അഖിൽ അക്കിനേനി നായകനായ ലെനിൻ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് നായികയായ ഭാഗ്യശ്രീ ബോർസെയും. പുതിയ അഭിമുഖത്തിൽ തന്റെ കഠിനമായ ബാല്യകാലത്തെക്കുറിച്ച് തുറന്നുപറയുകയാണവർ. താനൊരു ഇടത്തരം കുടുംബത്തിൽ നിന്നാണ് വരുന്നതെന്നും ജീവിക്കാനായി വളരെ സൂക്ഷിച്ചുമാത്രം പണം ചെലവഴിക്കുന്ന മാതാപിതാക്കളാണ് തന്റേതെന്നും അവർ പറയുന്നു.

"ഞാൻ ജനിച്ച ദിവസം തൊട്ട് ജീവിതത്തിന്റെ മറ്റൊരു വശം ഞാൻ കണ്ടിട്ടുണ്ട്. എന്റെ കുടുംബം, താഴ്ന്ന ഇടത്തരം (lower middle-class) കുടുംബത്തിൽ നിന്നുള്ളവരാണ്. ഇന്നത്തെ സ്ഥിരത ഞാനൊരിക്കലും കണ്ടിട്ടില്ല. എപ്പോഴും അവർക്ക് പ്രശ്നങ്ങൾ ഉണ്ടാകും. കുട്ടികൾക്ക് വേണ്ടി ശരിയായ കാര്യങ്ങൾ ചെയ്യാൻ അവർക്ക് എപ്പോഴും പോരാടണം. ഞങ്ങൾ പൂജ്യത്തിൽ നിന്നാണ് വരുന്നത്. കുട്ടിക്കാലത്ത്, പണം എന്താണെന്ന് പോലും ഞങ്ങൾക്കറിയില്ല. വളരുമ്പോൾ, പണം എത്ര പ്രധാനമാണെന്നുമറിയില്ല. ഭക്ഷണം, പുറത്തുപോയി കളിക്കുക, സന്തോഷമായിരിക്കുക എന്നതിനെക്കുറിച്ചായിരിക്കും ഞങ്ങളുടെ ചിന്ത."

ജോലി ചോദിച്ച് അച്ഛൻ കരയുന്നത് കണ്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. "യഥാർത്ഥത്തിൽ, 10 രൂപയ്ക്ക് പച്ചമുളകും 10 രൂപയ്ക്ക് ചീരയും വാങ്ങിയതിന്റെ ഒരു കണക്ക് പുസ്തകം ഞാൻ കണ്ടിട്ടുണ്ട്. അവർ കണക്ക് കൂട്ടുമായിരുന്നു, 'ഈ ആഴ്ച ഞങ്ങൾ 300 രൂപ ചെലവഴിച്ചെങ്കിൽ, അടുത്ത ആഴ്ച എങ്ങനെ മുന്നോട്ട് കൊണ്ടുപോകും?' മാതാപിതാക്കൾ ഞങ്ങൾക്കായി എത്ര കഷ്ടപ്പെടുന്നു എന്ന് കാണുകയാണ്. 'ദയവായി എനിക്കൊരു ജോലി തരൂ. എനിക്ക് രണ്ട് പെൺമക്കളുണ്ട്'-എന്നു പറഞ്ഞ് അച്ഛൻ ജോലിക്കായി അപേക്ഷിക്കുന്നത് കണ്ടിട്ടുണ്ട്, കൊച്ചുകുട്ടിയായിരിക്കുമ്പോൾ, അച്ഛൻ അങ്ങനെ സംസാരിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കില്ല."

സമ്പാദിക്കാൻ തുടങ്ങിയ ശേഷം അവർക്ക് ഇത്തരം കഷ്ടപ്പാടുകൾ ഒരിക്കലും ഉണ്ടാകില്ലെന്ന് താൻ ഉറപ്പാക്കിയെന്നും നടി പറഞ്ഞു. ഔറംഗാബാദിലാണ് ഭാഗ്യശ്രീ ബോർസെ ജനിച്ചത്. ഏഴ് വർഷത്തോളം കുടുംബത്തോടൊപ്പം നൈജീരിയയിൽ താമസിച്ചു. അവിടെയായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അവർ മുംബൈയിൽ മോഡലിങ് ചെയ്തു. സിനിമകളിൽ ചെറിയ വേഷങ്ങളിൽ അവസരങ്ങൾ കിട്ടിത്തുടങ്ങി. തെലുങ്ക് സിനിമയിലാണ് ഭാഗ്യശ്രീക്ക് വിജയം നേടാനായത്. രവി തേജയുടെ നായികയായി മിസ്റ്റർ ബച്ചൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം കിങ്ഡം, ദുൽഖർ സൽമാനൊപ്പം കാന്ത എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi