'പുരുഷന്റെ 40 ഇഞ്ച് അരക്കെട്ടും കഷണ്ടിയും നരയും ആകർഷകത്വം; സ്ത്രീയുടേത് ചർച്ചാവിഷയവും'

കത്രീന കൈഫ്, ഖുഷ്ബു | PTI, Instagram
കത്രീന കൈഫ്, ഖുഷ്ബു | PTI, Instagram

ഗണേഷ് ചതുർഥിയോടനുബന്ധിച്ച് അംബാനി കുടുംബം വീട്ടിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു. അതിൽ ബോളിവുഡ് താരങ്ങളെല്ലാം പങ്കെടുത്തു. പ്രസവശേഷം നടി കത്രീന കൈഫ് ആദ്യമായി പങ്കെടുത്ത പൊതുപരിപാടിയും അതുതന്നെയായിരുന്നു. മനോഹരമായ സൽവാർ സ്യൂട്ട് ധരിച്ചാണ് വിക്കിക്കൊപ്പം കത്രീന എത്തിയത്. പിന്നാലെ കടുത്ത ബോഡി ഷെയ്മിങ് ആണ് കത്രീനയ്ക്കുനേരെ ഉണ്ടായത്.

പ്രസവശേഷമുണ്ടായ ശാരീരികമാറ്റമാണ് കത്രീനയ്ക്കുനേരെ ഉണ്ടായ ട്രോളുകൾക്കു കാരണം. 'രസഗുള പോലിരിക്കുന്നു, എന്തെങ്കിലും അസുഖമാണോ...' തുടങ്ങി പല തരത്തിലുള്ള കമന്റുകളാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞത്.

ഇത്തരം വിമർശനങ്ങൾക്കെതിരെ പല സെലിബ്രിറ്റികളും രംഗത്തെത്തിയിരുന്നു. ഇതാണ് മദർഹുഡ് എന്നും ഇത്തരം ശാരീരികമാറ്റം സ്വാഭാവികമാണെന്നും പറഞ്ഞ് അവർ കത്രീനയെ പിന്തുണച്ചു. നടി ഖുഷ്ബുവും കത്രീനയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്.

പ്രായമാകുന്നതിനോടും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളോടും സമൂഹം പുലർത്തുന്ന ഇരട്ടത്താപ്പിനെ ഖുഷ്ബു ചോദ്യം ചെയ്തു. പുരുഷന്മാർക്ക് ശരീരഭാരം കൂടുന്നതോ കഷണ്ടി വരുന്നതോ നരയ്ക്കുന്നതോ ഒക്കെ പലപ്പോഴും ആഘോഷിക്കപ്പെടുമ്പോൾ, സ്ത്രീകൾ മാത്രം തങ്ങളുടെ യൗവനകാലത്തെ സൗന്ദര്യം അതേപടി നിലനിർത്തണമെന്ന് സമൂഹം പ്രതീക്ഷിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. 'എക്‌സി'ലാണ് ഖുഷ്ബു തന്റെ അഭിപ്രായം പങ്കുവെച്ചത്.

''എന്തുകൊണ്ടാണ് ഒരു സ്ത്രീയുടെ പ്രായം എപ്പോഴും ഒരു പരസ്യപ്രഖ്യാപനം പോലെ കൈകാര്യം ചെയ്യപ്പെടുന്നത്? ഒരു സ്ത്രീ ഒരു നിശ്ചിത പ്രായം പിന്നിടുന്ന നിമിഷം തന്നെ സമൂഹം അവളെ അളന്നുതുടങ്ങുന്നു: 'അവൾ ഇപ്പോഴും അവളുടെ മികച്ച പ്രായത്തിലാണോ?, അവൾ സ്വയം നന്നായി പരിപാലിക്കുന്നുണ്ടോ?, എന്തുകൊണ്ടാണ് അവൾക്ക് മാറ്റം തോന്നുന്നത്?, അവൾക്ക് പ്രായമായോ?'

എന്നാൽ, പുരുഷന്മാരുടെ കാര്യത്തിൽ ഇത്തരമൊരു 'അമിതശ്രദ്ധ' കാണാറില്ലെന്നും ഖുഷ്ബു പറയുന്നു. ''ഒരു പുരുഷന് കഷണ്ടി വന്നാൽ അയാൾ 'ഗംഭീരനായ' ഒരാളായി മാറുന്നു. അരക്കെട്ടിന്റെ അളവ് 40 ഇഞ്ചായാലും അയാളുടെ 'മികച്ച പ്രായത്തിന്' (prime) എന്ത് സംഭവിച്ചു എന്ന് ആരും ചോദിക്കാറില്ല. മുടി നരയ്ക്കുകയോ പൂർണ്ണമായും വെള്ളയാവുകയോ ചെയ്താൽ പെട്ടെന്ന് അയാൾ 'സാൾട്ട് ആൻഡ് പെപ്പർ' ലുക്കിലുള്ള സുന്ദരനും, പക്വതയുള്ളവനും, ആകർഷകത്വമുള്ളവനുമായി മാറുന്നു. എന്നാൽ ഒരു സ്ത്രീക്ക് പ്രായമാകുമ്പോൾ, പെട്ടെന്നുതന്നെ അവളുടെ ഓരോ ചുളിവ്, ശരീരഭാരത്തിലെ വർധനവ്, ഓരോ നരച്ച മുടിയിഴ, ശരീരത്തിലുണ്ടാകുന്ന ഓരോ മാറ്റം എന്നിവയെല്ലാം പരസ്യമായ ചർച്ചാവിഷയമായി മാറുന്നു''.

മാതൃത്വത്തിലൂടെയും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയും വ്യക്തിപരമായി കടന്നുപോയ ഒരാളെന്ന നിലയിൽ, ഈ യാത്രയെക്കുറിച്ച് തനിക്ക് ആഴത്തിൽ മനസ്സിലാക്കാൻ സാധിക്കുമെന്നും അവർ പറയുന്നു.

ശരീരഭാരം കൂടിയപ്പോൾ പരിഹാസങ്ങൾ നേരിടേണ്ടി വന്നതിനെക്കുറിച്ച് താരം ഓർമ്മിച്ചു. ഭാരം കുറച്ചതിനുശേഷവും മറ്റൊരു തരത്തിലുള്ള സൂക്ഷ്മപരിശോധനയ്ക്ക് താൻ വിധേയയാകേണ്ടി വന്നുവെന്നും, ഭാരം കുറയ്ക്കാൻ താൻ കുത്തിവയ്പ്പുകൾ ഉപയോഗിച്ചുവെന്ന തരത്തിൽ ആളുകൾ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചുവെന്നും അവർ പറഞ്ഞു.

''ശരീരഭാരം കൂടുതലായിരുന്നപ്പോൾ ഞാൻ പരിഹസിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന്, ഭാരം കുറച്ചപ്പോൾ, ഞാൻ കുത്തിവയ്പ്പുകൾ എടുക്കുന്നുണ്ടോ എന്ന് ആളുകൾ ചോദിക്കുന്നു. അല്ലെങ്കിൽ ഞാൻ കുത്തിവയ്പ്പുകൾ എടുക്കുന്നുണ്ടെന്ന് സമൂഹം തന്നെ ഉറപ്പിച്ചുപറയുന്നു. ഈ കുത്തിവയ്പ്പുകൾ വാങ്ങാൻ സമൂഹത്തിലെ എത്രപേർ എനിക്ക് പണം നൽകിയിട്ടുണ്ട്? ഒരു സ്ത്രീയുടെ രൂപം എന്തുതന്നെയായാലും, അവൾ എന്തുതന്നെ ചെയ്താലും, ജീവിതത്തിന്റെ ഏത് ഘട്ടത്തിലായാലും, അവളെക്കുറിച്ച് എന്തെങ്കിലും പറയാൻ സമൂഹം എപ്പോഴും എന്തെങ്കിലും കണ്ടെത്തും'', ഖുഷ്ബു കൂട്ടിച്ചേർത്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Katrina Kaif faced severe body shaming online after making her first public appearance post-pregnancy at the Ambani family's Ganesh Chaturthi celebrations. Actress Khushbu strongly defended Katrina, highlighting the unrealistic expectations placed on women's bodies