‘ജോലി നഷ്ടപ്പെടുമെന്ന ഭയം വേണ്ട'; സിനിമാ സെറ്റുകളിൽ മാറ്റം വേണം’

ആലിയ ഭട്ട് | Instagram
ആലിയ ഭട്ട് | Instagram

ബോളിവുഡ് സിനിമാ സെറ്റുകളിലെ നീണ്ട തൊഴിൽ സമയങ്ങളിൽ മാറ്റം അനിവാര്യമാണെന്ന് തുറന്നുപറഞ്ഞ് നടി ആലിയ ഭട്ട്. നടിമാർക്ക് എട്ട് മണിക്കൂർ ജോലി സമയം വേണമെന്ന ദീപിക പദുക്കോണിന്റെ മുൻപത്തെ നിലപാടിനെ പിന്തുണച്ചുകൊണ്ടാണ് ആലിയയുടെ പ്രതികരണം. ദീപികയുടെ പ്രസ്താവന കഴിഞ്ഞ വർഷം സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

അടുത്തിടെ 'ടൈം' മാഗസിൻ പുറത്തിറക്കിയ 'ടൈം 100 നെക്സ്റ്റ് ഇന്ത്യ 2026' പട്ടികയിൽ ഇടംപിടിച്ചതിന് പിന്നാലെ ടൈമിന് നൽകിയ അഭിമുഖത്തിലാണ് ആലിയ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

സിനിമാ മേഖലയിൽ നിലനിൽക്കുന്ന 15 മുതൽ 18 മണിക്കൂർ വരെയുള്ള ഷൂട്ടിങ് രീതികളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് ആലിയ ചൂണ്ടിക്കാട്ടി. "എന്റെ നിർമ്മാതാക്കളെല്ലാം എപ്പോഴും എന്നോട് വളരെ സഹകരണത്തോടെയാണ് പെരുമാറിയിട്ടുള്ളത് എന്ന കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. എന്നാൽ ഈ രീതിയിൽ ഒരു പുനർവിചിന്തനം കൂടിയേ തീരൂ. ഇതൊരിക്കലും ഏകപക്ഷീയമാകാൻ പാടില്ല. ന്യായമായ തൊഴിൽ സമയം ജോലിയെ കൂടുതൽ കാര്യക്ഷമമാക്കും. അത്തരം അതിർവരമ്പുകൾ നിശ്ചയിക്കുമ്പോൾ ജോലി നഷ്ടപ്പെടുമോ എന്ന് ആരും ഭയപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്," ആലിയ പറഞ്ഞു.

തൊഴിൽ സമയത്തിന് പുറമെ സിനിമാ സെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ചും ആലിയ പ്രതികരിച്ചു. പ്രത്യേകിച്ച് സ്ത്രീകൾക്ക് വൃത്തിയുള്ള ശുചിമുറികൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത താരം എടുത്തുപറഞ്ഞു.

"ആകാശവും ഭൂമിയും ഒന്നുമല്ല ആരും ചോദിക്കുന്നത്, മറിച്ച് ഏറ്റവും അടിസ്ഥാനപരവും അത്യാവശ്യവുമായ കാര്യങ്ങളാണ്. 2026-ലും ഒരു സിനിമാ സെറ്റിൽ സ്ത്രീകൾക്ക് വൃത്തിയുള്ള ശുചിമുറി ഉപയോഗിക്കാൻ കഴിയുക എന്നത് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാകാൻ പാടില്ല."

മുൻനിര താരങ്ങൾക്ക് മാത്രമല്ല, സെറ്റിലെ മുഴുവൻ അണിയറപ്രവർത്തകർക്കും ഇത്തരം സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന തരത്തിലുള്ള വ്യവസ്ഥാപിതമായ മാറ്റമാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

സ്ത്രീകേന്ദ്രീകൃത സിനിമകളുടെ വിജയപരാജയങ്ങളെക്കുറിച്ചും ആലിയ അഭിമുഖത്തിൽ സംസാരിച്ചു. വൈ.ആർ.എഫ് സ്പൈ യൂണിവേഴ്‌സിലെ സ്ത്രീകേന്ദ്രീകൃത ചിത്രമായ 'ആൽഫ'യിലാണ് ആലിയ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. പരിശീലനം ലഭിച്ച ഒരു ചാരവനിതയായി ആലിയ വേഷമിട്ട ചിത്രം ജൂലൈ 3-നാണ് റിലീസ് ചെയ്തത്. ബോക്സ് ഓഫീസിൽ ശരാശരി പ്രകടനമാണ് ചിത്രം കാഴ്ചവെച്ചത്. എന്നാൽ ഇത്തരം പരീക്ഷണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് ആലിയ വ്യക്തമാക്കുന്നു.

"ഒരു പുരുഷ കേന്ദ്രീകൃത സിനിമ പരാജയപ്പെടുമ്പോൾ, ഇനി അത്തരം സിനിമകൾ നിർമ്മിക്കേണ്ടതില്ലെന്ന് ആരും പറയാറില്ല. അതുകൊണ്ട് തന്നെ സ്ത്രീകേന്ദ്രീകൃത സിനിമകൾ തിരഞ്ഞെടുക്കുന്നത് ഞാൻ നിർത്താൻ പോകുന്നില്ല. ഇത്തരം റിസ്ക്കുകൾ എടുക്കുമ്പോൾ നിലംപരിശാകാനുള്ള സാധ്യത എപ്പോഴുമുണ്ട്. എന്നാൽ അതുപോലെ തന്നെ ഉയരങ്ങളിലേക്ക് പറക്കാനുള്ള സാധ്യതയുമുണ്ട്," ആലിയ വ്യക്തമാക്കി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Alia Bhatt backs Deepika Padukone's stance on 8-hour work shifts for film actors., Emphasized that basic amenities like clean restrooms should not be a luxury in 2026., Addressed the risks and continuity of making women-centric Bollywood films like 'Alpha'.