സാമ്പത്തിക സമ്മർദം വലയ്ക്കുന്നുവോ? സ്ത്രീകൾ അറിയണം മറികടക്കാനുള്ള വഴികൾ

പ്രതീകാത്മകചിത്രം (AI)
പ്രതീകാത്മകചിത്രം (AI)

ഒരു കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥയെ കുറിച്ച് പറയുമ്പോൾ നാം സാധാരണയായി വരുമാനവും ചെലവും മാത്രം കണക്കാക്കാറുണ്ട്. പക്ഷേ ആ അക്കങ്ങൾക്കപ്പുറം കാണാതെ പോകുന്ന ഒരു യാഥാർത്ഥ്യമുണ്ട് - സാമ്പത്തിക സമ്മർദ്ദം. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്. പലപ്പോഴും ഇത് അവർ തുറന്ന് പറയാതെ കൊണ്ടുനടക്കുന്നു. ഉള്ളിൽ, ''എങ്ങനെ ഈ മാസം കടന്നുപോകും?''എന്ന ചോദ്യം പലപ്പോഴും മറഞ്ഞിരിക്കും.

കടബാധ്യത ഒരു സാമ്പത്തിക പ്രശ്‌നം മാത്രമല്ല, അത് ഒരു മാനസികാവസ്ഥയുമാണ്. ഇഎംഐകൾ അടയ്ക്കാനുള്ള തീയതി അടുത്തുവരുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത, ക്രെഡിറ്റ് കാർഡ് ബില്ലുകളുടെ വർധന, സ്വർണം പണയം വെച്ചതിന്റെ ആശങ്ക... ഇവ എല്ലാം ചേർന്നാണ് ഫിനാൻഷ്യൽ സ്‌ട്രെസ് രൂപപ്പെടുന്നത്. ഇത് പലപ്പോഴും ബന്ധങ്ങളിലും പ്രതിഫലിക്കുന്നു. ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ പോലും വലിയ തർക്കങ്ങളായി മാറുന്നു. ''എന്തുകൊണ്ടാണ് നമുക്ക് ഇങ്ങനെ സംഭവിച്ചത്?'' എന്ന ചോദ്യം കുറ്റബോധവും മാനസിക സമ്മർദ്ദവും വളർത്തുന്നു. പ്രത്യേകിച്ച് സാമ്പത്തിക തീരുമാനങ്ങളിൽ നേരിട്ട് പങ്കാളികളാകാത്ത സ്ത്രീകൾക്ക് ഈ സമ്മർദ്ദം ഇരട്ടിയായി അനുഭവപ്പെടുന്നു. അവർ പ്രശ്‌നം തിരിച്ചറിയുന്നുണ്ടെങ്കിലും, പരിഹാരത്തിൽ പങ്കാളികളാകാനുള്ള അവസരം ലഭിക്കാത്ത അവസ്ഥയാണ്.

പല കുടുംബങ്ങളിലും യഥാർത്ഥ പ്രശ്‌നം പണം കുറഞ്ഞുപോകുന്നതല്ല. ചിലവുകൾ നിയന്ത്രിക്കാനാകാത്തതാണ്. വരുമാനം എത്രയുണ്ടെങ്കിലും ചെലവുകൾ നിരീക്ഷിക്കാത്തത്, തിടുക്കത്തിലുള്ള വാങ്ങലുകൾ, മാനസികാവസ്ഥകളുടെ അടിസ്ഥാനത്തിൽ നടക്കുന്ന ചെലവുകൾ... ഇവയാണ് പ്രധാനമായും സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നത്. ബോറടി കൂടിയാൽ സബ്‌സ്‌ക്രിബ്ഷൻ ചെലവ്, സ്‌ട്രെസ് വന്നാൽ ഓൺലൈൻ ഷോപ്പിങ്് ചെലവ്, ഏകാന്തത വന്നാൽ ഒടിടി ചെലവ്... ഇന്നത്തെ ജീവിതശൈലി ചെലവുകളെ ഒരു സാമ്പത്തിക തീരുമാനമായല്ല, ഒരു ഇമോഷണൽ റിയാക്ഷൻ ആക്കി മാറ്റുകയാണ്. ഇതിന്റെ ഫലങ്ങൾ കൂടുതലും നേരിടേണ്ടി വരുന്നത് സ്ത്രീകളാണ്. അവർക്ക് വീട്ടിലെ സാമ്പത്തിക നിയന്ത്രണത്തിൽ കാര്യമായ പങ്കില്ലെങ്കിലും അതുകാണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളുടെ ബാധ്യത പേറേണ്ടിവരുന്നു.

സാമ്പത്തിക സമ്മർദ്ദം ഒരു സാധാരണ വിഷയം അല്ല, അത് ഒരു മാനസികാരോഗ്യ പ്രശ്‌നമാണ്. ഉറക്കക്കുറവ്, സ്ഥിരമായ ആശങ്ക, ആത്മവിശ്വാസ നഷ്ടം, ഡിപ്രഷനിലേക്ക് വരെ നയിക്കുന്ന അവസ്ഥകൾ - ഇവയെല്ലാം ഫിനാൻഷ്യൽ സ്‌ട്രെസ്സിന്റെ ഭാഗങ്ങളാണ്. പക്ഷേ ഇതിനെക്കുറിച്ച് സഹായം ചോദിക്കാൻ പല സ്ത്രീകൾക്കും കഴിയുന്നില്ല. ''പണം പ്രശ്‌നം'' എന്ന് തുറന്ന് പറഞ്ഞാൽ നിന്റെ പിടിപ്പുകേടാണെന്ന കുറ്റപ്പെടുത്തലോ അവഗണനയോ നേരിട്ടാലോ എന്ന ഭയം അവരെ മിണ്ടാതിരിക്കാൻ നിർബന്ധിതരാക്കുന്നു.

ഇവിടെയാണ് സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാകുന്നത്. സ്വന്തം വരുമാനം മാത്രമല്ല, പണം എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം, ചെലവും നിക്ഷേപവും മനസ്സിലാക്കാനുള്ള അറിവ്, ആത്മവിശ്വാസത്തോടെ അഭിപ്രായം പറയാനുള്ള ധൈര്യം... ഇവയാണ് യഥാർത്ഥ സാമ്പത്തിക സ്വാതന്ത്ര്യം.

ഫിനാൻഷ്യൽ സ്‌ട്രെസ് എങ്ങനെ കുറയ്ക്കാം?

1. കുടുംബത്തിൽ പണത്തെക്കുറിച്ച് തുറന്ന സംഭാഷണം ആരംഭിക്കണം. വരുമാനം, ചെലവ്, കടം ഇവയെല്ലാം ഒരാളുടെ മാത്രം ഉത്തരവാദിത്വമല്ല. എല്ലാവരും അറിയേണ്ട കാര്യങ്ങളാണ്.

2. ചെലവുകളുടെ വ്യക്തമായ അറിവ് ഉണ്ടാകണം. ദിവസേനയുള്ള ചെലവുകൾ രേഖപ്പെടുത്തുന്നത് വളരെ ചെറിയ കാര്യമെന്ന് തോന്നാം, പക്ഷേ അത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. ''പണം എവിടെയാണ് പോകുന്നത്?'' എന്ന തിരിച്ചറിവ് വന്നാൽ തന്നെ പല അനാവശ്യ ചെലവുകളും കുറയും.

3. ഇമോഷൺൽ സ്‌പെൻഡിങ്് തിരിച്ചറിയണം. ബോറടിക്കുമ്പോൾ, വിഷമമുള്ളപ്പോൾ, ഒറ്റപ്പെട്ടൽ അനുഭവപ്പെടുമ്പോൾ... നമുക്ക് എന്തുകൊണ്ടാണ് ചെലവഴിക്കണമെന്ന് തോന്നുന്നത് എന്ന് മനസ്സിലാക്കണം. ചിലപ്പോൾ ഒരു സംഭാഷണം, ഒരു നടക്കൽ, ഒരു ചെറിയ ബ്രേക്ക് ഇവ ചെലവിനേക്കാൾ നല്ല പരിഹാരമാകും.

4. ചെറിയൊരു എമർജൻസി ഫണ്ട് സൃഷ്ടിക്കണം. വലിയ തുക ആവശ്യമില്ല. ചെറിയൊരു സേവിങ്് പോലും ''എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ തകരില്ല'' എന്ന ആത്മവിശ്വാസം നൽകും. ഈ സുരക്ഷാഭാവം ആശങ്ക കുറയ്ക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.

5. ഓരോ സ്ത്രീക്കും സ്വന്തം നിക്ഷേപ ഇടം ഉണ്ടായിരിക്കണം. അത് ചെറിയതാണെങ്കിലും, ''എന്റെ പണം'' എന്നൊരു ബോധം വളരെ പ്രധാനമാണ്. അത് ആത്മവിശ്വാസം വർധിപ്പിക്കുകയും, സാമ്പത്തിക തീരുമാനങ്ങളിൽ കൂടുതൽ വ്യക്തത നൽകുകയും ചെയ്യും.

6. സാമ്പത്തിക സാക്ഷരത വളർത്തണം. ഓഹരി, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ്, ഡിജിറ്റൽ ബാങ്കിംഗ് ഇവയെല്ലാം മനസ്സിലാക്കുന്നത് ഇന്നത്തെ കാലത്ത് അനിവാര്യമാണ്. അറിവ് കൂടുമ്പോൾ ഭയം കുറയും. സാമ്പത്തിക തീരുമാനങ്ങൾ കൂടുതൽ ബുദ്ധിപരമാകും.

7. പെർഫെക്ഷൻ വേണ്ട, പ്രോഗ്രസ് മതി എന്ന മനോഭാവം വേണം. എല്ലാം ഒരേസമയം ശരിയാക്കാൻ ശ്രമിക്കുന്നത് തന്നെ ഒരു സമ്മർദ്ദമാകും. ചെറിയ മാറ്റങ്ങൾ, സ്ഥിരതയോടെ ചെയ്താൽ വലിയ ഫലങ്ങൾ ഉണ്ടാക്കും.

പണം കുറവാണോ എന്നതല്ല പ്രധാന പ്രശ്‌നം. പണം നിയന്ത്രിക്കാനാകാത്തതും, അതിനെക്കുറിച്ച് തുറന്ന് സംസാരിക്കാൻ കഴിയാത്തതുമാണ് യഥാർത്ഥ വെല്ലുവിളി. ഒരു കുടുംബത്തിന്റെ സാമ്പത്തിക ആരോഗ്യവും മാനസിക സമാധാനവും തമ്മിൽ വലിയ ബന്ധമുണ്ട്. അതിന്റെ കേന്ദ്രം സ്ത്രീയാണ്. ഒരു സ്ത്രീ സാമ്പത്തികമായി സ്വതന്ത്രയാകുമ്പോൾ, അവൾ മാത്രമല്ല മാറുന്നത്... ഒരു കുടുംബത്തിന്റെ ഭാവിയും അതോടൊപ്പം മാറുകയാണ്.

(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi