വിജയ്‌യുടെ ഭാര്യ സംഗീതയും രാഷ്ട്രീയത്തിലേക്ക്; ബി.ജെ.പി.യിൽ ചേരാനൊരുങ്ങുന്നു?

വിജയ്, സംഗീത | ANI, Instagram
വിജയ്, സംഗീത | ANI, Instagram

1999-ലാണ് ഇപ്പോഴത്തെ തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹിതരാവുന്നത്. അന്നുമുതൽ സംഗീത പൊതുരംഗത്തേക്ക് വരുന്നത് വളരെ കുറവായിരുന്നു. അപൂർവമായി മാത്രമാണ് സംഗീത ഭർത്താവിന്റെ സിനിമയുടെ പ്രൊമോഷനും മറ്റ ചടങ്ങുകളിലും പ്രത്യക്ഷപ്പെട്ടത്. അവരെന്നും തങ്ങളുടെ സ്വകാര്യതയിൽ ഒതുങ്ങിജീവിക്കാനാണ് ആഗ്രഹിച്ചത്. അതിനൊപ്പം അച്ഛന്റെ ലണ്ടനിലുള്ള ബിസിനസ് കാര്യങ്ങളിലും അവർ സജീവമായിരുന്നു. എങ്കിലും സിനിമയുടെ വെള്ളിവെളിച്ചത്തിൽനിന്നും അവർ അകന്നുതന്നെ നിന്നു.

2025-ലാണ് സംഗീത (Sangeetha Sornalingam) വിവാഹമോചനത്തിന് ചെങ്കൽപേട്ട് കോടതിയിൽ ഹർജി സമർപ്പിച്ചത്. മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നായിരുന്നു അതിനുള്ള പ്രധാനകാരണമായി പറഞ്ഞത്. അവരുടെ വീട്ടിൽ കയറാൻ വിജയ് അനുവദിക്കില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. വിജയ് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടയിലാണ് വിവാഹമോചനവാർത്തകൾ ജനങ്ങളിലേക്കെത്തുന്നത്.

തുടർന്നുനടന്ന തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ 'തമിഴക വെട്രി കഴകം' വമ്പൻവിജയവും കരസ്ഥമാക്കി. പാർട്ടി പ്രസിഡന്റായ വിജയ് മുഖ്യമന്ത്രിയുമായി. പിന്നാലെ മറ്റൊരു റിപ്പോർട്ട് കൂടി ഇപ്പോൾ പുറത്തുവരികയാണ്. സംഗീത സ്വർണലിംഗവും സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ഒരുങ്ങുന്നുവെന്നാണിത്. സംഗീതയെ ബി.ജെ.പി.യിലേക്ക് ക്ഷണിച്ചിരിക്കുകയാണെന്നും പറയപ്പെടുന്നു. സംഗീതയെ പാർട്ടിയിലേക്ക് കൊണ്ടുവരാനുള്ള സാധ്യത ബി.ജെ.പി നേതാക്കൾ അന്വേഷിക്കുകയാണത്രെ. ബി.ജെ.പി.യിലെ മുതിർന്ന നേതാവായ ഒരു ജനപ്രിയ നടി അവരെ അനുനയിപ്പിക്കാൻ തിരശ്ശീലയ്ക്ക് പിന്നിൽ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. 'ദി ഗ്രേറ്റ് ആന്ധ്ര'യാണിത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിജയ്‌യുമായി അടുത്ത ബന്ധമുള്ള ഒരാൾ ടി.വി.കെ.യുടെ എതിർപാർട്ടിയിൽ ചേർന്നാൽ, അത് സ്വാഭാവികമായും തമിഴ്‌നാട്ടിൽ ശക്തമായൊരു രാഷ്ട്രീയ ആഖ്യാനം സൃഷ്ടിക്കുമെന്നാണ് അവർ വിശ്വസിക്കുന്നത്. അതിനൊപ്പം നടി തൃഷയും രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സംഗീത രാഷ്ട്രീയത്തിലിറാൻ ഒരുങ്ങുന്നുവെന്നതും ശ്രദ്ധേയം. എന്നാൽ ഇക്കാര്യത്തിൽ സംഗീതയിൽനിന്നോ ബി.ജെ.പി.യിൽനിന്നോ ഔദ്യോഗികസ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Sangeetha Sornalingam rumored to be in talks with BJP leadership. Strategic move to counter TVK's influence in Tamil Nadu.