അമേരിക്കയിലെ പ്രശസ്തയായ റിയാലിറ്റി ടിവി വ്യക്തിത്വവും പോഡ്‌കാസ്റ്റ് ഹോസ്റ്റുമാണ് ലിൻഡ്‌സി ക്രിസ്‌ലി. മദ്യലഹരിയിൽ വാഹനം ഓടിച്ചെന്ന കേസിൽ ജോർജ്ജിയയിൽ അടുത്തിടെ അവർ അറസ്റ്റിലായിരുന്നു. നിയമനടപടികളുമായി മുന്നോട്ടു പോവുന്നതിനിടെ, അവരുടെ വ്യക്തിജീവിതം ചർച്ചയാവുകയാണിപ്പോൾ.

ദിവസങ്ങൾക്ക് മുമ്പാണ് ലിൻഡ്‌സി ജീവിതത്തിലെ ഒരു സുപ്രധാനതീരുമാനമെടുത്തത്. ഒരു വർഷം മുഴുവൻ ലൈംഗികമായി അകന്നുനിൽക്കുമെന്നും (celibacy) പുരുഷന്മാരെ കാണില്ലെന്നുമാണ് അവരുടെ തീരുമാനം. തന്റെ വ്യക്തിപരമായ വളർച്ച, മാനസികമായേറ്റ മുറിവുണങ്ങൽ, മാനസികാരോഗ്യം എന്നിവയ്ക്കെല്ലാം പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായെടുത്ത പ്രതിജ്ഞയാണിതെന്ന് അവർ വെളിപ്പെടുത്തിയിരുന്നു.

'ക്രിസ്‌ലി നോസ് ബെസ്റ്റ്' എന്ന പരിപാടിയിലൂടെ പ്രശസ്തയായ ലിൻഡ്‌സി ക്രിസ്‌ലി, തന്റെ 'സതേൺ ടീ' പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ്, ഒരു പുരുഷനുമായും സംസാരിക്കാൻ തനിക്ക് താല്പര്യമില്ലെന്നും ഒരു വർഷം മുഴുവൻ ലൈംഗികമായി അകന്നുനിൽക്കുമെന്നും പറഞ്ഞത്. ബന്ധങ്ങളിൽനിന്നും അതിർവരമ്പുകൾ നിശ്ചയിക്കുന്നതിൽ നിന്നും ഭൂതകാലത്തിൽ നിന്ന് ഒരുപാട് പാഠങ്ങൾ പഠിച്ചു. സ്വന്തം കാര്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് ലിൻഡ്‌സി വിശ്വസിക്കുന്നു.

ഈ സമയത്ത് താൻ ചെയ്ത ഏറ്റവും ആരോഗ്യകരമായ കാര്യമാണിതെന്നാണ് അവരുടെ പക്ഷം. പുരുഷന്മാരുമായി അകന്നുനിൽക്കുന്നത് സ്വയം സുഖപ്പെടുത്തുമെന്ന് അവർ വിശ്വസിക്കുന്നു. അതേസമയം, കോടതിയിൽ ഹാജരാകുന്നത് വളരെ മോശം അനുഭവമായിരുന്നുവെന്നും മുമ്പൊരിക്കലും കോടതിയുടെ ഉൾവശം കണ്ടിരുന്നില്ലെന്നും അവർ സൂചിപ്പിച്ചു. വിവാഹമോചനം ലഭിച്ചപ്പോൾ പോലും തനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നിട്ടില്ലെന്നും.

"33 വയസ്സിലാണ് ഡേറ്റിംഗ് പഠിക്കാൻ തുടങ്ങിയത്... അടുത്ത 365 ദിവസത്തേക്ക് ഒരു പുരുഷന്റെ ശരീരം നോക്കേണ്ടതില്ലാത്തതിൽ ഞാൻ ശരിക്കും സന്തോഷവതിയാണ്."-എന്നവർ പറഞ്ഞു.

യുഎസ് വീക്ക്ലി റിപ്പോർട്ട് അനുസരിച്ച്, മുൻ കാമുകൻ ഡേവിഡ് ലാൻഡ്‌സ്‌മാനെതിരെ സംരക്ഷണ ഉത്തരവ് വാങ്ങിയതിനു പിന്നാലെയാണ് ലിൻഡ്‌സിയുടെ പ്രഖ്യാപനം വന്നത്. ഗാർഹിക പീഡന കേസിൽ ഇയാൾ നേരത്തേ അറസ്റ്റിലായിരുന്നു. 2025 ജൂലൈയിലാണ് ഇരുവരും തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചത്. 2012 മുതൽ 2021 വരെ വിൽ കാംപ്‌ബെല്ലുമായി വിവാഹിതയായിരുന്നു ലിൻഡ്സി. ജാക്സൺ എന്ന കൗമാരക്കാരനായ ഒരു മകനുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi