'അഖിൽ എനിക്ക് മറ്റൊരു മകനെപ്പോലെ'; 'ലെനിൻ' വിജയത്തിൽ നാഗാർജുനയെ അഭിനന്ദിച്ച് ചിരഞ്ജീവി

തുടർച്ചയായ പരാജയങ്ങൾക്കുശേഷം നടൻ അഖിൽ അക്കിനേനിക്ക് ആശ്വാസമായിരിക്കുകയാണ് 'ലെനിൻ'. റിലീസിനുശേഷം സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചെങ്കിലും ബോക്സ് ഓഫീസിൽ മികച്ച തുടക്കമാണ് ചിത്രം നേടിയത്. അഖിലിന്റെ കരിയറിലെ ഏറ്റവും വലിയ തിരിച്ചുവരവായും ചിത്രം മാറിയിരിക്കുകയാണ്. ഇതിനിടെ ചിത്രത്തെയും അഖിലിനെയും പ്രശംസിച്ച് മെഗാസ്റ്റാർ ചിരഞ്ജീവി എക്സിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
“ലെനിൻ സിനിമയെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് കേൾക്കുന്നത്. പ്രത്യേകിച്ച് അഖിലിന്റെ പ്രകടനത്തിന് ലഭിക്കുന്ന ഏകകണ്ഠമായ പ്രശംസ എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. അഖിൽ എനിക്ക് വളരെ പ്രിയപ്പെട്ടവനാണ്, മറ്റൊരു മകനെപ്പോലെ. ഓരോ ചിത്രത്തിനൊപ്പവും അവൻ വളരുന്നത് കാണുന്നത് സന്തോഷകരമാണ്.”
തുടർന്ന്, “എന്റെ പ്രിയ സുഹൃത്ത് നാഗാർജുനയ്ക്കും ചിത്രത്തിന്റെ മുഴുവൻ അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഉടൻ ചിത്രം കാണാൻ ആഗ്രഹിക്കുന്നു. 'ലെനിൻ' കൂടുതൽ വിജയങ്ങൾ സ്വന്തമാക്കട്ടെ,” എന്നും അദ്ദേഹം ആശംസിച്ചു.
ചിരഞ്ജീവിയുടെ വാക്കുകൾക്ക് മറുപടിയായി നാഗാർജുനയും നന്ദി അറിയിച്ചു. “നിങ്ങൾ എന്നും എനിക്കും എന്റെ കുടുംബത്തിനും വലിയ പിന്തുണയാണ്. ചിത്രം തീർച്ചയായും കാണണം. നിങ്ങൾക്ക് അത് ഇഷ്ടപ്പെടുമെന്ന് ഞാൻ ഉറപ്പുനൽകുന്നു,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അഖിലും ചിരഞ്ജീവിയുടെ സന്ദേശത്തിന് നന്ദി അറിയിച്ചു, “പെദ്ദ നന്നാ... നിങ്ങളുടെ സ്നേഹം എപ്പോഴും എന്നെ സ്പർശിക്കുന്നതാണ്. നിങ്ങളുടെ പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. ചിത്രം കാണണം. ഉടൻ കാണാം,” എന്ന് അഖിൽ കുറിച്ചു.
'ലെനിൻ' വിജയാഘോഷ ചടങ്ങിൽ സംസാരിക്കവെ അഖിലിന് ഒന്നര വർഷം മുമ്പുണ്ടായ ഗുരുതരമായ അപകടത്തെക്കുറിച്ചും നാഗാർജുന വെളിപ്പെടുത്തി. ഒരു ഗ്ലാസ് കഷണം കൈയിലെ പ്രധാന നാഡിയെ മുറിക്കാനിടയായതോടെ കൈയിലെ സ്പർശനശേഷി പൂർണമായി നഷ്ടമായിരുന്നു. ആറ് മാസത്തോളം ഫിസിയോതെറാപ്പിയിലൂടെ ചികിത്സ നേടിയ ശേഷമാണ് അഖിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
“ആ അപകടത്തിനുശേഷം അഖിലിൽ വലിയ മാറ്റമുണ്ടായി. അവൻ കൂടുതൽ ശാന്തനായി, കാര്യങ്ങൾ ആലോചിച്ച് തീരുമാനങ്ങൾ എടുക്കാൻ തുടങ്ങി. ജീവിതപങ്കാളിയായ സൈനബ് റാവ്ജിയെ കണ്ടുമുട്ടിയതും ആ നല്ല മാറ്റത്തിന്റെ ഭാഗമായിരുന്നു. ആ മനോഭാവത്തോടെയാണ് 'ലെനിൻ' ചെയ്തത്. ഇനി ഈ പക്വതയോടെ മുന്നോട്ടുപോയാൽ അഖിലിന് മികച്ച ഭാവിയുണ്ട്,” എന്നും നാഗാർജുന പറഞ്ഞു.
സിനിമയുടെ റിലീസിന് മുമ്പ് തിരുമലയിൽ ദർശനത്തിനെത്തിയപ്പോൾ, “ദൈവത്തോട് ഒന്നും ചോദിക്കാറില്ല. എന്നാൽ ഇത്തവണ അഖിലിന് ഒരു വലിയ ഹിറ്റ് ലഭിക്കണമെന്നാണ് പ്രാർത്ഥിച്ചത്,” എന്നും അദ്ദേഹം വികാരാധീനനായി വെളിപ്പെടുത്തിയിരുന്നു.
മുരളി കിഷോർ അബ്ബൂരു രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'ലെനിൻ'. നാഗാർജുനയും സൂര്യദേവര നാഗവംശിയും നിർമ്മാതാക്കളായ ചിത്രത്തിൽ അഖിൽ അക്കിനേനിയും ഭാഗ്യശ്രീ ബോഴ്സെയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. രാംകി, ശിവാജി, സുനിൽ, ബ്രഹ്മാജി, ഈശ്വരി റാവു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സമ്മിശ്ര നിരൂപണങ്ങൾ ലഭിച്ചെങ്കിലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. നിർമ്മാതാക്കളുടെ കണക്കുകൾ പ്രകാരം റിലീസിന്റെ ആദ്യ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 61.3 കോടി രൂപയുടെ ആഗോള ഗ്രോസ് കളക്ഷൻ ചിത്രം നേടിയിട്ടുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: chiranjeevi-congratulates-akhil-akkineni-lenin-success