‘കനത്ത മഴയിലും ഒരാൾ അതിമനോഹരമായി ഡയലോഗുകൾ പറയുന്നത് കേട്ടു, ആരാണ് ഈ നടൻ’

ആദിത്യ ധറിന്റെ 'ധുരന്ധർ 2' (Dhurandhar: The Revenge) ബോക്‌സ് ഓഫീസ് തകർത്ത് മുന്നേറുകയാണ്. ഇതിനിടെ, ചിത്രത്തിലെ താരങ്ങളായ അർജുൻ രാംപാലും ആർ. മാധവനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള പഴയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുകയാണ്.
ചിത്രത്തിൽ ഇരുവരും ഒന്നിച്ചുള്ള സീനുകൾ ഇല്ലെങ്കിലും മാധവന്റെ അഭിനയത്തെ അർജുൻ രാംപാൽ വാനോളം പുകഴ്ത്തി. സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: "ആദ്യമായാണ് ഞാൻ മാധവനൊപ്പം പ്രവർത്തിക്കുന്നത്. നിർഭാഗ്യവശാൽ ഞങ്ങൾക്ക് ഒന്നിച്ചുള്ള സീനുകൾ ഇല്ലായിരുന്നു. ബാങ്കോക്കിലെ സെറ്റിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. കനത്ത മഴയത്ത് ഒരാൾ അതിമനോഹരമായി ഡയലോഗുകൾ പറയുന്നത് കേട്ട് ഞാൻ ചോദിച്ചു, ആരാണ് ഈ നടൻ എന്ന്. മുകേഷ് ഭായ് (കാസ്റ്റിംഗ് ഡയറക്ടർ) മികച്ച തെരഞ്ഞെടുപ്പാണ് നടത്തിയത്. അത് മാധവനാണെന്ന് എനിക്ക് പെട്ടെന്ന് തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല. അദ്ദേഹം അസാമാന്യ പ്രതിഭയാണ്."
രൺവീർ സിംഗ് നായകനായ ഈ ചിത്രം റെക്കോർഡ് കളക്ഷനുമായാണ് മുന്നേറുന്നത്. ചിത്രം ഒരാഴ്ച പിന്നിടുമ്പോൾ ഇന്ത്യയിലെ ആകെ കളക്ഷൻ 600 കോടിക്ക് മുകളിലാണ്. വിദേശത്ത് നിന്നും 231 കോടി അടക്കം, ആഗോള കളക്ഷൻ (Worldwide Gross) 920 കോടിയും.
2025 ഡിസംബറിൽ പുറത്തിറങ്ങിയ 'ധുരന്ധർ' ഒന്നാം ഭാഗം, ആ വർഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു. രണ്ടാം ഭാഗത്തിൽ രൺവീർ സിംഗ്, അർജുൻ രാംപാൽ, ആർ. മാധവൻ, സഞ്ജയ് ദത്ത് എന്നിവർ തങ്ങളുടെ വേഷങ്ങൾ വീണ്ടും അവതരിപ്പിക്കുന്നു. ഒന്നാം ഭാഗത്തിലെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾക്കായി 'ധുരന്ധർ 2' തീർച്ചയായും കാണണമെന്നാണ് നിരൂപകർ അഭിപ്രായപ്പെടുന്നത്. ചിത്രത്തിനും രൺവീറിന്റെ പ്രകടനത്തിനും സിനിമാലോകത്തിനകത്തും പുറത്തും വലിയ പ്രശംസയാണ് ലഭിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Dhurandhar 2 crosses 920 crore worldwide gross, Arjun Rampal praises R. Madhavan's acting talent, Record-breaking performance at the box office, Ensemble cast includes Ranveer Singh, Arjun Rampal, and Sanjay Dutt