അർജന്റീനയ്‌ക്കെതിരെ പൊടിയൂതിയ മന്ത്രവാദി; ജയിക്കുമെന്ന് പറഞ്ഞ പോർച്ചുഗലും പുറത്ത്

റൊണാൾഡോ, നാന ക്വാകു ബോൺസാം, മെസ്സി | AFP
റൊണാൾഡോ, നാന ക്വാകു ബോൺസാം, മെസ്സി | AFP

ലോകകപ്പ് (Fifa World Cup) വരുമ്പോഴെല്ലാം വിജയികളെയും ഓരോ റൗണ്ടിലും കടക്കുന്ന ടീമുകളെയും പ്രവചിച്ച് പലരും ശ്രദ്ധനേടാറുണ്ട്. അതിലേറ്റവും മുമ്പനായിരുന്നു പോൾ എന്ന നീരാളി. ആകെ നടത്തിയ 14 പ്രവചനങ്ങളിൽ 12 എണ്ണവും കൃത്യമായി. അതോടെയാണ് പോൾ ശ്രദ്ധിക്കപ്പെട്ടത്. 2010-ലെ ഫുട്‌ബോൾ വിജയ്‌യെയും പോൾ കൃത്യമായി പ്രവചിച്ചിരുന്നു.

എന്നാൽ, ഈ വർഷം അങ്ങനെ കൃത്യമായി പ്രവചിച്ചൊരാളില്ലെങ്കിലും, ഘാനയിൽനിന്നുള്ള മന്ത്രവാദിയായ നാന ക്വാകു ബോൺസാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താൻ ശപിക്കുന്നവർക്കൊന്നും കളിയിൽ മുന്നേറാനോ വിജയിക്കാനോ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. നാന ആദ്യം ശപിച്ചത് ഇംഗ്ലണ്ട് ഫുട്‌ബോൾ താരം ഹാരി കെയ്‌നെയായിരുന്നു. താൻ ശപിച്ചതിനാൽ, ഹാരി കെയ്‌ന് പരിക്ക് പറ്റുമെന്നും ഗോൾ നേടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഘാനയ്‌ക്കെതിരെയുള്ള മത്സരത്തിൽ ഹാരി കെയ്ൻ ഗോൾ നേടാതിരുന്നതോടെയാണ് നാനയുടെ ശാപം ചർച്ചയായത്. 2014 ലോകകപ്പിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്ക് പറ്റിയത് താൻ ശപിച്ചത് കൊണ്ടായിരുന്നുവെന്നും നാന പറഞ്ഞിരുന്നു. പിന്നാലെ ഹാരി കെയ്‌നെതിരെയുള്ള ശാപം പിൻവലിച്ചതായും അയാൾ വെളിപ്പെടുത്തി.

പിന്നീട് നിരന്തരം ശാപവാക്കുകളുമായി ഈ മന്ത്രവാദി രംഗത്തെത്തി. അർജന്റീനയും കേപ് വെർദെയും തമ്മിലുള്ള മത്സരത്തിന് തൊട്ടുമുമ്പായിരുന്നു അടുത്ത പ്രവചനം. പങ്കുവെച്ച വീഡിയോയിൽ, 'കേപ് വെർദെ, അർജന്റീനയെ ലോകകപ്പിൽനിന്ന് പുറത്താക്കും. എന്റെ ആത്മീയശക്തികൾ കേപ് വെർദെയ്‌ക്കൊപ്പമായിരിക്കും. അർജന്റീന അടുത്ത റൗണ്ടിലെത്തില്ല' എന്നാണ് അയാൾ പറഞ്ഞത്. പിന്നാലെ മത്സരം നടക്കുമ്പോൾ ഗ്രൗണ്ടിലെത്തി, വെളുത്തപൊടി ഊതിവിടുകയും ചെയ്തു. പക്ഷേ, അർജന്റീനയെ വെള്ളം കുടിപ്പിച്ചെങ്കിലും, കേപ് വെർദെ ആ മത്സരത്തിൽ തോറ്റു.

പിന്നാലെ അടുത്ത പ്രവചനവുമായി നാന എത്തി. ലോകകപ്പിൽ ഇത്തവണ കിരീടം നേടുക പോർച്ചുഗൽ ആയിരിക്കുമെന്നാണ് അയാൾ പറഞ്ഞത്. ആ ശാപവും ഫലിച്ചില്ല. പോർച്ചുഗൽ ലോകകപ്പിൽനിന്ന് തന്നെ പുറത്താവുകയും ചെയ്തു. അതോടെ മന്ത്രവാദിയുടെ കഥയും കഴിഞ്ഞു.

ആരാണ് നാന ക്വാകു ബോൺസാം?

പിശാച് എന്നാണ് നാന ക്വാകു ബോൺസാം എന്ന പേരിന്റെ അർത്ഥമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഘാനയിലെ ഒരു മന്ത്രവാദിയാണിയാൾ. 2014-ൽ ക്രിസ്റ്റിയാനോ റൊണാൾഡോയെ ശപിച്ചതായി അവകാശപ്പെട്ടതോടെയാണ് ഇയാൾ അന്താരാഷ്ടപ്രശസ്തി നേടിയത്. അന്ന് റൊണാൾഡോയ്ക്ക് പരിക്കേറ്റത് തന്റെ ശാപം കൊണ്ടാണെന്നാണ് ഇയാൾ അവകാശപ്പെട്ടത്.

സ്റ്റീഫൻ ഒസെയ് മെൻസ എന്നായിരുന്നുവത്രേ ആദ്യത്തെ പേര്. 19-ാം വയസ്സിൽ വാതകസ്‌ഫോടനത്തിൽ ഇയാൾക്ക് ഗുരുതരമായ പൊള്ളലുകളേറ്റിരുന്നു. അതിനുശേഷമാണ് ജീവിതം തന്നെ മാറുന്നത്. അടിമുടി പരിവർത്തനത്തിന് വിധേയമായി ഇയാൾ. അതിനുശേഷം സന്യാസിയായിട്ടാണ് ഇയാൾ സ്വയം വിശേഷിപ്പിച്ചിരുന്നത്. നൈജീരിയയിലെ പാസ്റ്ററായ ടി.ബി.ജോഷ്വയുടെ മരണത്തിന് കാരണം താനാണെന്നും അയാൾ അവകാശപ്പെട്ടു. ആത്മീയപോരാട്ടത്തിനുശേഷമായിരുന്നു ആ മരണമെന്നും നാന പറഞ്ഞു. അപ്പോഴേക്കും അയാൾ പേരും മാറ്റിയിരുന്നു.

ഏറ്റവും ആധികാരികതയുള്ള മനുഷ്യനെന്നാണ് ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത്. വെബ്‌സൈറ്റ് അനുസരിച്ച് ന്യൂയോർക്ക്, ആംസ്റ്റർഡാം, ബെർലിൻ എന്നിവിടങ്ങളിൽ താമസിച്ചിട്ടുമുണ്ട്. ഒരിക്കൽ ഘാന പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Nana Kwaku Bonsam gained notoriety for claiming to curse football stars like Harry Kane and Cristiano Ronaldo. His claim that Portugal would win the World Cup was debunked by their early exit.