‘വിവാഹ ബന്ധം വേർപെടുത്താൻ കോടതിയെ സമീപിക്കുകയാണെങ്കിൽ, വീട്ടിൽ താമസിക്കാൻ അനുവദിക്കില്ല’

വിജയ്, സംഗീത | Instagram
വിജയ്, സംഗീത | Instagram

നടനും തമിഴക വെട്രി കഴകം (TVK) അധ്യക്ഷനുമായ വിജയിയുടെ വിവാഹമോചനകേസിൽ (vijay divorce) ഭാര്യ സംഗീത സ്വർണലിഗം ചെങ്കൽപ്പേട്ട് ജില്ലാ കോടതിയിൽ പുതിയൊരു ഹർജി കൂടി സമർപ്പിച്ചിരിക്കുകയാണ്. വിവാഹമോചനക്കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ നിലവിൽ താമസിക്കുന്ന വൈവാഹിക ഭവനത്തിൽ (Matrimonial Home) തുടരാൻ അനുവദിക്കണമെന്നതാണ് സംഗീതയുടെ ആവശ്യം.

താൻ ഒരു ബ്രിട്ടീഷ് പൗരയാണെന്നും ചെന്നൈയിൽ തനിക്ക് സ്വന്തമായി മറ്റ് താമസസൗകര്യങ്ങൾ ഇല്ലെന്നും സംഗീത ഹർജിയിൽ വ്യക്തമാക്കി. കുടുംബത്തിന്റെ പദവിക്കനുയോജ്യമായ മറ്റൊരു താമസസ്ഥലം ലഭിക്കുന്നത് വരെയോ കേസ് തീരുന്നത് വരെയോ നിലവിലെ വീട്ടിൽ താമസിക്കാൻ കോടതി ഇടക്കാല ഉത്തരവ് നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.

വിജയിയുടെ സിനിമാ-രാഷ്ട്രീയ ജീവിതം പരിഗണിച്ച്, മാന്യമായ രീതിയിൽ പരസ്പര സമ്മതത്തോടെ വേർപിരിയാൻ പലതവണ ശ്രമിച്ചിരുന്നു. എന്നാൽ ആ ശ്രമങ്ങളൊന്നും വിജയിച്ചില്ലെന്ന് സംഗീതയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

താൻ നിയമപരമായ വേർപിരിയലിനായി കോടതിയെ സമീപിക്കുകയാണെങ്കിൽ നിലവിലെ വീട്ടിൽ താമസിക്കാൻ അനുവദിക്കില്ലെന്ന് വിജയിയുടെ അഭിഭാഷകൻ വഴി സൂചന ലഭിച്ചതായും സംഗീത ഹർജിയിൽ ആരോപിക്കുന്നു.

നിർമ്മാതാവ് കൽപാതി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ, വിജയിയും നടി തൃഷയും ഒന്നിച്ചെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സംഗീതയുടെ ഈ പുതിയ നീക്കം. നേരത്തെ നൽകിയ വിവാഹമോചന ഹർജിയിൽ സ്ഥിരമായ ജീവനാംശവും (Alimony) താമസത്തിനുള്ള അവകാശവും അവർ ആവശ്യപ്പെട്ടിരുന്നു.

വിവാഹമോചനവുമായി ബന്ധപ്പെട്ട വാർത്തകളോട് വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകൾക്കായുള്ള പ്രത്യേക വാഗ്ദാനങ്ങൾ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Sangeeta Sornalingam files a plea to reside in the matrimonial home during divorce proceedings., Claims she has no other residence in Chennai as a British citizen., Alleges pressure from Vijay's legal team regarding eviction., Context follows recent social media speculation involving actor Trisha.