
'വിധവകളുടെ നഗരം' അഥവാ 'City of widows' എന്നാണ് ഉത്തർ പ്രദേശിലെ വൃന്ദാവൻ അറിയപ്പെടുന്നത്. വയോധികരായ ആയിരക്കണക്കിന് വിധവകളാണ് ഈ നഗരത്തിലെ പല ആശ്രമങ്ങളിലായി കഴിയുന്നത്. പണ്ടൊക്കെ ഭർത്താവ് മരിച്ച സ്ത്രീകൾക്ക് മൂന്ന് വഴികളാണ് മുന്നിലുണ്ടായിരുന്നത്- ഭർത്താവിന്റെ സഹോദരനെ വിവാഹം കഴിക്കുക, ഭർത്താവിന്റെ ചിതയിൽ ചാടി ആത്മഹൂതി ചെയ്യുക, ലൗകികജീവിതം പരിപൂർണമായി പരിത്യജിച്ച് വെള്ളവസ്ത്രമുടുത്ത്, തലമുണ്ഡനം ചെയ്ത് ശിഷ്ടകാലം ജീവിക്കുക. ഇതിൽ മൂന്നാമത്തെ വഴി തിരഞ്ഞെടുത്തവരുടെ കാര്യം സത്യത്തിൽ കഷ്ടമാണ്. ഇവർക്ക് പിന്നീട് ഒരു മംഗളകർമ്മങ്ങളിലും പങ്കെടുക്കാൻ സാധിക്കില്ല, കണ്ണെഴുതാൻ പാടില്ല, ഈശ്വരനാമമല്ലാത്ത പാട്ടുകളോ കവിതകളോ ഒന്നും കേൾക്കാനോ പാടാനോ പറ്റില്ല. എന്തിനധികം പറയുന്നു, ഒന്നുറക്കെ ചിരിക്കാൻപോലും അനുവാദമില്ല. പൊതുസമൂഹത്തിൽ ജീവിക്കുന്നതിലും ഭേദം ആരുമറിയാത്ത ഏതെങ്കിലും സ്ഥലത്തെ തീർഥാടനകേന്ദ്രങ്ങളിൽ ജീവിക്കുന്നതാണെന്ന് കരുതി പലരും വാരാണസിയിലും വൃന്ദാവനിലുമൊക്കെ എത്തിപ്പെട്ടു. ചിലരാകട്ടെ മക്കൾക്കും കൊച്ചുമക്കൾക്കും കുടുംബത്തിനും വേണ്ടി ഒരായുഷ്‌കാലം മുഴുവൻ നീക്കി വെച്ച ശേഷം അവരാൽ തന്നെ ഇവിടെ നടതള്ളപ്പെട്ടവർ ആണ്. ഇതൊന്നും കൂടാതെ ഹൃദയം നുറുക്കുന്ന മറ്റൊരു കൂട്ടരുണ്ട്. നന്നേ ചെറുപ്പത്തിൽ വിധവയായവർ. ഇവരുടെ പൂർവജന്മപാപം കൊണ്ടാണ് വൈധവ്യം ഇത്രയും നേരത്തെ അനുഭവിക്കേണ്ടി വന്നതെന്നും പരിഹാരമായി ശിഷ്ടകാലം മുഴുവൻ ഈശ്വരചിന്തയിൽ കഴിയണം എന്നും പറഞ്ഞ് ഇവിടെ കൊണ്ടുവന്നു വിടും. വാരാണസിയെക്കാളും എന്തുകൊണ്ടോ വിധവകളുടെ എണ്ണം വളരെ കൂടുതലാണ് വൃന്ദാവനിൽ. വർഷങ്ങൾക്കു മുൻപ് ഒരു ഡോക്യൂമെന്ററി കണ്ട കാലം തൊട്ടേ വൃന്ദാവനും ജീവിതങ്ങളും മനസ്സിൽ കയറിക്കൂടിയതാണ്. അതുകൊണ്ട് വൃന്ദാവനിൽ എത്തിയതും ഇവരെത്തേടിയാണ് ആദ്യമിറങ്ങിയത്.
ആ അന്വേഷണം എത്തിച്ചേർന്നത് 'മൈത്രി' എന്ന സന്നദ്ധസംഘടനയിലാണ്. 'പലരുടെയും വിചാരം വൃന്ദാവനത്തിൽ ഈ സ്ത്രീകളൊക്കെ സുഖമായി ജീവിക്കുകയാണ് എന്നാണ്. എന്നാൽ അങ്ങനെയല്ല. പലരെയും പിന്നീട് ബന്ധുക്കൾ ഒന്നു തിരിഞ്ഞുപോലും നോക്കില്ല. ഞങ്ങളുടെ കൂടെ താമസമാകുന്നതിനു മുൻപ് ഭിക്ഷയാചിച്ചാണ് പല അമ്മമാരും ജീവിച്ചിരുന്നത്.' മൈത്രിയിൽ വോളണ്ടീയർ ആയ പ്രഭാകർജി പറഞ്ഞു.
'എനിക്കവരെ കാണാൻ സാധിക്കുമോ?' നീരസം തോന്നുമോ എന്ന ഭയത്തോടെ ഞാൻ ചോദിച്ചു.
'അതിനെന്താ! അവർക്ക് അതൊക്കെ വലിയ സന്തോഷമാണ്. സന്ദർശകരായിട്ട് ആരെയെങ്കിലും കിട്ടിയാൽ പിന്നേ അമ്മമാർ വിടില്ല. വിശേഷം പറഞ്ഞോണ്ടിരിക്കും.' പ്രഭാകർജിയുടെ പിന്നാലെ ഞാൻ ഇടനാഴിയിലൂടെ നടന്നു. വലതുവശത്തെ ആദ്യത്തെ മുറിയിൽ കയറി. സ്വെറ്ററും കമ്പിളിതൊപ്പിയുമൊക്കെ വെച്ച ഒരമ്മ കട്ടിലിൽ ചമ്രംപടിഞ്ഞിരിക്കുന്നു. നെറ്റിയിൽ വലിയൊരു ഗോപിക്കുറിയുണ്ട്. ചുളിവുകൾ വീണ മെലിഞ്ഞ ശരീരം. പല്ലില്ലാത്ത മോണ കാട്ടി അവർ ഹൃദയമായി എന്നെനോക്കി ചിരിച്ചു.
'ഇതാണ് കൗസല്യാദേവി. ഇവിടെ താമസിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ ആളും ഏറ്റവും ചെറിയ പ്രായത്തിൽ വിധവയായതും ഇവരാണ്.' അദ്ദേഹം പറഞ്ഞു.
ഞാൻ ഒന്നും മിണ്ടാതെ ആ കണ്ണുകളിലേക്ക് കുറേ നേരം നോക്കി നിന്നു. ആഴമേറിയ, ദുഃഖങ്ങൾ പേറുന്ന ആ കണ്ണുകൾ സന്തോഷമറിഞ്ഞിട്ടുണ്ടാകുമോ? 'അമ്മക്ക് എത്ര വയസ്സുണ്ട്?' ഹിന്ദിയിൽ ഞാൻ ചോദിച്ചു. ചിരിച്ചു കൊണ്ട് എന്നെ നോക്കിയതല്ലാതെ മറുപടിയൊന്നും കിട്ടിയില്ല. 'അവർ വർഷങ്ങളായി സംസാരിക്കാറില്ല. ഇവിടെ വന്നിട്ട് ഏകദേശം ഇരുപത് വർഷമായി. പെട്ടെന്നൊരു ദിവസം സംസാരം നിർത്തി. തൊണ്ണൂറ്റി രണ്ട് കഴിഞ്ഞു പ്രായം. പതിമൂന്നാമത്തെ വയസ്സിൽ വിധവ ആയതാണ് അമ്മ.' ജരാനരകൾ ബാധിച്ച, കവിളെല്ലുകൾ തള്ളിനിൽക്കുന്ന, കുഴിഞ്ഞ കണ്ണുകളുള്ള മുഖമല്ല ആ നിമിഷം ഞാൻ കണ്ടത്. ധാരാളം സ്വപ്നങ്ങൾ കാണുന്ന, പലവർണങ്ങൾ പേറുന്ന പാവാടയണിഞ്ഞ, പാദസരമിട്ട, കുപ്പിവളകൾ കിലുക്കുന്ന ഒരു പതിമൂന്നുകാരി എന്റെ മുന്നിൽ തെളിഞ്ഞു നിന്നു. പതിമൂന്നുവയസ്സുള്ള ഒരു കൊച്ചുകുഞ്ഞ് കുടുംബജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളും വൈധവ്യത്തിന്റെ ഭാരവും പേറി എന്നു പറയുമ്പോൾ... ചിന്തിക്കാൻ സാധിക്കുന്നില്ല! എന്റെ മുന്നിലിരിക്കുന്ന ഈ മനുഷ്യജന്മം ജീവിതത്തിന്റെ യാതൊരു മാധുര്യവുമറിഞ്ഞിട്ടില്ല. ആയുസ്സിന്റെ സിംഹഭാഗവും അനാഥത്വത്തിൽ കഴിഞ്ഞ അവർക്ക് ഒരു ദിവസം വാക്കുകൾ പൊള്ളയായും സംഭാഷണങ്ങൾ നിരർഥമായും തോന്നിയിട്ടുണ്ടാകാം. കണ്ണുനിറഞ്ഞു തുടങ്ങുമോ എന്ന ഭയം തോന്നിത്തുടങ്ങിയപ്പോൾ ഞാൻ തുറന്ന ജനാലകൾ കൊണ്ടൊന്നും മായ്ക്കാനാകാത്ത ഇരുട്ട് നിറഞ്ഞ മുറിയിൽ നിന്നിറങ്ങി.
അടുത്ത മുറിയിൽ ഏകദേശം ആറോളം അന്തേവാസികൾ ഉണ്ടായിരുന്നു. മുറിയെന്നു പറയാൻ പറ്റില്ല. വിശാലമായൊരു ഹാൾ ആണ്. എല്ലാവർക്കും നടക്കാനും പെരുമാറാനുമൊക്കെ ആവശ്യത്തിന് സ്ഥലമുണ്ട്. എന്നെ കണ്ടതും എല്ലാവരും ചുറ്റും കൂടി. ഒരുപാടു സംസാരിച്ചു. ഇതിനിടയിൽ എന്റെ കൈ പിടിച്ച് ഒരമ്മ അവരുടെ കട്ടിലിനരികിലേക്ക് കൊണ്ടുപോയി. എന്റെ കവിൾ തലോടി ഹൃദ്യമായി അവർ ചോദിച്ചു, 'മോള് വന്നിട്ട് വെള്ളമെങ്കിലും കുടിച്ചോ?' 'ഞാൻ ചായ കുടിച്ചിട്ടാണ് അമ്മേ വന്നത്.' 'അതൊന്നും പറഞ്ഞാൽ പറ്റില്ല. ഇത് കുടിക്ക്.' അവർ ഒരു ഫ്‌ളാസ്‌കിൽ നിന്ന് ചൂടുവെള്ളം സ്റ്റീൽ ഗ്ലാസിലേക്ക് പകർന്ന് എന്റെ നേരെ നീട്ടി. സാരിത്തുമ്പിലെ കുടുക്കഴിച്ചപ്പോൾ അതിൽ ഉപ്പിട്ട് വേവിച്ച കപ്പലണ്ടിയാണ്. അതുമുഴുവൻ കൈക്കുമ്പിളിലേക്ക് പകർത്തി അവർ പറഞ്ഞു 'ഇന്നത്തെ ചായയുടെ കൂടെയുള്ള പലഹാരമാണ്. രാത്രി കഴിക്കാൻ അമ്മ കരുതി വെച്ചതാണ്. മോളിത് കഴിച്ചോ.' വേണ്ട എന്ന് കഴിയുന്നത്ര പറഞ്ഞിട്ടും അവർ കൂട്ടാക്കിയില്ല. അത് കഴിച്ചു കഴിയാറായപ്പോഴേക്കും ഒരു ഓറഞ്ച് എന്റെ മുന്നിലെത്തി. അതിന്റെ തൊലിയുരിഞ്ഞ് നാരുകളെല്ലാം സശ്രദ്ധം നീക്കി ഓരോ അല്ലികളായി അവരെനിക്ക് തന്നു. എന്തുപറയണമെന്നറിയാതെ സ്തബ്ധയായി അവരെ നോക്കിയ എന്റെ തലമുടിയിൽ വിരലോടിച്ചു കൊണ്ട് അവർ പറഞ്ഞു, 'എന്റെ മോൾ കാണാൻ ഏകദേശം നിന്നെപ്പോലെയായിരുന്നു. നല്ല പൊക്കം, വട്ടമുഖം. ഇവിടെ നീ വന്നപ്പോൾ മുതൽ ഞാൻ രാധാബായിയോട് പറയുന്നുണ്ട് എന്റെ കുഞ്ഞിനെപ്പോലെയുണ്ടെന്ന്.' ഇത്രയും നല്ലൊരമ്മയെ ഉപേക്ഷിച്ചുപോയ മകളെ മനസ്സുകൊണ്ട് ശപിച്ചു ഞാൻ ചോദിച്ചു, 'മകൾ എവിടെയാണിപ്പോൾ?' 'അച്ഛന്റെയും എന്റെയും ഒറ്റമോളായിരുന്നു. അച്ഛൻ മരിച്ചു രണ്ടുവർഷം കഴിഞ്ഞപ്പോൾ അവൾക്ക് ചെറിയ ചില ബുദ്ധിമുട്ടുകൾ കണ്ടുതുടങ്ങി. ഡോക്ടറെ കാണിച്ചപ്പോൾ കാൻസർ ആയിരുന്നു. അവളെയും കൊണ്ട് ചികിത്സിക്കാൻ പോകാത്ത സ്ഥലങ്ങളില്ല. പക്ഷെ അവളും പോയി. ഒറ്റയ്ക്കായപ്പോൾ ഒരുപാടു വട്ടം അവളുടെ അടുത്ത് പോകാൻ ഞാൻ ശ്രമിച്ചു. പക്ഷെ ഓരോ വട്ടവും മരണത്തിൽ നിന്ന് ഞാൻ എങ്ങനെയൊക്കെയോ രക്ഷപെട്ടു. ഒടുവിൽ എനിക്ക് തന്നെ തോന്നിത്തുടങ്ങി. എന്റെ കുഞ്ഞാണോ എന്നെ ഓരോ വട്ടവും ഇങ്ങനെ രക്ഷിക്കുന്നതെന്ന്. പിന്നീട് ഇതുവരെ ഞാൻ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ല. ഒറ്റക്ക് ജീവിക്കാൻ വയ്യ. അങ്ങനെ ഞാൻ ഇവിടെ എത്തിപ്പെട്ടു.'
'ഞങ്ങളിൽ പലരെയും പോലെ മകൾ ഇന്ദിരയെ ഉപേക്ഷിച്ചതല്ലല്ലോ. മരണം മോളെ നേരത്തെ വിളിച്ചതല്ലേ.' അവരെ സമാധാനിപ്പിച്ചുകൊണ്ട് അടുത്ത കട്ടിലിൽ ഇരുന്ന സ്ത്രീ പറഞ്ഞു.
പിന്നീട് പല മുറികളിലായി പല ജീവിതങ്ങൾ ഞാൻ കണ്ടു. അറിഞ്ഞു. മക്കൾ ഉപേക്ഷിച്ചവർ, സ്വാഭിമാനം ചോദ്യം ചെയ്യപ്പെട്ട നിമിഷം വീടുവിട്ടിറങ്ങിയവർ, പരാജയപ്പെട്ടുപോയ ആത്മഹത്യാശ്രമങ്ങളിൽ നിന്ന് ജീവിക്കാൻ പഠിച്ചവർ, പല സ്ഥലങ്ങളിലായി അലഞ്ഞ ശേഷം ഒടുവിൽ ഇവിടെ അഭയം പ്രാപിച്ചവർ. കണ്ണുകളിൽ തളംകെട്ടി നിൽക്കുന്ന ദുഃഖം മറയ്ക്കാനായി ചിരിച്ച മുഖങ്ങളുമായി ജീവിക്കുന്ന കുറേ അമ്മമാർ. യാത്രപറഞ്ഞ് ഇറങ്ങാൻ ഭാവിച്ചപ്പോൾ എന്റെ കൈയ്യിൽ പിടിച്ച് എല്ലാ മുറികളിലും എനിക്കൊപ്പം വന്ന ലളിതാമ്മ പറഞ്ഞു 'സന്ധ്യക്കുള്ള നാമജപം കഴിഞ്ഞിട്ട് പോയാൽ മതി. അതുവരെ ഞങ്ങളുടെ കൂടെയിരിക്ക്.' എതിർപ്പൊന്നും പറയാതെ അവരുടെ കൂടെയിരുന്നു. കൃത്യം ആറു മണിക്ക് പ്രാർഥനയ്ക്കുള്ള മണി മുഴങ്ങി. എല്ലാവരും ഹാളിലെ കൃഷ്ണരൂപത്തിന് മുന്നിലിരുന്നു. രണ്ടു മൂന്നമ്മമാർ നേതൃത്വം ഏറ്റെടുത്തു ഭജനകൾ പാടി. മറ്റുള്ളവർ ഏറ്റുപാടി. പലരുടെയും കണ്ണുകൾ നിറഞ്ഞു. ചിലര് നിസ്സംഗരായി ഇരുന്നു. മറ്റുചിലർ അപ്പോഴും വാ തോരാതെ എന്നോട് സംസാരിച്ചുകൊണ്ടിരുന്നു. ശേഷം യാത്ര പറഞ്ഞിറങ്ങുമ്പോൾ പലരും ചോദിച്ചു 'ഇനിയെന്നാണ് വരുന്നത്?' 'അടുത്ത വർഷം.' ഞാൻ ഉറപ്പിച്ചു പറഞ്ഞു. പക്ഷെ ബഹുഭൂരിപക്ഷം മനുഷ്യരെയും പോലെ, ഞാൻ പറഞ്ഞ വാക്കുപാലിച്ചില്ല. മറന്നിട്ടല്ല. എന്റെ ഹൃദയത്തിന് താങ്ങാവുന്നതിനുമപ്പുറമായിരുന്നു അവരെ കണ്ടിറങ്ങിക്കഴിഞ്ഞുള്ള ദുഃഖം. സ്‌കൂട്ടറും എടുത്ത് ആ കോമ്പൗണ്ട് വിട്ടതും ഞാൻ പൊട്ടിക്കരഞ്ഞു. കരഞ്ഞു കരഞ്ഞു ഒടുവിൽ ശ്വാസം കിട്ടാതെ ഇരുട്ടത്തു ഞാൻ നിസ്സഹായയായി നിലത്തിരുന്നു. അച്ഛൻ മരിച്ച ദുഃഖം പേറി നടക്കുന്ന എന്റെ ഹൃദയത്തിന് ആ അമ്മമാരുടെ മുഖങ്ങൾ താങ്ങാവുന്നതിനുമപ്പുറമായിരുന്നു. എന്റെ മാനസികാരോഗ്യം സംരക്ഷിക്കാൻ ആ മുഖങ്ങളെ തല്ക്കാലം എനിക്ക് മറന്നേ മതിയാവു. അറിഞ്ഞോ അറിയാതെയോ പാലിക്കാനാകാതെപോയ വാക്കുകളുടെയും വാഗ്ദാനങ്ങളുടെയും ഭാണ്ഡക്കെട്ടിലെ ഏറ്റവും ഭാരമേറിയ ചുമട് ആ അമ്മമാർക്ക് നൽകിയ വാക്കുതന്നെയായിരിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Exploration of the historical and social stigma surrounding widows in India., First-hand account of life within Vrindavan's ashrams., The role of the Maitri organization in providing shelter and support., Heartbreaking stories of abandonment, resilience, and finding community., The emotional impact of witnessing the lives of the elderly in Vrindavan.
Published: 18 Jul 2026, 12:19 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented