കിടക്ക നിറയെ ടെഡി ബിയറുകളാണ്, അച്ഛന്റെ ഓർമകൾ; ഇഷ ഡിയോൾ

ധർമേന്ദ്ര(ANI), ഇഷ ഡിയോൾ(MBI Library)
ധർമേന്ദ്ര(ANI), ഇഷ ഡിയോൾ(MBI Library)

ചില നഷ്ടങ്ങൾ കാലം മായ്ച്ചുകളയില്ല. ജീവിതം മുന്നോട്ടു പോകുമ്പോഴും ആ ഓർമകൾ നമ്മോടൊപ്പം തന്നെ യാത്ര തുടരും. നടി ഇഷ ഡിയോളിന് അച്ഛൻ ധർമേന്ദ്രയുടെ ഓർമകൾ അത്തരത്തിലൊന്നാണ്. അച്ഛനെക്കുറിച്ചുള്ള ഓർമകൾ ഓരോ ദിവസവും തന്നെ പിന്തുടരുന്നുവെന്നും അദ്ദേഹത്തിന്റെ അഭാവം ഇന്നും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും പറയുകയാണ് ഇഷ ഡിയോൾ. ഓരോ ദിവസവും അച്ഛനെ മിസ് ചെയ്യുന്നുവെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഉണ്ടായിരുന്നുവെന്നും ഇഷ ഒരു അഭിമുഖത്തിൽ പങ്കുവെച്ചു.

അടുത്തിടെ ധർമേന്ദ്രയ്ക്ക് മരണാനന്തരമായി ലഭിച്ച പത്മവിഭൂഷൺ പുരസ്‌കാരം ഭാര്യ ഹേമ മാലിനി ഏറ്റുവാങ്ങിയ ചടങ്ങ് കുടുംബത്തിന് ഏറെ വികാരനിർഭരമായ നിമിഷമായിരുന്നുവെന്നും ഇഷ പറഞ്ഞു.

Photo:PTI

“അച്ഛന് ഈ അംഗീകാരം വർഷങ്ങൾക്കുമുമ്പ് ലഭിക്കേണ്ടതായിരുന്നു. അതിലുപരി നിരവധി ബഹുമതികൾക്കും അദ്ദേഹം അർഹനായിരുന്നു. പക്ഷേ, പുരസ്‌കാരങ്ങളൊന്നും അദ്ദേഹത്തിന്റെ വിജയത്തിന്റെ മാനദണ്ഡമായിരുന്നില്ല. പ്രേക്ഷകരിൽ നിന്ന് ലഭിച്ച സ്‌നേഹവും ആദരവുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം,'' ഇഷ പറഞ്ഞു.

അമ്മ ഹേമ മാലിനി അച്ഛനുവേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങുന്നത് കണ്ടപ്പോൾ അഭിമാനവും നന്ദിയും തോന്നിയെങ്കിലും, അദ്ദേഹം നേരിട്ട് അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും ഇഷ വെളിപ്പെടുത്തി. “ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും അച്ഛൻ കൂടെ ഉണ്ടായിരുന്നു. 44 വർഷമായി ഒരു മകൾ തന്റെ അച്ഛനെ കണ്ടു വളർന്ന ഓർമകളാണ് എനിക്കുള്ളത്. അദ്ദേഹത്തിന്റെ കൈ പിടിക്കാനും ശബ്ദം കേൾക്കാനും കഴിയാത്തത് ഇൗ നിമിഷവും വേദനിപ്പിക്കുന്നു. എല്ലാ ദിവസവും ഞാൻ അദ്ദേഹത്തെ മിസ് ചെയ്യുന്നു. അച്ഛന്റെ ഓർമകളെ ഹൃദയത്തോട് ചേർത്തുവെക്കുന്ന ഒരു സ്വകാര്യ ശീലമുണ്ടെനിക്ക്. ഞാൻ അച്ഛനെ എപ്പോഴും 'ടെഡി ബിയർ' എന്നാണ് വിളിച്ചിരുന്നത്. ഇന്ന് എന്റെ കിടക്ക നിറയെ ടെഡി ബിയറുകളാണ്. അവയെ കാണുമ്പോൾ അച്ഛനെ ഓർമ വരും. നഷ്ടത്തിന്റെ വേദന ഒരിക്കലും പൂർണമായി മാഞ്ഞുപോകില്ലല്ലോ. അതിനൊപ്പം ജീവിക്കാൻ നമ്മൾ പഠിക്കുകയാണ്. അച്ഛൻ എന്റെ ഹൃദയത്തിലുണ്ട്. അദ്ദേഹത്തിന്റെ ശക്തിയും സ്‌നേഹവും ഇന്നും എന്നോടൊപ്പമുണ്ട്,” നടി പറഞ്ഞു.

അച്ഛനും അമ്മയ്ക്കുമൊപ്പം(ഫയൽ ചിത്രം)

ധർമേന്ദ്രയുടെയും ഹേമ മാലിനിയുടെയും മകളായി ജനിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്നും ഇഷ പറഞ്ഞു. “അവർ രണ്ടുപേരും അതുല്യരാണ്. മറ്റൊരു ധർമേന്ദ്രയോ ഹേമ മാലിനിയോ ഉണ്ടാകില്ല. ‘ഹേമ മാലിനിയുടെയും ധർമേന്ദ്രയുടെയും മകൾ’ എന്ന തിരിച്ചറിയലിൽ ഞാൻ അഭിമാനിക്കുന്നു. രണ്ട് പെൺമക്കളാണ് എനിക്കുള്ളത്. എന്റെ മാതാപിതാക്കളിൽ നിന്ന് പഠിച്ച വിനയം, ദയ, മറ്റുള്ളവരോടുള്ള ബഹുമാനം തുടങ്ങിയ മൂല്യങ്ങൾ അവർക്കും പകർന്നുനൽകാനാണ് ഞാൻ ഇന്ന് ശ്രമിക്കുന്നത്.'' ഇഷ വ്യക്തമാക്കി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നവംബറിലാണ് ധർമേന്ദ്ര അന്തരിച്ചത്. ബോളിവുഡിന്റെ ‘ഹീ-മാൻ’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: esha-deol-remembers-father-dharmendra-tribute