കൊച്ചുമക്കൾക്കൊപ്പം സ്‌റ്റൈലിഷ് ലുക്കിൽ രജനീകാന്ത്; ചിത്രം വൈറൽ

കൊച്ചുമക്കളായ യാത്ര, ലിംഗ, മകൾ ഐശ്വര്യ എന്നിവർക്കൊപ്പം രജനികാന്ത്/Instagram
കൊച്ചുമക്കളായ യാത്ര, ലിംഗ, മകൾ ഐശ്വര്യ എന്നിവർക്കൊപ്പം രജനികാന്ത്/Instagram

സൂപ്പർതാരം രജനീകാന്തിന്റെ പുതിയ കുടുംബചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മകൾ ഐശ്വര്യയ്ക്കും കൊച്ചുമക്കളായ യാത്രയ്ക്കും ലിംഗയ്ക്കുമൊപ്പം റോഡിലൂടെ നടന്നുപോകുന്ന താരത്തിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കൊച്ചുമക്കൾക്കൊപ്പമുള്ള രജനിയുടെ സന്തോഷനിമിഷത്തിനൊപ്പം അദ്ദേഹത്തിന്റെ സ്‌റ്റൈലിഷ് ലുക്കും ചിത്രത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. കൊച്ചുമക്കൾക്കൊപ്പം പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെ നടക്കുന്ന തലൈവറെ പ്രശംസിച്ചാണ് ആരാധകരുടെ കമന്റുകൾ.

ഇരുവശത്തുമായി കൊച്ചുമക്കളെ ചേർത്തുപിടിച്ച് മരങ്ങൾ നിറഞ്ഞ വഴിയിലൂടെ നടന്നുപോകുന്ന രജനീകാന്തിനെയാണ് ചിത്രത്തിൽ കാണുന്നത്. കോളറുള്ള ബ്രൗൺ ടീ ഷർട്ടും കറുത്ത പാന്റ്‌സും തൊപ്പിയും സൺഗ്ലാസുമാണ് വേഷം. ഇരുവശത്തുമായി യാത്രയും ലിംഗയും മുത്തച്ഛന്റെ കൈപിടിച്ച് നടക്കുന്നുണ്ട്. ചിത്രം പുറത്തുവന്നതോടെ ഇൻസ്റ്റഗ്രാമിലും വാട്‌സാപ്പിലുമെല്ലാം ആരാധകർ ഇത് പങ്കുവെക്കുകയാണ്. കൊച്ചുമക്കളുടെ സ്‌റ്റൈലിനൊപ്പം നിൽക്കുന്ന രജനിയുടെ യുവത്വവും വസ്ത്രധാരണവുമാണ് ആരാധകരെ ആകർഷിച്ചത്. 'തലൈവർ കൊച്ചുമക്കൾക്ക് കടുത്ത മത്സരമാണ് നൽകുന്നത്' എന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

ചിത്രം എപ്പോൾ പകർത്തിയതാണെന്ന ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യ മാരന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ രജനീകാന്ത് ഗ്രീസിലെത്തിയിരുന്നു. വിവാഹച്ചടങ്ങിൽ മംഗല്യസൂത്രം കൈമാറുന്നതുൾപ്പെടെയുള്ള പ്രധാന ചടങ്ങുകളിലും താരം പങ്കാളിയായിരുന്നു. രജനീകാന്തിന്റെ കുടുംബാംഗങ്ങളും വിവാഹാഘോഷത്തിൽ പങ്കെടുത്തിരുന്നു. അതിനാൽ ഈ ചിത്രവും വിവാഹവേളയിൽ പകർത്തിയതാകാമെന്നാണ് ആരാധകരുടെ അനുമാനം. എന്നാൽ ചിത്രത്തിന്റെ സമയവും സ്ഥലവും സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.

'ജയിലർ 2'വിന്റെ വിജയത്തിനു പിന്നാലെ തന്റെ അടുത്ത ചിത്രമായ 'ധർമന്റെ' തിരക്കുകളിലാണ് രജനീകാന്ത്. സിമ്രാൻ, രാശി ഖന്ന, നയൻതാര, യോഗി ബാബു, ശ്രീലീല, രാം പൊതിനേനി, മിഷ്‌കിൻ, രുക്മിണി വസന്ത് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലുള്ളത്. അടുത്ത വർഷം ഏപ്രിലിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സിനിമയുടെ വിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കുമ്പോഴാണ് കൊച്ചുമക്കൾക്കൊപ്പമുള്ള രജനിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi