'മുഖ്യമന്ത്രിക്കസേര കണ്ടപ്പോൾ വിജയ്ക്ക് ഓർമ വന്നത് ആ സിനിമ': അർജുൻ സർജ

അർജുൻ, വിജയ് | Instagram, IMDb
അർജുൻ, വിജയ് | Instagram, IMDb

സി.ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തത് ഈ മാസമാണ്. അതിനുശേഷം സിനിമാപ്രവർത്തകരും മറ്റും അദ്ദേഹത്തെ ഓഫീസിലെത്തി കണ്ടിരുന്നു. പുതിയ തമിഴ് സിനിമകൾ റിലീസ് ചെയ്തശേഷം എല്ലാ സിനിമാ തിയേറ്ററുകളിലും ദിവസവും അഞ്ച് ഷോകൾ പ്രദർശിപ്പിക്കാൻ മുഖ്യമന്ത്രി അനുമതി നൽകുകയും ചെയ്തു. ആദ്യത്തെ ഏഴുദിവസത്തേക്കാണ് അഞ്ച് ഷോകൾക്ക് അനുമതി നൽകിയത്.

അതിനിടെ വിജയ്‌യുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ അർജുൻ സർജ. 'ബ്ലാസ്റ്റ് സോൺ' എന്ന തന്റെ പുതിയ തമിഴ്-തെലുഗു ചിത്രത്തിന്റെ പ്രൊമോഷനിടയിലാണ് അർജുൻ വിജയ്‌നെക്കുറിച്ച് സംസാരിച്ചത്. 1999-ലെ തന്റെ ഹിറ്റ് ചിത്രമായ 'മുതൽവൻ' അടിസ്ഥാനമാക്കിയുള്ള എല്ലാ മീമുകളും വിജയ് കണ്ടിട്ടുണ്ടെന്നും അർജുൻ വെളിപ്പെടുത്തി.

'മുതൽവൻ' എന്ന ചിത്രത്തിന്റെ സംവിധായകൻ ശങ്കർ, സിനിമയിലേക്ക് ആദ്യം നായകനായി തീരുമാനിച്ചത് വിജയ്‌യെയായിരുന്നു. എന്നാൽ അന്ന് അദ്ദേഹം 20-കളിൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ആ കഥാപാത്രത്തെ താൻ അവതരിപ്പിക്കുന്നില്ലെന്ന് വിജയ് പറഞ്ഞു. അതിനുശേഷമാണ് അർജുൻ നായകനാവുന്നത്. സിനിമ ആ വർഷത്തെ സൂപ്പർഹിറ്റായി. ബോക്‌സോഫീസിൽനിന്ന് കോടികളാണ് സിനിമ വാരിക്കൂട്ടിയത്.

ഇപ്പോൾ വിജയ് മുഖ്യമന്ത്രിയായശേഷം, അദ്ദേഹം യഥാർഥജീവിതത്തിൽ എങ്ങനെ മുതൽവൻ ആയി എന്നതുമായി ബന്ധപ്പെട്ട് കുറേ മീമുകൾ ഉയർന്നുവരുന്നുണ്ട്. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അർജുൻ പറഞ്ഞതിങ്ങനെ, ''മുഖ്യമന്ത്രിയായശേഷം ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. മുതൽവനുമായി ബന്ധപ്പെട്ടുള്ള മീമുകൾ കണ്ടതായി അദ്ദേഹം എന്നോട് പറഞ്ഞു. മുഖ്യമന്ത്രി സീറ്റ് ആദ്യമായി കണ്ടപ്പോൾ, എന്റെ 'മുതൽവൻ' സിനിമ ഓർമ്മ വന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖലയിൽ നിന്നുള്ള ഒരാൾ, ഞങ്ങൾക്കൊപ്പം പ്രവർത്തിച്ച ഒരു നടൻ, ഇന്ന് മുഖ്യമന്ത്രിയായതിൽ എനിക്ക് വളരെ അഭിമാനമുണ്ട്. ആദ്യമായി മത്സരിച്ച് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞത് വലിയൊരു നേട്ടം തന്നെയാണ്''.

2023-ൽ പുറത്തിറങ്ങിയ ലോകേഷ് കനകരാജ് ചിത്രമായ 'ലിയോ'യിൽ അർജുനും വിജയ്‌യും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരുദിവസത്തേക്ക് മുഖ്യമന്ത്രിയാവാൻ അവസരം കിട്ടിയ യുവാവിന്റെ കഥയാണ് 'മുതൽവൻ'. ഒരുദിവസം കൊണ്ട് അദ്ദേഹമുണ്ടാക്കിയ മാറ്റങ്ങളിൽ ജനങ്ങൾ സംതൃപ്തരാവുന്നു. അതിനുശേഷമുണ്ടാവുന്ന സംഭവങ്ങളിലൂടെയാണ് സിനിമ പോവുന്നത്. അർജുനൊപ്പം മനീഷ കൊയ്‌രാള, രഘുവരൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Arjun Sarja confirms Vijay has seen memes comparing his CM role to the film Mudhalvan. Vijay originally turned down the role in Mudhalvan in 1999 due to his young age. Arjun expresses pride in Vijay's transition from an actor to a Chief Minister.