വിജയ് മാതാപിതാക്കൾക്കെതിരെ കേസുകൊടുത്തു; അതിന് കാരണമായത് ഈ സംഭവം

വിജയ് / PTI
വിജയ് / PTI

സംവിധായകനായ എസ്.എ.ചന്ദ്രശേഖറിന്റെയും ഗായികയായ ശോഭയുടെയും മകനാണ് നടൻ വിജയ്. തന്റെ മാതാപിതാക്കളുമായി വളരെയടുത്ത ബന്ധമായിരുന്നു വിജയ്ക്ക്. എന്നും ബഹുമാനത്തോടെയും ആദരവോടെയും മാത്രമേ തന്റെ മാതാപിതാക്കളെക്കുറിച്ച് അദ്ദേഹം സംസാരിക്കാറുമുള്ളൂ. എന്നാൽ, ഒരിക്കൽ അവർക്കെതിരെ താരം തിരിഞ്ഞു.

2021-ലാണ് സംഭവം. വിജയ്‌യുടെ മാതാപിതാക്കൾ ചേർന്ന് ഒരു രാഷ്ട്രീയപാർട്ടി രൂപീകരിച്ചു. താരത്തിന്റെ ആരാധകരിലൊരു വിഭാഗത്തെ കൂടി ഉൾപ്പെടുത്തിയായിരുന്നു പാർട്ടിയുടെ രൂപീകരണം. 'ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം' എന്ന് പേരിട്ട പാർട്ടി വിജയ്‌യുടെ പേരിലാണ് രജിസ്റ്റർ ചെയ്തത്. അദ്ദേഹത്തിന്റെ അമ്മ ശോഭ പാർട്ടിയുടെ ട്രഷററായി, അവരുടെ ബന്ധുവായ പത്മനാഭനെ അതിന്റെ പ്രസിഡന്റായി നിയമിച്ചു. പക്ഷേ തൊട്ടുപിന്നാലെ ഇതിനെതിരെ വിജയ് രംഗത്തെത്തി.

തന്റെ അനുമതിയോടെയല്ല പാർട്ടിയുടെ മുഴുവൻ പ്രവർത്തനവും നടത്തുന്നതെന്നും വിജയ് ആരോപിച്ചു. ഈ പാർട്ടിക്ക് താനുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. പൊതുയോഗങ്ങളോ ഒത്തുചേരലുകളോ സംഘടിപ്പിക്കാൻ തന്റെ പേരും ചിത്രങ്ങളും ഉപയോഗിക്കാൻ ആർക്കും അനുവാദമില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.

പിന്നാലെ മാതാപിതാക്കൾക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്തു. അതിനൊപ്പം പാർട്ടിയുടെ ഭാരവാഹികളായ ഒമ്പത് പേർക്കെതിരെയും കേസ് കൊടുത്തു. അതിനുപിന്നാലെ ഒരു പ്രസ്താവനും അദ്ദേഹം പുറത്തിറക്കി, ''എന്റെ അച്ഛൻ ആരംഭിച്ച രാഷ്ട്രീയ പാർട്ടിയും ഞാനും തമ്മിൽ നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ലെന്ന് എന്റെ ആരാധകരെയും പൊതുജനങ്ങളെയും അറിയിക്കുന്നു'', എന്നായിരുന്നു ആ പ്രസ്താവന.

അതിനിടെ താരത്തിന്റെ അമ്മ ശോഭയും പാർട്ടിക്കെതിരെ രംഗത്തുവന്നു. വിജയ്‌യുടെ അനുമതി വാങ്ങാതെയാണ് ഫാൻ ക്ലബിനെ (vijay fan club) ഒരു രാഷ്ട്രീയസംഘടനയായി മാറ്റിയതെന്ന് ശോഭ വെളിപ്പെടുത്തി. കേസ് കോടതിയിലെത്തിയപ്പോൾ ചന്ദ്രശേഖർ നേരെ തിരിഞ്ഞു. ''പാർട്ടി പിരിച്ചുവിട്ടിരിക്കുന്നു, ഇപ്പോൾ അത് നിലവിലില്ല. ഞങ്ങൾ ഇനി വിജയ് മക്കൾ ഇയക്കത്തിൽ അംഗങ്ങളല്ല''. പാർട്ടി ഭാരവാഹികൾ രാജി സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Details on the formation of the unauthorized political party by actor vijays father SA Chandrasekhar. Vijay's public stance disassociating himself from the party.