായി... അവസാനം കണ്ടപ്പോള്‍ അവന്‍ സ്‌കൂളില്‍ പഠിയ്ക്ക്യായിരുന്നു. കല്യാണത്തിന് ഞങ്ങള്‍ക്ക് വരാനും പറ്റിയില്ല... ഞങ്ങളന്ന് തിരുവനന്തപുരത്തായിര്ന്നല്ലോ.' സുചിത്ര പറഞ്ഞു.
കൈയിലെ മൊബൈലില്‍ എന്തോ ശ്രദ്ധിയ്ക്കുകയായിരുന്നു അവനപ്പോള്‍.
'അരുണിന് ന്നെ അറിയോ' സുചിത്ര ചോദിച്ചു.
അതിന് ടീച്ചറാണ് മറുപടി പറഞ്ഞത്: 'എങ്ങന്യറിയാനാ, എത്രകാലം മുന്നെ കണ്ടതാ...'
അവര്‍ മകന്റെ കൈയിലെ മൊബൈല്‍ പിടിച്ചുവാങ്ങി നോക്കിക്കൊണ്ടു പറഞ്ഞു: 'നീ ആ ഗെയിം നിര്‍ത്തി, ആന്റി ചോദിച്ചതിന് മറുപടി പറയ്'
ആരൊടെന്നില്ലാത്ത ഒരു ഈര്‍ഷ്യയില്‍ അവന്‍ പറഞ്ഞു: 'ല്ല'
ഏതൊക്കെയോ അജ്ഞാതമായ ഇടങ്ങളിലേക്ക് പടരാന്‍ കൊതിക്കുന്ന, അനേകങ്ങളായ ചെടികളുടെ അസംഖ്യം വേരുകളും ചിറകുകളും ഒന്നായി മണ്ണിനടിയില്‍ നിന്നും മുകളില്‍ നിന്നും കുതറിയിളകിത്തെറിക്കുന്നപോലെ, അടിമണ്ണ് വിണ്ടുകീറി പൊങ്ങിവരുന്നപോലെ തോന്നി സുചിത്രയ്ക്ക്... അതിന്റെ ചിറകുകള്‍ ആകാശച്ചുമരുകളില്‍ വിടര്‍ന്നുപടരുന്നു... ഹ്രസ്വനേരത്തെ വിഭ്രാത്മകമായ ചിന്തകളില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് സുചിത്ര ചോദിച്ചു:
'വൈഫിന്റെ നാട് എവിട്യാ?'
അതിനുള്ള മറുപടിയും ടീച്ചറാണ് പറഞ്ഞത്. അവന്‍ പാന്റിന്റെ പോക്കറ്റില്‍ നിന്നും ടൗവ്വലെടുത്ത് മൂക്കിനു താഴെ മേല്‍ച്ചുണ്ടിലും നെറ്റിയിലും പൊടിച്ച വിയര്‍പ്പുതുള്ളികള്‍ ഒപ്പിക്കൊണ്ടിരുന്നു.
ടീച്ചര്‍ മകനോടു പറഞ്ഞു:
'കുളിച്ച്, വസ്ത്രം മാറി വേഗം വാ... നാമം ജപിക്കണം'
അവന്‍ കടിച്ചുകൊണ്ടിരുന്ന നഖം തുപ്പിക്കളഞ്ഞ്, ആരുടെയും മുഖത്തുനോക്കാതെ തല അലക്ഷ്യമായി അവിടെയും ഇവിടെയും വെട്ടിച്ച് അകത്തേക്കുപോയി...
ടീച്ചര്‍ വെട്ടിയിട്ട ചില ചെടിക്കമ്പുകള്‍ കൂട്ടിക്കെട്ടി ഒരു കടലാസില്‍ പൊതിഞ്ഞ് സുചിത്രയ്ക്കുനേരെ നീട്ടി പറഞ്ഞു:
'ഇത് നല്ലയിനം ബോഗന്‍വില്ലയുടെയും മുല്ലയുടെയും തെച്ചിപ്പൂക്കളുടെയും കമ്പുകളാ... കൊണ്ടുപോയി നട്ടുപിടിപ്പിച്ച് ഇതുപോലെ നന്നായി വെട്ടിയൊതുക്കി അടക്കി വളര്‍ത്ത്... കാണാന്‍ നല്ല ഭംഗിയുണ്ടാകും.'
ടീച്ചറുടെ ഗേറ്റ് ചാരി തിരിച്ചുപോരുമ്പോള്‍ സുചിത്ര സതീശന്‍മാഷും മിനിടീച്ചറും താമസിക്കുന്ന വീടിന്റെ ഗേറ്റിലേയ്ക്ക് നോക്കി. വെട്ടിയൊതുക്കിയില്ലെങ്കിലും പിടിച്ചുകെട്ടിയില്ലെങ്കിലും ഇഷ്ടമുള്ള ദിക്കുകളിലേക്ക് പടര്‍ന്നുകയറിപ്പോവുന്ന കടലാസുപൂക്കളുടെയും ഗല്‍ഫീമിയയുടെയും നക്ഷത്രമുല്ലയുടെയും പൂക്കളും വള്ളികളും...
ടീച്ചര്‍ ഏല്പിച്ച പൊതിയിലേക്ക് സുചിത്ര അവജ്ഞയോടെ നോക്കി:
'വെട്ടിയൊതുക്കി അടക്കണം പോലും ... ങും... നല്ല ഭംഗിയുണ്ടാവും പോലും... എന്തിന്?'
പൊതിയഴിച്ച് ചെടിക്കമ്പുകള്‍ ഓരോന്നായി ഓടയിലേക്ക് കളഞ്ഞ് അവര്‍ തന്റെ നടത്തത്തിന് വേഗം കൂട്ടി.
Content Highlights: short story