10 വർഷം മുമ്പേ ആരാധകൻ പ്രവചിച്ചു, അതിപ്പോൾ യാഥാർഥ്യമായി; വെളിപ്പെടുത്തലുമായി എ.ആർ. റഹ്മാൻ

എ.ആര്‍.റഹ്മാന്‍ / ഫോട്ടോ: സിദ്ദീക്കുല്‍ അക്ബര്‍
എ.ആര്‍.റഹ്മാന്‍ / ഫോട്ടോ: സിദ്ദീക്കുല്‍ അക്ബര്‍

എ.ആർ. റഹ്മാൻ 'രാമായണ' സിനിമയ്ക്ക് ഈണം പകരുമ്പോൾ, അതിനു പിന്നിൽ പത്ത് വർഷം പഴക്കമുള്ള ഒരു കഥയുമുണ്ട്. താൻ 'രാമായണ'ത്തിന് സംഗീതം നൽകുമെന്ന് 10 വർഷം മുൻപ് ഒരു ആരാധകൻ ഇമെയിലിലൂടെ പ്രവചിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് റഹ്മാൻ. ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ സംഗീത ആൽബം ലോഞ്ചിൽ വെച്ചാണ് ഈ കാര്യം റഹ്മാൻ പങ്കുവെച്ചത്.

2014-ൽ സതീഷ് എന്ന വ്യക്തിയാണ് റഹ്മാന് തന്റെ സ്വപ്നത്തെക്കുറിച്ച് വിവരിച്ച് ഒരു ഇമെയിൽ അയച്ചത്. ചെന്നൈയിലെ ചടങ്ങിൽ വെച്ച് റഹ്മാൻ ആ പഴയ സന്ദേശം ഓർത്തെടുക്കുകയും സദസ്സിന് മുന്നിൽ വായിക്കുകയും ചെയ്തു. "ഒരു കാര്യം എനിക്ക് നിങ്ങളോട് പങ്കുവെക്കാനുണ്ട്. 2014-ൽ സതീഷ് എന്നൊരാൾ ഞാൻ രാമായണത്തിന് സംഗീതം നൽകുമെന്ന് പ്രവചിച്ചിരുന്നു," റഹ്മാൻ പറഞ്ഞു.

"അതിരാവിലെയാണ് താങ്കൾ എന്റെ സ്വപ്നത്തിൽ വന്നത്. ഇത് സത്യമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. താങ്കൾ ഇന്ത്യയിലുടനീളവും ലോകമെമ്പാടും രാമായണ കാവ്യത്തെ ആസ്പദമാക്കി വലിയ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതായിരുന്നു ആ സ്വപ്നം."

പതിറ്റാണ്ടുകൾക്ക് മുൻപ് വന്ന ആ സന്ദേശം ഇന്ന് റഹ്മാന്റെ ജീവിതത്തിൽ വലിയൊരു നിയോഗമായി മാറിയിരിക്കുകയാണ്.

വാൽമീകി രാമായണത്തെ ആസ്പദമാക്കി രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ലൈവ് ആക്ഷൻ ചിത്രമായ 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' എന്ന ചിത്രത്തിലാണ് റഹ്മാൻ സംഗീതമൊരുക്കുന്നത്. ഓസ്കാർ ജേതാവായ പ്രശസ്ത ഹോളിവുഡ് സംഗീത സംവിധായകൻ ഹാൻസ് സിമ്മർക്കൊപ്പം (Hans Zimmer) ചേർന്നാണ് റഹ്മാൻ ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഒരു ആരാധകന്റെ സ്വപ്നം ഇന്ന് ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ സാക്ഷാത്കരിക്കുകയാണ്. കൗതുകത്തോടും ആവേശത്തോടുമാണ് ആരാധക ലോകം ഈ വാർത്തയെ ഏറ്റെടുത്തിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi