'ആ പ്രശ്നത്തെക്കുറിച്ച് വേദനിക്കരുത്, അതെല്ലാം ഞാൻ നോക്കിക്കൊള്ളാം': വിജയ്

കുറച്ചുദിവസങ്ങളായി തമിഴ് നടനും രാഷ്ട്രീയനേതാവുമായ വിജയ്‌യുടെ സ്വകാര്യജീവിതമാണ് ഏറ്റവും ചർച്ചയായിക്കൊണ്ടിരിക്കുന്ന വിഷയം. ഭാര്യ സംഗീത വിവാഹമോചനഹർജി സമർപ്പിച്ചതിനുപിന്നാലെ, സൈബർ ആക്രമണവും നേരിടേണ്ടി വന്നു. വിവാഹേതരബന്ധവും, മാനസികപീഡനവുമൊക്കെയാണ് ഭാര്യയുടെ ഹർജിയിലെ പ്രധാന ആരോപണങ്ങൾ.
എന്നാൽ, ഇതിനോടൊന്നും വിജയ് പ്രതികരിച്ചിരുന്നില്ല. പ്ലസ്ടു വിദ്യാർഥികൾക്ക് വിജയാശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റാണ് അദ്ദേഹം അതിനിടയിൽ ആകെയിട്ടത്.
പിന്നാലെ, ഒരു വിവാഹസത്കാരത്തിൽ വിജയ്‌യും തൃഷയും ഒരുമിച്ചെത്തിയത് പ്രശ്‌നങ്ങൾ രൂക്ഷമാക്കി. അപ്പോഴും സ്വകാര്യജീവിതത്തെക്കുറിച്ച് തുറന്നുസംസാരിച്ചതേയില്ല വിജയ്. സംഗീതയ്‌ക്കൊപ്പം ഒത്തുതീർപ്പിനായി വിജയ് ശ്രമങ്ങൾ നടത്തുന്നതായും വാർത്തകളുണ്ട്. വനിതാദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ സംസാരിച്ച വിജയ്‌യുടെ വാക്കുകളും ശ്രദ്ധിക്കപ്പെടുകയാണ്.
''അടുത്ത കാലത്തായി ചില പ്രശ്നങ്ങൾ ചുറ്റിത്തിരിയുന്നുണ്ട്, അല്ലേ? ആ ആരോപണങ്ങൾക്കെതിരെ പോരാടുന്നതിലും അതിനിടയിൽ വേദന അനുഭവിക്കുന്നതിലും തിരക്കിലാണ് നിങ്ങളെല്ലാവരും. വാസ്തവത്തിൽ, നിങ്ങൾ വേദനിക്കുന്നത് കാണുമ്പോൾ എനിക്ക് വേദന തോന്നാറുണ്ട്. അതെല്ലാം ഞാൻ നോക്കിക്കൊള്ളാം. ആളുകളുടെ പ്രശ്നങ്ങളിൽ നമുക്ക് ഇടപെടാം. ആ പ്രശ്നത്തെക്കുറിച്ച് വേദനിക്കരുത്. അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. ആത്മവിശ്വാസത്തോടെയിരിക്കുക. നല്ല കാര്യങ്ങൾ മാത്രമേ സംഭവിക്കൂ''.
തന്റെ സ്വകാര്യജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചാണ് വിജയ് സൂചിപ്പിക്കുന്നതെന്നാണ് പലരും പറയുന്നത്. എന്നാൽ, അതുതന്നെയാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay addresses ongoing personal life rumours during a Women's Day event., Clarifies stance on recent allegations without confirming specific details.