തമിഴ്‌നാട്ടിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) മുന്നേറ്റം തുടരുകയാണ്. നിലവിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമോ ടി.വി.കെ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിനിടെ ആഘോഷത്തിമർപ്പിലാണ് പാർട്ടി അണികളും വിജയ്‌യുടെ കുടുംബാംഗങ്ങളും. ചെന്നൈ പനയൂരിലെ വിജയ്‌യുടെ വീടിനുമുന്നിൽ ഇപ്പോൾ തന്നെ ആയിരക്കണക്കിന് പ്രവർത്തകരാണ് തടിച്ചുകൂടി നിൽക്കുന്നത്. അവർ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

To advertise here,

വിജയ്‌യുടെ അച്ഛൻ എസ്.എ.ചന്ദ്രശേഖറും അമ്മ ശോഭയുമെല്ലാം കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷത്തിലാണ്. അതിനിടെ വാർത്താ ഏജൻസിയായ എ.എൻ.ഐ (ANI)യോട് ശോഭയും ചന്ദ്രശേഖറും സംസാരിക്കുകയും ചെയ്തു.

ശോഭ വളരെയധികം സന്തോഷത്തോടെയാണ് പ്രതികരിച്ചത്, ''എനിക്ക് ഒരുപാട് സന്തോഷമുണ്ട്''. അതിനിടെ ചന്ദ്രശേഖർ പറഞ്ഞതിങ്ങനെ, ''അവൾ വിജയ്‌യുടെ അമ്മ മാത്രമല്ല. അവന്റെ ആദ്യ ആരാധിക കൂടിയാണ്''.

കഴിഞ്ഞ 30 വർഷമായി തമിഴ്‌നാടിനായി എന്തെങ്കിലും ചെയ്യണമെന്ന് വിജയ് ആഗ്രഹിച്ചിരുന്നുവെന്നും ചന്ദ്രശേഖർ പറയുന്നു. അദ്ദേഹത്തിന്റെ ആ ശ്രമങ്ങളാണ് അതിശയകരമായ വിജയത്തിൽ കലാശിച്ചത്. ''എനിക്ക് അവനിൽനിന്ന് പ്രചോദനം ലഭിച്ചു. ഒരു മനുഷ്യനെന്ന നിലയിൽ നിങ്ങളൊരു നല്ല കലാകാരനാകുന്നതിനൊപ്പം തന്നെ നല്ല സാമൂഹികചിന്തയും ഉണ്ടായിരിക്കണം. കഴിഞ്ഞ 30 വർഷമായി, വിജയ്‌യുടെ മനസ്സിൽ എന്തോ ഉണ്ടായിരുന്നു, തമിഴ്‌നാടിനായി എന്തെങ്കിലും ചെയ്യണമെന്ന്. പതുക്കെ അദ്ദേഹം വളർന്നു. ഇന്ന് അദ്ദേഹം മുഖ്യമന്ത്രിയാകാൻ പോകുന്നു'', ചന്ദ്രശേഖർ പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹത്തിൽ കാണപ്പെട്ട ആത്മവിശ്വാസം വളരെ കൂടുതലായിരുന്നുവെന്നും ചന്ദ്രശേഖർ പറയുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായി വരുമെന്ന് അദ്ദേഹത്തിനുണ്ടായ വിശ്വാസവും അതിശയകരമാണ്. ആ മനോഭാവത്തെ ഞാൻ അഭിനന്ദിക്കുന്നു. ഒരു നേതാവെന്ന നിലയിൽ, ഒരു സഖ്യവുമില്ലാതെ എന്റെ സ്വന്തം കാലിൽ നിൽക്കുമെന്ന അദ്ദേഹത്തിന്റെ ധൈര്യമാണിത്. ഇത് ഒരു ചരിത്ര വിജയമാണെന്ന് ഞാൻ കരുതുന്നു, വിജയ്യുടെത് ചരിത്ര വിജയമാണ്'', ചന്ദ്രശേഖർ തുടർന്നുപറഞ്ഞു.

തമിഴ് ജനത താരത്തിനെ ഏറെ സ്‌നേഹിക്കുന്നുവെന്നും ചന്ദ്രശേഖർ പറയുന്നു. ''ഓരോ സ്ത്രീയും അദ്ദേഹത്തെ സ്വന്തം മകനെപ്പോലെയാണ് കാണുന്നത്, ആളുകൾ അദ്ദേഹത്തെ സ്വന്തം സഹോദരനെപ്പോലെയാണ് കാണുന്നത്. അറുപത് വയസ്സുള്ളവർ അദ്ദേഹത്തെ ഒരു ചെറുമകനായി കണക്കാക്കുന്നു, പൊതുജനങ്ങളുമായി അദ്ദേഹം ആ ബന്ധം വളർത്തിയെടുത്തിട്ടുണ്ട്''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi