'ആ അഭിപ്രായങ്ങൾ എന്നെ വേദനിപ്പിച്ചു, സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നയാളാണ് ഞാൻ'

കഴിഞ്ഞവർഷമാണ് നടി ഐശ്വര്യ ലക്ഷ്മി സോഷ്യൽമീഡിയ ഉപേക്ഷിക്കുന്നതായി വെളിപ്പെടുത്തിയത്. തന്റെ സർഗാത്മകതയ്ക്കും മാനസികക്ഷേമത്തിനും വേണ്ടിയാണ് സോഷ്യൽമീഡിയയിൽനിന്ന് അകന്നുനിൽക്കാനുള്ള തീരുമാനമെടുത്തതെന്നും ഐശ്വര്യ വ്യക്തമാക്കിയിരുന്നു. ഒരു വർഷം പിന്നിട്ടിട്ടും, തന്റെ തീരുമാനത്തെക്കുറിച്ച് പുനർചിന്ത നടത്താനോ തിരിച്ചുവരവിനെക്കുറിച്ച് ആലോചിക്കാനോ അവർക്ക് തോന്നിയിട്ടില്ല. വാസ്തവത്തിൽ, സോഷ്യൽ മീഡിയയില്ലാത്ത ജീവിതം ഏറെ സംതൃപ്തി നൽകുന്നതാണെന്നും ഒരഭിമുഖത്തിൽ ഐശ്വര്യ തുറന്നുപറഞ്ഞു.
''സോഷ്യൽ മീഡിയയില്ലാത്ത ജീവിതം സമാധാനപൂർണ്ണമാണ്. യഥാർത്ഥത്തിൽ ജീവിക്കുന്നതായി എനിക്ക് തോന്നുന്നു. മുമ്പ്, ഞാൻ ചെയ്യുന്ന കാര്യങ്ങളെയെല്ലാം നിരന്തരം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുമായിരുന്നു. ഇപ്പോഴും ഒരു പരിധിവരെ അങ്ങനെ തന്നെയാണ്. 'ഇൻസ്റ്റാഗ്രാമിൽ ഇതും അതും കാണാൻ എങ്ങനെയുണ്ടാകും?' എന്ന് ഞാൻ നിരന്തരം ചിന്തിച്ചുകൊണ്ടിരുന്നു. വെക്കേഷന് പോകുമ്പോഴാണെങ്കിലും അങ്ങനെ തന്നെ. ഏത് വസ്ത്രം ധരിക്കണം, ഏത് ചിത്രം പോസ്റ്റ് ചെയ്യണം എന്നതിനെക്കുറിച്ചാകും ചിന്ത. അത്തരം കാര്യങ്ങൾ എന്നിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്, മാത്രമല്ല അത് എന്റെ സോഷ്യൽ മീഡിയ സാന്നിധ്യത്തിന് ഗുണകരവുമാണ്. ഒരു സൂര്യാസ്തമയം കണ്ടാൽ, അവിടെയിരുന്ന് അത് ആസ്വദിക്കുന്നതിന് പകരം, ആദ്യം ചിത്രങ്ങൾ പകർത്താനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്; അതിനുശേഷമേ ആസ്വദിക്കൂ'', ഐശ്വര്യ ഓർക്കുന്നു.
എന്നാൽ, സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിന്നതോടെ ഓരോ നിമിഷവും അവ തനിമയോടെ ആസ്വദിക്കാൻ തനിക്ക് കഴിയുന്നുണ്ടെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു. സുധീർ ശ്രീനിവാസനുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ ഐശ്വര്യ പറഞ്ഞത്. ''ഇപ്പോൾ അവധിക്കാല യാത്രയ്ക്ക് പോകുമ്പോൾ, ആവശ്യമുള്ള കുറച്ച് സാധനങ്ങൾ മാത്രം എടുത്തുവെക്കും, അത്രമാത്രം. എനിക്കിപ്പോഴും ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ട്. അതുകൊണ്ട് അതിലെ കാര്യങ്ങൾ കാണാറുണ്ട്. പക്ഷേ, ആ പ്ലാറ്റ്ഫോമിലെ ബഹളങ്ങളിലേക്ക് ഞാനൊന്നും കൂട്ടിച്ചേർക്കാറില്ല''.
സോഷ്യൽ മീഡിയയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചപ്പോൾ, ഇനി അതിനുവേണ്ടി അഭിനയിക്കേണ്ടതില്ല എന്നതായിരുന്നു തന്റെ ഉദ്ദേശ്യമെന്നും അവർ പറയുന്നു. ''അതിൽ സജീവമായിരിക്കാൻ ഒരു പ്രത്യേക വ്യക്തിത്വം സ്വീകരിക്കേണ്ടതുണ്ട്. നിങ്ങൾ പങ്കുവെക്കുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി ഉപയോക്താക്കൾ നിങ്ങളെക്കുറിച്ച് ഒരു ധാരണ രൂപപ്പെടുത്തുന്നു; പിന്നീട് ആ ധാരണയ്ക്കൊത്ത് ജീവിക്കാൻ നിങ്ങൾ നിർബന്ധിതയാകുന്നു''.
സോഷ്യൽ മീഡിയയിലേക്ക് മടങ്ങിവരാൻ തന്റെ മാനേജർമാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നും ഐശ്വര്യ പറഞ്ഞു. ''പിന്മാറുന്നതിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ, സോഷ്യൽ മീഡിയയിൽ കൂടുതൽ കാര്യങ്ങൾ പങ്കുവെക്കാനും സംസാരിക്കാനും എനിക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ ചിലപ്പോഴൊക്കെ എനിക്ക് ഒന്നും പോസ്റ്റ് ചെയ്യാനോ സംസാരിക്കാനോ തോന്നാറില്ല. മറ്റുള്ളവർ എന്നെ നിർബന്ധിച്ചു എന്നല്ല ഞാൻ പറയുന്നത്; ഇടയ്ക്കിടെ പോസ്റ്റ് ചെയ്തില്ലെങ്കിൽ ഫോളോവേഴ്‌സിന്റെ എണ്ണം കൂടില്ലെന്നും എൻഗേജ്മെന്റ് കുറയുമെന്നും ഞാൻ സ്വയം ചിന്തിക്കുമായിരുന്നു. സത്യം പറഞ്ഞാൽ, സോഷ്യൽ മീഡിയയിലെ ഈ 'കളി' കൈകാര്യം ചെയ്യാൻ എനിക്ക് വലിയ കഴിവൊന്നുമില്ല''.
''എനിക്ക് ഞാനായിത്തന്നെ ഇരിക്കാനാണ് ആഗ്രഹം, എന്നാൽ സോഷ്യൽ മീഡിയയിൽ അത് എല്ലായ്‌പ്പോഴും അംഗീകരിക്കപ്പെടാറില്ല. കൂടാതെ, എന്നെ വേദനിപ്പിക്കുന്ന ഒട്ടേറെ അഭിപ്രായങ്ങളും ഉണ്ടായിരുന്നു. അതെന്നെ വല്ലാതെ അസ്വസ്ഥയാക്കി. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ഒരാളാണ് ഞാൻ'', അവർ കൂട്ടിച്ചേർത്തു. 'ആശ' എന്ന ചിത്രമാണ് ഐശ്വര്യയുടേതായി അവസാനം റിലീസായത്. തെലുഗുചിത്രമായ 'എസ്.വൈ.ജി'യിലാണ് അവരിപ്പോൾ അഭിനയിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Aishwarya Lekshmi shares her peaceful life after quitting social media over a year ago. She emphasizes the pressure of maintaining an online persona and the toll it takes on privacy. The actress focuses on living in the moment rather than capturing every experience for the internet.