‘19 വയസ്സിൽ ഗർഭിണിയായി, മാതാപിതാക്കളോട് അത് പറയാൻ എനിക്ക് പേടിയായിരുന്നു’

കെയ്ലീ ജെന്നര്‍/ (Instagram: kyliejenner)
കെയ്ലീ ജെന്നര്‍/ (Instagram: kyliejenner)

മാതൃത്വം തന്റെ ജീവിതത്തെ എങ്ങനെയെല്ലാം മാറ്റിമറിച്ചു എന്നതിനെക്കുറിച്ച് കെയ്ലി ജെന്നർ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. തന്റെ കോടികളുടെ ബിസിനസ് സാമ്രാജ്യം വളർത്തുന്നതിനിടയിലും മക്കൾക്കായി താരം എപ്പോഴും സമയം കണ്ടെത്താറുമുണ്ട്. സ്റ്റോർമി, എയർ എന്നിവരാണ് കെയ്ലിയുടെ മക്കൾ. 19-ാം വയസ്സിൽ ഗർഭിണിയായ കെയ്ലി, 20-ാം വയസ്സിലാണ് മകൾക്ക് ജന്മം നൽകിയത്.

അടുത്തിടെ ജേക്ക് ഷെയ്‌നിന്റെ 'Therapuss' പോഡ്‌കാസ്റ്റിൽ പങ്കെടുത്തപ്പോൾ, താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മാതാപിതാക്കളുടെ പ്രതികരണം എന്തായിരുന്നു എന്ന് കെയ്ലി വെളിപ്പെടുത്തിയിരുന്നു. "ഗർഭിണിയാകുമ്പോൾ എനിക്ക് 19 വയസ്സായിരുന്നു. ഞാൻ ആകെ പരിഭ്രമിച്ചു പോയി, മാതാപിതാക്കളോട് ഇത് പറയാൻ എനിക്ക് വലിയ പേടിയായിരുന്നു," കെയ്ലി പറഞ്ഞു.

"എനിക്ക് ശരിക്കും പേടിയുണ്ടായിരുന്നു. പക്ഷേ ഉള്ളിന്റെയുള്ളിൽ എനിക്ക് ഇത് വേണമെന്ന് ഉറപ്പായിരുന്നു. എനിക്കുവേണ്ടി ഒരു തീരുമാനമെടുക്കേണ്ടതുണ്ടായിരുന്നു, എനിക്ക് യഥാർത്ഥത്തിൽ എന്താണ് വേണ്ടത്? എനിക്ക് എന്ത് ചെയ്യാൻ കഴിയും? എനിക്ക് ഇത് ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നാൽ പോലും, ഇത് എന്റെ തീരുമാനമാണ്. പിന്നീട് ഞാൻ അമ്മയോട് പറഞ്ഞു. ആരോടും എനിക്ക് ദേഷ്യം തോന്നിയില്ല. വളരെ വിചിത്രമായ ഒരു കാലഘട്ടമായിരുന്നു അത്," അവർ കൂട്ടിച്ചേർത്തു.

2018-ലാണ് മുൻ പങ്കാളി ട്രാവിസ് സ്കോട്ടുമായുള്ള ബന്ധത്തിൽ കെയ്ലിക്ക് മകൾ സ്റ്റോർമി ജനിക്കുന്നത്. അക്കാലത്ത് മാസങ്ങളോളം വീട്ടിൽ തന്നെ കഴിഞ്ഞ് വാർത്തകളിൽ നിന്ന് അവർ വിട്ടുനിന്നു. 2022-ൽ മകൻ എയർ ജനിച്ചു. ഗർഭകാലത്ത് താൻ അനുഭവിച്ച ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും പോഡ്‌കാസ്റ്റിൽ അവർ സംസാരിച്ചു.

"മൂന്നര വർഷമായി എനിക്ക് കടുത്ത നടുവേദന ഉണ്ടായിരുന്നു. ഇപ്പോഴാണ് അതിന് അല്പം ആശ്വാസം ലഭിച്ചു തുടങ്ങിയത്. രണ്ടാമത്തെ ഗർഭകാലം എന്നെ ശരിക്കും തളർത്തിക്കളഞ്ഞു," കെയ്ലി പറഞ്ഞു. ഗർഭാവസ്ഥയുടെ 12-ാം ആഴ്ചയിൽ നാഡീവേദനയും (Sciatica) കടുത്ത നടുവേദനയും കാരണം തനിക്ക് നടക്കാൻ പോലും ബുദ്ധിമുട്ടായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.

"ആ ഗർഭകാലത്ത് ഞാൻ ശാരീരികമായി വളരെ മികച്ച നിലയിലായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു. വ്യായാമം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു," താരം പറഞ്ഞു. ആദ്യ പ്രസവസമയത്ത് 60 പൗണ്ടും (ഏകദേശം 27 കിലോ) രണ്ടാമത്തെ പ്രസവസമയത്ത് 65 പൗണ്ടും (ഏകദേശം 29.5 കിലോ) അവർക്ക് ഭാരം കൂടിയിരുന്നു.

തന്റെ ആദ്യ ഗർഭകാലം താരതമ്യേന എളുപ്പമായിരുന്നുവെന്നും എന്നാൽ രണ്ടാമത്തെ ഗർഭകാലത്ത് രണ്ട് മാസത്തോളം സെർവിക്സ് മൂന്ന് സെന്റിമീറ്റർ ഡൈലേറ്റഡ് (Dilated)" ആയിരുന്നുവെന്നും കൈലി വെളിപ്പെടുത്തി. നിലവിൽ നടൻ തിമോത്തി ചാലമെറ്റുമായി പ്രണയത്തിലാണ് കെയ്ലി ജെന്നർ. 2023 മുതൽ ഇവർ ഡേറ്റിങ്ങിലാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Kylie Jenner reflects on the fear of announcing her pregnancy at 19., Details on her children Stormi and Aire., Insights into her physical health struggles including sciatica and back pain during pregnancy., Weight gain and postpartum recovery experiences., Current relationship status with Timothée Chalamet.