മകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി പൂക്കളമൊരുക്കുന്നത് കണ്ടുനിൽക്കുന്ന അസിൻ, ഓണവിശേഷങ്ങളുമായി താരം

അസിൻ, ആരിൻ | AFP, Instagram
അസിൻ, ആരിൻ | AFP, Instagram

സിനിമയിൽ നിന്ന് വർഷങ്ങളായി വിട്ടുനിൽക്കുകയാണ് നടി അസിൻ. എങ്കിലും താരത്തിൻ്റെ കുടുംബവിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും വലിയ കൗതുകമാണ്. ഇത്തവണ തിരുവോണനാളിൽ മകൾ ആരിൻ്റെയും ഭർത്താവ് രാഹുൽ ശർമ്മയുടെയും മനോഹരമായ ഓണാഘോഷ ചിത്രങ്ങൾ പങ്കുവെച്ചാണ് അസിൻ ഇൻസ്റ്റഗ്രാമിൽ എത്തിയത്.

മഞ്ഞയും ഓറഞ്ചും കലർന്ന പട്ടുപാവാടയണിഞ്ഞ് പൂക്കളമൊരുക്കുന്ന ആരിൻ്റെ ചിത്രങ്ങളാണ് അസിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നീണ്ട മുടി അഴിച്ചിട്ട് പൂക്കളത്തിൽ പൂക്കൾ നിരത്തുന്ന ആരിൻ്റെ ദൃശ്യങ്ങൾ ആരാധകരുടെ ശ്രദ്ധ കവർന്നു. ബിസിനസുകാരനായ ഭർത്താവ് രാഹുൽ ശർമ്മയും മകൾക്കൊപ്പം പൂക്കളമിടാൻ പങ്കുചേർന്നു. മകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി പൂക്കളമൊരുക്കുന്നത് കണ്ടുനിൽക്കുന്ന 'സ്പെക്റ്റേറ്റർ മോഡിൽ' ആണ് താനെന്ന് അസിൻ തമാശയായി ചിത്രത്തിനൊപ്പം കുറിച്ചു. പൂക്കൾ പരസ്പരം വിതറി ആഘോഷിക്കുന്ന അച്ഛൻ്റെയും മകളുടെയും സുന്ദരമായ ചിത്രങ്ങളും അസിൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടിരുന്നു.

ചിത്രങ്ങൾ പുറത്തുവന്നതോടെ വലിയ സ്വീകരണമാണ് ആരാധകരിൽ നിന്ന് ലഭിച്ചത്. "അമ്മയെപ്പോലെ തന്നെ മകളും സുന്ദരി", "കുട്ടി അസിൻ" എന്നിങ്ങനെ നിരവധിയാളുകൾ കമന്റുകളുമായി എത്തി. ഒപ്പം അസിൻ്റെ ഒരു പുതിയ ചിത്രം കൂടി പങ്കുവെക്കണമെന്നും, ബിഗ് സ്ക്രീനിൽ താരത്തെ കാണാൻ ഒത്തിരി ആഗ്രഹിക്കുന്നുണ്ടെന്നും ആരാധകർ കുറിച്ചു.

2001-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'നരേന്ദ്രൻ മകൻ ജയകാന്തൻ വക' എന്ന മലയാള ചിത്രത്തിലൂടെയാണ് അസിൻ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് തമിഴിലും തെലുങ്കിലും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായികയായി തെന്നിന്ത്യയിലെ മുൻനിര നടിയായി മാറി.

സൂര്യ നായകനായ 'ഗജിനി' എന്ന തമിഴ് ചിത്രത്തിലൂടെ ഏറെ പ്രശംസകൾ നേടിയ അസിൻ, ബോളിവുഡിലും ആമിർ ഖാനൊപ്പം ഗജിനിയുടെ റീമേക്കിൽ അഭിനയിച്ചു. 'റെഡി', 'ഹൗസ്ഫുൾ 2' എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളും. 2016-ൽ മൈക്രോമാക്സ് സഹസ്ഥാപകനായ രാഹുൽ ശർമ്മയുമായുള്ള വിവാഹശേഷം അഭിനയരംഗത്തോട് വിടപറഞ്ഞ താരം, നിലവിൽ കുടുംബത്തോടൊപ്പം സ്വകാര്യ ജീവിതം ആസ്വദിക്കുകയാണ്. 2017-ലാണ് ആരിൻ ജനിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actress Asin shared Onam celebration pictures on Instagram., Daughter Arin and husband Rahul Sharma are seen making a Pookalam together., Fans expressed love for the family pictures and requested Asin's return to the big screen., Asin retired from acting after her marriage to Rahul Sharma in 2016.