'സ്നേഹത്തിൽ മുക്കിയതിന് നന്ദി' എന്ന് തൃഷ; തമന്നയ്ക്കായി പോസ് ചെയ്ത് തൃഷ

നടിമാരായ ഖുഷ്ബുവും തൃഷ കൃഷ്ണനും തമ്മിലുള്ള സൗഹൃദം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യും തൃഷയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പരന്നപ്പോഴും, തൃഷ വിമർശിക്കപ്പെട്ടപ്പോഴും ഖുഷ്ബു തൃഷയ്ക്കൊപ്പം തന്നെ നിന്നു.
അന്ന് ഖുഷ്ബു പറഞ്ഞതിങ്ങനെ, ''നിർഭാഗ്യവശാൽ, ഒരാൾ ഒന്ന് തുമ്മിയാൽ പോലും അതിന് മറ്റൊരാളെ കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. അവരെ രണ്ടുപേരെയും കുറിച്ച് എനിക്കുള്ള അറിവ് വെച്ച് പറയുകയാണെങ്കിൽ, എനിക്ക് വളരെ അടുത്ത സുഹൃത്തായ തൃഷ, ഞാൻ കണ്ടുമുട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും മാന്യതയുള്ള സ്ത്രീകളിൽ ഒരാളും സൗമ്യസ്വഭാവക്കാരിയുമാണ്''.
ജൂലായ് ഒന്നിനാണ് ഖുഷ്ബുവിന്റെയും സുന്ദർ സി.യുടെയും മകളായ അവന്തികയുടെ വിവാഹം നടന്നത്. വിവാഹമെന്നതിലുപരി താരങ്ങളുടെ ഒരു കൂട്ടായ്മ കൂടിയായിരുന്നുവത്. അനിൽ കപൂർ, നാഗാർജുന, ജാക്കി ഷ്റോഫ്, അമല, ചിരഞ്ജീവി, തമന്ന എന്നിവർക്കൊപ്പം തൃഷയും ചടങ്ങിൽ സജീവമായുണ്ടായിരുന്നു.
വിവാഹശേഷം തൃഷ ചിത്രങ്ങളും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു. ഖുഷ്ബു, സുന്ദർ സി, തമന്ന എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് തൃഷ കുറിച്ചതിങ്ങനെ, ''നാലുദിവസങ്ങളോളം ഞങ്ങളെ സ്നേഹത്തിലും സന്തോഷത്തിലും മുക്കിയതിന് ഖുഷ്, സുന്ദർ സർ എന്നിവർക്ക് നന്ദി. വിവാഹാഘോഷങ്ങളുടെ ആവേശത്തിൽനിന്ന് വിട്ടുമാറുന്നതേയുള്ളൂ. തമ്മി, നമുക്കിനിയും ഇടയ്ക്കിടെ കാണണം''. തൃഷയ്ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഖുഷ്ബു 'അഴകി' എന്നാണ് താരത്തെ വിശേഷിപ്പിച്ചത്. വിജയ്യെയും വിവാഹത്തിന് ക്ഷണിച്ചിരുന്നുവെങ്കിലും, ഔദ്യോഗികതിരക്കുകളാൽ അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞില്ല.
ഇപ്പോൾ വെഡിങ് കമ്പനി തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ വിവാഹത്തിൽനിന്നുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചു. വധൂവരൻമാരും ഖുഷ്ബുവും സുന്ദറും ഒപ്പം ബ്രൈഡ്സ്മെയ്ഡായ തൃഷ, തമന്ന എന്നിവരെയും ചിത്രങ്ങളിൽ കാണാം. അതിലേറ്റവും ശ്രദ്ധേയമായത് തൃഷയും തമന്നയും നടൻ രവിമോഹന്റെ മുൻഭാര്യ ആർതി രവിയും ചേർന്നുള്ള ചിത്രമാണ്. തൃഷയുടെയും ആർതിയുടെയും ചിത്രമെടുക്കാൻ നോക്കുന്ന തമന്നയെ ആ ചിത്രത്തിൽ കാണാം. എല്ലാവരും ധരിച്ചത് ഐവറി നിറത്തിലുള്ള വസ്ത്രങ്ങളാണ്. താരങ്ങളുടെ സൗഹൃദം ആരാധകരും ഇപ്പോൾ ആഘോഷിക്കുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Trisha Krishnan attended the wedding of Khushbu Sundar's daughter, Avantika. Trisha shared warm appreciation for Khushbu and Sundar C's hospitality. Viral photos feature Trisha, Tamannaah, and Aarti Ravi in ivory-themed outfits.