എനിക്കായി പൂളിവെച്ച വെള്ളരിമാമ്പഴക്കഷണങ്ങളുമായി ആ മണ്‍തറയില്‍ അമ്മ ഇന്നില്ല

ഞങ്ങളുടെ പഴയവീടിന്റെ ഗേറ്റിനുമുന്നിലെ ആലിന്‍ ചുവട്ടിലെ, ആ കരിങ്കല്ലത്താണിയില്‍.. പണ്ടു, പറക്കോട്ടുകാവിലെ മുറ്റത്ത്, കളിച്ചുതിമിര്‍ത്ത്, ഈ കരിങ്കല്ലത്താണിയില്‍ വന്നിരുന്ന്, കാലാട്ടി രസിക്കുമായിരുന്നു, ഞാനും രുഗ്മിണിയും ഒക്കെ. ഒരിക്കലും നിശ്ചലമാകാത്ത ആലിലകള്‍, ഞങ്ങളുടെ തര്‍ക്കങ്ങളും പിണക്കങ്ങളും,പരിഭവങ്ങളും ഒക്കെ കേട്ട് കുലുങ്ങിച്ചിരിക്കുമായിരുന്നു. ആ കരിങ്കല്ലത്താണിക്ക് പിന്നില്‍ കരിങ്കല്ലുകൊണ്ടുതന്നെയുള്ള ഒരു വലിയ തൊട്ടി.നടന്നുവലഞ്ഞുവരുന്ന കന്നുകാലികള്‍ക്ക് കുടിക്കാന്‍, അതില്‍ വെള്ളം നിറയ്ക്കുന്ന ജോലി എനിക്കായിരുന്നു, പണ്ട്..തൊട്ടടുത്ത് തെളിഞ്ഞ നീലവെള്ളം നിറഞ്ഞു കിടക്കുന്ന , ഒരിക്കലും വറ്റാത്ത ,ചുറ്റും സിമന്റിട്ടുമിനുക്കിയ , ആ കിണറ്റിലെ വെള്ളം കോരി ആ വലിയ തൊട്ടി നിറയ്ക്കാന്‍ എനിക്ക് വലിയ ഉത്സാഹം ആയിരുന്നു.സിമന്റ്കാലുകളില്‍, വിലങ്ങനെ പിടിപ്പിച്ച ഇരുമ്പുകമ്പിയിലെ തുടിയില്‍, സ്ഥിരമായി ബക്കറ്റും കയറും ഉണ്ടാവും..ബക്കറ്റ്‌കൊണ്ട്, വെള്ളം തുടിച്ചുകോരി പുറത്തേക്ക് എടുക്കുമ്പോഴേക്കും, ഓട്ട വീണുതുടങ്ങിയ ഇരുമ്പ് ബക്കറ്റില്‍നിന്ന് പൂക്കുറ്റിപോലെ കുറേ വെള്ളം കിണറ്റിലേക്ക് തന്നെ വീഴുന്നുണ്ടാവും. കുറേദിവസം കൂടുമ്പോള്‍, കറങ്ങിക്കറങ്ങിത്തളരുമ്പോള്‍, ഇരുമ്പുതുടി, ആദ്യം ഞെരങ്ങിത്തുടങ്ങും. പിന്നെ ദയനീയമായ കരച്ചിലാവും. അപ്പോള്‍,
നാണിക്കുട്ട്യമ്മയെക്കൊണ്ട്, കുറച്ച് എണ്ണ തടവിക്കൊടുപ്പിച്ചാല്‍, തുടി നിശ്ശബ്ദമാവും. പരിസരത്തുള്ളവര്‍ക്കൊക്കെയുള്ള ദാഹജലം വലിച്ചുപുറത്തെത്തിച്ചുകൊടുക്കുന്ന ഒരു പാവം തുടിയുടെ ദീനരോദനം കണ്ടില്ലെന്ന് നടിക്കാനാവില്ലല്ലോ. കിണറിനോട് ചേര്‍ന്നാണ്, ഞങ്ങളുടെ വീടിന്റെ വേലിയും സര്‍പ്പക്കാവും. ആ വേലി എന്നും ഇല്ലിമുള്ളുകൊണ്ട് കെട്ടിക്കാനായിരുന്നു, അച്ഛനു താല്‍പര്യം. അത്,ഞങ്ങളുടെ സ്ഥിരം പണിക്കാരന്‍ വെള്ളയും ഭാര്യയുംകൂടിയാണു ചെയ്യുക. പച്ചമുള അലകാക്കി കീറി, പച്ചയും വെള്ളയും ഒക്കെ നിറത്തില്‍ ഇല്ലിമുള്ളിനുമേലെ പതിച്ചുകെട്ടി ഭംഗിയാക്കും, വെള്ളയും ഭാര്യയും. വേലിക്കകത്ത്, വീടിനുമുന്നിലെ മുറ്റത്ത്, മണ്‍പണിയും വെള്ളയുടെ വകതന്നെ. ചുവന്നമണ്ണുകൊണ്ടുവന്ന്, മുറ്റത്തിനോടുചേര്‍ന്ന മണ്‍ചുമരൊക്കെ മെഴുകും. മുറ്റത്തുനില്‍ക്കുന്ന ചെടികള്‍ക്കൊക്കെ തടവും ഉണ്ടാക്കും. രണ്ടുദിവസം ഉണങ്ങിക്കഴിയുമ്പോള്‍, അതിനുമേലെ ചാണകവും മെഴുകിയാല്‍ മുറ്റത്തിന് ഒരു പ്രത്യേക ഭംഗിയാണ്. മിക്കവാറും,തിരുവാതിരക്കാലം അടുക്കുമ്പോഴാണ്,ഞങ്ങളുടെ വീട്ടില്‍ മണ്‍ പണി നടക്കാറ്. പിന്നീടെപ്പൊഴോ, മെഴുകിയ ചാണകം, സിമന്റിനു വഴിമാറിക്കൊടുത്തതോടെ,മുറ്റത്തിന്റെ ഐശ്വര്യം കുറഞ്ഞു എന്ന് തോന്നാറുണ്ട്.
പ്രത്യക്ഷത്തില്‍, അവിടെ വീട് ഇല്ലെങ്കിലും, ഒരു നിമിഷം കണ്ണടച്ചിരുന്നപ്പോള്‍, മനസ്സില്‍, ഞങ്ങളുടെ ആ പഴയ കുഞ്ഞുവീട് ഉയര്‍ന്നുപൊങ്ങിത്തുടങ്ങി.
മുറ്റത്തുനിന്നുള്ള ചവിട്ടുപടികള്‍ കയറിയാല്‍, അരഭിത്തികളുള്ള പൂമുഖം. അരഭിത്തികളുടെ, പുറത്തേക്കുള്ള മുഖപ്പുകളില്‍, ഭംഗിയുള്ള വെളുത്തപൂക്കള്‍ കൊത്തിവെച്ചിരുന്നു. അത്, കൊത്തിയുണ്ടാക്കിയ മണിയന്‍ എന്ന മണ്ണാനെ ഇന്നും ഓര്‍മ്മയുണ്ട്. ഇരുനിറത്തില്‍ മെലിഞ്ഞുനീണ്ട മണിയന്‍ എപ്പോഴും ബീഡി വലിച്ച്, മൂക്കില്‍ക്കൂടി പുകവിട്ട്, ഞങ്ങള്‍, കുട്ടികളെയൊക്കെ അതിശയിപ്പിക്കുമായിരുന്നു. ഈ വീടിന്റെ പണി നടക്കുമ്പോള്‍, തറവാട്ടില്‍നിന്ന് ഓട്ടു കൂജയില്‍ അമ്മ തന്നയയ്ക്കുന്നപണിക്കാര്‍ക്കുള്ള ചായ ഇവിടെ എത്തിക്കാന്‍ നിയോഗിക്കപ്പെടുന്നത് മിക്കവാറും ഞാനും ഉണ്ണ്യേട്ടനും തന്നെ ആയിരിക്കും. തറവാട്ടില്‍നിന്ന് ഞാനും ഉണ്ണ്യേട്ടനും കൂടി മിണ്ടിയും പറഞ്ഞും തല്ലുകൂടിയും തുമ്പിയെപ്പിടിച്ച് കല്ലെടുപ്പിച്ചും ഒക്കെ ഇങ്ങെത്തുമ്പോഴേക്ക് ഓട്ടു കൂജയിലെ ചായ ആറിത്തണുത്തിരിക്കും.പിന്നെ, തമ്പ്രാട്ടിയോട് പണിക്കാരുടെ വക പരാതികള്‍ ചെല്ലുകയായി..പൂമുഖ മുഖപ്പിലെ ആ വടിവാര്‍ന്ന വെള്ളപ്പൂക്കള്‍ കാണുമ്പോഴൊക്കെ, ഓട്ടു കൂജയിലെ കുറച്ച് തണുത്ത ചായയും, മണ്ണാന്‍ മണിയനും, മണിയന്റെ മൂക്കില്‍നിന്നും വായില്‍നിന്നും വരുന്ന പുകച്ചുരുളുകളും ഒക്കെ അങ്ങനെ ഓര്‍മ്മയിലെത്തും.
പൂമുഖത്ത്, അരമതിലിനുമേലെ ചൂടുകുറയാനായി, കറുത്ത പെയിന്റടിച്ച തട്ടിക തൂക്കിയിട്ടിരുന്നു, അച്ഛന്‍. ഈ പൂമുഖത്ത് ഇരുന്നുകൊണ്ടാണു, പറക്കോട്ടുകാവില്‍, ദേവിക്ക് ചാര്‍ത്താനുള്ള മാലകള്‍ കെട്ടാറ്. പൂമുഖത്തെ അരമതിലിലെ ഇരുമ്പ്തൂണില്‍ കെട്ടിയ വാഴനാരില്‍ മഞ്ഞ കരവീരകത്തിന്റെയും, ചുവന്ന ചെമ്പരത്തിയുടെയും പൂക്കള്‍ തൊടുത്ത്, കെട്ടിയുണ്ടാക്കുന്ന ഉണ്ടമാല, ദേവിയുടെ കഴുത്തില്‍ ഒരു നിറമാല തന്നെ ആയിരുന്നു.
വര്‍ഷത്തിലൊരിക്കല്‍ കൊട്ടിയൂരില്‍ നിന്നുള്ള ഒരു സന്യാസി, സ്ഥിരമായി വിരുന്നുവരും. കൊല്ലത്തില്‍ ഒറ്റ പ്രാവശ്യമേ വരൂ. അമ്മയ്ക്ക് എന്തായാലും, മൂപ്പരെ വലിയ വിശ്വാസമാണ്. നട്ടുച്ചനേരത്ത്, കാവിയും ചുവപ്പും ഒക്കെ നിറമുള്ള വസ്ത്രങ്ങളും ചുമലില്‍ ഒരു ഭാണ്ഡവുമൊക്കെയായി നല്ല വൃത്തിയുള്ള ഒരു സന്യാസി. മൂപ്പരുടെ ഭാണ്ഡത്തില്‍ എന്റെ അമ്മയ്ക്ക് സമ്മാനിക്കാന്‍ കൊട്ടിയൂരിലെ വിശിഷ്ടദ്രവ്യങ്ങള്‍ ഉണ്ടാവും. കൊട്ടിയൂരിലെ മുടിയും, മൂന്നു മുഖമുള്ള രുദ്രാക്ഷവും തുടങ്ങി പലതും ആദ്യമായി കാണുന്നത് ആ സന്യാസിയുടെ പക്കല്‍ നിന്നാണു. അദ്ദേഹം എത്തിയാല്‍ പിന്നെ, വലിയ സ്വീകരണമാണു. അമ്മ. അച്ഛന് ദ, ഇതിലൊന്നും വലിയ വിശ്വാസമൊന്നും ഇല്ലെങ്കിലും എതിരൊന്നും പറയാറില്ല. സന്യാസിക്ക്ആദ്യം തണുത്ത സംഭാരവും പിന്നെ നാക്കിലയില്‍ ചോറും കറികളും ഒക്കെ ഈ പൂമുഖത്തുവെച്ചാണ്,അമ്മവിളമ്പിക്കൊടുക്കുക.
പൂമുഖത്തു നിന്ന് അകത്തേക്ക് കടക്കുമ്പോള്‍ വിലങ്ങനെ ഒരു ഇടനാഴിയാണ്. ഇതിന്റെ ഒരറ്റത്ത് മുകളിലേയ്ക്കുളള കോണിപ്പടി.. കോണിപ്പടിയുടെ താഴെ ജനലിനോടു ചേര്‍ത്തിട്ട ബെഞ്ചിന്മേലാണു, കാലത്തെ ജോലികളൊക്കെ കഴിഞ്ഞാല്‍ അമ്മ വിശ്രമിക്കുക. അടുത്ത്, ത പോലെയുള്ള പുസ്തക സ്റ്റാന്റില്‍ രാമായണം, ഭാഗവതം, സൗന്ദര്യലഹരി, ദേവീഭാഗവതം തുടങ്ങിയ പുസ്തകങ്ങള്‍ അടുക്കിവെച്ചിട്ടുണ്ടാവും. ഓരോന്നിലേയും നിശ്ചിത ഭാഗങ്ങള്‍ വായിച്ചുതീരുമ്പോഴേക്ക് സാധനങ്ങളൊക്കെ വാങ്ങി ചുങ്കത്തുനിന്ന്, അച്ഛന്‍ തിരിച്ചെത്തും.
കോണിപ്പടിയുടെ നേരെ, പടിഞ്ഞാട്ടുള്ള ജനലുകള്‍ ഒരിക്കലും തുറന്ന് കണ്ടിട്ടില്ല. അതിന്റെ വീതിയുള്ള ജനല്‍പ്പടിയിലാണ്, അച്ഛന്‍,ചിമ്മിനി വിളക്കുകളും, കമ്പിറാന്തലും ഒക്കെ തുടച്ചുമിനുക്കി സൂക്ഷിച്ചുവെക്കുക. തൊട്ടടുത്തു തന്നെ മണ്ണെണ്ണക്കുപ്പിയും ഉണ്ടാവും. വൈകുന്നേരങ്ങളില്‍, മണ്ണെണ്ണവിളക്കുകളൊക്കെ സോപ്പ് വെള്ളത്തില്‍ കഴുകിയുണക്കി തുടച്ച് വൃത്തിയാക്കുന്നത്,അച്ഛന്റെ ഒരു അവകാശം പോലെയാണ്. വേറെ ആരു ചെയ്താലും അത്ര വൃത്തിയാവില്ല എന്നാണ്,
അച്ഛന്റെ വാദം. അന്നൊക്കെ, വൈദ്യുതി കണക്ഷനൊക്കെ അത്യാവശ്യം ഉണ്ടെങ്കിലും, തുമ്മിയാല്‍ തെറിക്കുന്ന മൂക്ക് പോലെയായിരുന്നു, അത്. രാക്ഷസപ്പാറയും, താലപ്പൊലിപ്പാറയും ഒക്കെ തഴുകി ഒരു നല്ല കാറ്റ് വന്നാല്‍, കണ്ണടയ്ക്കുന്ന വൈദ്യുതി, പിന്നെ എപ്പോള്‍ വീണ്ടും കണ്ണുതുറക്കും എന്ന് പ്രവചനാതീതമായിരിക്കും. അച്ഛന്‍ പറയാറുണ്ട്, വൈദ്യുതി ബള്‍ബുക ളേക്കാളും, റ്റിയൂബ് ലൈറ്റിനേക്കാളും ഒക്കെപ്രകാശം അച്ഛന്‍ തുടച്ചു മിനുക്കുന്ന മണ്ണെണ്ണ വിളക്കുകള്‍ക്കാണെന്ന്.
ഇടനാഴിയുടെ അറ്റത്തുതന്നെ അകത്തേക്ക് ഒരു കൊട്ടത്തളവും, വിശാലമായ കുളിമുറിയും. വീട്ടില്‍ എല്ലാവരും കുളത്തിലും പുഴയിലും ഒക്കെ കുളിക്കുന്നതുകൊണ്ട്, കുളിമുറി എപ്പോഴും വലിയ ഒരു വെറും മുറിയായിട്ട് അങ്ങനെ വെറുതെ കിടക്കും. ഇടനാഴിയുടെ കിഴക്കേ അറ്റം അച്ഛന്റെ സാമ്രാജ്യമാണ്. അച്ഛനു ആവശ്യമുള്ള എല്ലാ രേഖകളുംസൂക്ഷിച്ചുവെച്ച ഒരു വലിയ മേശയും അതിന് അഭിമുഖമായി അച്ഛന്റെ ഒരു മടക്കുകസേരയും... മേശക്കിപ്പുറം രണ്ടു കസേരകള്‍ വേറെ. അച്ഛനെ കാണാന്‍ വരുന്നവര്‍ , ആ കസേരകളില്‍ ഇരുന്നാണ്, അച്ഛനോട് പ്രശ്‌നങ്ങള്‍ സംസാരിക്കുക.പ്രശ്‌നപരിഹാരങ്ങള്‍ക്കിടയില്‍, വലിയ ഓട്ടുഗ്ലാസില്‍ നല്ല മധുരമുള്ള പാല്‍ച്ചായയുമായി അമ്മയെത്തും. രണ്ടില്‍ കൂടുതല്‍ ആള്‍ക്കാരുണ്ടെങ്കില്‍ അച്ഛന്‍ സഭ പൂമുഖത്തേക്ക് മാറ്റും.
അച്ഛന്റെ ആ മേശയ്ക്കുള്ളില്‍, വളരെ അടുക്കും ചിട്ടയുമായി, അച്ഛനു ആവശ്യമുള്ള എല്ലാ കാര്യങ്ങളും ഒതുക്കിവെച്ചിരിക്കും. ഓരോ സാധനങ്ങളും എവിടെയാണു വെച്ചിരിക്കുന്നത് എന്നത് അച്ഛന്, നല്ല തിട്ടമാണ്. ബാങ്ക് പാസ് ബുക്ക്, ശങ്കരങ്കുട്ട്യേട്ടന്റെ പീടികയിലെ പറ്റുവരവ് പുസ്തകം, വരവ് ചെലവിന്റെ കണക്കെഴുതാനുള്ള പുസ്തകം തുടങ്ങി,അത്യാവശ്യം നല്ല ഒരു പിടിയുളള ഒരു പിശ്ശാങ്കത്തി വരെ അതില്‍ കാണും. ആ കസേരയില്‍ ഇരുന്നുകൊണ്ടുതന്നെ അച്ഛനു വേണമെങ്കില്‍ ഈ ലോകം മുഴുവന്‍ ഭരിക്കാനാവും എന്ന് തോന്നാറുണ്ട്. ആ മേശ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ഒക്കെ ഒരു പ്രത്യേക മണം വരും. മേശപ്പുറം എപ്പോഴും നല്ല വൃത്തിയായി തുടച്ചിട്ടിരിക്കണം എന്നും അച്ഛനു നിര്‍ബ്ബന്ധമാണ്.ഇത്രയൊക്കെ ആയാലും ആ മേശ അച്ഛനല്ലാതെ, വേറൊരാള്‍ തുറക്കുന്നത് അച്ഛനു തീരെ ഇഷ്ടമുള്ള കാര്യം ആയിരുന്നില്ല, താനും.
ഇടനാഴിയില്‍ നിന്ന് തളത്തിലേക്കും, തളത്തില്‍ നിന്ന് ഭഗവതി ഇരിക്കുന്ന മച്ചിലേക്കും, ഊണ്‍തളത്തിലേക്കും ഒക്കെ വാതിലുകളാണ്. വളരെ അടച്ചുറപ്പുള്ള, എപ്പോഴും തണുത്ത അന്തരീക്ഷമുള്ള ഈ തളത്തില്‍ വിശ്രമിക്കാന്‍, ഇവിടെ വരുന്നവര്‍ക്കൊക്കെ, വലിയ ഇഷ്ടമാണ്. നല്ല തേക്കിന്‍ തടികൊണ്ടുള്ള മേല്‍ത്തട്ടായതുകൊണ്ട്, ഇവിടെ എപ്പോഴും നല്ല കുളിര്‍മ്മയായിരിക്കും. ഒരു ഫാന്‍ പോലും അവിടെ ഉണ്ടായിരുന്നില്ല. കരിനിറം തേച്ചുപിടിപ്പിച്ച മിനുസമുള്ള നിലവും കൂടിയാവുമ്പോള്‍, നല്ല ചന്തവുമായിരുന്നു, ആ തളത്തിന്. അവിടത്തെ ചുമരിന്മേല്‍ ആള്‍വലുപ്പത്തിലുള്ള, രണ്ടു നിലക്കണ്ണാടികള്‍, അന്യോന്യം അഭിമുഖമായി വെച്ചിരുന്നു. അമ്മ...അമ്മയുടെ സൗന്ദര്യബോധം പ്രകടമാക്കുന്ന ആ നിലക്കണ്ണാടികള്‍ കാരണം, വീട്ടില്‍ വരുന്ന എന്റെ കൂട്ടുകാരികളൊക്കെ ഞങ്ങളുടെ വീടിനെ കണ്ണാടിമാളിക എന്നാണു,വിളിച്ചിരുന്നത്. അന്തരീക്ഷത്തില്‍ സൂര്യഗ്രഹണമോ ചന്ദ്രഗ്രഹണമോ ഒക്കെ നടക്കുമ്പോള്‍, മക്കള്‍ ആരെങ്കിലും ഗര്‍ഭിണികളായി വീട്ടിലുണ്ടെങ്കില്‍, ഗ്രഹണം കഴിയുന്നതുവരെ,അവിടെ, തളത്തില്‍ പിടിച്ചിരുത്തും.അവിടത്തെ ജനലും വാതിലും ഒക്കെ അടച്ചാല്‍, പ്രകാശത്തിന്റെ ഒരു കണം പോലും അകത്തേക്ക് എത്തിനോക്കില്ല.അത്രയും ഭദ്രമായിരുന്നു,അവിടം.
വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോഴും, ചേച്ചിമാരൊക്കെ എത്തുമ്പോഴും, ഉച്ചയൂണിനും, അത്താഴത്തിനും ഒക്കെ ശേഷം, തുറന്നുവെച്ച വെറ്റിലച്ചെല്ലത്തിനു ചുറ്റും ഒത്തുകൂടുന്നത്, ഈ തളത്തില്‍ തന്നെ ആയിരിക്കും. ഞങ്ങളുടെയൊക്കെ ഉച്ചയുറക്കവും ഇവിടെത്തന്നെയായിരുന്നു, പതിവ്.
ഇവിടെ ഈ തളത്തില്‍,പച്ച പെയിന്റ് അടിച്ച ഒരു അലമാര ഉണ്ടായിരുന്നു. അതിനകത്ത് അമ്മ എന്തൊക്കെ സാധനങ്ങളാണ്,സൂക്ഷിച്ചിരുന്നതെന്ന് എനിക്ക് ഓര്‍മ്മയില്ല. പക്ഷേ, അതിന്റെ രണ്ടാമത്തെ പടിയില്‍ അമ്മ സൂക്ഷിച്ചിരുന്ന പിയേര്‍സ് സോപ്പിന്റെ നിറമുള്ള ഒരു കുപ്പി ഭരണി നല്ല ഓര്‍മ്മയുണ്ട്. തിരുകടപ്പുള്ള കുപ്പിഭരണി. അതിലാണ്,
അമ്മ അത്യാവശ്യം ചില്ലറകളൊക്കെ സൂക്ഷിക്കുക. ആ കുപ്പി ഭരണിക്കും അതിനുള്ളിലെ ചില്ലറകള്‍ക്കും നല്ല തണുപ്പായിരുന്നു. ഒരിക്കല്‍ അമ്മ കാണാതെ,ആ കുപ്പിഭരണിയില്‍ കയ്യിട്ട്,അമ്പത് പൈസ 'ഇസ്‌കി 'യതും,ആ പൈസ എങ്ങനെ ചിലവാക്കണം എന്നറിയാതെ, സ്‌കൂളില്‍ പോയപ്പോള്‍ ഒരു ഇരുനൂറുപേജിന്റെ, നോട്ബുക്ക് വാങ്ങിയതും , ബാക്കിയ്ക്ക് കൂട്ടുകാര്‍ക്കൊക്കെ ഐസ്ഫ്രൂട്ട് വാങ്ങിക്കൊടുത്തതും, വൈകുന്നേരം വീട്ടിലെത്തിയപ്പോഴേക്ക്, ഞാന്‍ പൈസയെടുത്ത വിവരം അറിഞ്ഞതുകൊണ്ടുള്ള അമ്മയുടെ വക ഗംഭീര സ്വീകരണവും ഒക്കെ ഇന്നലെ നടന്ന പോലെ, ഇന്നും ഓര്‍മ്മയുണ്ട്.
തളത്തില്‍ നിന്നു, പടിഞ്ഞാറോട്ടുള്ള വാതില്‍ കടന്നാല്‍ മച്ച്. മച്ചില്‍ എപ്പോഴും കെടാവിളക്കിന്റെ വെളിച്ചമുണ്ടാവും. ഒരു ദേവീരൂപത്തിന്റെ കയ്യില്‍ പിടിച്ച കുമ്പിള്‍പോലെയുള്ള വിളക്കിലാണ്,അമ്മ കെടാവിളക്ക് കത്തിക്കുക. ആ ദേവീരൂപത്തിന്റെ മുഖം എണ്ണമയമേറ്റ്, അങ്ങനെ മിന്നിത്തിളങ്ങും. ആ കെടാവിളക്കിനരികെ അഷ്ടമംഗല്യം. അതിനരികേ, ഒരു വെള്ളിക്കിണ്ണത്തില്‍ കൊട്ടിയൂരില്‍ നിന്നു വരുന്ന സന്യാസി സമ്മാനിച്ച, മൂന്നുമുഖമുള്ള രുദ്രാക്ഷം. മറ്റൊരു വെള്ളിത്തളികയില്‍ ശ്രീചക്രം... ചുമരില്‍ എല്ലാ ദേവീദേവന്മാരുടേയും ചിത്രങ്ങള്‍. മച്ചില്‍ത്തന്നെ, ഒരുവശത്ത് എന്നും നിറഞ്ഞുകിടക്കുന്ന നിരപ്പത്തായം.
തളത്തില്‍നിന്ന് ഒരു പടി താഴോട്ടിറങ്ങിയാല്‍ ഊണ്‍ തളമായി. ഒരു ഊണ്‍ മേശ പോലും ഇല്ലാത്ത ഊണ്‍തളം. ഇവിടെ ഉള്ളവരും വരുന്നവരും എല്ലാം നിലത്ത്, പലകയിട്ടിരുന്നാണ് ഉണ്ണുക.വര്‍ഷം തോറുമുള്ള, മുത്തശ്ശിയുടെയും, അച്ഛമ്മയുടെയും ഒക്കെ ശ്രാദ്ധത്തിന്റെ ചടങ്ങുകളൊക്കെ ഇവിടെയാണു നടത്തുക.
ഈ തളത്തിന്റെ പടിഞ്ഞാറേ അറ്റത്ത്, ചുമരോട് ചേര്‍ന്ന്, ഒരു നിരപ്പെട്ടി ഇട്ടിരുന്നു. അതിനുമുകളില്‍ തൊടിയില്‍ നിന്നു കിട്ടുന്ന പച്ചക്കറികളെല്ലാം നിരത്തിവെച്ചിരിക്കും. അത് നോക്കിയാണ്, അച്ഛന്‍, അന്നന്നത്തേക്ക് വേണ്ട വിഭവങ്ങള്‍ തീരുമാനിക്കുക. കഷ്ണങ്ങളൊക്കെ അച്ഛന്‍ തന്നെ നുറുക്കിയാലേ അച്ഛന്, തൃപ്തിയാകൂ. നിരപ്പെട്ടിയ്ക്കകത്ത്, ഒഴിയാതെ, പഴുക്കാന്‍ വെച്ചിരിക്കുന്ന വാഴക്കുലകളുണ്ടാവും.
ഊണ്‍ തളത്തിന്റെ കിഴക്കേ അറ്റത്ത്, ഭഗവതിസേവയ്ക്കും, ഗണപതിഹോമത്തിനുമൊക്കെ രാമവാധ്യാര്‍ വരുമ്പോള്‍, ശുദ്ധമായി നിവേദ്യങ്ങള്‍ മാത്രം തയ്യാറാക്കാനൊരു ചെറിയ അടുപ്പ്. അതും അമ്മയുടെ ബുദ്ധിയാണ്. അത് വേറെ ഒന്നിനും ഉപയോഗിക്കില്ല. ഇടയ്ക്കിടെ, ചാണകം മെഴുകി വൃത്തിയാക്കി ഇടും.ആ അടുപ്പിനോട് ചേര്‍ന്നാണ്, അടുക്കള വാതില്‍. വിറകടുപ്പ് മാത്രം കത്തിക്കുന്ന അടുക്കളയില്‍, കരിപിടിച്ച ചുമരുകളും, രണ്ടുഭാഗവും ചൂട്ടഴികളും ആയിരുന്നു. അടുപ്പിന്‍ കല്ലിനുമുകളിലെ ചുമരില്‍, ആണിയടിച്ച്, തൂക്കിയിട്ട, ഈറ്റ കൊണ്ടുള്ള കുരുവട്ടികള്‍. വീട്ടില്‍ ചക്കയട, പപ്പടം കാച്ചിയത് മുതലായവയൊക്കെ ബാക്കി വരുമ്പോള്‍, അമ്മ ഈ അടുപ്പിന്‍ തിണ്ണയുടെ മേലുള്ള ചുമരോടു ചേര്‍ന്നിരിക്കുന്ന കുരുവട്ടികളിലാണു സൂക്ഷിക്കുക. ഒരു തണുപ്പും അടിക്കാതെ, പപ്പടം പുതുമയോടെത്തന്നെ ഇരിക്കും.ചക്കയടക്ക്,പിന്നെഅത് ഉണ്ടാക്കിയതിന്റെ പിറ്റേന്നാണു, രുചികൂടുക എന്നുതന്നെയാണു,ഇന്നും എന്റെ അഭിപ്രായം.
ഊണ്‍തളത്തില്‍നിന്ന് പുറത്ത് കടന്നാല്‍ വട്‌ക്ക്വോറത്തെ വരാന്ത. ഇവിടെയിരുന്നാണു, അച്ഛന്‍ പച്ചക്കറിക്കഷ്ണങ്ങള്‍ ചന്തത്തില്‍ നുറുക്കുക. പഴുത്ത ചക്കയാണെങ്കില്‍, തുണ്ടങ്ങളാക്കി വെട്ടിത്തരും, അച്ഛന്‍. അവിടെയിരുന്നുതന്നെ ചുളപറിച്ച് കുരുവും കളഞ്ഞ്നേരെ വായിലേക്ക്. അതാണവിടത്തെ രീതി. ചക്ക വരട്ടാനൊക്കെ ആണെങ്കില്‍ എല്ലാവരുംകൂടി വട്ടമിട്ടിരുന്ന് ചുളപറിച്ച് വൃത്തിയാക്കി ഉരുളിയിലാക്കും. അത്,അടുപ്പത്ത് വെച്ച് വരട്ടി നെയ്യൊഴിച്ച് ഹല്‍വപ്പരുവമാക്കി പഞ്ചസാരയും വിതറി പാത്രത്തിലാക്കുന്ന ജോലി അച്ഛന്‍ തന്നെ സ്വയം ഏറ്റെടുക്കും.അതിന്റെ രുചി, ഒന്ന് വേറെത്തന്നെ ആയിരുന്നൂ, ട്ടോ.. വടക്ക്വോറത്ത്, അറ്റത്ത് തൊഴുത്ത്, കറവയുള്ള ഒന്നോ രണ്ടോ പശുക്കള്‍ എപ്പോഴും അവിടെ ഉണ്ടാവും. അമ്മ തന്നെയാണ്, അവയെ കറക്കുന്നതും ശുശ്രൂഷിക്കുന്നതും, ഒക്കെ. രാവിലെ, ചാമി, അവയെ മേയ്ക്കാന്‍ കൊണ്ടുപോയാല്‍ ഉച്ചകഴിയുമ്പോള്‍ തൊഴുത്തില്‍ കൊണ്ടുകെട്ടും.
വടക്ക്വോറത്ത്, കിഴക്കേ അറ്റത്താണ്, അമ്മിയും ആട്ടുകല്ലും, വെണ്ണീറ്റിന്‍ കുഴിയും ഒക്കെ.ഇവിടെയിരുന്നാണ്, നാണിക്കുട്ട്യേമ, ഇഡ്‌ലിക്കും ദോശയ്ക്കും ഒക്കെ മാവരയ്ക്കുക. അമ്മിക്കല്ലില്‍ നാണിക്കുട്ട്യേമ അരയ്ക്കുന്ന ഉള്ളിച്ചമ്മന്തിയും ചട്ണിയും, സാമ്പാര്‍ വറവും ഒക്കെ അരയ്ക്കുന്നത് കാണുമ്പോള്‍ത്തന്നെ നാവില്‍ വെള്ളമൂറും. അതിന്നടുത്തുള്ള വെണ്ണീറ്റിന്‍ കുഴിയില്‍ ചിലപ്പോള്‍ ഏതെങ്കിലും പട്ടി വന്ന് പെറ്റുകിടക്കുന്നുണ്ടാവും. അടിച്ചോടിച്ചാലും, വീണ്ടും, കുട്ടികളുമായി അവിടെത്തന്നെ വന്നു കിടക്കും. അപ്പോള്‍ ദയവ് തോന്നി എന്തെങ്കിലും ഭക്ഷണം ഇട്ടുകൊടുക്കും,അമ്മ. താഴത്തെ അത്രയും വിസ്താരത്തില്‍, രണ്ട് കിടപ്പുമുറികളും,വിശാലമായ തളവും, അതിനു, നീണ്ട വലിയ ജനലുകളും ഉണ്ടായിരുന്നു.
മുകളിലത്തെ ജനലില്‍ക്കൂടി നോക്കിയാല്‍, ഒരുവശത്ത്, താലപ്പൊലിക്ക്, താലങ്ങളുടെയും, മേളങ്ങളുടെയും, പൂതന്‍- തിറകളുടെയും ഒക്കെ അകമ്പടിയോടെ ആനകള്‍ വരിവരിയായി ഇറങ്ങിവരുന്ന താലപ്പൊലിപ്പാറയും, ഒരുവശത്ത്, രുഗ്മിണിയുടെ വീടിനുമപ്പുറം, രാക്ഷസപ്പാറയും, ഒരുവശത്ത്പറക്കോട്ടുകാവും കുളവും വിസ്തരിച്ചുകാണാം. മുകളിലെ വലിയ തളത്തില്‍ നിന്ന്, തട്ടിന്‍പുറത്തേക്കുള്ള കോണിപ്പടികള്‍. ആ തട്ടിന്‍പുറത്താണ്,അമ്മ പുഴുങ്ങിയ നെല്ലൊക്കെ ഉണക്കാനിടുക. വലിയവലിയ ഭരണികളില്‍ ഉണക്കി കുരുകളഞ്ഞ് ഉപ്പിട്ടു ചതച്ച് ഉരുളകളാക്കിയ വാളന്‍പുളിയും സൂക്ഷിക്കുന്നത് ഈ തട്ടിന്‍പുറത്താണ്. മൊത്തത്തില്‍ പുറത്തുനിന്ന് നോക്കുമ്പോള്‍, ഞങ്ങളുടെ ആ വീടിന്, ഞൊറികള്‍ പിടിപ്പിച്ച്വിരിഞ്ഞുനില്‍ക്കുന്ന ഒരു കുഞ്ഞുടുപ്പിന്റെ ഛായയായിരുന്നു.
വടക്ക്വോറത്തുനിന്ന് താഴേക്കിറങ്ങിയാല്‍വീടിനുചുറ്റും ഏക്കറുകളോളം, അങ്ങു വടക്കുഭാഗത്തെ റോഡ് വരെ പറമ്പാണ്. നിറച്ച് മാവുകളും, പ്ലാവുകളും, കത്തി നില്‍ക്കുന്ന തീജ്വാലപോലെ പൂക്കളുള്ള പ്ലാശും, ഇടിഞ്ഞുവീഴാറായ ഒരു പഴയ വീടും ഉണ്ടായിരുന്നു, അവിടെ. ആ വീടിനോടുചേര്‍ന്ന്, മണ്ണിടിഞ്ഞുവീണിട്ടാവും, ആഴംകുറഞ്ഞ ഒരു കിണറും ഉണ്ടായിരുന്നു. മഴക്കാലത്ത്, ആ കിണറില്‍ നിറയുന്ന വെള്ളത്തിന് തെളിഞ്ഞ നീല നിറമായിരുന്നു. ആ വീടിന്റെ തണലില്‍ വെള്ളം നിറഞ്ഞ ആ കിണറിനരികേ ഒറ്റയ്ക്കിരിക്കാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. ആ പറമ്പിലെ, ആ പഴയ വീട്, ഒരു രാജകൊട്ടാരമാണെന്നും, നീല നിറത്തിലുള്ള വെള്ളമുള്ള കിണര്‍ കൊട്ടാരത്തിനോടുചേര്‍ന്നുകിടക്കുന്ന ഒരു നീലജലാശയമാണെന്നും, പറമ്പിന്റെ അതിരിലുള്ള റോഡ്, രാജവീഥിയാണെന്നും ഒക്കെ സ്വപ്‌നം കണ്ടുകൊണ്ടിരിക്കുമ്പോഴാണ്, ഒരിക്കല്‍... റോഡില്‍നിന്ന്, പറമ്പിലെ ഉണങ്ങിയ വിറക് മോഷ്ടിക്കാന്‍ കേറിയ കള്ളന്‍ എന്നെയും, ഞാന്‍ കള്ളനെയും കണ്ട്, പേടിച്ച് ഞാന്‍ വീട്ടിലേക്കും, കള്ളന്‍ തിരിച്ച് റോഡിലേക്കും ഓടിരക്ഷപ്പെട്ടത്. അതോര്‍ക്കുമ്പോള്‍ ഇന്നും ചിരി വരും.
കാവില്‍കുളത്തിനോടു ചേര്‍ന്ന്, വേലിയരികിലാണ്, സര്‍പ്പക്കാവും, ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠയും സ്ഥാപിച്ചിരുന്നത്. അതിന്റെ തൊട്ടടുത്ത്, കുറച്ചുസ്ഥലത്ത് അച്ഛന്‍, ഒരു രസത്തിനുവേണ്ടി നെല്‍കൃഷി ചെയ്തിരുന്നു. അതിന്റെ,മേലോട്ടുള്ള പറമ്പിലാണു, അന്ന് ,നന്ദു തന്റെ മുഖപുസ്തകക്കുറിപ്പില്‍ പറഞ്ഞതുപോലെയുള്ള ,മധുരം കിനിയുന്ന വെള്ളരി മാമ്പഴങ്ങളും,പഴുക്കുമ്പോള്‍ ചുവന്നുതുടുക്കുന്ന, നാടന്‍ ചക്കപ്പഴങ്ങളും ഉള്ളത്. പഴുത്തുവരുമ്പോള്‍ ഇളം മഞ്ഞ നിറം വരുന്ന,വായില്‍ വെള്ളമൂറുന്ന, വെള്ളരി മാങ്ങകള്‍ കയ്യുയരത്തില്‍ ഭംഗിയായി തൂങ്ങിക്കിടക്കും. പച്ചിലകള്‍ക്കിടയില്‍ ഇളം മഞ്ഞ മാമ്പഴങ്ങള്‍ കാണാനും, അധികം കഴിച്ചിട്ടില്ലാത്ത അതിന്റെ പുതുമയാര്‍ന്ന മാധുര്യം അനുഭവിക്കാനും കഴിഞ്ഞത്, പറക്കോട്ട്കാവിനു മുന്നിലുള്ള ഈ വീട്ടില്‍ താമസമാക്കിയതിനു ശേഷമാണ്. പറമ്പില്‍ പലതരം നാട്ടുമാവുകള്‍ ഉണ്ടായിരുന്നെങ്കിലും, മണ്ണില്‍നിന്ന് അല്‍പം മാത്രം ഉയരത്തില്‍ കായ്ച്ചുനില്‍ക്കുന്ന ഈ വെള്ളരിമാവുകളോടായിരുന്നു, ഏറെ പ്രിയം. കളിക്കുന്നതിനിടയില്‍ കൈകൊണ്ട്,തൊടുകപോലും ചെയ്യാതെ, തൂങ്ങിയാടുന്ന കണ്ണിമാങ്ങകള്‍, പല്ലുകൊണ്ട് തന്നെ കടിച്ചെടുക്കുന്നത്, ഒരു വിനോദമായിരുന്നു. അച്ഛനും അമ്മയും ഒക്കെ കണ്ടാല്‍ വഴക്ക് പറയുമായിരുന്നു.
പറക്കോട്ട് കാവിലെ, തിരുനടയില്‍ കിലുങ്ങുന്ന കുടമണികളുടെ ശബ്ദം കേട്ടപ്പോഴാണ്,കരിങ്കല്ലത്താണിയുടെ മടിയിലേക്ക് , വീണ്ടും വഴുതിയിറങ്ങിയത്. നേരം സന്ധ്യയായിത്തുടങ്ങിയിരിക്കുന്നു. പറക്കോട്ട് കാവില്‍, ഒറ്റയും തെറ്റയും ആയി ഭക്തജനങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. കാവില്‍ക്കുളത്തിനപ്പുറം മരങ്ങളുടെ മറവില്‍ , അസ്തമയസൂര്യന്‍, ചക്രവാളത്തിന്, വിവിധ നിറത്തിലുള്ള ഉടയാടകള്‍ സമ്മാനിച്ചു തുടങ്ങിയിരിക്കുന്നു.
അച്ഛനും അമ്മയും ഒക്കെ ഉണ്ടായിരുന്നെങ്കില്‍, ഇത് അടിമുതല്‍ മുടിവരെ എണ്ണതേച്ച്പിടിപ്പിച്ച്, കഷണ്ടിത്തലയിലെ അല്‍പം മുടിയില്‍, തേയ്ക്കാന്‍ കുറുന്തോട്ടിത്താളിയും,കൈവിരലില്‍ തൂക്കിയിട്ട'എവറെഡി' ടോര്‍ച്ചുമായി ഭഗവതിച്ചിറയിലേക്ക് അച്ഛന്‍ ഇറങ്ങുന്ന സമയം. വല്യമ്പലത്തിലെ ദീപാരാധന തൊഴുത്, കൂട്ടുകാരോട്, സല്ലപിച്ച്, അമ്മ തിരിച്ചെത്തുന്ന സമയം. അച്ഛന്‍ കുറുന്തോട്ടിത്താളി ഉണ്ടാക്കുന്നത് കാണുമ്പോള്‍, ഞങ്ങളൊക്കെ കളിയാക്കി ചിരിക്കുമായിരുന്നു. കഷണ്ടിത്തലയിലെ,വിരലിലെണ്ണാവുന്ന മുടിയിഴകള്‍ക്ക് എന്തിനാ കുറുന്തോട്ടിത്താളി തേയ്ക്കണത് എന്ന് ചോദിച്ചാല്‍, അച്ഛന്റെ വക ഒരു സ്റ്റഡിക്ലാസ് തന്നെ ഉണ്ടാവും.
ഇന്ന് ആ വീട് തന്നെ കാണാനില്ല. പറക്കോട്ട്കാവിലെ കാതടപ്പിയ്ക്കുന്ന വെടിക്കെട്ടിന്റെ ആഘാതത്തില്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അടി പതറി ദയനീയമായി ഭൂമിയില്‍ പതിച്ചിരിക്കുന്നു, അത്. ആ വീട് മാത്രമല്ല, ചുറ്റുവട്ടമുള്ള അഞ്ചോ ആറോ വീടുകള്‍കൂടി വെറും മണ്‍തരികളായിരിക്കുന്നു. ഇപ്പോള്‍..ഒരുപാട് ഓര്‍മ്മകള്‍ അടക്കിപ്പിടിച്ച്, അവ ശാന്തമായുറങ്ങുന്നു. വേലിയരികില്‍, കാടുപിടിച്ചുകിടക്കുന്ന സര്‍പ്പക്കാവും ബ്രഹ്മരക്ഷസ്സു തറയും, ഒരു അന്തിത്തിരിവെട്ടം പോലും കാണാനാകാതെ നെടുവീര്‍പ്പിടുന്നു.
എന്തായാലും എനിക്കിപ്പോള്‍,തിരിച്ചുപോകേണ്ടിയിരിക്കുന്നു, എന്റെ സ്വന്തം മാളത്തിലേക്ക്. എനിക്കറിയാം, എനിക്കുവേണ്ടി ,പൂളിവെച്ച വെള്ളരിമാമ്പഴക്കഷണങ്ങളുമായി ആ മണ്‍തറയില്‍ എന്റെ അമ്മ ഇല്ലെന്ന്. മുറിച്ചു വൃത്തിയാക്കിയ പഴുത്ത ചക്കയുടെ കഷണങ്ങള്‍ നിരത്തിവെച്ചു വിളിക്കാന്‍ അച്ഛനും ഇല്ലെന്ന്. പരന്നു വീഴാന്‍ തുടങ്ങിയ ഇരുട്ടില്‍ നിറയുന്ന കണ്ണുകളെ മറച്ചുപിടിക്കാന്‍ ശ്രമിച്ചു, ഞാന്‍.
(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിക്കുന്ന നിലാവെട്ടം എന്ന പംക്തിയില്‍ നിന്ന്)
Content Highlights: girija warrier about her childhood memories and mango season