കല്യാണത്തിനായി ആ വീട്ടിലെത്തിയപ്പോള്‍ ആരുടെയോ മരണാനന്തരചടങ്ങാണ് കണ്ടത്: ശ്രീശാന്ത്

കളിക്കളത്തില്‍ ശ്രീശാന്ത് അഗ്രസീവാണെന്ന് പലരും പറയാറുണ്ട്. ശരിയാണ്, ഞാന്‍ അഗ്രസീവാണ്. പക്ഷേ, അത് ബോധപൂര്‍വമായിരുന്നില്ലെന്നുമാത്രം. എന്നെ മനസ്സിലാക്കുന്നവര്‍ക്ക് അതറിയാം. കളിക്കളത്തില്‍നിന്ന് വിടവാങ്ങിയെങ്കിലും മനസ്സിനെ പൊള്ളിച്ച ഒരോര്‍മ ഇന്നും മായാതെകിടപ്പുണ്ട്. ക്രിക്കറ്റ് കരിയര്‍ എന്നത് വെറും സ്വപ്‌നംമാത്രമായി ചുരുങ്ങിയേക്കുമെന്ന അവസ്ഥയില്‍, പതിമ്മൂന്നുവയസ്സുള്ള ഒരു കുട്ടിക്ക് മുന്നില്‍ ദൈവദൂതനെപ്പോലെ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
ഒരുപാട് വര്‍ഷം മുന്‍പുള്ള കഥയാണ്. അണ്ടര്‍ 13 എറണാകുളം ജില്ലാ ടീമിനുവേണ്ടി ഞാന്‍ കളിച്ചു. കൈനിറയെ വിക്കറ്റും കപ്പുമായി മടങ്ങിയ എനിക്ക്, വൈകാതെ സെന്‍ട്രല്‍ സോണ്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടി. ജീവിതത്തില്‍ ഒരുപാടാഗ്രഹിച്ച നിമിഷം. മികച്ച കളി പുറത്തെടുത്താല്‍, ഭാവിയില്‍ സ്റ്റേറ്റ് ടീമിനുവേണ്ടി കളിക്കാനുള്ള വാതില്‍ തുറന്നേക്കാനും വഴിയുണ്ട്. കഠിനമായ പരിശീലനം. തൃശ്ശൂര്‍ കേരളവര്‍മ കോളേജ് ഗ്രൗണ്ടിലായിരുന്നു മത്സരങ്ങള്‍. ആദ്യമത്സരത്തില്‍ ഞാന്‍ വീറോടെ പന്തെറിഞ്ഞു. ആറ് വിക്കറ്റും വീഴ്ത്തി. പക്ഷേ, ചെറിയൊരു പ്രശ്‌നമുണ്ടായി. എന്റെ ഒരു അപ്പീല്‍ അമ്പയര്‍ നിരസിച്ചു. ദേഷ്യവും വിഷമവുമൊക്കെയുണ്ടായി. തൊട്ടുപിന്നാലെയെറിഞ്ഞ പന്ത് ബാറ്റ്സ്മാന്റെ ബാറ്റിലുരസി. വിക്കറ്റ് വീണുവെന്ന നിമിഷം പന്ത് കീപ്പര്‍ കൈവിടുകയും ചെയ്തു. ഞാനാകെ നിരാശനായി.
ബൗള്‍ ചെയ്യുന്നതിനുമുന്‍പായി ഞാനെന്റെ തൊപ്പി അമ്പയറുടെ കൈവശം നല്‍കിയിരുന്നു. അപ്പീലും നിരസിച്ചു, ക്യാച്ചും കൈവിട്ടു. ഈയൊരു പിരിമുറുക്കത്തില്‍ ഓവര്‍ കഴിഞ്ഞ് പോകുമ്പോള്‍ ഞാന്‍ അമ്പയറുടെ തലയില്‍നിന്ന് എന്റെ തൊപ്പി ചാടിയെടുക്കാന്‍ ശ്രമിച്ചു. ഒരു പതിമ്മൂന്നുകാരന്റെ ചോരത്തിളപ്പാകാം. അതിനിടെ അമ്പയറുടെ തൊപ്പി താഴെവീണു.
പെട്ടെന്ന് അമ്പയര്‍ ചൂടായി: ''നീയെന്റെ തൊപ്പി വലിച്ചെറിയാനായോ?''
''ഞാന്‍ എന്റെ തൊപ്പിയാ എടുത്തത്.'' അതായിരുന്നു എന്റെ മറുപടി.
സില്ലിയായ അക്കാര്യം പക്ഷേ, ഊതിപ്പെരിപ്പിക്കുകയാണുണ്ടായത്. 'ഒരു പതിമ്മൂന്നുകാരന് ഇത്ര അഹങ്കാരമോ!' ടീമില്‍ അതൊരു വലിയ പ്രശ്‌നമായി. മാത്രവുമല്ല, സൗത്ത് സോണിനെതിരായ അടുത്തകളിയില്‍ എന്നെ പുറത്തിരുത്തുകയും ചെയ്തു. ആറ് വിക്കറ്റ് വീഴ്ത്തിയിട്ടും അവഗണന നേരിട്ടതോര്‍ത്ത് ഞാന്‍ കരഞ്ഞു. ഇടവേളയില്‍ വെള്ളം കൊണ്ടുകൊടുക്കാന്‍പോലും എന്നെ ഗ്രൗണ്ടിലിറക്കിയില്ല. അപ്പോഴാണ്, ജയകൃഷ്ണന്‍ ചേട്ടന്‍ പ്രത്യക്ഷപ്പെട്ടത്. നിരാശനായിരിക്കുന്ന ഒരു കുട്ടിക്ക് ആശ്വാസം ചൊരിഞ്ഞുകൊണ്ടുളള വരവ്. ബാല്യകാലംമുതല്‍ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു അദ്ദേഹം. ജയകൃഷ്ണന്‍ ചേട്ടന്‍ പഠിച്ചത് കേരളവര്‍മ കോളേജിലാണ്. കോളേജിന് അടുത്തുതന്നെയായിരുന്നു ചേട്ടന്റെ വീടും. കരഞ്ഞുതളര്‍ന്നിരുന്ന എന്നെ സമാധാനിപ്പിച്ച് ചേട്ടന്‍ വീട്ടില്‍ കൊണ്ടാക്കി.
ജയകൃഷ്ണന്‍ ചേട്ടന്‍ സെലക്ടര്‍മാരെ കാണാന്‍ പോയി. ''ചെറിയ പയ്യനല്ലേ, ഒരു കൈയബദ്ധം പറ്റിയതിന് ഇത്ര കഠിനശിക്ഷ നല്‍കാന്‍ പാടുണ്ടോ? നാളെ അവന്‍ സ്റ്റേറ്റ് ടീമിനുവേണ്ടി കളിച്ചെന്നുവരും. കഴിഞ്ഞ കളിയില്‍ ആറ് വിക്കറ്റും വീഴ്ത്തി. നന്നായി ബാറ്റ് ചെയ്യുകയും ചെയ്തു. അത് നിങ്ങള്‍ കാണാത്തതെന്താണ്?'' ചേട്ടന്‍ അവരോട് ചോദിച്ചു.
പക്ഷേ, ടീം മാനേജ്മെന്റിന് കുലുക്കമില്ലായിരുന്നു. എന്റെ കരിയര്‍ നശിപ്പിച്ചതുപോലെ, ഇവന്റെ കരിയറും നശിപ്പിക്കുകയാണോയെന്നും ജയകൃഷ്ണന്‍ ചേട്ടന്‍ സെലക്ടര്‍മാരോട് ചോദിച്ചിരുന്നുവത്രേ! പിന്നീടാണ് ഞാനറിയുന്നത്, ജയകൃഷ്ണന്‍ ചേട്ടന്‍ മികച്ചൊരു ക്രിക്കറ്റ് പ്ലേയറായിരുന്നുവെന്ന്. ബാറ്റിങ്ങിലും ബൗളിങ്ങിലും കീപ്പിങ്ങിലും ഒരുപോലെ തിളങ്ങിയ താരം. കേരളവര്‍മ കോളേജിനുവേണ്ടി റണ്ണടിച്ചുകൂട്ടിയിട്ടും ആരെല്ലാമോ ചേര്‍ന്ന് ചേട്ടനെ കളിയില്‍നിന്ന് പുറത്താക്കി.
പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. സ്റ്റേറ്റ് അണ്ടര്‍ 13-ന്റെ മുപ്പതംഗ സാധ്യതാ ടീമില്‍ ഞാനുണ്ടായിരുന്നില്ല. അന്ന് ജയകൃഷ്ണന്‍ ചേട്ടന്‍ എന്നോട് പറഞ്ഞു: ''നീയിനി ഇവിടെ നിന്നിട്ട് കാര്യമില്ല. ബാംഗ്ലൂരില്‍ പോകണം. അവിടെ ബ്രിജേഷ് പട്ടേലിന്റെ അക്കാദമിയുണ്ട്. അവിടെനിന്ന് പരിശീലനം നേടണം.''കര്‍ണാടകയില്‍ കാരാവലി എന്ന ക്രിക്കറ്റ് ക്ലബ് പരിശീലനത്തിലും മത്സരത്തിനുമായി കുട്ടികളെ ക്ഷണിച്ചുകൊണ്ടുള്ള പത്രവാര്‍ത്തയും അദ്ദേഹം കാണിച്ചുതന്നു. മാത്രമല്ല, അച്ഛനോടും അമ്മയോടും ജയകൃഷ്ണന്‍ ചേട്ടന്‍തന്നെ പറഞ്ഞു: ''ശ്രീശാന്തിനെ ബാംഗ്ലൂരിലെ അക്കാദമിയില്‍ വിടണം.''
അങ്ങനെ, ഞാന്‍ ബാംഗ്ലൂരിലേക്ക് വണ്ടി കയറി. ക്രിക്കറ്റ് ഭാവി അവസാനിച്ചേക്കുമെന്ന നിമിഷത്തിലായിരുന്നു ജയകൃഷ്ണന്‍ ചേട്ടന്റെ ആ ഇടപെടല്‍. ജീവിതം ഇരുളിലാണ്ടുപോകുന്ന നിമിഷങ്ങളില്‍ പ്രത്യാശയുടെ നേരിയ വെളിച്ചം പൊഴിച്ച് കടന്നുവരുന്നവരില്ലേ... ജയകൃഷ്ണന്‍ ചേട്ടനെ അങ്ങനെയോര്‍ക്കാനാണ് എനിക്കിഷ്ടം. കരിയറിന്റെ കയറ്റിറക്കങ്ങള്‍ക്കും തിരക്കുകള്‍ക്കുമിടയില്‍, പിന്നീട് ചേട്ടനെ കാണാനെനിക്ക് കഴിഞ്ഞില്ല.
അതിനിടെ, വീട്ടില്‍നിന്ന് അമ്മയുടെ ഫോണ്‍ വന്നു: ''ജയകൃഷ്ണന്റെ സഹോദരിയുടെ കല്യാണമാണ് അടുത്തയാഴ്ച.'' ബാംഗ്ലൂരിലായതിനാല്‍ എനിക്ക് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാകില്ലല്ലോ എന്നോര്‍ത്തപ്പോള്‍, വിഷമം തോന്നി. ഞാനില്ലെങ്കിലും എന്റെ വീട്ടില്‍ നിന്ന് എല്ലാവരും കല്യാണത്തില്‍ പങ്കെടുക്കുമല്ലോ എന്നോര്‍ത്ത് സമാധാനിച്ചു.
കല്യാണദിവസം വീട്ടില്‍നിന്ന് എല്ലാവരും ഓഡിറ്റോറിയത്തിലെത്തി. എന്നാല്‍, അവിടെ ആളനക്കമില്ലായിരുന്നു. ചേട്ടന്റെ വീട് തിരുവമ്പാടി അമ്പലത്തിന്റെ മുന്നിലാണ്. അതിനോട് ചേര്‍ന്നാണ് ഓഡിറ്റോറിയം. ആരെയും കാണാതായപ്പോള്‍, അവര്‍ ചേട്ടന്റെ വീട്ടിലേക്ക് പോയി. വീട്ടില്‍ ആരുടെയോ മരണാനന്തര ചടങ്ങ് നടക്കുന്നതാണ് അവര്‍ കണ്ടത്. കല്യാണവീട് മരണവീടായിരിക്കുന്നു. മരിച്ചത് ജയകൃഷ്ണന്‍ ചേട്ടനാണെന്ന് ആര്‍ക്കും വിശ്വസിക്കാനായില്ല.
കല്യാണത്തിന് നാലുദിവസംമുന്‍പ് സഹോദരിയെ കൂട്ടിക്കൊണ്ടുവരാന്‍ പോകുന്നതിനിടയിലാണ് അത് സംഭവിച്ചത്. അവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഒരു ഫാസ്റ്റ് ബസ് വന്നിടിച്ചു. ജയകൃഷ്ണന്‍ ചേട്ടന്‍ മരിച്ചു. അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. കല്യാണം മുടങ്ങി. വിവാഹം ക്ഷണിക്കാന്‍ എന്റെ വീട്ടില്‍ വന്നപ്പോള്‍, അമ്മ ചേട്ടനോട് ചോദിച്ചിരുന്നു, സഹോദരിയുടെ വിവാഹത്തിനൊപ്പം നിന്റെകൂടി വിവാഹം നടത്തിക്കൂടെയെന്ന്. ''ഈ വര്‍ഷംകൂടി കഴിയണം'' എന്നായിരുന്നു മറുപടി.
ജയകൃഷ്ണന്‍ ചേട്ടന്റെ മരണവാര്‍ത്ത അമ്മ എന്നെ അറിയിച്ചു. മനസ്സും ശരീരവും മരവിച്ച അവസ്ഥയായിരുന്നു എനിക്ക്. ഞാന്‍ പൊട്ടിക്കരഞ്ഞു. രണ്ടുദിവസത്തേക്ക് ക്ലാസിലും കളിക്കളത്തിലും പോകാനെനിക്കായില്ല.
ഇരുപത്തിയെട്ടുവയസ്സില്‍ ജീവിതത്തില്‍ വലിയൊരു സംഭവമുണ്ടാകുമെന്ന് ജയകൃഷ്ണന്‍ ചേട്ടന്റെ ജാതകത്തിലുണ്ടായിരുന്നു. ഒരു വെള്ളിക്കിണ്ടി വാങ്ങി ചേട്ടന്‍ തന്റെ അച്ഛന് നല്‍കി. ഇതുകൊണ്ട് അച്ഛന് ആവശ്യം വരുമെന്ന് പറഞ്ഞിരുന്നുവത്രേ. അതേ വെള്ളിക്കിണ്ടി കൊണ്ട് ജയകൃഷ്ണന്‍ ചേട്ടന്റെ ഉദകക്രിയ ചെയ്യേണ്ടി വന്നു.
''ഈ വര്‍ഷംകൂടി കഴിയട്ടെ'' എന്ന് അമ്മയോട് ജയകൃഷ്ണന്‍ ചേട്ടന്‍ പറഞ്ഞത് എല്ലാം അറിഞ്ഞുകൊണ്ടായിരിക്കുമോ? മരിക്കുമ്പോള്‍, ജയകൃഷ്ണന്‍ ചേട്ടന് ഇരുപത്തിയെട്ടുവയസ്സായിരുന്നു...
പില്‍ക്കാലത്ത് ഇന്ത്യന്‍ കുപ്പായമണിയാന്‍ എനിക്കായി. ഇതിഹാസതാരങ്ങള്‍ക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിടാനായി. ട്വന്റി-ട്വന്റി വേള്‍ഡ് കപ്പും ലോകകപ്പും നേടി ഇന്ത്യ ചരിത്രംകുറിക്കുമ്പോള്‍, അതിന്റെ ഭാഗമാകാന്‍ സാധിച്ചത് ചേട്ടന്‍ അന്നുതന്ന പിന്തുണകൊണ്ടുകൂടിയാണ്.
കരിയറിനുമേല്‍ കരിനിഴല്‍ വീണേക്കുമെന്ന് തോന്നിയ ഘട്ടത്തില്‍, എന്നെ കൈപിടിച്ചുയര്‍ത്തിയ ജയകൃഷ്ണന്‍ ചേട്ടനെ ഒരിക്കലും മറക്കാനാകില്ല. മരണത്തിനുപോലും ചേട്ടന്റെ രൂപത്തെ മനസ്സില്‍നിന്ന് അടര്‍ത്തിമാറ്റാന്‍ കഴിയില്ല.
Content Highlights: cricketer sreesanth remembering about a person in his life