അകത്തുകടന്നാൽ രക്ഷപ്പെടാനാവാത്ത പ്രേമക്കുഴിയിലേക്ക് ഞാൻ വീണുപോയത് ആ പ്രണയത്തോടെയാണ്

വളരെ ചെറിയ പ്രായത്തിൽ തന്നെ അമ്മ എനിക്ക് നാട്ടിലെ പബ്ലിക് ലൈബ്രറിയിൽ അംഗത്വം എടുത്തിരുന്നു. അവിടെവച്ചാണ് ഞാൻ അയാളെ ആദ്യമായി കാണുന്നത്. എന്റെ പതിനാലാമത്തെ വയസ്സിൽ. അന്ന് അയാൾക്ക് ഇരുപത്തിയേഴ് വയസ്സാണ്. ഹാഫ് കൈ ഷർട്ടും ചേരുന്ന കരയുള്ള മുണ്ടുമാണ് എപ്പോഴും വേഷം. പ്രണയം തുടങ്ങിയതിനുശേഷം അയാളാണ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരൻ എന്ന് എനിക്ക് തോന്നി. ആദ്യമായി ഒരു ഓമനപ്പേരിൽ എന്നെ വിളിച്ചത് അയാളാണ്. എന്തൊക്കെയോ വായിച്ച് പതിയെ നിന്നു പോകുമായിരുന്ന എന്റെ വായനയെ വേണ്ടരീതിയിൽ വളരാൻ സഹായിച്ചതും അയാളാണ്. എന്നേക്കാൾ പതിമൂന്ന് വയസ്സ് കൂടുതലുണ്ടായിരുന്നവന് എന്നോട് തോന്നിയത് പ്രേമമാണ് വാത്സല്യമാണോ എന്ന് പോലും എനിക്ക് സംശയമുണ്ട്.
ലൈബ്രറിയിലും അമ്പലമുറ്റത്തും ഞങ്ങൾ സ്ഥിരമായി കണ്ടു. പേരിന്റെ കൂടെ ഏട്ടൻ എന്ന് ചേർത്ത് കൂട്ടുകാരികളോട് ഞാൻ എന്റെ കാമുകനെ കുറിച്ച് നിർത്താതെ സംസാരിച്ചു. പട്ടുപാവാടയിൽ എന്റെ കുട്ടിയെ കാണാൻ നല്ല ചന്തമാണ് എന്ന് കേട്ടതോടെ അമ്മയുടെ സകലസാരികളും വെട്ടി പാവാട തയ്പ്പിച്ചു. വീട്ടിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാലോ കൂട്ടുകാരികൾ പിണങ്ങിയാലോ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞാലോ ഒക്കെ ഞാൻ അയാളെ തിരഞ്ഞു ചെന്നു. ആ സാന്നിധ്യം കുറെ നാളത്തേക്ക് എനിക്ക് അഭയമായിട്ടുണ്ട്.