അവളൊരു കുഞ്ഞിനെ മുലയൂട്ടുന്നു, മറ്റൊരു ജീവനെ പരിചരിക്കുന്നു; പ്രസവാനന്തര വിഷാദത്തെക്കുറിച്ച് പരിണീതി

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നടി പരിണീതി ചോപ്രയ്ക്കും ഭർത്താവ് രാഘവ് ഛദ്ദയ്ക്കും ഒരാൺകുഞ്ഞ് ജനിക്കുന്നത്. അതിന്ശേഷം ഇപ്പോൾ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. അടുത്തിടെ Zoom-നു നൽകിയ അഭിമുഖത്തിൽ പ്രസവാനന്തര വിഷാദത്തെക്കുറിച്ചും (Postpartum depression), ജോലിയും മാതൃത്വവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുന്നു എന്നതിനെക്കുറിച്ചും അവർ സംസാരിച്ചിരുന്നു.
വിഷാദത്തെക്കുറിച്ച് പരിണീതി
കുഞ്ഞ് ജനിക്കുന്നതോടെ പ്രസവവുമായി ബന്ധപ്പെട്ട പ്രയാസകരമായ ഘട്ടം അവസാനിക്കുമെന്നാണ് പലരും കരുതുന്നതെന്ന് പരിണീതി പറഞ്ഞു. എന്നാൽ പ്രസവശേഷവും അമ്മമാർക്ക് കൃത്യമായ വൈദ്യസഹായവും വൈകാരികമായ പിന്തുണയും പ്രധാനമാണെന്നും താരം.
"നിർഭാഗ്യവശാൽ, 'വിഷാദം' (Depression) എന്ന വാക്ക് പലപ്പോഴും ചില ആളുകൾ തെറ്റായ രീതിയിലാണ് ഉപയോഗിക്കുന്നത്. 'ഓ, അവൾക്ക് സങ്കടമാണ്' എന്ന് പറഞ്ഞ് അവർ അതിനെ ലഘൂകരിക്കുന്നു. എന്നാൽ ആ സ്ത്രീ വേദന നിറഞ്ഞ പ്രസവം, സുഖം പ്രാപിക്കുന്ന ഘട്ടം, ഹോർമോൺ വ്യതിയാനങ്ങൾ, വൈകാരികമായ തകർച്ച എന്നിവയിലൂടെയാണ് കടന്നുപോകുന്നത്. അവൾ ഒരു കുഞ്ഞിന് മുലയൂട്ടുകയും മറ്റൊരു ജീവനെ പരിചരിക്കുകയുമാണ് ചെയ്യുന്നത്. ഇത് കുഞ്ഞിനെ നോക്കുന്നതിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ചിലപ്പോൾ കുഞ്ഞിനെ നോക്കുന്നതായിരിക്കും ഏറ്റവും എളുപ്പമുള്ള കാര്യം, എന്നാൽ ആ സ്ത്രീ കടന്നുപോകുന്നത് അതിലും വലിയ പ്രയാസങ്ങളിലൂടെയായിരിക്കും." പരിണീതി പറഞ്ഞു. മാതൃത്വം എന്നത് പത്ത് ജോലികൾ ഒരുമിച്ച് ചെയ്യുന്നതുപോലെയാണെന്നും അതൊരു മുഴുവൻ സമയ ഉത്തരവാദിത്തമാണെന്നും പരിണീതി കൂട്ടിച്ചേർത്തു.
പ്രസവശേഷമുള്ള ആദ്യത്തെ കുറച്ചു മാസങ്ങളിൽ അവൾക്ക് ആ പിന്തുണ ലഭിച്ചില്ലെങ്കിൽ അവൾ തകർന്നുപോകും. അവൾ തകർന്നാൽ കുഞ്ഞും കുടുംബവും എല്ലാം തകരും. ഇത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല, അതുകൊണ്ടാണ് നിങ്ങൾക്ക് അനുയോജ്യമായ ജീവിതരീതിയും സമയക്രമവും നിങ്ങൾ തിരഞ്ഞെടുക്കുന്നത്."
ഇൻസ്റ്റഗ്രാമിലൂടെയാണ് ദമ്പതികൾ മകൻ നീറിന്റെ വരവറിയിച്ചത്. ഇതിനുപിന്നാലെ പരിനീതി സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.
'തലാഷ്: എ മദേഴ്സ് സെർച്ച്' (Talaash: A Mother's Search) എന്ന സീരീസിലാണ് പരിണീതി ഇനി അഭിനയിക്കുന്നത്. റെൻസിൽ ഡിസിൽവ സംവിധാനം ചെയ്യുന്ന ഈ മിസ്റ്ററി ത്രില്ലറിൽ താഹിർ രാജ് ഭാസിൻ, സോണി റസ്ദാൻ, ജെനിഫർ വിംഗറ്റ്, സുമീത് വ്യാസ്, അനൂപ് സോണി, ഹർലീൻ സേത്തി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Parineeti Chopra discusses the emotional and physical challenges of postpartum depression., Advocates for medical support and a strong support system for new mothers., Highlights that motherhood is a full-time responsibility involving complex hormonal changes., Returns to acting with the mystery thriller series 'Talaash: A Mother's Search'., Shared the birth of her son, Neer, born in October 2025.