ത്രീ ഇഡിയറ്റ്‌സ് ചെയ്യുമ്പോൾ സോനം വാങ്ചുക്കിനെ അറിയില്ലെന്ന് ആമിർ; തങ്ങൾ കണ്ടിരുന്നുവെന്ന് വാങ്ചുക്

2009-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ത്രി ഇഡിയറ്റ്‌സ്' (3 Idiots). ആമിർ ഖാൻ, ആർ.മാധവൻ, ഷർമൻ ജോഷി, കരീന കപൂർ, ബൊമൻ ഇറാനി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയത്. വമ്പൻവിജയമാണ് ചിത്രം നേടിയത്. 55 കോടിക്ക് നിർമിച്ച സിനിമ 400 കോടിയാണ് ബോക്‌സോഫീസിൽനിന്ന് വാരിക്കൂട്ടിയത്. തമിഴിൽ 'നൻപൻ' എന്ന പേരിൽ ചിത്രം റീമേക്ക് ചെയ്തു. 2017-ൽ '3 ഇഡിയോറ്റസ്' എന്ന പേരിൽ മെക്‌സിക്കോയിലും റീമേക്ക് ചെയ്ത് റിലീസ് ചെയ്തു. ആ വർഷത്തെ മൂന്ന് ദേശീയപുരസ്‌കാരങ്ങളും ചിത്രത്തിന് ലഭിച്ചു. ജനപ്രിയചിത്രം, ഗാനരചയിതാവ്, ഓഡിയോഗ്രഫി എന്നീ വിഭാഗങ്ങളിലായിരുന്നു പുരസ്‌കാരം. ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങളിലൊന്നായിട്ടാണ് 'ത്രീ ഇഡിയറ്റ്‌സ്' ഇന്നും കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ മാത്രമല്ല മറ്റ് ഏഷ്യൻ രാജ്യങ്ങളിലും വിദ്യാഭ്യാസരീതിയോടുള്ള മനോഭാവത്തിൽ വലിയ സ്വാധീനം ചെലുത്താൻ ഈ ചിത്രത്തിനു കഴിഞ്ഞു.
സിനിമ റിലീസായപ്പോൾ മറ്റൊരു പ്രചരണം കൂടിയുണ്ടായിരുന്നു. റാഞ്ചോ (ഫുൻസുഖ് വാങ്ഡു) എന്ന ആമിർ ഖാൻ കഥാപാത്രം, എഞ്ചിനീയറും അധ്യാപകനും പരിസ്ഥിതിപ്രവർത്തകനുമായ സോനം വാങ്ചുക്കിൽനിന്ന് (Sonam Wangchuk) പ്രചോദനം ഉൾക്കൊണ്ടാണ് നിർമിച്ചതെന്നായിരുന്നു പറഞ്ഞുകേട്ടിരുന്നത്. എന്നാൽ ഇത് ശരിയല്ലെന്ന് ആമിർ ഖാനും സോനം വാങ്ചുക്കും വ്യക്തമാക്കുകയും ചെയ്തു.
ഇപ്പോഴിതാ സോനം വാങ്ചുക്കും ത്രീ ഇഡിയറ്റ്‌സും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാവുകയാണ്. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് സോനം വാങ്ചുക് ജന്തർ മന്തറിൽ നിരാഹാരസമരം നടത്താൻ തുടങ്ങിയിട്ട് ഇന്നേക്ക് 21-ാം ദിവസമായി. അദ്ദേഹത്തിന്റെ ആരോഗ്യം മോശമായതിനുപിന്നാലെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി.
21 ദിവസത്തെ സമരത്തിനിടെ ഒട്ടേറെ പരിസ്ഥിതിപ്രവർത്തകരും ബോളിവുഡ് താരങ്ങളും അദ്ദേഹത്തിന് പിന്തുണയുമായി സ്ഥലത്തെത്തിയിരുന്നു. പല ബോളിവുഡ് താരങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
അതിനിടെ ഒരു പരിപാടിയിൽവെച്ച് വാങ്ചുക്കിനെക്കുറിച്ച് ആമിറിനോട് മാധ്യമപ്രവർത്തകർ ചോദിച്ചു. ഇതിന് മറുപടിയായി 'ത്രീ ഇഡിയറ്റ്‌സ്' ചിത്രീകരിക്കുമ്പോൾ തനിക്ക് വാങ്ചുക്കിനെ അറിയില്ലായിരുന്നുവെന്ന് ആമിർ വെളിപ്പെടുത്തി. ''അല്ല, അത് സത്യമല്ല; അതൊരു തെറ്റിദ്ധാരണയാണ്. സിനിമ ചെയ്തുകൊണ്ടിരുന്ന സമയത്ത് എനിക്ക് സോനം വാങ്ചുക്കിനെക്കുറിച്ച് അറിയില്ലായിരുന്നു. സിനിമയിലെ തിരക്കഥാകൃത്തുക്കൾക്കോ എനിക്കോ സോനമിനെക്കുറിച്ച് അറിയില്ലായിരുന്നു. എന്നിരുന്നാലും, സോനം ചെയ്യുന്നത് വളരെ നല്ലൊരു കാര്യമാണ്. അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയോ ബഹുമാനിക്കാൻ, അദ്ദേഹം 'ത്രീ ഇഡിയറ്റ്സ്' എന്ന സിനിമയിലെ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ആളാകണമെന്നില്ല'', ആമിർ പറഞ്ഞു.
ആമിറിന്റെ ഈ വാക്കുകൾക്കുപിന്നാലെ പഴയൊരു വീഡിയോ ഉയർന്നുവന്നു. സോനം ആമിറിനെക്കുറിച്ച് സംസാരിക്കുന്ന, 2008-ലെ ഒരു വീഡിയോ ആണത്. മുംബൈയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് താൻ ആമിറിനെ കണ്ടുമുട്ടിയതിനെക്കുറിച്ച് സോനം സംസാരിച്ചത്. ''സിയാച്ചിനിലെ സംഘർഷാവസ്ഥയെക്കുറിച്ച് ഒരു സിനിമ ചെയ്യാമോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഇരുരാജ്യങ്ങളിലെയും സാധാരണക്കാർ ചേർന്ന് സിയാച്ചിനിലെ പ്രശ്‌നം പരിഹരിക്കുന്നതും, ആ പണം വിദ്യാഭ്യാസത്തിനായി വിനിയോഗിക്കുന്നതും നമുക്ക് കാണിച്ചുകൊടുത്തുകൂടേ?'' തന്റെ ആശയം ആമിർ ശ്രദ്ധയോടെ കേട്ടുവെന്നും അതുമായി ബന്ധപ്പെട്ടുള്ള തന്റെ പ്രസന്റേഷൻ അദ്ദേഹം കണ്ടതായും ആ വീഡിയോയിൽ വാങ്ചുക് പറയുന്നു.
ഈ വീഡിയോ പുറത്തുവന്നതോടെ ആമിറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് നെറ്റിസൺസ്. എന്തിനാണ് ആമിർ കള്ളംപറഞ്ഞതെന്നാണ് അവർ ചോദിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Clarification on whether Sonam Wangchuk inspired the character Phunsukh Wangdu in 3 Idiots. Aamir Khan's statement denying prior knowledge of Wangchuk during the film's production